മനുഷ്യന്റെ വിയർപ്പിനെയും മാംസരക്തത്തെയും ഉൾപ്പെടുത്തിയുള്ള സ്വർഗ്ഗരാജ്യമാണ് ക്രിസ്തു പഠിപ്പിച്ചത്. അതായിരുന്നു ക്രിസ്തു അനുഭവിച്ച ദൈവരാജ്യം. രക്തശരീരങ്ങളിലും വൈകാരിക പകർച്ചകളിലും അനുഭവ്യമല്ലാത്ത ദൈവരാജ്യം വഞ്ചിക്കുന്ന മൂഢസ്വർഗ്ഗമാണ്. ആ സ്വർഗ്ഗത്തിനുവേണ്ടി സൃഷ്ടിക്കപ്പെടുന്ന നിയമങ്ങളും സമ്പ്രദായങ്ങളും ചൂഷണവ്യവസ്ഥിതി മാത്രമാണ്. സഹനവും അഭിഷേകവും വെളിപാടും അനുഭവിക്കുന്നതും തിരിച്ചറിയുന്നതും ജീവദായകമായ കുരിശിനെ സാക്ഷാൽക്കരിക്കുന്നതും പരസ്പരമുള്ള കണ്ടുമുട്ടലിലും ശുശ്രൂഷയിലുമാണ്.
കുരിശിലെ ആത്മശൂന്യവൽക്കരണത്തിലെ ത്യാഗസമാനമായ ജീവദായകത്വത്തിലാണ് മുറിവുകൾ ഉണങ്ങുന്നതും തിന്മകൾ അകലുന്നതും. ഹൃദയകാഠിന്യം, കയ്പ്പ്, അസൂയ, മാത്സര്യം, അധികാരമോഹം, സംശയം, പക, ഗൂഢാലോചന, പുച്ഛഭാവം അങ്ങനെ അനേകം പ്രിയങ്കരമായ മനോഘടനകൾ തിന്മയെ ജനിപ്പിക്കുന്നതും ആഘോഷിക്കുന്നതുമാണ്. അവയെ ഉപേക്ഷിക്കാൻ മനസ്സാകാതെ നടത്തുന്ന ഒരു 'ഭൂതോച്ചാടന പ്രക്രിയ'യും തിന്മയെ അകറ്റില്ല. സ്വന്തം ഭക്തിയെയും വിശ്വാസത്തെയുംകുറിച്ചുള്ള പരിഹാസ്യം മാത്രമാവും അത്തരം നാടകീയ പ്രകടനങ്ങൾ.നീതിയാണ് യഥാർത്ഥ പരിഹാരപ്രവൃത്തിയെന്നു നോമ്പുകാല ധ്യാനങ്ങൾ പലയാവർത്തി പറഞ്ഞുതന്നു. എന്നാൽ ഭക്തിയിൽ മതിമറന്നു ദൈവനീതിയെ മാറ്റിനിർത്താൻ നമ്മൾ പരിശീലിക്കപ്പെട്ടു കഴിഞ്ഞു. സത്യത്തിന്റെ സംഭാഷണങ്ങൾ പോലും നമുക്ക് അന്യമായിത്തീർന്നത് അതുകൊണ്ടാണ്. ഭക്തിലഹരി തീർത്തും സ്വകാര്യവും സ്വാർത്ഥവുമാക്കിക്കളഞ്ഞ ക്രിസ്തീയശൈലി അക്രിസ്തീയമാണ്. എന്നാണ് സഭയും സഭാസംഘടനകളും കുടുംബങ്ങളും കൃപയുടെയും ജീവന്റെയും സംഘാതമായ അസ്തിത്വവും ജീവിതശൈലിയും സ്വന്തമാക്കുക? തുറവിയും സ്വീകാര്യതയും ത്യാഗവും സഹഭാഗിതയുമെല്ലാം തുടർച്ചയായി പാലിക്കാവുന്ന മൂല്യങ്ങളായെങ്കിലേ അത് സാധ്യമാകൂ. മതത്തിന്റെ തൊങ്ങലുകളണിയിച്ച ദൈവത്തെ അവിടെ കൊണ്ട് വരരുത്.
തിന്മക്കു സംസ്കാരങ്ങൾ നൽകുന്ന ഏതാനം അടയാളങ്ങൾ ശപിതമായി തിന്മയുടെ മുദ്രനൽകുമ്പോൾ സ്വയം വഹിക്കുന്ന യഥാർത്ഥ തിന്മകളെ ഉപേക്ഷിക്കാൻ കഴിയാത്തത് അതിന്റെ സുഖം നുകരുന്നതുകൊണ്ടാണ്. അല്ലെങ്കിൽ ആ ഉദ്യമങ്ങളിൽ പോലും സ്വാർത്ഥമോഹങ്ങൾ ഉള്ളതുകൊണ്ടാണ്. ദൈവരാജ്യത്തിന്റെ നിലനില്പിനുവേണ്ടി രാഷ്ട്രീയക്കാരുടെ സഹായം ആവശ്യമെന്നു തോന്നിത്തുടങ്ങുന്ന 'ആത്മീയജീർണ്ണത' ചെറിയ കുറവല്ല. ദൈവരാജ്യ അനുഭവത്തിനായി ഒരുമിച്ചു ചേർക്കേണ്ടിയിരുന്ന സമൂഹത്തെ പാടെ മാറ്റിനിർത്തുകയും ചെയ്തു. അത് കുടുംബത്തകർച്ചകളാവട്ടെ, മദ്യവും മയക്കുമരുന്നുമാവട്ടെ, രാഷ്ട്രീയഅനീതികളാവട്ടെ മതങ്ങൾ അവരവരുടെ രക്ഷാപദ്ധതികൾ മറ്റുള്ളവരെ മാറ്റിനിർത്തുന്ന രീതിയിൽ വിഭാവനം ചെയ്യുന്നു. മതങ്ങൾ എന്തുകൊണ്ടാണ് സമൂഹത്തിന്റെ നന്മയെ ഭയക്കുന്നത്? അവ രാഷ്ട്രീയ നിർമ്മിതികളായി അധഃപതിക്കുന്നതുകൊണ്ടു തന്നെ.
തുറന്ന സംഭാഷണങ്ങൾ അന്യമായിത്തീർന്നു എന്നത് മറ്റൊരു തകർച്ചയാണ്. അത് നാട്ടിന്പുറ ചർച്ചയാവട്ടെ, മാധ്യമങ്ങളിലെ ചർച്ചയാവട്ടെ. കുടുംബത്തിനുള്ളിലെ സംഭാഷണങ്ങളാവട്ടെ, മതങ്ങൾക്കിടയിലുള്ളതാവട്ടെ, സത്യത്തിനും സമൂഹ നന്മക്കുമുപരി ജയവും അധികാരവുമാണ് മുന്നിൽ നിൽക്കുന്നത്. ക്രിസ്തു സ്വയം ശൂന്യനായി എന്ന് പ്രഘോഷിക്കപ്പെടുന്നതിലല്ല സുവിശേഷം; സ്വയം ശൂന്യവൽക്കരണം ഓരോരുത്തരുടെയും സഭയുടെയും ജീവിതശൈലിയാകുന്നതാണ് സുവിശേഷം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