Gentle Dew Drop

ഡിസംബർ 28, 2019

കുടുംബം: ഒരു ധ്യാനകേന്ദ്രം, ധ്യാനകാരണം

കുടുംബമെന്ന രഹസ്യത്തെ ധ്യാനിക്കുവാൻ തിരുക്കുടുംബം ക്ഷണിക്കുന്നു. സ്നേഹം പരിശീലിക്കപ്പെടുകയും ജീവിക്കപ്പെടുകയും ചെയ്യേണ്ട അടിസ്ഥാന സമൂഹമാണ് കുടുംബം. സ്വന്തം ജീവിതത്തിലേക്ക് മറ്റൊരു വ്യക്തിയെ  അല്ലെങ്കിൽ മറ്റു വ്യക്തികളെ (ജീവിതപങ്കാളിയോ മക്കളോ ബന്ധുക്കളോ ആകട്ടെ) സ്വാഗതം ചെയ്യുവാൻ, അല്ലെങ്കിൽ സ്വീകരിക്കുവാൻ കഴിയുക എന്നത് ആകസ്മികമല്ല. വിചാരപൂർവ്വം, സസൂക്ഷ്‌മം വളർത്തിയെടുക്കുന്ന വിശ്വാസത്തിൽനിന്നേ അത് സാധ്യമാകൂ. അങ്ങനെയേ പരസ്പരം മനസ്സിലാക്കുവാനും, തെറ്റുകൾ ഏറ്റുപറയുവാനും, ക്ഷമിക്കുവാനും വീണ്ടും സ്വീകാര്യത അനുഭവിക്കാനുമാകൂ.

കുടംബത്തെക്കുറിച്ചുള്ള ധ്യാനങ്ങൾ ഇത്തരം ആന്തരികവിശുദ്ധികൾ ഉൾക്കൊള്ളുവാൻ നമ്മുടെ ഹൃദയങ്ങൾക്ക് കഴിയുന്നുണ്ടോ എന്നതിന്റെ തിരിച്ചറിവാണ്. അത്തരം ആത്മാർത്ഥ ധ്യാനങ്ങങ്ങളാണ് നമുക്കാവശ്യം. ജീവിതത്തിനു വീണ്ടും നിർമലത നൽകാൻ, ലാവണ്യം പകരാൻ അതാവശ്യമാണ്. ഞാൻ ശരിക്കും സ്നേഹിക്കുന്നുണ്ടോ, സ്വീകരിക്കുന്നുണ്ടോ, വിശ്വസിക്കാനാകുന്നുണ്ടോ? ധ്യാനങ്ങൾ നല്ലതാണ്, ആത്മാർത്ഥതയുണർത്തുന്നെങ്കിൽ, ജീവിതത്തെ സ്പർശിക്കുന്നെങ്കിൽ. ചില ദുർവാശികളും സംശയങ്ങളും വെറുപ്പും അരക്ഷിതബോധവും, ദുരഭിമാനവും, അപകർഷതാബോധവും തുറന്നുപറയാനാവാത്ത ഭാരങ്ങളും സ്നേഹത്തെ തടഞ്ഞു നിർത്തുകയും ഉത്ഭവപാപങ്ങളായി തലമുറകളിലേക്ക് പകരുകയും ചെയ്യുന്നുണ്ട്. അവിടെയുള്ള തിരിച്ചറിവിൽ വീണ്ടും നമുക്ക് ഹൃദ്യമായി പുഞ്ചിരിക്കാനാകും മിഴിനീരണിഞ്ഞുകൊണ്ടാണെങ്കിലും.

