Gentle Dew Drop

ഓഗസ്റ്റ് 31, 2019

വെളിപ്പെടാത്ത ദൈവരാജ്യരഹസ്യം

ഓരോരുത്തരിലും നിക്ഷേപിക്കപ്പെട്ടിരിക്കുന്ന ദൈവരാജ്യരഹസ്യം എങ്ങനെയെങ്കിലും മറയ്ക്കപ്പെട്ടുപോയിട്ടുണ്ടെങ്കിൽ അത് കാടുമൂടിപ്പോകുവാനും നിന്നിരുന്ന സ്ഥലം പോലും അജ്ഞാതമാകുവാനും അതു മതി. പൊട്ടിമുളക്കുവാനും, ഒളിച്ചിരിക്കാതെ, ഒളിച്ചുവെക്കാതെ വെളിപ്പെടുവാനും വേണ്ട ഒരു പരിസ്ഥിതിയും അതിനു വേണം. അതിന്റെ അഭാവം എത്രയോ ദൈവരാജ്യസാധ്യതകളെ ഇല്ലാതാക്കിയിട്ടുണ്ടാവാം.

നീതിയും സമാധാനവും ആനന്ദവും -- മറച്ചുവയ്ക്കുകയും കുഴിച്ചിടപ്പെടുകയും ചെയ്യുന്ന ആന്തരിക രഹസ്യം.

അവിടെ മാനസാന്തരവും പശ്ചാത്താപവും ആവശ്യമായിരിക്കുന്നത് കുഴിച്ചിടുന്ന ഭീരുവിനു മാത്രമല്ല, അയാളിലെ ദൈവരാജ്യരഹസ്യത്തെ ഞെരുക്കിക്കളയുന്ന, മരവിപ്പിക്കുന്ന, എരിയിച്ചു കളയുന്ന സംവിധാനങ്ങൾക്കുകൂടിയാണ്.  

ഓഗസ്റ്റ് 30, 2019

ആനന്ദതൈലം

സുവിശേഷത്തിലെ മണ്ടികൾ  മണ്ടരായതു കൊണ്ടല്ല എണ്ണ വാങ്ങാൻ പോകേണ്ടി വന്നത്. എണ്ണ വാങ്ങിക്കാൻ പലയിടങ്ങളിൽ ഓടി നടക്കുക എന്നത് അവർക്ക്  ഒരു ശീലമായി മാറിയിരുന്നു.

കരുതിയിരുന്നവർ വചനം ഹൃദയത്തിൽ ഉൾകൊണ്ടവരാണ്. അത്‌ ജീവന്റെ നീർച്ചാലായി ആവർക്കുള്ളിൽ ഒഴുകിത്തുടങ്ങിയിട്ടുണ്ട്. കാത്തിരിക്കാനുള്ള പ്രത്യാശ അവർക്കുണ്ട്. പല കച്ചവടകേന്ദ്രങ്ങളിൽ തിരഞ്ഞു നടക്കേണ്ട വ്യഗ്രത അവർക്കില്ല. എളിമകളിൽ അവർ ദൈവ കീർത്തനം കേൾക്കുന്നു. നീതിയെ സ്നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്യുന്നു, അതുകൊണ്ട് ആനന്ദത്തിന്റെ തൈലം അവർക്കുള്ളിലുണ്ട്. 

ആനന്ദത്തിന്റെ തൈലം, ഉള്ളിൽ നിറയുന്ന പ്രത്യാശ -- വചനത്തിന്റെ മാംസരൂപീകരണത്തിൽ ക്രിസ്തുശിഷ്യരിൽ ആർദ്രത നൽകേണ്ട അരുവികളാണവ. 

ഓഗസ്റ്റ് 28, 2019

മുഖകാന്തി

ആത്മാർത്ഥമായി ആത്മപരിശോധന ചെയ്യാൻ പക്വതയുടെ ഒരു അളവ് അനിവാര്യമാണ്. അപക്വതയിൽ അരക്ഷിതാവസ്‌ഥതക്ക് ഇടം ഏറെയാണ്. സ്വന്തം മുഖം നോക്കണമെങ്കിലും നമുക്ക് ധൈര്യം വേണമല്ലോ, അഴുക്കുണ്ടെങ്കിൽ കഴുകിക്കളയാൻ തികഞ്ഞ ആത്മാർത്ഥതയും. 
എങ്കിലും എളുപ്പമുള്ള മാർഗമാണ് മുഖംമൂടി. പുറത്തെടുത്തുവച്ച് അലങ്കാരങ്ങൾ നല്കാമെന്നതാണ് അതിന്റെ മേന്മ. യഥാർത്ഥമുഖകാന്തി ഉള്ളിൽനിന്ന് വരണം.

