Gentle Dew Drop

ഏപ്രിൽ 20, 2019

പുലർകാലേ ഒരു പുനർജ്ജനി

സ്വയം വരുത്തിവച്ച നിരവധി മരണങ്ങൾ... നിർജ്ജീവമായ അത്തരം അവസ്ഥകൾക്ക്  ഒരു പുനർജ്ജനി നൽകുവാൻ ഉത്ഥാനത്തിന്റെ ശക്തി നമുക്ക് കരുത്ത് നൽകട്ടെ.

പക്ഷികളുടെ പാട്ടുകേട്ടാവാം നമ്മൾ ചൂളമടിച്ചു പഠിച്ചത്.
മഴയിലെ രോമാഞ്ചവും, പുഴയിലെ കുളിർമയും, കർക്കിടകത്തിന്റെ ഭീകരതയും ഉള്ളിൽ നൽകിയത് ആത്മീയ ഭാവങ്ങൾ കൂടിയാണ്.
ഇന്ന് മലകൾ നിരത്തപ്പെടുന്നുണ്ട്, മാലിന്യക്കൂമ്പാരങ്ങൾ വളരുന്നുമുണ്ട്. ഇനിയും നിലനിൽക്കുന്ന പച്ചപ്പുകൾ ആസ്വാദക വസ്തുക്കളാവുകയാണ്. പ്രകൃതിയെ കാര്യമായെടുക്കാത്ത ഒരു ആത്മീയതക്കും ആത്മാവില്ല. ശരീരം-ആസക്തി-പാപം, പിശാച്-വിഗ്രഹം-പ്രമാണം, മോചനദ്രവ്യം-വീണ്ടെടുപ്പ്, പാരമ്പര്യം-ഭക്തി-ആചാരം തുടങ്ങിയ ചുരുക്കം സങ്കല്പങ്ങൾക്കപ്പുറം വളരാൻ നമ്മുടെ ആത്മീയതകൾ നമ്മെ അനുവദിക്കാത്തതെന്താണ്? പ്രകൃതിയുടെ തരളിതമായ ഭാവം അറിയാതെ ഒരു സന്മാർഗപാഠാവലിക്കും ജീവന്റെ സംസ്കാരം കെട്ടിയുയർത്താനാവില്ല.

മാംസരൂപമായ വചനത്തിലൂടെത്തന്നെയാണ്   സകലതും സൃഷ്ടിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും അതാതിന്റെ പൂർണതയിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നത്. മനുഷ്യന്റെ അവബോധത്തിൽ ഉത്തരവാദിത്തപൂർണ്ണമായ പ്രതികരണങ്ങൾ ഉണ്ടാവുക വചനസാരമാണ്. ഉത്ഥാനം നമ്മുടെ അവബോധങ്ങളിൽ പുതുജീവൻ നൽകണം. ക്രിസ്തുവിന്റെ ജനനസമയത്തും, മാമോദീസായിലും, പരസ്യജീവിതകാലത്തും മരണത്തിലും ഉത്ഥാനത്തിലും പ്രകൃതി വെറും പശ്ചാത്തലം മാത്രമല്ല, ക്രിയാത്മകമായി ഇടപെടുന്നുമുണ്ട്. നമ്മിൽ ഓരോരുത്തരിലും വെളിപ്പെടുന്ന വചനജ്ഞാനം വികസിക്കുകയും പൂർണതയിലേക്ക് വളരുകയും ചെയ്യുന്നത്,  അതേ വചനം രൂപം നൽകിയ സൃഷ്ടിയുമായുള്ള നിരന്തര ഇടപെടലുകളിലൂടെയാണ്. പരസ്പരം വളർത്തുന്ന ഉയിർപ്പു തന്നെയാണത്. പുതിയ തലമുറ ജീവന്റെ സംസ്കാരത്തിൽ ജീവിക്കണമെങ്കിൽ ജീവനുള്ള പ്രകൃതിയുമായി സംവദിക്കാനുള്ള അന്തരീക്ഷം അവർക്കു ലഭിക്കണം. വിടരുന്ന പൂവിലുള്ള അമ്പരപ്പ്,അതിലെ സുഗന്ധത്തിന്റെ ഹൃദ്യത അതാണ് ആത്മീയതയുടെ ആദ്യപാഠങ്ങൾ. വേദനിപ്പിക്കാതെ പൂവിനെ തഴുകാനുള്ള സൗമ്യതയാണ് ഉയിർപ്പിന്റെ ആന്തരിക ശക്തി.

