Gentle Dew Drop

ജനുവരി 20, 2019

കാനായിലെ ഏഴാം കൽഭരണി

സംഹിതകൾക്കും ആചാരങ്ങൾക്കും പരമാവധി സാധ്യമാക്കാവുന്ന ദൈവാനുഭവത്തിന്റെ അപൂർണ്ണതയാണ് ആറു കൽഭരണികൾ. അവയെയും യോഗ്യമാം വിധം നിറക്കാൻ കഴിയുന്ന ജീവജലസ്രോതസ് അടുത്തുതന്നെയുണ്ട്.
"ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവർ എന്റെയടുത്തു വരട്ടെ"

കൽഭരണികൾ നിറഞ്ഞു, കലവറക്കാർ അത് ആഘോഷമാക്കി.
കൽഭരണിയുടെ മേന്മകൾ ....
തെളിനീരിന്റെ അരുവികൾ ഉള്ളിലുണ്ടായിരുന്നിട്ടും എന്തിനുവേണ്ടിയാണു best brand വെള്ളം അന്വേഷിച്ചു നടന്നത്? ഓടിത്തളർന്ന് ഒരിറ്റു വെള്ളമന്വേഷിക്കുമ്പോൾ വെള്ളക്കുപ്പികൾ കാലിയായി കാണപ്പെടും.
കൽഭരണികളും ശൂന്യമായിട്ടുണ്ടാകും.

"നിങ്ങൾ എന്നിൽനിന്ന് കുടിക്കുവിൻ."
നിങ്ങൾ നിറയപ്പെടും, നിങ്ങളിൽനിന്ന് നിർഗളിക്കപ്പെടുകയും ചെയ്യും.
വാക്കുകളില്ലാതെ തന്നെ അവൻ പറയുന്നുണ്ട്, സ്വയം തുറക്കുന്നുമുണ്ട്.
തുറന്നു നിറയുക, തുറന്നു കേൾക്കുക.

ഉൾതുറവിക്ക് മാർഗ്ഗദർശനം നൽകുന്ന ദൈവസ്വരം കേൾക്കാൻ ഉൾകാതുകൾ തുറന്നുവെക്കണം.
നമ്മൾ വാക്കുകളിൽ പരതുമ്പോൾ വാക്കുകളില്ലാതെ അവൻ  ഹൃദയത്തിൽ എത്രയോ മന്ത്രിക്കുന്നു.
ഒരുപക്ഷെ പുറത്തെ പരസ്യവചനങ്ങൾ കേൾക്കാൻ കൂടുതൽ ഇമ്പമുള്ളതാവാം,
എങ്കിലും ജീവജലം ഏഴാം കൽഭരണിയിലാണ്, അതൊരു ഹൃദയഭാഷയാണ്.
----------------------
ഉദ്ദേശ്യങ്ങളിൽനിന്ന് മൂല്യങ്ങളെ അറിയാം, മൂല്യങ്ങളിൽ നിന്ന് ജീവിച്ചുകൊണ്ടിരിക്കുന്ന വ്യക്തിപരമായ സംസ്കാരത്തെയും. ഉപഭോഗസംസ്കാരം, മതത്തിന്റെ സാംസ്കാരികഘടനകളിലേക്കും ഇഴചേർക്കപ്പെട്ടിട്ടുണ്ട്. കാര്യലാഭം, വേഗത്തിലുള്ള അനുഗ്രഹം, ഇവിടെയുള്ള പ്രത്യേക അത്ഭുതം തുടങ്ങിയവ പരസ്യകലയുടെ തന്ത്രങ്ങളുമായി കൂട്ടിവായിക്കാവുന്നതാണ്. വിപണി ഉപഭോക്താക്കളുടെ താല്പര്യങ്ങൾ പഠിക്കുന്നുണ്ട്. അവയുപയോഗിച്ച് അവർ ആളുകളെ പരസ്യങ്ങളിൽ ആകർഷിച്ചടുപ്പിക്കുന്നു. പല ഉല്‍പ്പന്നങ്ങൾ ഉപയോഗിച്ചിട്ടും അതൃപ്തരായി തുടരുന്നു. 'Bombing the city' കളിക്കുന്നപോലുള്ള ഒരു ഉദ്യമം.  ആത്മീയയാത്ര അങ്ങനെയാകരുത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