ജപമാല ഒരു പ്രാർത്ഥനഎന്നതിനെക്കാൾ ഒരു തീർത്ഥാടനമാണ്; അത് ധ്യാനിക്കുന്ന സംഭവങ്ങളിൽ പങ്കുചേരലാണ്. പരിശുദ്ധ മാതാവിന്റെ കൃപാജീവിതവും മാധ്യസ്ഥവും തീർത്ഥാടകന്റെ വഴികാട്ടിയാണ്. ഈ തീർത്ഥാടനം യേശു ആഗ്രഹിച്ചതിനെ തേടുവാനുള്ള പ്രതിബദ്ധതയുമാണ്.
ജപമാലയെ ഒരു മാന്ത്രികവസ്തുവാക്കി അവതരിപ്പിക്കുന്ന ജപമാല ഭക്തി അതിനെ സുവിശേഷത്തിൽ നിന്ന് അകറ്റുന്നു. ജപമാലപ്രാർത്ഥനയെ അതിശക്തിയുള്ള മന്ത്രമാക്കുന്നതും അതിനെ മാതാവിന്റെ പരിശുദ്ധ ജപമാലയല്ലാതാക്കുന്നു. സ്വാർത്ഥവും അഹന്തനിറഞ്ഞതുമായ നിയോഗങ്ങൾ അത്ഭുതങ്ങളായി നിവർത്തിയാക്കപ്പെടുന്നുണ്ടെങ്കിൽ അതിനു മാതാവും യേശുവുമായി ബന്ധം നൽകരുത്. തനിക്കെതിരു നിൽക്കുന്നവരെല്ലാം നാശമടിഞ്ഞു കാണണം എന്ന രീതിയിൽ ജപമാലചൊല്ലുന്നതിൽ സുവിശേഷത്തിന്റെ സമാധാനമോ സ്വാതന്ത്ര്യമോ ഇല്ല. ജപമാല ഒരു യുദ്ധകാഹളമോ അപരർക്കെതിരെയുള്ള പടവാളോ അല്ല.
ഒക്ടോബർ 7 ന് ലോകസമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കുവാൻ മാർപാപ്പ ആഹ്വാനം ചെയ്യുന്നു. ഒരു കൂട്ടരുടെ വിജയത്തിലും ഒരുകൂട്ടരുടെ പതനത്തിലും ഒരിക്കലും ലോകസമാധാനമുണ്ടാക്കില്ല. "സമാധാനത്തിനു വേണ്ടിയുള്ള യുദ്ധങ്ങൾ" അതിൽത്തന്നെ പരസ്പരവൈരുധ്യമുൾക്കൊള്ളുന്നതാണ്. ലാഭക്കൊതികളും അപരതകളും മാറ്റിനിർത്തിക്കൊണ്ട് പരസ്പരം സ്വീകരിക്കുവാനും സഹാനുഭൂതിയോടെ ഒരുമിച്ചു നടക്കാനുമാകുന്നെങ്കിലെ സമാധാനം സാധ്യമാകൂ. വിജയത്തിന്റെ നാഥയെന്നു ജപമാലയുടെ നാഥ വിളിക്കപ്പെടാവുന്നതും അപ്പോൾ മാത്രമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