Gentle Dew Drop

ഒക്‌ടോബർ 25, 2024

പരിഹാരങ്ങളുടെ ഭക്തി

നിങ്ങൾ എന്റെ മഹത്വത്തിനായി സഹനങ്ങളും ത്യാഗങ്ങളും ഏറ്റെടുക്കൂ, ഞാൻ നിങ്ങളെയും ലോകത്തെയും അനുഗ്രഹിക്കും എന്ന് പറയുന്ന ദൈവത്തോട് യോജിപ്പില്ല. 

പരിഹാരങ്ങളുടെ ഭക്തിയിൽ സംതൃപ്തിയുണ്ടാകുമ്പോൾ ...

നീതിക്കു വേണ്ടിയുള്ള വിശപ്പും ദാഹവും ജനിപ്പിക്കാത്ത ഉപവാസങ്ങളും പരിഹാരങ്ങളും വ്യർത്ഥമാണ്. നീതിയുടെ പ്രവൃത്തികളും പരസഹായവും ലക്ഷ്യമാക്കാത്ത ഉപവാസങ്ങൾ ക്രിസ്തീയമായി ശൂന്യമാണ്. അത്തരം പരിഹാരങ്ങൾ ആഗ്രഹിക്കാതെ, ദിനംപ്രതിയായുള്ള കുര്ബാനകളും ആരാധനകളും ദൈവത്തിന്റെ മനം മടുപ്പിക്കും. അനുരഞ്ജനത്തിനും സമാധാനത്തിനും ഇടം കൊടുക്കാതെ എന്തെല്ലാം കപടതകളാണ് പരിഹാരങ്ങളുടെ പേരിൽ ദൈവമുഖം വികൃതമാക്കുന്നത്.

നീതിയും സത്യവും തുറന്നു തരുന്ന സ്വാതന്ത്ര്യമാവണം പരിഹാരങ്ങളുടെ ലക്‌ഷ്യം. കാരണം, അവയുടെ സത്ത നീതിയാണ്, ദൈവപ്രീതിയല്ല. ഉദ്ദേശ്യ നിവൃത്തിക്കായുള്ള ഉപവാസങ്ങൾ മനുഷ്യനിർമ്മിതമാണ്. മർദ്ദിതരുടെ കെട്ടുകൾ പൊട്ടിക്കുകയും പീഡിതരുടെ നുകമഴിക്കുകയും അനാഥർക്കു തുണയാവുകയും ചെയ്യുന്നത് സാമൂഹിക (അതിനാൽ ലൗകികവും) പ്രവൃത്തി മാത്രമാണെന്ന് പറയുന്നവരുണ്ട്. നീതിയുടെ സ്വാതന്ത്ര്യമുള്ള ആത്മീയതയിൽ നിന്നേ അപരരുടെ സ്വാതന്ത്ര്യത്തിനായി ആഗ്രഹിക്കാൻ കഴിയൂ എന്ന സത്യം അവർ മാറ്റി നിർത്തുന്നു.

ദൈവത്തെ അറിയുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന ദൈവജനം വിശ്വാസത്തിന്റെ പ്രകടരൂപമായി കണക്കാക്കേണ്ടതാണ് നീതിയുടെ  പ്രവൃത്തികൾ. വെറുപ്പും അക്രമവും ശേഷിപ്പിച്ച നാശനഷ്ടങ്ങൾക്കിടയിൽ നിന്നുകൊണ്ട് ക്രിസ്തുആഗ്രഹിക്കുന്ന സ്നേഹസംസ്കാരം രൂപപ്പെടുത്തുകയാണ് ആ നീതിപ്രവൃത്തി. നീതി ആഗ്രഹിക്കുന്ന ക്രിസ്തീയ സാന്മാർഗിക ബോധം, തിന്മയെ പരിപോഷിപ്പിക്കുന്ന സംവിധാനങ്ങളെ എതിർക്കുകയെന്നത് യേശുവിന്റെ സ്നേഹത്തോടുള്ള പ്രതികരണമാണ്. രക്ഷകന്റെ ഹൃദയം ആഗ്രഹിക്കുന്ന യഥാർത്ഥ പരിഹാരപ്രവൃത്തിയും അതുതന്നെയാണ് (Ref Dilixir nos 184).