പുലർകാലേ ഉത്ഥിതനെ കാണാനൊരുങ്ങുമ്പോൾ, പുതുജീവനിലേക്കു വളരാൻ കൊതിക്കുന്ന നമ്മുടെ ആത്മാർത്ഥമായ തേങ്ങലുകൾ നമുക്കുള്ളിൽ വിങ്ങലുണ്ടാക്കട്ടെ, നമ്മുടെ യാഥാർത്ഥ്യബോധങ്ങളിലും, മൂല്യങ്ങളിലും ആന്തരികസംസ്കാരങ്ങളിലും.
വരണ്ടുപോയ തെളിനീരിനു പുനർജനി നൽകുവാൻ നമുക്കാവുമോ?
ജീവനുള്ള പ്രകൃതിയിൽ മൂല്യമുണ്ടെന്നു കണ്ടറിയാനാകുമോ?
ആസ്വദിക്കാനായി ഭക്ഷിക്കുന്നതിനു പകരം ജീവിക്കാനായി ഭക്ഷിച്ചു തുടങ്ങാനാവുമോ?
ഉത്ഥാനത്തിന്റെ ശക്തി ജീവിക്കുന്ന ഒരു ആന്തരിക സംസ്കാരമായി വളരണം. അത്  പ്രവർത്തിക്കുന്നതും ആന്തരികമായാണ്, ബോധ്യങ്ങളായും ആത്മാർത്ഥമായ പ്രതിബദ്ധതയായും. ഈ ഉണർവ് പതിയെ കൂട്ടുത്തരവാദിത്തമായും സംസ്കാരമായും വളരുമ്പോൾ ജീവന്റെ സമൃദ്ധി നമ്മൾ കണ്ടുതുടങ്ങും. പുനരുത്ഥാനത്തിന്റെ ആനന്ദം. പൂക്കളും കിളികളും, മൃഗങ്ങളും മനുഷ്യരും പുഴകളും കാടുകളും വീണ്ടും ജനിക്കട്ടെ. 

നിശബ്ദനിമിഷങ്ങൾ

സകലത്തെയും സൃഷ്ടിച്ച ജ്ഞാനം ഇന്ന് നിശബ്ദമാണ്.

ഇല്ലായ്മയിലേക്ക് വളർന്ന് വളർന്ന് പുതുജീവനായി രൂപാന്തരപ്പെടുമ്പോഴൊക്കെ ഈ നിശബ്ദത ഒരു ആന്തരിക ബലമാണ്.

ഗോതമ്പുമണി പതിയെ അഴുകി ഇല്ലാതാകുന്നു. നിശബ്ദമായി, പുതുജീവന്റെ സമൃദ്ധി അതിലുണ്ട്.

എരിയുന്ന കെടാവിളക്കുകളും നിശബ്ദമാണ്, ജ്വലിക്കുന്ന തീപ്പന്തങ്ങൾ അല്പനേരത്തേക്കുള്ളതാണ്.
ആശയോടെ കണ്ണുതുറക്കുന്ന കുഞ്ഞിന് വേണ്ടത് കുഞ്ഞു വിളക്കാണ്, പന്തങ്ങളല്ല.
നിശബ്ദത ചാലിച്ച താരാട്ടുപാട്ടാണ്‌ ഹൃദയത്തിനു കാമ്യം, ആർപ്പുവിളികളല്ല.

പുതുജീവനിലേക്ക് ധന്യമായ ഏതാനം നിശബ്ദനിമിഷങ്ങൾ.

ഏപ്രിൽ 18, 2019

ബലിയിലെ ജീവൻ

കുരിശിലെ ബലിയില്ലാതെ, വാഴ്ത്തപ്പെട്ട അപ്പവും വീഞ്ഞും അർത്ഥവും മൂല്യവും ഇല്ലാത്തതാണ്. ജീവദായകമായ ത്യാഗവും കരുതലുമില്ലാത്ത പൗരോഹിത്യവും ശൂന്യമാണ്.

