"നീ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്തത് എപ്പോൾ?
ആരാണ് അത് ചെയ്തത്? യൂദാസല്ലാതെ മറ്റാരാണ്?ഗലീലിയിലെ സിനഗോഗിൽ അവൻ ഉപേക്ഷിക്കപ്പെട്ടത് എന്തുകൊണ്ടായിരുന്നു?
അവന്റെ സൗഖ്യങ്ങളിൽ ദൈവസ്‌നേഹം കാണാതിരുന്നത് എന്തുകൊണ്ടായിരുന്നു?
മോശയുടെ നിയമത്തോടുള്ള കണിശമായ പ്രതിബദ്ധത, അധികാരഘടനകളെ ഉറപ്പിച്ചുനിർത്തുന്ന വിധം ദിവ്യഗ്രന്ഥത്തിന്റെ വ്യാഖ്യാനം, മതവും ദൈവവുമെല്ലാം അമിതമായ പരിചിതത്വം മൂലം കാര്യമാക്കപ്പെടാത്ത അവസ്ഥ അങ്ങനെ പലതായിച്ചേർത്ത ഒരു സംവിധാനം മിശിഹായെ തള്ളിക്കളഞ്ഞു. കാലാകാലങ്ങളായി രൂപപ്പെട്ടു വരുന്ന ആ സംവിധാനത്തിലെ പിഴവുകൾ അറിയാൻ പോലും ആവാത്ത വിധം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഓരോരുത്തരും ആ സംവിധാനത്തിന്റെ ഭാഗമാണ്. ക്രിസ്തുവിനെ ഉൾക്കൊള്ളാനാവാത്തതിന്റെ കാരണം അതാണ്.
ക്രിസ്തുവിന്റെ സ്നേഹസമ്പന്നത അവനെ വ്യത്യസ്തനാക്കി. അതിൽനിന്ന് അവൻ നീതിയെ വ്യാഖ്യാനിച്ചു. അവൻ നീതിക്കുവേണ്ടി ദാഹിക്കുന്നവായി, അന്യായമായി വിധിക്കപ്പെട്ടവനായി.
ക്രിസ്തു വീണ്ടും ക്രൂശീകരിക്കപ്പെടുന്ന വഞ്ചിക്കപ്പെടുന്ന ഉപേക്ഷിക്കപ്പെടുന്ന സാഹചര്യങ്ങളുണ്ട്. എങ്കിലും, ക്രിസ്തു ഉപേക്ഷിക്കപ്പെട്ടത് 'ന്യായമായത്' എങ്ങനെയോ അങ്ങനെ തന്നെ അവയും ന്യായീകരിക്കപ്പെടും. രാഷ്ട്രീയവിലപേശലിനുള്ള കരുക്കൾ മാത്രമാണ് ആവർത്തിക്കപ്പെടുന്ന ക്രിസ്തുമാർ. ക്രിസ്തു ഉപയോഗിക്കപ്പെടും ഉപേക്ഷിക്കപ്പെടുകയും ചെയ്യും.
സത്യവും നീതിയും ധാർമ്മികതയും ക്രിസ്തുശരീരത്തിന്റെ വചനസാരമായിരുന്നെങ്കിൽ ലാഭങ്ങൾക്കു വേണ്ടിയല്ലാതെ ക്രിസ്തുവിന്റെ വെളിച്ചത്തിൽ കാലത്തെയും വെല്ലുവിളികളെയും നോക്കിക്കാണുവാൻ നമുക്ക് കഴിയുമായിരുന്നു. നീതിയും ധാർമ്മികതയും നൽകുന്ന ആധികാരികതയുണ്ടായിരുന്നെങ്കിൽ 'തെറ്റിദ്ധരിപ്പിക്കപ്പെടുന്ന' വാഗ്ദാനങ്ങളിൽ വീണുപോകുമായിരുന്നില്ല. വ്യാജപ്രവാചകരുടെ കപടഭക്തിയിലും സഭാസ്നേഹത്തിലും വ്യാഖ്യാനങ്ങളിലും ഭ്രമചിത്തരാകുമായിരുന്നില്ല. ക്രിസ്‌തുവിനേക്കാൾ വിലയില്ലാതായി നമ്മൾ കണ്ടെത്തിയത് എന്താണ്? സത്യം അന്വേഷിക്കാൻ സ്വയം മടിക്കുമ്പോൾ തിരസ്കരിക്കപ്പെട്ടത് ക്രിസ്തുവാണ്. നിലപാടുകളിൽ നീതിയില്ലെന്നറിഞ്ഞുകൊണ്ടും ജനത്തെ വഞ്ചിക്കുന്ന പ്രസ്താവനകൾ നല്കിയപ്പോഴും പ്രസംഗങ്ങൾ നടന്നപ്പോഴും ഒറ്റിക്കൊടുക്കപ്പെട്ടത് ക്രിസ്തുവാണ്.