യുദ്ധത്തിൽ സന്തോഷിക്കുന്നവർ

 യുദ്ധത്തിൽ സന്തോഷിക്കുന്ന, അതാവശ്യപ്പെടുന്ന ദൈവം മനുഷ്യന്റെ കുടിലതയുടെ സൃഷ്ടിയാണ്. അതിനാൽത്തന്നെ അത് വിഗ്രഹവുമാണ്. 

"ഞങ്ങൾ മാത്രം" ദൈവജനമായുള്ള ഒരു ഉടമ്പടിയും ദൈവത്തിൽ നിന്നുള്ളതല്ല. ആ ദൈവം കഠോരവും സങ്കുചിതവുമായ ഹൃദയങ്ങളെ  സേവ  ചെയ്യുന്ന വിഗ്രഹമാണ്.

യുദ്ധത്തിൽ ആവേശം കൊള്ളുന്ന മതപ്രവാചകരുടെ ദൈവസങ്കല്പം, ഇഷ്ടമനുസരിച്ച് പാകപ്പെടുത്തിയ പലഹാരം പോലെയാണ്. സ്റ്റേഡിയത്തിൽ കളികണ്ട് വാതു വയ്ക്കുന്നവരുടെ ഹരമാണവർക്ക്. ദൈവത്തെക്കുറിച്ചോ ഇരയാക്കപ്പെടുന്നവരുടെ സഹനത്തെക്കുറിച്ചോ സത്യാവസ്ഥ തിരയാതെ  ബൈബിൾ വാക്യങ്ങളെക്കൂട്ടി ഗണിച്ചു ദുർവ്യാഖ്യാനം ചെയ്യുകയാണവർ.  ക്രിസ്തു കാണിച്ചു തന്ന ദൈവത്തെക്കുറിച്ചല്ല അവർ സംസാരിക്കുന്നത്. 

നമുക്ക് നമ്മുടെ കണക്കുകൂട്ടലുകളുണ്ടല്ലോ ക്രിസ്തു പറഞ്ഞത് പിന്നെ നോക്കാം.

ഒക്‌ടോബർ 23, 2024

Gustavo Gutiérrez

 വിമോചനം രക്തച്ചൊരിച്ചിലുള്ള വിപ്ലവമാവണമെന്നില്ല. അത് രക്ഷാകരസംഭവത്തിന്റെ തുടർച്ചയാണ്. വിമോചന ദൈവശാസ്ത്രത്തെ മാർക്സിസവുമായി കൂട്ടിക്കെട്ടിയവർക്ക് സുവിശേഷം പങ്കുവയ്ക്കാൻ ക്ഷണിച്ച സ്വാതന്ത്ര്യം അസ്വീകാര്യമായിരുന്നു. പാവങ്ങളും പീഢിപ്പിക്കപ്പെട്ടവരും സഭാശരീരത്തിന്റെ വേദനിക്കുന്ന അംഗങ്ങളായി കാണാവുന്ന, അവരും ഒത്തുചേർക്കപ്പെടുന്ന സഭാതുറവിയാണ് Gustavo Gutiérrez ധ്യാനമാക്കിയത്. നിർധനതയെന്ന മൂല്യം പാവങ്ങളോട് പക്ഷം ചേരുകയെന്നതോടൊപ്പം അനീതിക്കും ദാരിദ്ര്യത്തിനുമെതിരെ സമരം ചെയ്യുക എന്നതുകൂടിയാണെന്ന്‌ Gutiérrez മനസ്സിലാക്കി.

