Gentle Dew Drop

ജനുവരി 06, 2019

കൊട്ടാരത്തിൽ തമ്പടിച്ച ജ്ഞാനികൾ

വേറെയും രാജാക്കന്മാർ  ഉണ്ടായിരുന്നു -
ചിലർ വിവേകികളും, ചിലർ വിവേകരഹിതരും.
വിവേകരഹിതർ കൊട്ടാരത്തിൽ തമ്പടിച്ചു,
തിരഞ്ഞു സമയം കളയുന്നതെന്തിന്?

അപ്രിയമായ സാന്നിധ്യങ്ങൾ തകർത്തുകളയണം,
സാധ്യമായ എല്ലാറ്റിനെയും നശിപ്പിക്കുക.
മതിലുകൾക്കുള്ളിലെ ജ്ഞാനം ശക്തികൾക്ക് വഴി പറഞ്ഞു കൊടുക്കുന്നു,
വിവേകരാഹിത്യത്തിന്റെ തലമുറ അതിനെ പാടിപുകഴ്ത്തുന്നു,
സിംഹഗർജ്ജനമെന്നും ഇടിമുഴക്കം എന്നൊക്കെ അവർ അതിനെ വിളിക്കുന്നു,
കൂട്ടിലകപ്പെട്ടിട്ടുണ്ടോ എന്ന് സിംഹവും പരിവാരവും കണ്ണുതുറന്നു നോക്കട്ടെ.

ശക്തികേന്ദ്രങ്ങളിൽ തമ്പടിക്കുന്ന ജ്ഞാനികൾ ഉണ്ട് -
നക്ഷത്രങ്ങളെ വലവീശിപ്പിടിക്കാനും,
പൂക്കളെ വിരിയിക്കാനും,
ഭാവിക്കുവേണ്ടി സ്വർഗമുണ്ടാക്കാനും അവർ ശ്രമിക്കുന്നു,
ആഘോഷിക്കുന്നു...
ദീപാലങ്കാരങ്ങളുടെ ശോഭയിൽ നക്ഷത്രങ്ങൾ കാണാൻ വയ്യാതായി,
പൂക്കൾ ഇറുത്തെടുത്ത  ചെടികൾ തളിർക്കാതെയായി,
പാടത്തു വിത്തുമുളക്കാതെയായി...
ഒരു വിലാപം ഉയർന്നു കേൾക്കാം -
ഭൂമി അവളുടെ  സന്താനങ്ങളെക്കുറിച്ച് കരയുന്നു
അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം,
എന്തെന്നാൽ അവൾക്കു സന്താനങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു.

വിലാപം പേമാരിയായി പെയ്തിറങ്ങി,
കൊട്ടാരത്തിന്റെ മേൽക്കൂരകൾ തകർത്തു,
അടിത്തറകൾ വിറച്ചു.
മതിലുകൾക്കുള്ളിലെ അഴുക്കുകളിൽ അവ ജീർണ്ണിക്കുന്നു,
കൊട്ടാരക്കെട്ടിലെ ഇരുളുകൾ  ചുരുളുകളിൽ പോലും  മങ്ങലേല്പിച്ചു.
മതിലകത്തെ ജ്ഞാനികൾ വീണ്ടും പറഞ്ഞു:
ധനവും ശക്തിയും നൽകൂ,
നമുക്ക് സാദ്ധ്യതകൾ നോക്കാം ,
അങ്ങകലെ എവിടെയോ താരങ്ങളിൽ നമുക്ക് പാർക്കാം.

ഉണ്ണിമിശിഹായെ കണ്ട ജ്ഞാനികൾ ഉള്ളിൽ പറഞ്ഞു:
ജ്ഞാനികളൊക്കെയും കൊട്ടാരം വിട്ട് പുറത്തു വന്നിരുന്നെങ്കിൽ!
തെളിനീരുള്ള ഉറവകൾ ഇനിയുമുണ്ട്,
പുതുമയുള്ള തളിരുകളുമുണ്ട്,
നീലിമയുള്ള ആകാശം ഇനിയുമുണ്ട്,
വിനീതർ ഭൂമി അവകാശമാക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