ഓഗസ്റ്റ് 23, 2019

ഒന്നാം ദിവസം അവനെ ഉയിർപ്പിക്കാം

യേശു തന്റെ ശിഷ്യരെ അടുത്ത് വിളിച്ച് ഇപ്രകാരം പറഞ്ഞു: ".... ഞാൻ വധിക്കപ്പെടും എന്നാൽ മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കും." ഇപ്പോഴേ ഞാൻ ഇത് നിങ്ങളോടു പറഞ്ഞത് ഒന്നാം ദിവസവും, രണ്ടാം ദിവസവും നിങ്ങൾ എന്നെ ഉയിർപ്പിക്കാൻ ശ്രമിക്കരുത് എന്ന് പറയാനാണ്.

ഉയിർപ്പിന്റെ ദിവസത്തിന് വേണ്ടി കാത്തിരിക്കാൻ മനുഷ്യപുത്രനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കുന്ന ആന്തരികശക്തി നിങ്ങളിലും പ്രവർത്തിക്കേണ്ടത് ആവശ്യമാണ്.

നിങ്ങൾ ലോകത്തിലെങ്ങും പോയി ജീവിതസാക്ഷ്യങ്ങളിൽ ഞാൻ അറിയിച്ച സുവിശേഷം ജീവിക്കുവിൻ. അവരും എന്റെ ശരീരത്തിന്റെ ഭാഗമാകും, ആ പ്രവൃത്തി എന്റേതാണ്.

ദൈവരാജ്യ നിർമാണവും സംരക്ഷണവും ദൈവത്തിന്റെ പ്രവൃത്തിയാണ്.

________________ 
വലിയൊരു കല്ലുരുട്ടി വച്ചതിനു ശേഷം അവർ മടങ്ങിപ്പോയി.

അത്താഴം കഴിഞ്ഞ് എല്ലാ ഗ്രൂപ്പുകളിലേക്കും അവർ മെസ്സേജ് അയച്ചു.
പാതിരാ കഴിഞ്ഞപ്പോൾ കാഹളവും ആർപ്പുവിളികളുമായി അവർ വന്നു. പീലാത്തോസിനേയും കയ്യപ്പാസിനെയും തീർച്ചയായും കൂടെക്കൂട്ടണം. കല്ലറക്കു ചുറ്റും ആഞ്ഞു ചവിട്ടി പല തവണ പ്രദക്ഷിണം വച്ചു. കല്ലറ ഇളകി, വഞ്ചികൾ ഉലഞ്ഞു, തളിർത്ത കടുകുമണിച്ചെടി ഒടിഞ്ഞു വീണു, വയലിലെ ലില്ലികൾ കത്തിയമർന്നു. അങ്ങനെ അവർ ക്രിസ്തുവിനെ ഉയിർപ്പിച്ചു. ജീവൻ കുറഞ്ഞപ്പോഴൊക്കെ വീണ്ടും കൂട്ടം കൂടിയും കാഹളമൂതിയും അവർ ഉണർവ് നൽകി.

കൂട്ടത്തിനിടയിലൂടെ നടുവിലേക്ക് വന്ന് ക്രിസ്തു ചോദിച്ചു, മത്തായി, പത്രോസ്, തോമാ നിങ്ങൾ ഉയിർപ്പിക്കുന്നത് ഏതു ക്രിസ്തുവിനെയാണ്? "എന്നിൽ വസിക്കുന്നെങ്കിൽ നിങ്ങൾ ജീവിക്കും." അവർ അവനെ കല്ലറയിലടച്ചു. പീലാത്തോസ് സാനിറ്റൈസർ കൈയിലെടുത്തു പറഞ്ഞു: "എനിക്ക് പങ്കില്ല." കയ്യപ്പാസും പറഞ്ഞു: "നിങ്ങളുടെ കാര്യം നിങ്ങൾ തന്നെ നോക്കിക്കൊള്ളുക."

അവർ പറഞ്ഞു: "ഈ ഭാരം ഞങ്ങളുടെ തലമുറകൾ വഹിച്ചുകൊള്ളും."

