കടന്നുപോകലാണ് പെസഹാ. കടന്നുപോകലിന്റെ രഹസ്യം ധ്യാനമാക്കിയെങ്കിലേ സഭയുടെയും വി. കുർബാനയുടെയും പൗരോഹിത്യത്തിന്റെയും സത്യങ്ങളെ അടുത്തറിയാനാകൂ. ക്രിസ്തുവിനെ ധ്യാനിക്കുമ്പോൾ അവന്റെ ആധികാര്യതയും വിശ്വാസ്യതയും കൂടി വെളിപ്പെടുത്തുന്ന സത്യങ്ങളാണവ. മനുഷ്യന്റെ വേദനകൾക്കും ഭാരങ്ങൾക്കും സ്വയം അനുരൂപനാക്കിയത് സ്നേഹത്തിന്റെ പരിപൂർണ്ണതയിലാണ്. ക്രിസ്തുവിന്റെ വിശ്വാസ്യത ഹൃദയത്തിന്റെ അറിവിലാണ്. പിതാവിൽ നിന്നു വന്ന, പിതാവിനാൽ അയക്കപ്പെട്ട, പിതാവിന്റെ ഇഷ്ടം പൂർത്തിയാകാൻ വന്ന പുത്രൻ കൃപയുടെ ഉറവിടവും സത്യത്തിന്റെ പരിപൂര്ണതയുമാണ്. മാംസമായിത്തീർന്ന വചനം സകല മനുഷ്യരെയും തന്നോട് അനുരൂപരാകേണ്ടതിനാണ് അത്. ക്രിസ്തുവിന്റെ ആധികാരികതയാണത്.
ക്രിസ്തു തുടർന്ന് ജീവിക്കുകയാണ് സഭയിൽ. ക്രിസ്‍തുവിന്റെ മൂല്യങ്ങളും തത്വങ്ങളും പാലിക്കാൻ സ്ഥാപിതമായ സ്ഥാപിക്കപ്പെട്ട കമ്പനിയല്ല സഭ. തന്റെ ജീവിതത്തിലൂടെ, നിലപാടുകളിലൂടെ, സൗഖ്യങ്ങളിലൂടെ ക്രിസ്തു ജനത്തെ ഒരുക്കി. ആ ജീവിതം ജനം തുടരുന്നു എന്നല്ല, ജനത്തിലൂടെ ക്രിസ്തു തുടർന്ന് ജീവിക്കുന്നു എന്നതാണ് ആ ജീവന്റെ സാരം.
ക്രിസ്തുവിന്റെ പൂർണത നമുക്കില്ല. അപൂർണ്ണരായ മനുഷ്യർ പരസ്പരം പൂർണ്ണരാക്കുന്ന ക്രിസ്‍തുശരീരമാണ് സഭ. പരസ്പരം പൂർണരാക്കേണ്ടതിനായുള്ള സേവനവും ത്യാഗവുമാണ് കടന്നുപോകലിന്റെ ലാവണ്യം.
സ്വയം ശൂന്യവൽക്കരിച്ചു കൊണ്ടാണ് ക്രിസ്തു ജീവൻ പകർന്നു നൽകിയത്. ദൈവരാജ്യത്തിന്റെ മൂല്യങ്ങൾ സ്വായത്തമാക്കണതും വളർത്താനും നമ്മിലെ ശരീരരക്തങ്ങൾ പരസ്പരം നൽകാനാണ് ക്രിസ്തുപാഠം. ക്രിസ്തുവിന്റെ ജീവിതവും മരണവും നിലപാടുകളും ക്രിസ്തു യാഥാർത്ഥ്യമാക്കിയ അനുരഞ്ജനവും മാത്രമല്ല, ആ ശരീരനിർമ്മിതിക്കായി സ്വയം ശൂന്യരാക്കുന്ന ഓരോരുത്തരുടെയും പ്രയത്നവും, പരാജയങ്ങളും കഷ്ടാനുഭവങ്ങളും ശൂന്യതകളും കൂദാശയായി ഉയർത്തപ്പെടുന്നതാണ് മുറിക്കപ്പെടുകയും പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്ന അപ്പം. അപ്പത്തിന്റെ വാഴ്വും ആഘോഷവുമാക്കി ആ സത്യത്തിൽ നിന്ന് ഒളിച്ചോടുവാൻ എളുപ്പമാണ്. അർത്ഥം മാനിക്കാതെ ആഘോഷമാക്കുമ്പോൾ അപ്പം മുറിക്കൽ ആചാരം മാത്രമാകും. സത്യമില്ലാത്ത അനുഷ്ഠാനങ്ങൾ വിഗ്രഹങ്ങളാണ്.
'എന്റെ ഓർമ്മക്കായി ചെയ്യുവിൻ,' വെറുമൊരു അനുസ്മരണമാണ്, ജീവിക്കലാണ്. ഇടയനും പ്രവാചകനും പുരോഹിതനായി ക്രിസ്തുവിന്റെ ശുശ്രൂഷയും ശൂന്യവൽക്കരണവും ആവർത്തിക്കലാണ്. സ്വയം ജീവൻ അർപ്പിക്കുന്ന ഇടയത്തവും, സത്യത്തിന്റെ സ്വരവും ദൈവരാജ്യസമ്പർക്കം ഉറപ്പാക്കുന്ന പൗരോഹിത്യവും ജീവിക്കുന്ന ക്രിസ്‌തുശരീരമാണ് സഭ. ഈ ഓർമ്മപ്പെടുത്തലും സ്വീകരണവും സമ്പുഷ്ടതയുമാണ് കുർബാന. ഈ അടയാളത്തിന്റെ ശുശ്രൂഷക്കായാണ് ശുശ്രൂഷാപൗരോഹിത്യം.
ക്രിസ്തു പ്രാർത്ഥിച്ചു: "സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ." ക്രിസ്തുവിന്റെ സത്യത്താൽ സ്വയം അറിയുകയും ആത്മശോധന ചെയ്യേണ്ടതും യോഗ്യതയുടെ അപ്പം ഭക്ഷിക്കാനും രണ്ടോ മൂന്നോ പേര് അവന്റെ നാമത്തിൽ ഒരുമിച്ചു ചേരാനും ജീവിക്കുന്ന പുരോഹിത ശുശ്രൂഷ ചെയ്യാനും അനിവാര്യമാണ്. സഭയുടെ ആധികാരികതയും വിശ്വാസ്യതയും അവിടെയാണ്. സമൂഹത്തിന്റെ വേദനയും ഭാരവും ശൂന്യതയും അനുരൂപപ്പെടേണ്ട സത്യങ്ങളായി സ്വീകരിക്കാതെ വിഭാഗീയതയുടെ ദുരാത്മാവിനെ കൊണ്ടുനടക്കുവോളം സഭക്ക് വിശ്വാസ്യതയുണ്ടാവില്ല. ദൈവത്തിന്റെ ഇഷ്ടം തേടുന്ന, ദൈവത്താൽ അയക്കപ്പെട്ട ദൗത്യം പൂർത്തിയാക്കുന്ന, നീതിക്കുവേണ്ടി ദാഹിക്കുന്ന, മുറിവുകൾക്കു സാന്ത്വനവും സൗഖ്യവുമാകുന്ന സഭക്കാണ് ആധികാരികതയുണ്ടാവുക. അതിലാണ് കുർബാന ജീവദായകമാവുകയും പൗരോഹിത്യം ഫലദായകവും സാക്ഷ്യവുമാകുന്നതും.