ശരീരം കൈകളിലുയർത്തി വാഴ്ത്തി നൽകപ്പെടുന്ന ബലിവേദികൾ നമ്മുടെ ജീവിതങ്ങളിലുണ്ട്. നല്കപ്പെടുന്നതിൽ പോരായ്മകളുണ്ടെങ്കിലും എത്ര ആത്മാർത്ഥതയോടെ നമുക്ക് സ്വയം നൽകാൻ കഴിയുമെന്നതാണ് പ്രധാനം. പാദം കഴുകുന്നതിലെ താഴ്മയുടെ ആഴം അവിടെയാണ് തിരിച്ചറിയപ്പെടുന്നത്. ആ കരുതലും ത്യാഗവുമാണ് അനുദിനബലികൾക്ക് ജീവൻ നൽകുന്നത്.

അത്തരം ബലികളില്ലെങ്കിൽ ദേവാലയങ്ങളിലെ ബലികൾക്കും ജീവനുണ്ടാവില്ല, അർപ്പിതനും അർപ്പണത്തിനും.

തകർന്ന ശരീരത്തിനും, ഒഴുകിയിറങ്ങിയ രക്തത്തിനും ജീവദായകമായ ശക്തിനൽകിയത് ക്രിസ്തുവിലുണ്ടായിരുന്ന സ്നേഹമാണ്.

ഏപ്രിൽ 15, 2019

ഒന്നാം സ്ഥലം: കൃതജ്ഞതയുടെ ഹൃദയം

കുരിശിന്റെ വഴിയുടെ ഒന്നാം സ്ഥലം  ക്രിസ്തു മരണത്തിനു വിധിക്കപ്പെടുന്നതല്ല. ക്രിസ്തുവിനുണ്ടായിരുന്ന കൃതജ്ഞതാമനോഭാവത്തിലാണ് കുരിശിന്റെ വഴി തുടങ്ങുന്നത്. കൃതജ്ഞതയില്ലാതെ നമുക്ക് ത്യാഗങ്ങൾ ചെയ്യാനോ ബലിയാകുവാനോ കഴിയില്ല. അവനോടു നമ്മൾ ചെയ്ത അതിക്രമങ്ങളെക്കുറിച്ചോർത്ത് വീണ്ടുമൊരിക്കൽക്കൂടി നമ്മളെത്തന്നെ കുറ്റപ്പെടുത്താൻ അവൻ ആഗ്രഹിക്കുന്നുമില്ല. ക്രിസ്തു നടന്ന വഴിയിലൂടെ നടന്നു പോകാൻ ഒരു ആത്മാർത്ഥ പ്രയത്നം, അതാണ് കുരിശിന്റെ വഴി.

ഒന്നാം സ്ഥാനം - ആ കൃതജ്ഞതാമനോഭാവത്തിൽ രണ്ടു തലങ്ങളുണ്ട്. 

ഒന്ന്: ജീവിതത്തെക്കുറിച്ചും സഹിക്കേണ്ട വേദനകളെക്കുറിച്ചുപോലുമുള്ള ധന്യത. തന്റെ അർപ്പണം സ്വീകാര്യമാണെന്നും, പിതാവിന്റെ ഇഷ്ടം കയ്പേറിയതാണെങ്കിലും അതു താൻ സ്വീകരിക്കുന്നെന്നും ഉള്ള ഭാവം. 

രണ്ട്: ഈ കൃതജ്ഞതാബലി മനസിലാക്കുന്നതും ജീവിക്കുന്നതും ആരാണ്? ക്രിസ്തു കണ്ടത് കുറെ സാധാരണക്കാരെയാണ്! കൊച്ചു സന്തോഷങ്ങളിലും കുഞ്ഞുപരിഭവങ്ങളിലും ദൈവത്തെ കൂടെ നിർത്തുന്നവർ.  വേദനകളും കഷ്ടപ്പാടുകളും ജീവിതത്തിന്റെ ഭാഗമാണെന്നും, അവിടെയും ദൈവം കൂടെയുണ്ടെന്നും  വിശ്വസിക്കാൻ ധൈര്യം കാണിക്കുന്നവർ.  ജ്ഞാനികളിൽ നിന്നും, അമിതഭക്തി കാണിക്കുന്നവരിൽ നിന്നും അവ  മറയ്ക്കപ്പെട്ടിരിക്കുന്നു. അവർക്ക് ഈ ഒന്നാം സ്ഥലം കടക്കാനാവില്ല, പിന്നെ എങ്ങനെ അവർ കുരിശിന്റെ വഴിയേ പോകും?