ഓഗസ്റ്റ് 22, 2019

ഈ കഥകളെ നീ അപ്പമാക്കുക

പ്രതിരോധം അതിജീവനത്തിനുള്ള കരുത്ത് നല്കുന്നില്ലെങ്കിൽ അത് സ്വയം തളർത്തുന്ന പ്രക്രിയയാണ്.
ചിലരുടെയെങ്കിലും ജീവിതലക്ഷ്യം തന്നെ പിശാചുപ്രതിരോധം ആയി മാറിയിട്ടുണ്ട്. എവിടെ നോക്കിയാലും അവർക്ക് കാണാനാവുന്നത് പിശാചിന്റെ സാന്നിധ്യമാണ്, പിശാചിന്റെ പ്രവൃത്തികളും. പ്രതിരോധം എന്നതാണ് ഉദ്ദേശ്യം എങ്കിലും, പിശാച് സംബന്ധമായ കാര്യങ്ങളാണ് ഏറ്റവും താല്പര്യം അർഹിക്കുന്നതായി അവർക്കു കാണപ്പെടുന്നത്. ഒന്നാം സ്ഥാനം നൽകപ്പെടുന്നത് ഈ പ്രതിരോധത്തിനാണ് എന്നർത്ഥം.
ദൈവകൃപയാൽ ശക്തിപ്പെടുന്ന വ്യക്തികളും സമൂഹങ്ങളുമാണ് നമുക്കാവശ്യം. അതിനു വേണ്ടിയുള്ള പ്രയത്നങ്ങളാണ് ആത്മാർത്ഥതയോടെ വിഭാവനം ചെയ്യുകയും പ്രാവർത്തികമാക്കുകയും ചെയ്യേണ്ടത്. നമ്മുടെ തന്നെ ഉൾബോധ്യങ്ങളിലും വിശ്വാസസങ്കല്പങ്ങളിലും വന്നിട്ടുള്ള തകരാറുകൾ മൂല്യങ്ങളെയും തിരിച്ചറിവുകളെയും പ്രവൃത്തികളെയും അനാരോഗ്യപരമായി സ്വാധീനിക്കുന്നത് നമുക്ക് കണ്ടെത്തിയേ തീരൂ. അത്തരം അവസ്ഥകളിൽ ദൈവജീവൻ വന്നു നിറയാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുകയെന്നതും ഇന്ന് ഒരു വിശ്വാസിസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.
നേതൃത്വം സമൂഹത്തെ കഥകൾ കൊണ്ട് തൃപ്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെങ്കിൽ, അതിജീവനത്തിനാവശ്യമായ യഥാർത്ഥ ആഹാരം കണ്ടെത്തേണ്ടത് സമൂഹത്തിന്റെ തന്നെ ആവശ്യമാണ്. 

ഓഗസ്റ്റ് 20, 2019

Anti-gospel

ആവശ്യമെങ്കിൽ വെറുപ്പും, പ്രതികാരവും, പകയുമെല്ലാം പവിത്രമായ പുണ്യങ്ങളാക്കാം. സൗകര്യപൂർവം മാറ്റിയെഴുതാവുന്ന സിദ്ധാന്തങ്ങളായി വിശ്വാസം മാറുമ്പോൾ പുതിയ സുവിശേഷങ്ങളുണ്ടാകും. അപരൻ തനിക്കു ശാപവും ശത്രുവുമാകുമ്പോൾ അത്തരം സുവിശേഷം സ്വന്തം വിശുദ്ധമുഖം ശോഭയിൽ നിലനിർത്താൻ ആവശ്യമാണ്. ക്രിസ്തുവിന്റെ മനോഭാവമില്ലാത്ത ഒരു ആദര്ശത്തിലും സുവിശേഷ മൂല്യമില്ല. 

മനുഷ്യരായി ഒരുമിച്ചു നടക്കാൻ തടസ്സമുണ്ടാക്കുന്ന വ്യവസ്ഥിതികളെയാണ് anti-gospel എന്ന് വിളിക്കേണ്ടത്.  സുവിശേഷം സകല മനുഷ്യർക്കും വേണ്ടിയുള്ള സന്തോഷത്തിന്റെ വാർത്തയാണ്. അത് സ്വയം കുറ്റപ്പെടുത്താനും അപമാനിക്കുവാനുമുള്ള ഭീതിയുടെ വാർത്തയാവരുത്. മനുഷ്യത്വരഹിതമായ സമീപനങ്ങളെയും ചൂഷിതമനോഭാവങ്ങളെയുമാണ് തിന്മയെന്നു വിളിക്കേണ്ടത്. പാപമെന്നും അശുദ്ധിയെന്നുമൊക്കെ വിളിക്കപ്പെടുന്ന മറ്റെല്ലാം സാംസ്കാരികമായ അന്തരങ്ങളാണ്. ഒരു സമൂഹം സ്വയം പാലിച്ചുപോരുന്ന ജീവിതശൈലികളാണ് അവർക്ക് വിശുദ്ധചര്യകൾ. 'അവരുടെ' ജീവിതരീതികൾ വ്യത്യസ്തമാണെങ്കിൽ അത് തിന്മയുമാണ്.

