ആരെങ്കിലും പറയുന്ന നിർവ്വചനങ്ങൾ നമ്മുടെ പ്രാർത്ഥനാനുഭവങ്ങളെ വിശദീകരിക്കുന്നുണ്ടാവില്ല. ആരെങ്കിലുമൊക്കെ പറയുന്നതുപോലെ പ്രാർത്ഥിക്കാൻ നമുക്ക് കഴിഞ്ഞെന്നും വരില്ല. ദൈവത്തോടുള്ള സംഭാഷണമാണ് പ്രാർത്ഥന എന്ന് ചിലപ്പോൾ നമ്മൾ പറയാറുണ്ട്. ഹൃദയം ദൈവത്തിലേക്കുയർത്തുന്നതാണ് പ്രാർത്ഥനയെന്നും പറയാറുണ്ട്. എങ്കിലും അനിർവചനീയമായ ഒരു രഹസ്യം തന്നെയാണ് പ്രാർത്ഥന.
പ്രാർത്ഥന ഒരു വ്യക്തിബന്ധമാണ്. ഓരോ ബന്ധവും വ്യത്യസ്തമാണെന്നത് പോലെതന്നെ ഓരോരുത്തരുടേയും പ്രാർത്ഥനയും വ്യത്യസ്തമാണ്.
ബന്ധങ്ങളിലെ ചില അടിസ്ഥാന മനോഭാവങ്ങൾ പ്രാർത്ഥനയിലും അനിവാര്യമാണ്. ആയിരിക്കുന്ന അവസ്ഥയിൽ സ്വീകരിക്കപ്പെടും, തന്റെ സാന്നിധ്യം മറ്റെയാളെ സന്തോഷിപ്പിക്കും എന്നൊക്കെയുള്ള ഉറപ്പിലേക്കാണ് നമ്മൾ സ്വാതന്ത്യത്തോടെ കടന്നു ചെല്ലുന്നത്. ദൈവത്തെ സമീപിക്കുമ്പോഴും ഈ സ്വാതന്ത്ര്യമില്ലാതെയുള്ള ഒന്നും പ്രാർത്ഥനയല്ല. നമ്മൾ ദൈവത്തെ സമീപിക്കുമ്പോളെന്ന പോലെ, ദൈവത്തിന്റെ നിരന്തര സാന്നിധ്യം നമുക്ക് അനുഭവിക്കാനും ഈ സ്വാതന്ത്ര്യം അത്യാവശ്യമാണ്. പ്രാർത്ഥന അനുഭവമാകുന്നില്ലെങ്കിൽ, ഫലം കാണുന്നില്ലെങ്കിൽ ആദ്യം പരിശോധിക്കേണ്ടത് ഈ വ്യക്തിബന്ധത്തിലെ ആഴത്തെക്കുറിച്ചാണ്.
