മാതാവിന്റെ ഏഴു ദുഃഖങ്ങളെക്കുറിച്ചാണ് വ്യാകുല മാതാവിന്റെ ഭക്തിയനുസരിച്ച് ധ്യാനിക്കുന്നത്. മനുഷ്യരുടെ എക്കാലത്തെയും യാതനകൾ ക്രിസ്തുവിന്റെ മുറിവുകളാണെങ്കിൽ മാതാവിന്റെ ദുഖങ്ങളും പരിഹരിക്കപ്പെടാത്തതും ആശ്വസിപ്പിക്കപ്പെടാത്തതുമാകും. റാമായിൽ ബാബിലോണിന്റെ ക്രൂരതയിൽ തന്റെ മക്കളെക്കുറിച്ചു വിലപിക്കുന്ന റാഹേലും, യേശു രക്ഷപ്പെട്ടെങ്കിലും ഹേറോദേസിന്റെ ക്രൂരതയിൽ അന്ന് കൊല്ലപ്പെട്ട ശിശുക്കളും മറിയത്തിന്റെ വേദനകളായിരുന്നില്ലേ? മറിയത്തിന്റെ വേദനകളെ മനസ്സിലാക്കാനും വണങ്ങാനും മറിയത്തെ നമ്മുടെ അമ്മയായി സ്വീകരിക്കാനും അമ്മയിൽ നിന്നുള്ള വാക്കുകളെന്ന വണ്ണം കേൾക്കാനും തയ്യാറാവുക എന്നതാണ് ആവശ്യമായുള്ളത്. ഇതാ നിന്റെ അമ്മ എന്നത് ദൈവശാസ്ത്രചർച്ചകൾക്കപ്പുറം ഈ കേൾവിയാണ്. വണക്കമാണ് എന്ന് പറയുമെങ്കിലും എന്തും ചെയ്യാൻ കഴിയുന്ന യുദ്ധം നയിക്കുന്ന വിജയിയായ സർവ്വശക്തയായ ഒരു ദൈവികഭാവം നമ്മുടെ ഭക്തികൾ പല കാലങ്ങളിലും മാതാവിന് നൽകിയിട്ടുണ്ട്. എഴ്വ്യാകുലങ്ങളെക്കുറിച്ചു പോലും അവയിൽനിന്ന് എന്ത് നമുക്ക് കിട്ടാനാകും എന്നാണ് ഘോഷിക്കപ്പെടുന്നത്. അനിശ്ചിതത്വത്തിന്റെയും, വേര്പാടിന്റെയും മർദ്ദനത്തിന്റെയും കൊലയുടെയും അനുഭവമാണ് നേർക്കാഴ്ചകളായും ആ വ്യാകുലതകൾ മാതാവിന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നു. മാതാവിനെ കേൾക്കാൻ ശ്രമിക്കാം, അന്ന് യേശുവിന്റെ സമയത്ത് സഹിച്ചതും, ഇന്ന് നമ്മുടെ സമയത്ത് അറിയുന്ന വേദനകളും ... ലോകത്തിന്റെ വ്യാകുലതകളെ കാണാതെ ഭക്തിയുടെ ആവരണങ്ങളിൽ മറയ്ക്കാനും കുരിശിലേയോ മാതാവിന്റെയോ വേദനകളെക്കുറിച്ച് സ്വയം അപലപിക്കാനോ ലോകത്തെ കുറ്റം വിധിക്കാനും ശ്രമിക്കുന്ന ആത്മീയ ശൈലികളാണ് നമുക്ക് പരിചിതവും ആശ്വാസ്യവും. മാതാവിന്റെ കണ്ണുനീരിലും സുഗന്ധത്തിലും തൈലത്തിലും പ്രത്യക്ഷീകരണത്തിലും നമ്മൾ അത്ഭുതങ്ങൾ കാണാറുണ്ട്. അവയിലെ ആശ്വാസത്തെ സ്വീകരിക്കാനോ, വേദനകളെ കണ്ടറിഞ്ഞു സാന്ത്വനിപ്പിക്കാനോ നമ്മുടെ ഭക്തികൾ നമ്മുടെ ഹൃദയങ്ങളെ ഒരുക്കിയിട്ടുണ്ടോ? മാതാവിന്റെ രൂപത്തിന് ചുറ്റുമുള്ള ഭക്തികാര്യങ്ങൾ അമ്മക്കോ മക്കൾക്കോ സാന്ത്വനമാകുന്നില്ല. ഓർമ്മിക്കപ്പെടാനുള്ള ചരിത്രനിമിഷങ്ങളായി അവസാനിക്കുന്നവയല്ല മറിയത്തിന്റെ വ്യാകുലതകൾ, അവ ആവർത്തിക്കപ്പെടുന്നവയാണ്. തന്റെ കുഞ്ഞുങ്ങളുടെ സുരക്ഷയെക്കുറിച്ച് ഭയപ്പെടുന്ന അമ്മമാരുണ്ട്, വിശന്നു കരയുന്ന കുഞ്ഞുങ്ങളുണ്ട്, തീർത്തും അപരിചിതമായ ഒരു ലോകത്തേക്ക് ചിതറിക്കപ്പെടുന്ന കുഞ്ഞുങ്ങളുണ്ട്, യുദ്ധവും സംഘർഷങ്ങളും പലായനവും നിർബന്ധിത കുടിയൊഴിപ്പിക്കലും ഇനിയൊരിക്കലും കണ്ടുമുട്ടാത്ത വിധം തകർത്തുകളയുന്ന കുടുംബങ്ങൾ, ആ വ്യാകുലതകൾ നമ്മുടേതാവുന്നുണ്ടോ, സഭയെന്ന നിലയിൽ അത് നമ്മൾ അറിയുന്നുണ്ടോ? അതോ കപട മതരാഷ്ട്രീയത്തിന്റെ കാസ നുകർന്ന് അവയെ പവിത്രീകരിക്കുകയാണോ? അമ്മയെ ആശ്വസിപ്പിക്കുകയെന്നാൽ മക്കൾക്ക് വേണ്ടി കരുതലുണ്ടാവുക എന്നാണ്. നീതിക്കും സമാധാനത്തിനും വേണ്ടി നിലകൊള്ളുമ്പോൾ, ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുമ്പോൾ മാതാവിന്റെ വ്യാകുലതകളെ ആശ്വസിപ്പിക്കുകയാണ്. പ്രത്യക്ഷീകരണങ്ങൾക്കും അടയാളങ്ങൾക്കും ഉപരിയായി കൺമുമ്പിലുള്ള കണ്ണീരണിഞ്ഞ മുഖങ്ങളെ കാണാനാണു വ്യാകുല മാതാവിന്റെ ക്ഷണം. ജീവനുള്ള വിശ്വാസം അറിയാൻ നമുക്ക് കഴിയും, ജീവിക്കുന്ന ദൈവത്തെയും.
ഒക്‌ടോബർ 05, 2025
വിശ്വാസവഴിയേ
വിശ്വാസം എന്നത് ദൈവത്തോടൊപ്പമുള്ള ഒരു ജീവിതം നയിക്കാൻ എങ്ങനെ സാധിക്കുന്നു, നമ്മുടെ ദൈനംദിന യാഥാർത്ഥ്യങ്ങളിൽ ദൈവത്തിൻ്റെ ജീവൻ അനുഭവവേദ്യമാക്കാൻ എങ്ങനെ ശ്രമിക്കുന്നു എന്നിവയെക്കുറിച്ചാണ്. ദൈവത്തിൻ്റെ നന്മയിൽ ഉറച്ചു വിശ്വസിച്ചു കൊണ്ട് ദൈവത്തിൻ്റെ വഴികളെക്കുറിച്ച് ആഴമായി അറിയാൻ ശ്രമിക്കുന്നതും ആ പാതയിൽ നടക്കാൻ ആത്മാർത്ഥമായ പ്രയത്നങ്ങൾ നടത്തുന്നതും, ആ പാതയിൽ നടക്കാൻ തയ്യാറാകുന്നതും വിശ്വാസത്തിന്റെ വളർച്ചയാണ്.
