Gentle Dew Drop

മാർച്ച് 26, 2019

ഹൃത്തില്ലാത്ത ഉടമ്പടികൾ

ഒരു ദേശം കീഴടക്കിയ ഭരണാധികാരിക്കു കീഴിൽ സമാധാനത്തോടെ ജീവിക്കാനുള്ള വ്യവസ്ഥകളുടെ സ്വീകാര്യത വെളിപ്പെടുത്തുന്നതാണ് ഉടമ്പടി. വാഗ്ദാനം, നിബന്ധന, പൂർത്തീകരണം എന്നിവയാണ് ഉടമ്പടിയുടെ അടിസ്ഥാന ഘടന. പ്രചാരത്തിലിരുന്ന ഇത്തരം കരാർ വ്യവസ്ഥകളുടെ രൂപഘടനയിൽത്തന്നെയാണ് മോശയുടെ നിയമത്തിനും ഉടമ്പടി രൂപം കൈവന്നത്. നിബന്ധനകൾ പാലിക്കപ്പെടുമ്പോൾ പൂർത്തീകരിക്കപ്പെടുന്ന വാഗ്ദാനങ്ങൾ; അതിലാണ് ഉടമ്പടിയിലെ വിശ്വസ്തത.

അസീറിയയുടെ ആക്രമണത്തിൽ ഇസ്രായേൽ ചിതറിക്കപ്പെട്ടപ്പോൾ അത് അവർക്കു നിയമപാലനത്തിൽ വന്ന തെറ്റുകൾ മൂലമാണെന്നും, നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ തങ്ങൾക്കും അതുതന്നെ സംഭവിക്കുമെന്നും യൂദയാ  വ്യാഖ്യാനിച്ചു. അതോടൊപ്പം തന്നെ, ദാവീദിനോടുള്ള ഉടമ്പടി ഒരിക്കലും മാറ്റപ്പെടാത്തതായതിനാൽ അഹിതമായതൊന്നും തങ്ങൾക്കു സംഭവിക്കില്ലെന്നും അവർ ധരിച്ചു വച്ചു. എന്നാൽ ബാബിലോണിലെ പ്രവാസകാലം സ്വന്തം അഹങ്കാരങ്ങളെ തച്ചുടക്കാൻ ജനത്തെ പ്രേരിപ്പിച്ചു.

ഉടമ്പടിയുടെ സ്വഭാവത്തെക്കുറിച്ചടക്കം, പുനർവിചിന്തനം ചെയ്യിക്കുന്നതാണ് ജെറെമിയ ദർശിച്ച പുതിയ ഉടമ്പടി.  ആചാരങ്ങളിലും നിയമങ്ങളിലും സ്വയം അടച്ചുകളഞ്ഞ മതസംവിധാനങ്ങൾക്കെതിരെ വലിയ വെല്ലുവിളിയായിരുന്നു പ്രവാചകർ. അറിയപ്പെടുന്ന പ്രവാചകർ മാത്രമല്ല പ്രവാചകദൗത്യം സ്വന്തം വിചിന്തനങ്ങളിൽ കൊണ്ടുവന്ന ചെറുസമൂഹങ്ങളും ഉയർന്നുവന്നു. അനുഗ്രഹം-ശിക്ഷ കോർത്തിണക്കിയ ശുഷ്കമായ നീതിബോധത്തെ ശക്തമായി ചോദ്യം ചെയ്യുന്നതാണ് ജോബിന്റെ പുസ്തകം. വിജാതീയരോടുള്ള സമീപനങ്ങൾക്ക് പൊളിച്ചെഴുത്ത് നിർദേശിക്കുന്ന ഗ്രന്ഥങ്ങളാണ് യോനാ,എസ്തേർ റൂത്ത് എന്നിവ. മൂന്നാം ഏശയ്യാ എന്നറിയപ്പെടുന്ന ഭാഗവും ശ്രദ്ധേയമാണ്. എന്നാൽ അതേ  സമയത്ത് എസ്രാ-നെഹെമിയ യുടെ സമീപനം തികച്ചും വ്യത്യസ്തമായിരുന്നു. പാരമ്പര്യങ്ങളുടെ അക്ഷരമൂല്യങ്ങളിലേക്കുള്ള തിരിച്ചു പോക്കാണ് ഉടമ്പടിയുടെ പാലനമായി അവർ അവതരിപ്പിച്ചത്.
കല്പന, നിയമം, ഉടമ്പടി എന്നിവയുടെ അർത്ഥതലങ്ങളും പ്രാധാന്യവും ബൈബിളിൽ എത്രമാത്രമാണെന്ന് ആഴത്തിൽ മനസിലാക്കേണ്ടതുണ്ട്. അവയെക്കുറിച്ചുള്ള അബദ്ധധാരണകൾ സൃഷ്ടിച്ച ജീർണതകളെക്കുറിച്ചും, അത്തരം സാഹചര്യങ്ങളിൽ അവക്ക് ലഭിച്ച വെല്ലുവിളികളിൽ നൽകപ്പെട്ട ഉത്ബോധനങ്ങളും ബൈബിളിൽത്തന്നെ കാണുവാൻ കഴിയും.