നമ്മെ കേൾക്കുവാനായി കാത്തിരിക്കുന്ന വ്യക്തിയിലേക്കാണ് നമ്മൾ ഓടിയെത്തുന്നത്. സ്നേഹത്തിന്റെ ദൃഢത, വിഷമങ്ങളുടെ തേങ്ങൽ, പരാതികളുടെ ഭാരം, പലവിധം ഏറ്റുപറച്ചിലുകൾ തുടങ്ങിയവയൊന്നും വാക്കുകളുടെ അനിവാര്യത ആവശ്യപ്പെടുന്നില്ല. ഒന്നും പറയാൻ കഴിഞ്ഞില്ലെങ്കിലും നമ്മെ മനസിലാക്കുന്ന ഒരു സാന്നിധ്യമാണ് നമ്മൾ തേടുന്നത്, അതു തന്നെ നമുക്ക് ഒരു സാന്ത്വനസാന്നിധ്യവും ബലവുമാണ്. സ്വീകാര്യതയോടെ, ക്ഷമയോടെ കേൾക്കുമെന്ന് ബോധ്യം ഉള്ളത് കൊണ്ട് തന്നെയാണ് നമ്മൾ ഉള്ള് തുറക്കുന്നത്. എന്നെ അറിയുന്നു എന്ന ബോധ്യം ആണ് ഹൃദയം തുറക്കാനായുള്ള വിശ്വാസം. പരിഭവങ്ങളിൽ നിന്ന് ദേഷ്യപ്പെടാനുള്ള സ്വാതന്ത്യം പോലും ആ തുറവിയിലുണ്ട്. (അവൻ/അവൾ ) എന്റെ കൂടെയുണ്ട് എന്റെ കൂടെ ആയിരിക്കാൻ ആഗ്രഹിക്കുന്നുണ്ട്, എന്നെ കാണുന്നുണ്ട്, അറിയുന്നുണ്ട്, തളർച്ചയും തകർച്ചയും പരിഗണിക്കപ്പെടുന്നുണ്ട് എന്നിങ്ങനെയുള്ള അവബോധങ്ങളാണ് ബന്ധങ്ങളിലെന്നപോലെ പ്രാർത്ഥനയിലും രുചി പകരുന്നത്. തേങ്ങലുകൾ ആശ്വസിപ്പിക്കപ്പെടുകയും, ഭയം മാറി ബലം നിറയുകയും, പ്രകടിപ്പിക്കാനാകുന്നില്ലെങ്കിലും മനസിലാക്കപ്പെടുകയും ചെയ്യുന്ന അനുഭവങ്ങൾ എല്ലാം ബന്ധങ്ങളിലെന്നപോലെ പ്രാർത്ഥനയിലേയും യാഥാർത്ഥ്യമാണ്. ഉദാത്തമെന്നോ അധമമെന്നോ നമ്മൾ കരുതുന്ന വികാരങ്ങൾ ദൈവത്തിനു മുമ്പിൽ തുറന്നു വയ്ക്കാൻ കഴിയുക എന്നതാണ് ഏറ്റവും ആത്മാർത്ഥമായ പ്രാർത്ഥന. ഏകാന്തതയോ മടുപ്പോ വിരസതയോ, വേദനയോ ഉപേക്ഷിക്കപ്പെട്ടെന്ന തോന്നലോ, ആസക്തികളോ കോപമോ വെറുപ്പോ എന്തുമാവട്ടെ ആ വിങ്ങലുകൾ ദൈവത്തിനു മുമ്പിൽ തുറക്കപ്പെടണം. അതുപോലെ തന്നെ സന്തോഷങ്ങളും...
