ഒരു നല്ല ദിവസത്തിനായി ആഗ്രഹിച്ചുകൊണ്ടാണ് ഓരോ പ്രഭാതവും തുടങ്ങുന്നത്. ഒരുപക്ഷേ ആഗ്രഹിച്ചതുപോലെ തന്നെ നല്ലൊരു ദിവസം നമുക്ക് ലഭിച്ചിരിക്കാം. അല്ലെങ്കിൽ, വേദനയും, അപമാനവും, ആഴത്തിൽ മുറിവേൽപ്പിച്ച മൂർച്ചയേറിയ വാക്കുകളും നിറഞ്ഞ ഭാരമുള്ള ഒരു ദിവസമായിരുന്നിരിക്കാം ഇത്. ഈ സന്ധ്യയിൽ, നമ്മുടെ ജീവിതത്തെ ഒരു രാത്രിയിലേക്ക് കൊണ്ടുവരികയാണ്. പ്രാർത്ഥനയുടെ ഒരു ഹൃദയത്തിൽ, എല്ലാം ഞാൻ പൂർണ്ണമായി സമർപ്പിക്കുന്നു എന്ന് പറയുന്നെങ്കിൽ, ശരിക്കും എല്ലാത്തിനും ഞാൻ കൃതജ്ഞതയുള്ളവനാണ് എന്നാണ് ഞാൻ പറയുന്നത്. ജീവിതത്തിൽ നടന്നതൊക്കെയും അതിലുൾപ്പെട്ടിട്ടുള്ള വ്യക്തികളെയും സ്വീകരിക്കാൻ കൃതജ്ഞത നമ്മെ പ്രാപ്തരാക്കുന്നു. ഓരോ ദിവസവും കടന്നുപോകുമ്പോഴും, നമ്മുടെ ശൂന്യതയിലും വേദനയിലും ആശ്വസിക്കുവാനും നമുക്ക് കഴിയും. സമർപ്പണത്തിന്റേതായ രാത്രികളിലൂടെ കടന്നുപോകുമ്പോൾ നിരാശയുടെയും ഭീതിയുടെയും നിഗൂഢതകളല്ല, തിരിച്ചറിവുകളിലെ പ്രകാശമാണുള്ളത്. നമ്മുടെ നോവുകളിലെ പരാതികൾ കുറയുകയും ചെയ്യും. നന്ദി പറയാൻ മാത്രം നമ്മുടെ ഹൃദയം പാകപ്പെടുമ്പോൾ, ഭാരങ്ങൾ ലഘുവാകുകയും, സമാധാനത്താലും സന്തോഷത്താലും നമ്മൾ നിറയുകയും ചെയ്യും.
നന്ദിയുള്ള ഹൃദയത്തിൽ നിന്ന് കവിഞ്ഞൊഴുകുന്ന കൃപാസമൃദ്ധിയാണ് ഉള്ളിലെ ദൈവരാജ്യം. അത് സമാധാനത്തിന്റെയും, സൗമ്യതയുടെയും, ശക്തിയുടെയും അനുഭൂതിയാണ്. ഇവിടെ നിന്നാണ് വിശുദ്ധിയുടെ എല്ലാ മാനങ്ങളും മുളച്ച് വളരുന്നത്. അതൊരു സ്വാതന്ത്ര്യത്തിന്റെ അനുഭവമാണ്, വയലിലെ പൂവായി അലങ്കരിക്കപ്പെടുന്നതിന്റെ ആനന്ദം, കരുതലോടെ പരിപാലിക്കപ്പെടുന്നതിന്റെ ആ ചെറിയ കുരുവിയുടെ തൃപ്തി, ആശ്വസിപ്പിക്കപ്പെടുന്ന കുഞ്ഞിന്റെ ശാന്തത സ്വീകാര്യതയിലേക്കു തുറക്കുന്ന കൃതജ്ഞതയിലാണ് അവയുടെ ഉത്ഭവം. ഈ പുണ്യനിമിഷത്തിൽ, പകൽ രാത്രിക്ക് വഴിമാറുമ്പോൾ, ദൈവത്തിന്റെ അളവറ്റ സ്നേഹത്തിന്റെ ആശ്വാസം നമുക്കും അനുഭവിക്കാൻ കഴിയും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