ജന്മിത്ത സംവിധാനത്തിലെ കാലഹരണപ്പെട്ട സമ്പ്രദായങ്ങൾ, സമൂഹത്തിലെ മാറ്റങ്ങൾക്കനുസരിച്ച് ചോദ്യം ചെയ്യപ്പെടുകയോ അവഗണിക്കപ്പെട്ടു പോവുകയോ ചെയ്തിട്ടുണ്ട്. മതപാരമ്പര്യങ്ങളുടെ പുറംമോടി ഉപയോഗിച്ചുകൊണ്ട് നിലനിർത്തുവാൻ ശ്രമിക്കപ്പെടുന്നത് ജന്മിപ്രാമാണ്യത്തിന്റെ ചില ആഢ്യതകളാണ്. നിലനിർത്തപ്പെടണമെന്ന് ശഠിക്കപ്പെടുന്ന ഏതാനം മേൽക്കോയ്മാ മനോഭാവങ്ങളെയും അവ സാധ്യമാക്കുന്ന സമ്പ്രദായങ്ങളെയുമാണ് പാരമ്പര്യങ്ങളായി താലോലിച്ചുപോരുന്നത്. 

സ്വയം ഉയർത്തി നിർത്തുന്ന വ്യത്യസ്തതകളുടെ ആഢ്യതകളിൽ തികഞ്ഞ ഗർവ്വും അഹങ്കാരവുമുണ്ട്. അത്തരം നിലനില്പുകൾ സ്വന്തം നിലനില്പുകളാകുമ്പോൾ രൂപപ്പെടുന്ന പാരമ്പര്യങ്ങൾ ആർക്കുവേണ്ടിയാണ്? നന്മയിൽ ഒരുമിച്ചു നടക്കുന്നത് അസാധ്യമാക്കുന്നതാണ് സ്വാർത്ഥമായ ഇത്തരം അടയാളങ്ങൾ. അവയെ മതമെന്നും വിശ്വാസങ്ങളെന്നും വിളിക്കുന്നവർ ക്രിസ്തു എന്ന വ്യക്തിയെക്കുറിച്ച് പുനർചിന്തനം ചെയ്യേണ്ടത് അനിവാര്യമാണ്.

ഓഗസ്റ്റ് 15, 2019

ക്രിസ്തീയ പ്രത്യാശ

സ്വകാര്യമായ ഒരു ഭക്തിലോകത്തിരുന്നുകൊണ്ട് ക്രിസ്തീയപ്രത്യാശ പരിശീലിക്കുവാനാകില്ല. ദേവാലയത്തിനുള്ളിൽ പൂജ അർപ്പിച്ചു കൊണ്ടല്ല ക്രിസ്തു രക്ഷ സാധ്യമാക്കിയത്. പൊതുജനത്തിന് മുമ്പിൽ പ്രവാചകരായ ആരാധ്യപുരുഷരൊക്കെയും ഇത്തരം സ്വകാര്യലോകങ്ങൾ സൃഷ്ടിക്കുവാനാണ് പരോക്ഷമായി പ്രോത്സാഹനം നൽകുന്നത്. അങ്ങനെ യഥാർത്ഥത്തിലുള്ള സംഘർഷങ്ങളെ നിഷേധിക്കുകയും അവഗണിച്ചു കളയുകയും, എന്നാൽ ഭക്തിയെന്നു അവർ വിളിക്കാൻ പഠിച്ച പുകമറക്കുള്ളിൽ ആയിരിക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നവരാണ് ഇന്ന് വിശ്വാസി സമൂഹം ഏറെയും.