പരമ്പരാഗതമായ വിശ്വാസശൈലി പലപ്പോഴും രക്ഷയെ ആത്മീയതലത്തിലേക്ക് ചുരുക്കുകയും വ്യക്തിപരമായ ഭക്തിയിൽ ദൈവസായൂജ്യം കണ്ടെത്തുന്നശൈലിയിൽ സംതൃപ്തമാവുകയും ചെയ്തപ്പോൾ സാമൂഹികവും സാമ്പത്തികവുമായ തലങ്ങളിലെ രക്ഷാശൂന്യതയെക്കുറിച്ചു അന്ധമായിരുന്നു. ആ വെല്ലുവിളിയിലേക്കു കടന്നു ചെല്ലുക എന്നത് പ്രേഷിതദൗത്യമാണെന്നു ചിന്തിക്കാൻ വിശ്വാസ-ചട്ടക്കൂടും സഭയുടെ സംവിധാനവും തുറക്കുമായിരുന്നില്ല. ലോകത്തിന്റെ യഥാർത്ഥ ഞെരുക്കങ്ങളിൽ വിശ്വാസത്തിന്റെ അർത്ഥവും പ്രസക്തിയും 'മാംസമായ വചനവും' കണ്ടെത്താനാണ് Gutiérrez പ്രോത്സാഹിപ്പിച്ചത്.
പാവങ്ങളും ബലഹീനരും അവരുടെ വ്യക്തിപരമായ ദുര്യോഗം മൂലം അങ്ങനെയായവരല്ല. തിന്മയെ പരിപോഷിപ്പിക്കുന്ന സംവിധാനങ്ങളുടെ പരിണിതഫലമാണത്. തങ്ങളുടെ കാലികപ്രസക്തിയും അധികാരവും നിലനിർത്തുവാൻ യാഥാസ്ഥിതികമായ നിലപാടുകളിൽ നിന്നുകൊണ്ട് ദുരിതാവസ്ഥകളിൽനിന്ന് അസ്പർശ്യമായി സ്വയം സൂക്ഷിക്കുകയാണ് പല വിശ്വാസീഗണങ്ങളും ചെയ്തത്. Gutiérrez ന്റെ ആശയങ്ങൾ, അത്തരം സംവിധാനങ്ങളെ വെല്ലുവിളിക്കേണ്ടത് സഭയുടെ സുവിശേഷപ്രഘോഷണദൗത്യത്തിന്റെ ഭാഗമാക്കേണ്ടതാണെന്നു പഠിപ്പിച്ചു. നീതിയുടെയും സമാധാനത്തിന്റെയും യഥാർത്ഥ അനുഭവമാണ് വിമോചനത്തിന്റെ അർത്ഥവും ലക്ഷ്യവും. സമൂഹത്തിന്റെയും സഭയുടെയും സംവിധാനങ്ങൾ സ്ഥാപനഘടനകൾ തിന്മയുള്ളതാണെങ്കിൽ അതിനെതിരെ സമരം ചെയ്യേണ്ടത് സുവിശേഷ ദൗത്യമാണ്.