ദൈവം നമ്മുടെ ജീവിതത്തിൽ സത്യമായും ഉണ്ട് എന്ന് യഥാർത്ഥത്തിൽ അനുഭവിക്കാൻ കഴിയുമ്പോൾ വിശ്വാസം ആഴപ്പെടുന്നു. പലപ്പോഴും നമ്മുടെ വിശ്വാസം അഗ്രാഹ്യമായ ഏതാനം ചിന്തകളായി മാത്രം നിലനിൽക്കുന്നു. നമ്മുടെ ഹൃദയങ്ങളെ സ്വതന്ത്രമായി ദൈവത്തിലേക്ക് ഉയർത്താൻ കഴിയേണ്ടത് പ്രധാനമാണ്. അതിനായി തികച്ചും മാനുഷികവും ഭൗമികവുമായ തലങ്ങളിൽ കൃപയുടെ സാന്നിധ്യത്തെ തിരിച്ചറിയുക എന്നത് പ്രധാനമാണ്. നമ്മുടെ സന്തോഷങ്ങളോ, ദുഃഖങ്ങളോ, അഴുക്കുകളോ സൗന്ദര്യമോ, വൈരൂപ്യമോ എന്തുമാകട്ടെ, വിശ്വാസത്തിൻ്റെ പാതയിൽ വ്യക്തിപരമായ സ്പർശം പ്രധാനമാണ്, കാരണം നമ്മുടെ വേരുകൾ കൃപയുടെ സ്പർശം അറിയണം. നമ്മിലെ തീവ്രമായ വികാരങ്ങളും അവയിലെല്ലാം നമ്മൾ ദൈവത്തിൽ നിന്ന് ആഗ്രഹിക്കുന്നതൊക്കെയും, നമ്മുടെ വികാരങ്ങളിലും ശരീരത്തിലേക്കും സ്വീകരിച്ച് , അത് ആഴത്തിൽ അനുഭവിക്കാൻ തയ്യാറായാൽ, നമ്മുടെ അഭിലാഷങ്ങൾക്ക് കൃപയുടെ സ്പർശം കണ്ടെത്താൻ കഴിയും.
കൃപയുടെ ജീവിതം ഒരാളുടെ സ്വകാര്യമായ കാര്യമല്ല. ക്രിസ്തുവിൻ്റെ ശരീരത്തിൽ ആയിരിന്നുകൊണ്ടാണ് നാം വിശ്വാസം അറിയുന്നതും അതിൽ വളരുന്നതും. ഈ ശരീരം നമ്മുടെ കുടുംബമോ, സമൂഹമോ, സൗഹൃദവലയമോ, ക്ലാസ് റൂമോ, ഒരു സ്ഥാപനമോ, ഒരു ഭരണസമിതിയോ അല്ലെങ്കിൽ മുഴുവൻ മനുഷ്യകുലമോ, അല്ലെങ്കിൽ മുഴുവൻ സൃഷ്ടി പോലുമോ ആകാം. ഒരു ശരീരമായിരുന്നു കൊണ്ട് നാം വിശ്വാസത്തിൽ വളരുകയും, പരസ്പരം സഹായിക്കുകയും, പൂർത്തീകരിക്കുകയും ചെയ്യുന്നു.