ഇന്ന് ധീരവും ഉദാത്തവുമായ വിശുദ്ധ മാതൃകകൾ ഉയർന്നു വരേണ്ടത് കുടുംബങ്ങളിൽ നിന്നാണ്. ദൈവസാന്നിധ്യത്തിന്റെ അടയാളമാവേണ്ടതും, സഭ മാതൃകയാക്കേണ്ടതും വ്യക്തികളെയെന്നതിനേക്കാൾ വിശുദ്ധി പ്രകടമാകുന്ന കുടുംബങ്ങളെയാണ്. വിശുദ്ധവും കെട്ടുറപ്പുള്ളതുമായ കുടുംബജീവിതം സാധ്യമാണ് എന്ന ഉറപ്പാണ് ഇന്ന് സാക്ഷ്യം ആവശ്യപ്പെടുന്ന ജീവിതത്തിലേക്കുള്ള യഥാർത്ഥ വിളി. എങ്കിലേ നമുക്ക് സഭാസമൂഹമായും ജീവിക്കാനാകൂ.

തൊഴിൽ ഏതുമാവട്ടെ, ദൈവകൃപയിലും പരസ്പരവിശ്വാസത്തിലും ജീവിക്കുവാൻ കഴിയുക എന്നതാണ് ആ അടയാളം. കുറവുകളിൽ പോലും ഉള്ളതിൽ നിന്ന് പങ്കു വെച്ച് നൽകുന്ന ഉദാഹരണങ്ങൾ ചുറ്റുമുണ്ട്. കുടുംബത്തിനുള്ളിലും അയൽബന്ധങ്ങളിലും ജീവിക്കുവാൻ കഴിയുന്ന സ്നേഹത്തെ വെച്ച് വേണം അവരുടെ വിശുദ്ധി മനസിലാക്കാൻ. മതനിഷ്ഠകളുടെ പാലനം വിശുദ്ധിയുടെ അളവുകോലല്ല. മതനിഷ്ഠ കണിശമാക്കുന്ന പലരിലും ശ്രവണത്തിന്റെയും സ്നേഹത്തിന്റെയും അടയാളങ്ങൾ കാണാറുമില്ല.

സാധ്യമാണോ എന്ന ഭീതിയിൽ വിവാഹത്തെ പാടെ തള്ളിക്കളയുകയും, അതെ കാരണത്താൽ തന്നെ സന്യാസത്തെയും പൗരോഹിത്യത്തെയും ഒരു സുരക്ഷാസങ്കേതമായി കാണുകയും ചെയ്യുന്നവരുടെയും എണ്ണം ഏറിവരുന്നുണ്ട്. വ്യക്തിപരവും തൊഴിൽസംബന്ധവുമായ തകർച്ചകൾക്ക് മതാനുഷ്ടാനങ്ങളുടെ തീവ്രഭാവം ആശ്വാസമേകുന്ന തനിമയാകുന്നതും ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്നു. അത്തരം സംഖ്യകളെ കണ്ടുകൊണ്ട് പൗരോഹിത്യ-സന്യാസ വിളികൾ വർദ്ധിക്കുന്നു എന്ന നിഗമനത്തിലെത്തുന്നത് യാഥാർത്ഥ്യത്തോടുള്ള അവഗണനയാണ്.

വിശുദ്ധിയിൽ ജീവിതാവസ്ഥകളനുസരിച്ച് ഏറ്റക്കുറച്ചിലുകളില്ല. തങ്ങളുടെ ആത്മാർത്ഥതയനുസരിച്ച് എല്ലാവരും ദൈവികവിശുദ്ധിയെ വെളിപ്പെടുത്തുകയാണ്. അത്യാധുനിക ലോകത്തിന്റെ സങ്കീർണതകൾക്കിടയിൽ, വ്യക്തിബന്ധങ്ങൾക്ക് വിശ്വാസ്യത നഷ്ടപ്പെടുമ്പോൾ ക്രിസ്തീയകുടുംബങ്ങൾ ധൈര്യവും പ്രത്യാശയും നൽകുന്ന സാക്ഷ്യങ്ങളാവണം. അതിലേക്കുള്ള ജീവിതമാതൃകകളും വ്യക്തിത്വവളർച്ചയും യാഥാർത്ഥ്യമാക്കാൻ വേണ്ട ആത്മബോധവും പരിശീലനങ്ങളും ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ ലഭ്യമാവുകയും വേണം.

തിരുക്കുടുംബം ഉത്തമമായ മാതൃകയും ധൈര്യവുമാവട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