ഒക്‌ടോബർ 21, 2024

വൃണപ്പെടുന്ന മതങ്ങൾ

വേദനകളും ദുരന്തവും കടന്നുപോകേണ്ട മനുഷ്യന് ആശ്വാസവും കരുത്തും അർത്ഥവും കണ്ടെത്താനുള്ള വഴി കാട്ടിക്കൊടുക്കേണ്ടതാണ് മതങ്ങൾ. എന്നാൽ ഏറ്റവും വേഗം വേദനിക്കുന്ന കുറെ സംവിധാനങ്ങളായി ചുരുങ്ങുകയാണ് മതങ്ങൾ. ബാല്യങ്ങളിലും കൗമാരങ്ങളിലും ഉൾക്കൊള്ളാവുന്നതിലുമധികം  മതം നമ്മൾ കുത്തിനിറച്ചുകഴിഞ്ഞു. ചട്ടങ്ങളും ആചാരങ്ങളും മതപ്രതീകങ്ങളാകുന്ന വസ്ത്രങ്ങളും കൊണ്ട് അവരെ നമ്മൾ അലങ്കരിച്ചു പൊതിഞ്ഞു. അവരിൽ തെളിഞ്ഞു വരേണ്ടിയിരുന്ന ദൈവാംശത്തെ അണച്ചുകളഞ്ഞു. ശിഥിലമാകുന്ന ചട്ടക്കൂടുകളെ പൊടിതട്ടിയെടുത്തു രൂപക്കൂടുകളിൽ ഉയർത്തി നിർവൃതിയടയുകയാണ് മതങ്ങളൊക്കെയും. സമൂഹത്തിന്റെ പൊതുവായും, അവരവരുടെ വിശ്വാസിഗണത്തിനിടയിലും അവർക്കു ഫലദായകമാകും വിധം ഒരു അന്തരീക്ഷമുണ്ടാക്കാനുള്ള ആത്മീയ-വൈകാരിക ആർജ്ജവത്വം മതങ്ങൾക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. ഹൃദയങ്ങളുടെ നന്മയറിഞ്ഞുകൊണ്ട് വ്യക്തിപരമായോ കൂട്ടമായോ ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ച്, അവ മതവിശ്വാസങ്ങളിലൂന്നിയ ബോധ്യങ്ങളിൽനിന്നാണെങ്കിൽക്കൂടി, ഒരു മതസംവിധാനത്തിനും  അവകാശവാദമുന്നയിക്കാനാവില്ല.

ജീർണ്ണാവസ്ഥയിൽ, ഏറ്റവും ഉറപ്പുള്ള ശവപ്പെട്ടികൾ നിർമ്മിക്കാൻ ശ്രമിക്കുന്ന അധികാരഭ്രമമാണ് മതങ്ങൾക്ക്. ഭക്തിയിൽ ദൈവത്തെ തേടേണ്ട ആത്മീയ യാത്രകൾ പ്രകടനങ്ങളും മതങ്ങളുടെ സാമൂഹിക ആധിപത്യം ഉറപ്പാക്കാനുള്ള ഉപാധികളുമാക്കിത്തീർക്കുമ്പോൾ മതങ്ങൾ അവയുടെ കാതൽ നഷ്ടപ്പെടുത്തുകയാണ്. 

ബോഗൻവില്ല വൃണപ്പെടുത്തിയതാരെയൊക്കെയാണ്? കേശുവിന്റെ വീട്ടിൽ എന്ത് ആക്ഷേപമാണുണ്ടായിരുന്നത്? ഈശോ ആരെയാണ് വേദനിപ്പിച്ചത്? ട്രാൻസ് ആർക്കാണ് വെല്ലുവിളിയായത്? കദീജയും രാമനും, ബിരിയാണിയും നോവിച്ചതാരെയാണ്? വിശ്വാസവും അഭിഷേകവുമില്ലാത്തതുകൊണ്ടാകാം എനിക്ക് നോവാത്തത്. പക്ഷേ, യഥാർത്ഥത്തിൽ ആഴത്തിൽ മുറിവുകളുണ്ടാക്കുന്ന മാധ്യമസൃഷ്ടികളെ  നീതിബോധത്തോടെയും സത്യത്തിന്റെ ധീരതയോടെയും നേരിടാത്തത് എന്നെ വേദനിപ്പിക്കുന്നു. വിശ്വാസവുമായി ഒരു ബന്ധവുമില്ലാത്ത ഗാനാലാപങ്ങൾ ദൈവാരാധനയിൽ പോലും സ്വീകാര്യമാകുമ്പോൾ വിശ്വാസത്തിനു വെല്ലുവിളിയാകാത്തത്  സൗകര്യപൂർണ്ണമായ വേദനിക്കലാണ്. 