"രാഷ്ട്രീയക്കാർ ജനത്തെ വഞ്ചിച്ചു."
നമ്മൾ അവരിലുള്ള ക്രിസ്തുവിനെയും.
ഇവർ ചെയ്യുന്നതെന്തെന്ന് പൂർണ്ണമായും ഇവർ അറിയുന്നു; അവരെ പിന്താങ്ങുന്നവർ അതറിയുന്നുമില്ല.
പാദം കഴുകലും, കുരിശിന്റെ വണക്കവും, പൂവിട്ടു നിറച്ച അടക്കശുശ്രൂഷയും ഭക്തിപൂർണ്ണവും മഹിമാമയവുമായിരുന്നു. ആ ദിനങ്ങളിലെ അവമാനത്തെയും ശൂന്യതയെയും അവ മറച്ചുകളയുന്നുണ്ട്. അത് ഒരു നഷ്ടമാണ്. ക്രിസ്തു സ്വീകരിച്ച ആ അവമാനത്തെയും ശൂന്യതയെയും ധ്യാനിക്കേണ്ടതാണ്.
----------------------------------------------------------
ഒരു മാരക പാപത്തിനു പോലും അർഹമായേക്കാം എന്നവിധം കുർബാനസ്വീകരണത്തിനു വിലക്ക് കല്പിച്ചത് എന്തിനാണ്?
ദൈവശാസ്ത്രപരമായ കാരണങ്ങളോ തനതായ പാരമ്പര്യങ്ങളോ ഉണ്ടാവാം. മരണവും ശൂന്യതയും ധ്യാനിക്കുന്ന ദിവസം കൂദാശയുടെ സാന്നിധ്യം അപ്രധാനമാവാം, വിലാപത്തിന്റെ ദിവസം ക്രിസ്തുവിന്റെ മരണത്തോടും ജനതകൾ സഹിക്കുന്ന അവമാനവും നുറുങ്ങിയ ഹൃദയവും ചേർത്തുവെച്ച് 'അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം' കൂടുതൽ അർത്ഥപൂര്ണമാകാം. എന്നാൽ ഇവയെ വേണ്ടവിധം വിശദീകരിക്കേണ്ട അജപാലനപരമായ വിവേകം ഒരു അറിയിപ്പിലുണ്ടാവേണ്ടതില്ലേ? വിലാപത്തിന്റെ ദിവസം, ക്രിസ്തുവിന്റെ മരണത്തോടും ജനതകൾ സഹിക്കുന്ന അവമാനവും നുറുങ്ങിയ ഹൃദയവും ചേർത്തുവെച്ചുകൊണ്ടുള്ള ആത്മവിചിന്തനങ്ങളിലേക്കോ നവീകരണസാധ്യതകളിലേക്കോ കടക്കുന്നില്ലെന്നത് വൈരുധ്യതയും.
ആശയക്കുഴപ്പത്തിലേക്കും തർക്കങ്ങളിലേക്കും തള്ളിയിട്ടുകൊണ്ട് കെട്ടിയുയർത്തുന്ന സഭ ആരുടേതാണ്?
കുർബാനയുടെ ദിശയെക്കുറിച്ചുള്ള കലഹം ഇനിയും തീർന്നിട്ടില്ല, ഏതൊക്കെ ദിവസം കുർബാനയുണ്ടാവരുത് എന്നതിനെക്കുറിച്ചാവും അടുത്ത കലഹം.
അജഗണങ്ങളെ മുറിപ്പെടുത്തുന്ന ചിതറിച്ചു കളയുന്നവരിൽ എവിടെയാണ് വിശ്വാസികൾ ക്രിസ്തുവിനെ കാണേണ്ടത്?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