ഏപ്രിൽ 14, 2019

കുരിശുകളിലെ കതിരും പതിരും


നമ്മുടെ കുരിശുകളെ, അവയുടെ ഭാരത്തോടും വേദനകളോടും അപമാനത്തോടും പരാതികളോടും കൂടെ ക്രിസ്തുവിനു കാണിച്ചു കൊടുക്കാം. സ്നേഹിക്കുവാനും സഹിക്കുവാനും മനസിലാക്കുവാനുമുള്ള ബുദ്ധിമുട്ടുകൾ, ഏകാന്തതയും വേദനയും ബലഹീനതകളും, എന്നാൽ അവയിലൊക്കെയും ദൈവാശ്രയബോധത്തോടെയുള്ള ആത്മാർത്ഥപ്രയത്നം - അതാണ് യഥാർത്ഥ കുരിശ്. ഒത്തിരി സ്നേഹത്തോടെ അതിൽ ജീവനർപ്പിക്കാൻ ക്രിസ്തു തയ്യാറാകും, നമ്മുടെ ജീവിതങ്ങൾക്ക് പുതുജീവൻ നൽകുകയും ചെയ്യും.

ഞാൻ ക്രിസ്തുവിനു വേണ്ടി എന്തൊക്കെ സഹിക്കുന്നു, ചെയ്യുന്നു എന്നൊക്കെ പറഞ്ഞുകൊണ്ട് നമ്മൾ ഉണ്ടാക്കുന്ന കൃത്രിമകുരിശുകളിൽ ജീവൻ അർപ്പിക്കാൻ അവൻ വരില്ല. ക്രിസ്തുവിന്റെ സ്നേഹത്തിനു വേണ്ടി അതുമിതും ചെയ്യണമെന്ന് പറയുന്ന കൃത്രിമകുരിശുവില്പനക്കാരെ നമ്മൾ തിരിച്ചറിയണം. നമ്മുടെ യഥാർത്ഥ കുരിശുകൾ മനസ്സിലാക്കാനോ അവയെ ക്രിസ്തുവിന്റെ മുമ്പിലേക്ക് കൊണ്ടുവരുവാനോ സഹായിക്കാൻ അവർ ഉത്സുകരല്ല.

ആധുനികകാലത്തെ നാണയമാറ്റക്കാരാണവർ.

ഏപ്രിൽ 12, 2019

അന്നാണ് ക്രിസ്തു ജീവനില്ലാതെയായത്

ജീവിക്കപ്പെടേണ്ടവനാണ് ക്രിസ്തു,
എന്നാൽ,ആദ്യം നമ്മൾ അവനെ കുരിശിലേറ്റി,
പിന്നെ അവനെ ഒരു വിഗ്രഹമാക്കി.
അന്നാണ് ക്രിസ്തു ജീവനില്ലാതെയായത്.
വിഗ്രഹങ്ങൾ ഉയിർക്കാറില്ല,
വിഗ്രഹമാക്കപ്പെട്ട ക്രിസ്തുവിൽ നിന്നും
പുനരുത്ഥാനത്തിന്റെ ശക്തി പ്രതീക്ഷിക്കരുത്.

ജീവിക്കുന്നവനോട് ജീവിക്കുന്നവരായിത്തന്നെ ബന്ധം വേണം,
വിഗ്രഹത്തിന് മുമ്പിൽ നമ്മുടെ സത്യങ്ങളുമായി ജീവിക്കേണ്ടതില്ല,
അതിനു സംപ്രീതമെന്ന് ആരോ പറയുന്ന കാര്യങ്ങൾ നാട്യരൂപത്തിൽ ആടിത്തീർത്താൽ മതി.