സമൂഹം നൽകാവുന്ന അകറ്റലിനെയോ ദൈവത്തെക്കുറിച്ചുതന്നെയോ ഭയക്കുന്ന വിശ്വാസിഗണം നേതാക്കളുടെ ആത്മവിശ്വാസമാണ്. ഉറപ്പായും തകരുന്ന വിശ്വാസമാണത്. നീറ്റലും തകർച്ചയും വെറുപ്പ് നിറക്കുന്ന വടുക്കളാക്കി  തീർക്കുന്ന മതനേതൃത്വം ആത്മീയപാതയല്ല നൽകുന്നത്.

ദൈവത്തിന്റേതെന്നു മനസാക്ഷിയുടെ നിർമ്മലതയിൽ തിരിച്ചറിയപ്പെടേണ്ട സത്യം പോലും വിദൂരത്താക്കുന്ന മത-ഉപദേശങ്ങളാണ് നിർമ്മിക്കപ്പെടുന്നത്. ദിവ്യഗ്രന്ഥങ്ങൾ ദുർവ്യാഖ്യാനം ചെയ്യപ്പെടുമ്പോഴും, വിശ്വാസസംഹിതകൾ തിന്മയുടെ ചട്ടക്കൂടുകളാകുംവിധം പുനഃനിർമ്മിതി  ചെയ്യുമ്പോഴും ന്യായമായ നന്മയുടെ സന്ദേഹങ്ങൾ പോലും അധികാരത്തിന്റെ പേരിൽ നിശബ്ദമാക്കപ്പെടുമ്പോഴും ദൈവത്തെ കൊലചെയ്ത സംതൃപ്തിയിലാണ് യഥാർത്ഥത്തിൽ വിശ്വാസികൾ. പക്ഷേ, മതപാരമ്പര്യം സുന്ദരമായി കാത്തുസൂക്ഷിക്കപ്പെടുന്നു. 

വിശ്വാസത്തെയും സംഹിതകളെയും, ദിവ്യഗ്രന്ഥങ്ങളെയും മതത്തിന്റെ ഉത്ഭവപ്രേരണയോടൊത്ത് വായിച്ചെടുക്കാൻ പരിശീലനം നേടേണ്ടത് ഇന്ന് ഓരോ മതത്തിനും ആവശ്യമാണ്. മതങ്ങൾക്ക് വേദനയേൽക്കുന്നുണ്ടെങ്കിൽ, അത് യുദ്ധകാഹളമാക്കുകയല്ല മതത്തിന്റെ ധർമ്മം. ആ വെല്ലുവിളിയിൽ, ആക്രോശത്തിൽ, പരിഹാസത്തിൽ മതത്തിൽ നിന്ന് എന്ത് തേടപ്പെടുന്നു എന്ന് തിരിച്ചറിയുകയും അതിനൊത്ത് ഏറ്റവും ക്രിയാത്മകമായി പുനഃസൃഷ്ടി ചെയ്യുകയുമാണ് മതങ്ങൾ ചെയ്യേണ്ടത്. അധികാരത്തിനും സ്വത്തിനും കവചമായി മതം ഉപയോഗിക്കപ്പെടുമ്പോൾ വേദനകളുടെ വിലാപഗാനങ്ങൾ ആ അധികാരധ്രുവീകരണങ്ങൾക്കു പുകഴ്ത്തുപാട്ട് പാടാനുള്ള ക്ഷണമാണ്. അവിടെയുയർത്തപ്പെടുന്ന ദുഷിച്ച പുകക്കുള്ളിൽ ഈശ്വരകടാക്ഷമുണ്ടാകാവുന്ന നന്മകളില്ല. വടുക്കൽ മറച്ചുകൊണ്ട് പട്ടുവസ്ത്രങ്ങളിൽ കൂടുതൽ സ്വർണ്ണനൂലുകൾ ചേർക്കുകയാണ് മതങ്ങൾ.