വിശ്വാസം എന്നത് അനുഗ്രഹങ്ങളുടെയും ദിവ്യാനുഭവങ്ങളുടെയും ഒരു മാന്ത്രിക ലോകത്തേക്ക് നമ്മെ നയിക്കുന്ന ഒരു വൈകാരിക പ്രക്ഷുബ്ദതയല്ല. കൃപയിൽ നിന്ന് ലഭിക്കുന്ന ശക്തിയിൽ ജീവിക്കുന്ന ഒരു ജീവിതമാണത്. സ്വർഗ്ഗീയ മണ്ഡലങ്ങളുടെ അപരിമേയതയിൽ ജീവിക്കാൻ യേശു നമ്മളോട് ആവശ്യപ്പെടുന്നില്ല. യഥാർത്ഥ വിശ്വാസം നമ്മൾ നടക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന നിലത്തുതന്നെ ക്രിസ്തുവിനോടൊപ്പം നടക്കാൻ വേണ്ട ബലം തരുന്നു. വിവിധങ്ങളായ സാഹചര്യങ്ങളിലൂടെ ക്രിസ്തുവിനൊപ്പം നടന്ന് വിശ്വാസത്തിൽ പക്വത പ്രാപിക്കുവാൻ നമുക്ക് കഴിയുന്നു. ക്രിസ്തുവിൻ്റെ സാമീപ്യവും, ശക്തിയും, ആശ്വാസവും നാം കണ്ടെത്തുന്നു. ക്രിസ്തു നമ്മുടെ ജീവിതത്തെ വ്യാഖ്യാനിക്കുകയും നമ്മെ നയിക്കുകയും ചെയ്യുന്നു.
വിശ്വാസം ഒരു നിർവചനമോ പ്രത്യയശാസ്ത്രമോ അല്ല. ഈ ദിവസങ്ങളിൽ പലപ്പോഴും നാം ഇത്തരം പ്രത്യയശാസ്ത്രങ്ങളാൽ തെറ്റിദ്ധരിക്കപ്പെടുന്നു. വിശ്വാസത്തിൻ്റെയും ക്രിസ്തീയ ഐക്യത്തിന്റെയുമൊക്കെ തീവ്രവികാരങ്ങളെ ഉപയോഗിച്ച് മനുഷ്യത്വരഹിതവും, അക്രൈസ്തവവും, ഭിന്നിപ്പുണ്ടാക്കുന്നതുമായ മനോഭാവങ്ങളെ അവ പ്രോത്സാഹിപ്പിക്കുന്നു. ചുട്ടെരിയപ്പെടുന്ന, കൈകാലുകൾ നഷ്ടപ്പെടുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ കണ്ടുകൊണ്ട് അവർ ചത്തൊടുങ്ങുന്നത് ദൈവമഹത്വമാണെന്നു വിശ്വാസവ്യാഖ്യാനം നടത്താൻ കഴിയും വിധം ക്രിസ്‌തുശൂന്യതയിലേക്കു വിശ്വാസം അധഃപതിച്ചിട്ടുണ്ട്. വെറുപ്പുനിറഞ്ഞ അത്തരം രാഷ്ട്രീയസമവാക്യങ്ങളിലോ അവയെ ദൃഢപ്പെടുത്തുന്ന പ്രത്യയശാസ്ത്രങ്ങളിലോ വിശ്വാസാനുഭവം നേടാൻ നമുക്ക് കഴിയില്ല; ക്രിസ്തുവിൽ വളരാനും സാധ്യമല്ല. നമ്മൾ തിരഞ്ഞെടുക്കുന്നത് ക്രിസ്തുവിനെയോ അതോ രാഷ്ട്രീയം കലർന്ന മതവീക്ഷണങ്ങളെയോ എന്നത് യഥാർത്ഥത്തിൽ വിശ്വാസത്തിൻ്റെ ഒരു പരീക്ഷണമാണ്. അതിനാൽ, നമ്മുടെ വിശ്വാസം വർദ്ധിപ്പിക്കാനുള്ള അപേക്ഷയോടൊപ്പം, ക്രിസ്തുവിലുള്ള യഥാർത്ഥ വിശ്വാസം മനസ്സിലാക്കാനുള്ള കൃപയ്ക്കായും ആ വിശ്വാസത്തിൽ ഉറച്ചുനിൽക്കാനുള്ള കൃപയ്ക്കായും നാം അപേക്ഷിക്കേണ്ടതുണ്ട്.