മതാനുഷ്‌ഠാനങ്ങളിലും ഭക്തനിഷ്ഠകളിലും താത്പരരായിരിക്കുകയും എന്നാൽ ആത്മീയവും വൈകാരികവും സാമൂഹികവുമായ സംഘർഷങ്ങൾക്കിടയിൽ പകച്ചു പോവുകയും ചെയ്യുന്ന സ്ഥിതിവിശേഷം ആശങ്കാജനകമാണ്. ആദർശവും ആചരണവുമായി ചുരുങ്ങുന്നതിനു പകരം ആന്തരികചൈതന്യമായി ക്രിസ്തു ഉണ്ടാവണം. പൂജിക്കപ്പെടുന്ന ക്രിസ്തുവും സ്നേഹിക്കപ്പെടുകയും ജീവിക്കപ്പെടുകയും ചെയ്യുന്ന ക്രിസ്തുവും തമ്മിലുള്ള അന്തരമാണത്. സംഘർഷങ്ങളെ നേരായവിധം ഗ്രഹിക്കുവാനും സംവദിക്കുവാനും നമുക്ക് കഴിയണം. എളുപ്പം ലഭിക്കാവുന്ന പ്രതീകാത്മകമായ ആത്മീയസങ്കല്പങ്ങൾ ഇത്തരം തിരിച്ചറിവുകൾക്ക് ഇടം നൽകുന്നില്ല. വൈരുദ്ധ്യങ്ങളും വെല്ലുവിളികളും നിഷേധിക്കപ്പെടുവാനും അവഗണിക്കപ്പെടുവാനും ഉള്ളവയല്ല. ക്രിസ്താനുകരണത്തിൽ ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കേണ്ട കുരിശുകളാണവ. അവിടെയേ നമുക്ക് പ്രത്യാശ കണ്ടെത്തുവാനാകൂ, പ്രത്യാശ കാണിച്ചു കൊടുക്കുവാനാകൂ.

പൊള്ളയായ ഭക്തി യാഥാർത്ഥ്യങ്ങളെ നിഷേധിക്കുന്നു, യഥാർത്ഥ ഭക്തി നേരിനെ തിരിച്ചറിയുകയും മനോഭാവങ്ങളിലും പ്രതിക്രിയകളിലും വേണ്ട മാറ്റം വരുത്താനുതകും വിധം ആചാരങ്ങളെ രൂപീകരിക്കുകയും ചെയ്യും. യഥാർത്ഥ ഭക്തി ആ മാറ്റങ്ങളിൽ ഭയപ്പെടുന്നില്ല. ദൈവപ്രീതി ആഗ്രഹിക്കുന്നതിനേക്കാൾ, വ്യക്തിയിലും സമൂഹത്തിലും ക്രിസ്തു രൂപീകരണം സാധ്യമാകുന്നുണ്ടോ എന്നതാണ് ധ്യാനിക്കേണ്ട വസ്തുത. ചെയ്യപ്പേടേണ്ട ഭക്തക്രിയകൾക്കിടയിൽ പലരും അവരുടെ നിസ്സഹായതകളിൽ രൂപപ്പെടുത്തുന്നത് വ്യഗ്രതയാണ്. ഫലം ക്രിസ്തു സാന്നിധ്യത്തിന്റെ അഭാവവും. ഉൾപ്രേരകങ്ങളായി വർത്തിച്ചുകൊണ്ട് ഓരോരുത്തരിലും ക്രിസ്തുരൂപമെടുക്കേണ്ടതാണ് ഓരോ വചനസാരവും. പകരം, വചനത്തെ ആവർത്തിക്കപ്പെടേണ്ട മന്ത്രവാക്യങ്ങളായി ഉപയോഗിക്കുമ്പോൾ അവയിലെ യഥാർത്ഥ ക്രിസ്തുസാന്നിധ്യത്തെ ശുഷ്കമാക്കുകയാണ് ചെയ്യുന്നത്.

ഭക്തിയുടെ നിറവുള്ള ലോകം നിർമ്മിച്ചെടുക്കാൻ എളുപ്പമാണ്, ആന്തരികത അവിടെ കാര്യമാകുന്നില്ല. എന്നാൽ ഭക്തിയുള്ള ഹൃദയത്തിന് കപടതകൾ അവതരിപ്പിക്കാനാവില്ല. കുരിശുകളുണ്ടെങ്കിലും അവിടെ പ്രത്യാശയുണ്ട്, കാരണം ഹൃദയം ക്രിസ്തുവിനെ കണ്ടു കഴിഞ്ഞു. ഭക്തി ആ ബന്ധത്തിന്റെ പ്രത്യാശയുടെ പ്രതിഫലനമാകണം.