ഹൃദയത്തിൽനിന്നു പാലിക്കപ്പെടാനുള്ള കരുത്ത് പുതിയ ഉടമ്പടി നൽകുന്നുണ്ട്, കാരണം അത് വ്യവസ്ഥകളില്ലാതെ പരസ്പരം അറിയുന്നതിലുള്ള സ്നേഹബന്ധമാണ്. ചുരുളുകളിലും കല്പലകകളിലും അല്ല ഹൃദയത്തിലാണ് പുതിയ കല്പന.
ഈ ഹൃദയബന്ധം വളരുന്ന ബോധ്യവും ഉത്തരവാദിത്തവുമാണ്. ശ്രദ്ധയോടെ ഏറ്റെടുക്കേണ്ട നീതിബോധവും ഇതുതന്നെയാണ്. ഇന്ന് ആചാരരൂപങ്ങളും, നിയമങ്ങളും പാലിക്കപ്പെടുന്നെങ്കിൽ ഈ ബന്ധത്തെ മുൻനിർത്തിയാവണം. സ്നേഹത്തിൽ ക്രിസ്തുവിലുള്ള പൂർണ്ണതയാണ് വാഗ്ദാനം. ക്രിസ്തുവിൽ ആയിരിക്കുക എന്നതാണ് പുതിയനിയമ വ്യവസ്ഥ, അതുതന്നെയാണ് പൂർത്തീകരണവും. ചെയ്യേണ്ട പ്രവൃത്തി ഒന്ന് മാത്രമാണ്, സ്നേഹിക്കുക.

പുതിയനിയമപാലനത്തിന് പുതിയ മനഃസാക്ഷി വേണം, അത് നിയമങ്ങൾ കൊണ്ട് രൂപീകൃതമായതല്ല ക്രിസ്തുസ്വഭാവം കൊണ്ട് രൂപപ്പെടുന്നതാണ്. സ്വയം തിരുത്താൻ, നന്നാവാൻ ശ്രമിക്കുന്നല്ലോ എന്നതുകൊണ്ട് മാത്രം സുവിശേഷ യാത്ര ഉണ്ടാകുന്നില്ല. മാത്രമല്ല, ആ നന്നാവലിലെ ഉദ്ദേശ്യം പുണ്യങ്ങളോടുള്ള താല്പര്യമോ, ക്രിസ്തുവിലേക്കുള്ള വളർച്ചയോ ആവാതെ, കാര്യലാഭം മാത്രമാകുമ്പോൾ അതിൽ സ്നേഹത്തിന്റെ ഉടമ്പടിക്കു പകരം ദൈവത്തെ എങ്ങനെ ഉപയോഗിക്കാം എന്നതാണ് പ്രധാനം. ആ കാര്യലബ്ധിക്കു വേണ്ടി ഏറ്റെടുക്കുന്നവ മാത്രമാണ് ആ നന്നാവലൊക്കെയും.

നിയമപാലനം നൽകുന്ന ചുരുങ്ങിയ സംതൃപ്തിയിൽ നീതിബോധം ചുരുക്കിനിർത്തുമ്പോഴാണ് സ്നേഹമെന്ന വിളി അവഗണിക്കപ്പെട്ടു പോകുന്നത്. മാന്ത്രികതുല്യമായ ഭക്തക്രിയകൾക്ക് ഇടം ലഭിക്കുന്നതും അവിടെയാണ്. അനുഗ്രഹങ്ങൾ പ്രാപിക്കണമെങ്കിൽ നിയമം പാലിക്കേണ്ടിയിരിക്കുന്നു, ദുരിതങ്ങളുടെ കാരണം നിയമലംഘനമാണ് തുടങ്ങിയ ബാലിശമായ നീതിസാരത്തിനും അപ്പുറം വളരാൻ ഇനിയും ആവാത്തത് എന്തുകൊണ്ടാണ്? പാലിക്കപ്പെടേണ്ട നിയമങ്ങൾക്കുമപ്പുറം വളർന്നെത്തേണ്ട സ്വഭാവഗുണങ്ങളെക്കുറിച്ച് എന്ന് നമ്മൾ ധ്യാനിച്ചു തുടങ്ങും? പോലീസ് പിടിക്കുമെന്നു വെച്ച് മര്യാദക്കാരനാകുന്നതും, സ്വന്തം വ്യക്തിത്വത്തിന്റെ ഭാഗമായി അച്ചടക്കം ഉണ്ടാകുന്നതും ഗുണത്തിൽ വ്യത്യസ്തമാണല്ലോ. ഈ അടുത്ത കാലത്ത് വളച്ചൊടിക്കപ്പെടുന്ന വചനാർത്ഥവും, തെറ്റിദ്ധരിക്കപ്പെട്ട ഉടമ്പടികളും കാലത്തിന്റെ ചുവരെഴുത്തുകളാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