ഞാൻ സ്നേഹിക്കപ്പെടുന്നുണ്ട് എന്ന വലിയ ഉറപ്പാണത്. അത് ഏതെങ്കിലും വ്യവസ്ഥകളുടെ പൂർത്തീകരണത്തിന് ശേഷമല്ല, അല്ലാതെ തന്നെ ഞാൻ സ്നേഹിക്കപ്പെടുന്നുണ്ട്. അകമേയില്ലാത്ത വികാരങ്ങളുടെ പ്രകടനങ്ങൾ പുറമേ അലങ്കാരമാക്കുന്നത് യാഥാർത്ഥബന്ധങ്ങൾ അല്ല, അത്തരം പ്രകടനങ്ങൾ ബന്ധങ്ങളെ വളർത്തുന്നുമില്ല. ഹൃദയബന്ധത്തിൽ ഉറപ്പില്ലാത്തപ്പോഴാണ് നമ്മൾ സംശയിക്കുന്നത്; എന്നെ ഇഷ്ടമാകുമോ, സ്വീകരിക്കുമോ, ഇഷ്ടപ്പെടുത്താൻ എന്തെല്ലാം ചെയ്യേണ്ടി വരും... പ്രാർത്ഥനയിലും അതുപോലെതന്നെയാണ്. പാലിക്കപ്പെടേണ്ട നിബന്ധനകളുടെ പട്ടിക നിരത്തിവച്ചുകൊണ്ടല്ല ഒരു ബന്ധം വളരുന്നത്. ബന്ധത്തിന് ആഴമില്ലെങ്കിൽ നമ്മുടെ സമീപനങ്ങളും വികലമാകും. പരസ്പരം അറിയുന്നതിലൂടെയേ പാലിക്കപ്പെടേണ്ടേ ഇഷ്ടാനിഷ്ടങ്ങൾ നമുക്ക് മനസിലാക്കാനാകൂ. ഒരു പക്ഷെ പൂർണ്ണമായല്ലെങ്കിലും നമുക്കും സ്നേഹിക്കാൻ കഴിയും ഉറപ്പാണ്, സ്നേഹിക്കാൻ കഴിയാതാകുന്നുണ്ടെങ്കിൽ, സ്നേഹത്തിന്റെ ഉറപ്പിൽ നിന്ന് ലഭിക്കുന്ന പരസ്പര വിശ്വാസത്തിൽനിന്നു മാത്രമേ അത് തുറന്നു പറയുവാനും നമുക്ക് കഴിയൂ. അനാവശ്യമായി നമ്മൾ വളർത്തിയെടുക്കുന്ന കുറ്റബോധം അയോഗ്യഭാവം നമുക്കുള്ളിൽ രൂപപ്പെടുത്തിയിടുന്നുണ്ട്. ദൈവം നമ്മെ അറിയുന്നുവെങ്കിലും അവിടുത്തേക്ക് മുമ്പിൽ തുറക്കാൻ പറ്റാത്ത നിസ്സഹായവസ്ഥയെ, ആ അകൽച്ച കൊണ്ടുള്ള വേദനയുടെ തിരിച്ചറിവിനെയാണ് പശ്ചാതാപമെന്നൊക്കെ വിളിക്കേണ്ടത്.
സ്വീകരിച്ച നന്മകളെ ഓർത്ത് പ്രാർത്ഥനകളിൽ ഒരു കൃതജ്ഞതാഭാവം അത്യാവശ്യമായി ഉൾച്ചേരുന്നതുകൊണ്ട് അത് പരസ്പരാശ്രയത്വം കൂടി പ്രചോദിപ്പിക്കുന്നുണ്ട്. വ്യത്യസ്തമായ എത്രയോ മാധ്യമങ്ങളിലൂടെ വ്യക്തികളിലൂടെ, വസ്തുക്കളിലൂടെ, സാഹചര്യങ്ങളിലൂടെയാണ് ആശ്വാസവും, സാന്ത്വനവും, വളർച്ചയും, പാഠങ്ങളും നമുക്ക് ലഭിച്ചത്! പ്രാർത്ഥനയിൽ നിയോഗങ്ങൾക്കും, പ്രതീക്ഷകൾക്കുമൊപ്പം വിനീതരായി മറ്റുള്ളവരിലേക്ക് കൂടി ഒരു തുറവി വേണ്ടത് ദൈവേഷ്ടം തന്നെയാണെന്നതാണ് ഇതിന്റെ അർത്ഥം.