ഹൃദയം ദേവാലയമാകുംവിധം മതങ്ങൾ സ്വയം തുറക്കുന്നില്ലെങ്കിൽ കൂടുതൽ കൂടുതൽ മുറിപ്പെട്ടുകൊണ്ട് കൊത്തിപ്പറിക്കപ്പെടുന്ന ദുരന്തമാകും മതങ്ങൾ. നന്മ മതങ്ങളെ തഴുകട്ടെ. ആശ്വാസവും സൗഖ്യവുമാകട്ടെ.


ഒക്‌ടോബർ 05, 2024

ജപമാല തീർത്ഥാടകന്റെ വഴികാട്ടി

ജപമാല ഒരു പ്രാർത്ഥനഎന്നതിനെക്കാൾ ഒരു തീർത്ഥാടനമാണ്; അത് ധ്യാനിക്കുന്ന സംഭവങ്ങളിൽ പങ്കുചേരലാണ്. പരിശുദ്ധ മാതാവിന്റെ കൃപാജീവിതവും മാധ്യസ്ഥവും തീർത്ഥാടകന്റെ വഴികാട്ടിയാണ്. ഈ തീർത്ഥാടനം യേശു ആഗ്രഹിച്ചതിനെ തേടുവാനുള്ള പ്രതിബദ്ധതയുമാണ്.

ജപമാലയെ ഒരു മാന്ത്രികവസ്തുവാക്കി അവതരിപ്പിക്കുന്ന ജപമാല ഭക്തി അതിനെ സുവിശേഷത്തിൽ നിന്ന് അകറ്റുന്നു. ജപമാലപ്രാർത്ഥനയെ അതിശക്തിയുള്ള മന്ത്രമാക്കുന്നതും അതിനെ മാതാവിന്റെ പരിശുദ്ധ ജപമാലയല്ലാതാക്കുന്നു. സ്വാർത്ഥവും അഹന്തനിറഞ്ഞതുമായ നിയോഗങ്ങൾ അത്ഭുതങ്ങളായി നിവർത്തിയാക്കപ്പെടുന്നുണ്ടെങ്കിൽ അതിനു മാതാവും യേശുവുമായി ബന്ധം നൽകരുത്‌. തനിക്കെതിരു നിൽക്കുന്നവരെല്ലാം നാശമടിഞ്ഞു കാണണം എന്ന രീതിയിൽ ജപമാലചൊല്ലുന്നതിൽ സുവിശേഷത്തിന്റെ സമാധാനമോ സ്വാതന്ത്ര്യമോ ഇല്ല. ജപമാല ഒരു യുദ്ധകാഹളമോ അപരർക്കെതിരെയുള്ള പടവാളോ അല്ല.

ഒക്ടോബർ 7 ന് ലോകസമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കുവാൻ മാർപാപ്പ ആഹ്വാനം ചെയ്യുന്നു.  ഒരു കൂട്ടരുടെ വിജയത്തിലും ഒരുകൂട്ടരുടെ പതനത്തിലും ഒരിക്കലും ലോകസമാധാനമുണ്ടാക്കില്ല. "സമാധാനത്തിനു വേണ്ടിയുള്ള യുദ്ധങ്ങൾ" അതിൽത്തന്നെ പരസ്പരവൈരുധ്യമുൾക്കൊള്ളുന്നതാണ്. ലാഭക്കൊതികളും അപരതകളും മാറ്റിനിർത്തിക്കൊണ്ട്  പരസ്പരം സ്വീകരിക്കുവാനും സഹാനുഭൂതിയോടെ ഒരുമിച്ചു നടക്കാനുമാകുന്നെങ്കിലെ സമാധാനം സാധ്യമാകൂ. വിജയത്തിന്റെ നാഥയെന്നു ജപമാലയുടെ നാഥ വിളിക്കപ്പെടാവുന്നതും അപ്പോൾ മാത്രമാണ്.