Gentle Dew Drop

മാർച്ച് 06, 2019

കാത്തിരിപ്പ് വയ്യെങ്കിൽ ...

വഴിയിൽ കല്ലുകളും മുള്ളുകളും, പറമ്പിൽ കാട്ടുപന്നിയും പെരുമ്പാമ്പും കണ്ട് കഷ്ടതയും സഹനവും നേരിട്ടുതന്നെയാണ് മലബാറിലേക്ക് ആളുകൾ കുടിയേറിയത്. കുഴിച്ചുവെച്ച കാച്ചിലും ചേനയും മുളച്ചതും, നട്ട തെങ്ങു വളരുന്നതും അനുഗ്രഹങ്ങളായിരുന്നു.
ക്ഷമയോടെയുള്ള അവരുടെ കാത്തിരിപ്പ് അവരുടെ വിശ്വാസത്തിന്റെ ശക്തമായ അടയാളമാണ്. തൈകൾ വളർന്നതും, വാഴകുലച്ചതും, കുഞ്ഞുങ്ങൾ പഠിച്ചുവളർന്നതും ജോലി ലഭിച്ചതും, പള്ളികളും സ്കൂളുകളും ഉയർന്നതും കാലങ്ങൾ കാത്തിരുന്ന് തന്നെയാണ്.
നാലുമണിക്ക് മണ്ണെണ്ണവിളക്കു തെളിച്ചു മലയിറങ്ങി കുർബാനക്ക് വന്നിരുന്ന ഒരു വല്യമ്മ ഇന്നും ഓർമ്മയിലുണ്ട്. പട്ടിണികിടന്നു മണ്ണിനോട് മല്ലിട്ട അവരുടെ മക്കൾ ജീവിക്കാനുള്ള നിലയിലെത്തിയത് ഉടമ്പടി ചെയ്തിട്ടല്ല. ആഗ്രഹസാധ്യത്തിനുവേണ്ടി അരമണിക്കൂർ വീതം വായിക്കാൻ അന്ന് വീടുകളിൽ ബൈബിൾ പോലും ഉണ്ടായിരുന്നില്ല. എങ്കിലും അവരുടെ വിശ്വാസവും ജീവിതക്രമവും സാക്ഷ്യമായിരുന്നു. ഇല്ലായ്മയിൽ നിന്ന് പതുക്കെ കരകേറിവരുന്നതേയുണ്ടായിരുന്നെങ്കിലും അവർക്കു പറയാൻ കഴിയുമായിരുന്നു, "മോനെ, ദൈവം എല്ലാം തരും, നമ്മൾ ഒരിക്കലും കള്ളത്തരം കാണിക്കരുത്." മക്കളെ മാറോടുചേർത്ത് ഈന്തുപനയോലവെച്ചുകെട്ടിയ മറക്കുള്ളിൽ ഒറ്റയ്ക്ക് രാത്രി കഴിച്ചുകൂട്ടിയ സമയത്തേക്കുറിച്ച് എന്റെ വല്യമ്മ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. വേദനകളിൽ നിലനിർത്തിയ കാത്തിരിപ്പിന്റെയും പ്രത്യാശയുടെയും ബലം അവർക്ക് ക്രിസ്തുവിശ്വാസത്തിന്റെ കാതലായിരുന്നു. അവരുടെ ദൈവമാണ് എന്റെ ദൈവം. കല്ലുകളും കാടും നീക്കാൻ കൈകൾക്കു ബലവും ഉള്ളിൽ കരുത്തും തന്ന് നയിച്ചവനാണ് ആ ദൈവം. ഞാൻ അറിയുന്ന സാധാരണക്കാരന്റെ വിശ്വാസം അതാണ്. ഒറ്റ ഉടമ്പടി കൊണ്ട് സകല നിയോഗങ്ങളും പൂർത്തീകരിക്കുന്ന വിചിത്ര ദൈവങ്ങൾ അവർക്കും എനിക്കും അന്യമാണ്.

കാത്തിരിപ്പ് ദൈവാശ്രയബോധത്തിന്റെ അടയാളമാണ്. ആ കൃപയുടെ മൂല്യം പരിശീലിപ്പിക്കാത്ത ക്രിസ്തീയത വൈകാരികജല്പനങ്ങളുടെ അവതരണങ്ങൾ മാത്രമാണ്. സങ്കീർണതകൾക്കിടയിൽ ഈയാംപാറ്റകളാകുന്ന വിശ്വാസികളുടെ നിസ്സഹായതയോടുള്ള പരിഹാസമാണ് ആത്മീയപരിവേഷമുള്ള എളുപ്പവിദ്യകൾ. അവരെക്കൊണ്ട് ഉടമ്പടിയുടെ വിഗ്രഹങ്ങളുടെ ഭാരങ്ങൾ ചുമപ്പിക്കരുത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