നമ്മൾ ആടുകയാണ്, ആർക്കോ വേണ്ടി,
അതിൽ ദൈവം സന്തോഷിക്കുന്നെന്ന് അവർ നമ്മളോട് പറയുന്നു.

ദൈവം കരയുകയാണ്:
ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ലല്ലോ!

ഏപ്രിൽ 11, 2019

സ്വാർത്ഥസ്വർഗം

എല്ലാവർക്കും സ്വർഗ്ഗീയവസ്ഥ പ്രാപ്തമാകുന്നത് വരെ തനിക്കു സ്വർഗ്ഗം വേണ്ടെന്നു പറയുന്ന ആത്മീയരുണ്ടാകുമോ?

ചുറ്റുമുള്ളവയൊക്കെ, ചുറ്റുമുള്ളവരൊക്കെ ഇല്ലാതെ താനില്ല എന്ന് ബോധ്യമാവുന്നെങ്കിലെ സ്വർഗ്ഗവും അത്രത്തോളം വളരൂ. സ്വയം സുരക്ഷ ആഗ്രഹിക്കുന്ന ഇടുങ്ങിയ സ്വർഗ്ഗങ്ങളാണ് നമ്മുടേത്. പലപ്പോഴും സാങ്കല്പികമായ അരക്ഷിതാവസ്ഥകൾ. നമുക്ക് വേണ്ടി സുരക്ഷാ ഒരുക്കുന്ന ഇടപെടൽ നമ്മൾ സങ്കല്പിക്കുമ്പോൾ 'ശത്രു'ക്കളെക്കൂടി കൂടെ നിർത്താനുള്ള പരിപാലനയുടെ മാർഗം ദൈവത്തിനുണ്ടാകും. ശത്രുക്കൾക്കുവേണ്ടി പ്രാർത്ഥിക്കുവാൻ പറഞ്ഞതിൽ, വിസ്തൃതമായ ഒരു സമൂഹത്തിലേക്കുള്ള വളർച്ചയെക്കുറിച്ചുള്ള ധ്വനിയുണ്ട്. തന്റെ ജനത്തെ മാത്രം സ്നേഹിക്കുകയും സംരക്ഷിക്കുകയും വിജയത്തിലെത്തിക്കുകയും ചെയ്യുന്ന ദൈവമെന്നത് അന്നത്തെ ഇസ്രായേൽ ജനത്തിന്റെ ഇടുങ്ങിയ ഹൃദയത്തിന്റെ ധാരണ. എന്നാൽ നിന്ദിക്കുന്നവനോടും, ഒറ്റപ്പെടുത്തുന്നവനോടും സ്വീകാര്യത കാണിക്കുന്ന മനസ്സായിരുന്നു യേശുവിനുണ്ടായിരുന്നത്.

ഏപ്രിൽ 07, 2019

ദൈവഹൃദയം: സാന്ത്വനം

പരിഭവത്തിലും  ക്ഷോഭത്തിലും
വേദനകൾ മറഞ്ഞിരുന്ന് കരയുന്നുണ്ട്.

മക്കളുടെ വേദന മാതാപിതാക്കൾക്കും വേദനയാണ്
സ്നേഹിതരുടെ ദുഃഖം നമുക്കും ആശങ്കയാണ്.
വേദനകളെ അറിയുക, കണ്ണീരിനു വില നൽകുക
അവിടെയാണ് സ്വന്തം എന്ന ബോധം.

അത്തരം മിഴിനീരിനെ ചുംബനമായി ഒപ്പിയെടുക്കാൻ
നമ്മുടെ ബന്ധങ്ങൾക്ക്‌ കഴിഞ്ഞെങ്കിൽ.
സ്നേഹം, ദയ, കരുണ, സഹതാപം,
സാന്ത്വനം, ആശ്വാസം, മൃദുലത, അലിവ്
ഒക്കെയും ആ ചുംബനത്തിന്റെ ഭിന്ന ഭാവങ്ങൾ.

ഉള്ളിന്റെ നീറ്റലുകൾ കരുതപ്പെടുന്ന ഇടമാണ് ദൈവഹൃദയം.
മക്കളും സ്നേഹിതരുമായി സ്വയം കാണാനാവണം എന്ന് മാത്രം.