ദൈവബന്ധത്തിൽനിന്നുള്ള ആത്മഭാവമാണ് പ്രാർത്ഥനയെങ്കിൽ, നമ്മൾ ഒരിക്കലും പ്രാർത്ഥിക്കുന്നത് ഒറ്റക്കല്ല. വലുതോ ചെറുതോ ആയ ഏതു പ്രാർത്ഥനയുമാവട്ടെ ക്രിസ്തുവിൽ ഒന്നായിരിക്കുന്ന ശരീരത്തിലെ അംഗങ്ങളായാണ് നമ്മൾ പ്രാർത്ഥിക്കുന്നത്. വ്യക്തിപരമായ ഒരു ആവശ്യം തുറന്നുപറഞ്ഞുകൊണ്ടാണ് പ്രാർത്ഥിക്കുന്നതെങ്കിലും ശരീരം മുഴുവനായിട്ടാണ് അത് ആശിക്കുന്നത്. യേശുവിന്റെ നാമത്തിൽ എന്നൊക്കെ പറയുമ്പോൾ ഈ ഏകത കൂടി അർത്ഥമാക്കുന്നുണ്ട്. സ്വന്തം ആഗ്രഹങ്ങൾ ഏറ്റവും തീവ്രമായി ഉണർത്തുമ്പോഴും പൊതുനന്മക്കായുള്ള നമ്മുടെ തുറവി ക്രിസ്തുവിലുള്ള നമ്മുടെ ഐക്യത്തിന്റെയും, സമർപ്പണത്തിന്റെയും അടയാളമാണ്. പ്രാർത്ഥിച്ചത് ലഭിച്ചു എന്ന് പറയുമ്പോഴും, ലഭിച്ചില്ല എന്ന് പരാതിപ്പെടുമ്പോഴും ഈയൊരു തലം കൂടി മനസ്സിൽ വെക്കുന്നത് നല്ലതാണ്. Storming the heavens എന്നൊക്കെ കേൾക്കുമ്പോൾ ആവേശകരമാണ്. എന്നാൽ നമ്മുടെ കാര്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കേണ്ട, ജനക്കൂട്ടത്തിന്റെ ആരവങ്ങളിൽ സ്വാധീനിക്കപ്പെടുന്ന ഏതോ ഐതിഹ്യദേവന്മാരുടെ സാദൃശ്യം ദൈവത്തിന് കൊടുക്കുന്നുണ്ട്. സ്വകാര്യലാഭങ്ങളും, എളുപ്പവിദ്യകളും, പരിഹാരമാർഗ്ഗങ്ങളും ആയി മാറ്റപ്പെടുന്ന പ്രാർത്ഥനകൾ നമ്മുടെ കാഴ്ചപ്പാടുകളെയും സ്വാധീനിക്കുന്നുണ്ട്. ഫലപ്രാപ്തിക്കുവേണ്ടി കുറേക്കൂടി ആളുകളെ കൂട്ടണം, പ്രാർത്ഥന ശക്തമാക്കണം എന്നൊക്കെ പറയുമ്പോൾ ദൈവം നമ്മുടെ ജീവിതത്തിൽ എന്നതിനെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകളെ അത് കാണിച്ചുതരുന്നുണ്ട്. 'പ്രാർത്ഥനകൾ' കാര്യപ്രാപ്തിക്കും അത്ഭുതപ്രവർത്തികൾക്കുമുള്ള മാധ്യമങ്ങളായി ചുരുങ്ങുമ്പോൾ അത് നമ്മുടെ ദൈവബന്ധവും വികലമാക്കുന്നുണ്ട്.അത്തരം അനാരോഗ്യകരമായ ബന്ധങ്ങൾ ആത്മീയമായി പരിശീലിക്കുന്ന നമ്മുടെ ജീവിതബന്ധങ്ങളും അങ്ങനെ മാറിപ്പോകുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. "ഞാൻ നിന്റെ കൂടെയുണ്ട്" എന്നതാണ് ഏറ്റവും അടിസ്ഥാനപരമായ വാഗ്ദാനം. ഈ വാഗ്ദാനത്തെ കാര്യമായെടുക്കാതെ, നമ്മുടെ പ്രത്യേക ഇഷ്ടങ്ങൾക്ക് യോജിച്ച 'വാഗ്ദാനങ്ങളെ' തേടിപ്പിടിച്ച് അവയുടെ പൂർത്തീകരണം കാത്തിരിക്കുന്നതിൽ ദൈവബന്ധത്തിന്റെ മൂല്യമില്ല. അങ്ങനെയുള്ള 'name and claim' അസ്ഥാനത്താണ്.
പ്രാർത്ഥന വാക്കുകൾ കൂട്ടിച്ചേർത്ത സൂത്രവാക്യങ്ങളോ വിശേഷശക്തിയുള്ള മന്ത്രശകലങ്ങളോ അല്ല. എന്ത് പ്രാർത്ഥിക്കണം എന്നതിനേക്കാൾ എങ്ങനെ പ്രാർത്ഥിക്കണം എന്നതാണ് പ്രധാനം.
പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ള പ്രത്യേക പ്രാർത്ഥനകൾ നമുക്കുണ്ട്. വിശുദ്ധരുടെയും മറ്റും ആഴത്തിലുള്ള ധ്യാനങ്ങളിൽ രൂപപ്പെട്ടിട്ടുള്ളവയാണവ. അത്തരം പ്രാർത്ഥനകൾ അവയിലെ വാക്കുകളിലൂടെ, ഏതുതരത്തിലാണ് നമ്മെത്തന്നെ ഒരുക്കേണ്ടതെന്നു മാർഗ്ഗദർശനം നൽകുന്നുണ്ട്. അവയിലുൾക്കൊണ്ടിട്ടുള്ള സത്ഗുണങ്ങൾ, ദൈവകൃപക്ക് തടസമായി നിൽക്കുന്ന നിരാശ, വെറുപ്പ്, ദുഃഖം തുടങ്ങിയ ദുർവികാരങ്ങളെ മാറ്റി നമ്മെത്തന്നെ തുറന്നുതരും. ഇതിനെയാണ് വിടുതൽ, ചങ്ങല പൊട്ടുക, ബന്ധനങ്ങൾ അഴിയുക എന്നൊക്കെ നമ്മൾ പറയുന്നത്. നമ്മുടെ ചില മനോഭാവങ്ങൾക്ക് ആവശ്യമായ തിരുത്തലുകളും പ്രാർത്ഥനകൾ നൽകുന്നുണ്ട്. അത്തരത്തിൽ രൂപപ്പെടുന്ന തുറവിയിലൂടെയാണ് ദൈവകൃപ സ്വീകരിക്കപ്പെടുന്നത്. ചുരുക്കത്തിൽ, ഒരു പ്രാർത്ഥനയും പലതവണ ഉരുവിട്ടതുകൊണ്ടല്ല, മറിച്ച് നമ്മുടെ മനോഭാവങ്ങളെ ദൈവകൃപക്കു നേരെ തുറക്കുന്നതിനനുസരിച്ചാണ് പ്രാർത്ഥന പൂർത്തീകരിക്കപ്പെടുന്നത്, ഫലമണിയുന്നത്.
പ്രാർത്ഥന എന്നത് ഒരു ചെയ്തിയോ പ്രദര്ശനമോ അല്ല, മറിച്ച്, അതൊരു ബന്ധമാണ്, ആ ബന്ധത്തിൽ അർപ്പിക്കാവുന്ന ഉള്ളിന്റെ ഉറപ്പാണ്, ദൈവാശ്രയത്തിന്റെ ആത്മബോധമാണ് യഥാർത്ഥ പ്രാർത്ഥന. പ്രാർത്ഥന ഒരു മനോഭാവമാണ്. സ്തുതിയും ആരാധനയും, കൃതജ്ഞതയും പശ്ചാത്താപവുമെല്ലാം മനോഭാവങ്ങളാണ്. ഇവയൊക്കെയും നിലകൊള്ളുന്നത് ആദ്യം പറഞ്ഞ വ്യക്തിബന്ധമെന്ന അടിത്തറയിലാണ്. ആ പരസ്പരവിശ്വാസത്തിൽ മാത്രമേ നമുക്ക് സ്വീകരിക്കുവാനും, സ്വയം നൽകുവാനും, കുറവുകളും നേട്ടങ്ങളും തുറന്നുവയ്ക്കുവാനും, സമർപ്പിക്കുവാനും കഴിയൂ. ആ സ്വാതന്ത്ര്യത്തിൽ നിന്നാണ് ആനന്ദമുണ്ടാകുന്നത്, നമുക്ക് സ്തുതിക്കാനാവുന്നത്. അത് ശാന്തതയാണ് സമാധാനമാണ്. അവിടെ നമുക്ക് ആരാധിക്കാനുമാകും.
__________
Please see also
ഭക്തിയും, വഴിയറിയാത്ത വിളക്കും: വെളിച്ചമേ, നയിച്ചാലും...