Gentle Dew Drop

ഓഗസ്റ്റ് 15, 2019

ക്രിസ്തീയ പ്രത്യാശ

സ്വകാര്യമായ ഒരു ഭക്തിലോകത്തിരുന്നുകൊണ്ട് ക്രിസ്തീയപ്രത്യാശ പരിശീലിക്കുവാനാകില്ല. ദേവാലയത്തിനുള്ളിൽ പൂജ അർപ്പിച്ചു കൊണ്ടല്ല ക്രിസ്തു രക്ഷ സാധ്യമാക്കിയത്. പൊതുജനത്തിന് മുമ്പിൽ പ്രവാചകരായ ആരാധ്യപുരുഷരൊക്കെയും ഇത്തരം സ്വകാര്യലോകങ്ങൾ സൃഷ്ടിക്കുവാനാണ് പരോക്ഷമായി പ്രോത്സാഹനം നൽകുന്നത്. അങ്ങനെ യഥാർത്ഥത്തിലുള്ള സംഘർഷങ്ങളെ നിഷേധിക്കുകയും അവഗണിച്ചു കളയുകയും, എന്നാൽ ഭക്തിയെന്നു അവർ വിളിക്കാൻ പഠിച്ച പുകമറക്കുള്ളിൽ ആയിരിക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നവരാണ് ഇന്ന് വിശ്വാസി സമൂഹം ഏറെയും.

മതാനുഷ്‌ഠാനങ്ങളിലും ഭക്തനിഷ്ഠകളിലും താത്പരരായിരിക്കുകയും എന്നാൽ ആത്മീയവും വൈകാരികവും സാമൂഹികവുമായ സംഘർഷങ്ങൾക്കിടയിൽ പകച്ചു പോവുകയും ചെയ്യുന്ന സ്ഥിതിവിശേഷം ആശങ്കാജനകമാണ്. ആദർശവും ആചരണവുമായി ചുരുങ്ങുന്നതിനു പകരം ആന്തരികചൈതന്യമായി ക്രിസ്തു ഉണ്ടാവണം. പൂജിക്കപ്പെടുന്ന ക്രിസ്തുവും സ്നേഹിക്കപ്പെടുകയും ജീവിക്കപ്പെടുകയും ചെയ്യുന്ന ക്രിസ്തുവും തമ്മിലുള്ള അന്തരമാണത്. സംഘർഷങ്ങളെ നേരായവിധം ഗ്രഹിക്കുവാനും സംവദിക്കുവാനും നമുക്ക് കഴിയണം. എളുപ്പം ലഭിക്കാവുന്ന പ്രതീകാത്മകമായ ആത്മീയസങ്കല്പങ്ങൾ ഇത്തരം തിരിച്ചറിവുകൾക്ക് ഇടം നൽകുന്നില്ല. വൈരുദ്ധ്യങ്ങളും വെല്ലുവിളികളും നിഷേധിക്കപ്പെടുവാനും അവഗണിക്കപ്പെടുവാനും ഉള്ളവയല്ല. ക്രിസ്താനുകരണത്തിൽ ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കേണ്ട കുരിശുകളാണവ. അവിടെയേ നമുക്ക് പ്രത്യാശ കണ്ടെത്തുവാനാകൂ, പ്രത്യാശ കാണിച്ചു കൊടുക്കുവാനാകൂ.

പൊള്ളയായ ഭക്തി യാഥാർത്ഥ്യങ്ങളെ നിഷേധിക്കുന്നു, യഥാർത്ഥ ഭക്തി നേരിനെ തിരിച്ചറിയുകയും മനോഭാവങ്ങളിലും പ്രതിക്രിയകളിലും വേണ്ട മാറ്റം വരുത്താനുതകും വിധം ആചാരങ്ങളെ രൂപീകരിക്കുകയും ചെയ്യും. യഥാർത്ഥ ഭക്തി ആ മാറ്റങ്ങളിൽ ഭയപ്പെടുന്നില്ല. ദൈവപ്രീതി ആഗ്രഹിക്കുന്നതിനേക്കാൾ, വ്യക്തിയിലും സമൂഹത്തിലും ക്രിസ്തു രൂപീകരണം സാധ്യമാകുന്നുണ്ടോ എന്നതാണ് ധ്യാനിക്കേണ്ട വസ്തുത. ചെയ്യപ്പേടേണ്ട ഭക്തക്രിയകൾക്കിടയിൽ പലരും അവരുടെ നിസ്സഹായതകളിൽ രൂപപ്പെടുത്തുന്നത് വ്യഗ്രതയാണ്. ഫലം ക്രിസ്തു സാന്നിധ്യത്തിന്റെ അഭാവവും. ഉൾപ്രേരകങ്ങളായി വർത്തിച്ചുകൊണ്ട് ഓരോരുത്തരിലും ക്രിസ്തുരൂപമെടുക്കേണ്ടതാണ് ഓരോ വചനസാരവും. പകരം, വചനത്തെ ആവർത്തിക്കപ്പെടേണ്ട മന്ത്രവാക്യങ്ങളായി ഉപയോഗിക്കുമ്പോൾ അവയിലെ യഥാർത്ഥ ക്രിസ്തുസാന്നിധ്യത്തെ ശുഷ്കമാക്കുകയാണ് ചെയ്യുന്നത്.

ഭക്തിയുടെ നിറവുള്ള ലോകം നിർമ്മിച്ചെടുക്കാൻ എളുപ്പമാണ്, ആന്തരികത അവിടെ കാര്യമാകുന്നില്ല. എന്നാൽ ഭക്തിയുള്ള ഹൃദയത്തിന് കപടതകൾ അവതരിപ്പിക്കാനാവില്ല. കുരിശുകളുണ്ടെങ്കിലും അവിടെ പ്രത്യാശയുണ്ട്, കാരണം ഹൃദയം ക്രിസ്തുവിനെ കണ്ടു കഴിഞ്ഞു. ഭക്തി ആ ബന്ധത്തിന്റെ പ്രത്യാശയുടെ പ്രതിഫലനമാകണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