Gentle Dew Drop

ഒക്‌ടോബർ 31, 2020

എനിക്ക് ജീവിതം ക്രിസ്തു

ജീവിതം വഴിയോ മരണം വഴിയോ ദൈവം നമ്മുടെ ശരീരങ്ങളിൽ മഹത്വപ്പെടുന്നു. 'പിടിച്ചുകെട്ടാനാവാത്ത അധമവാസനകളെ' കല്ലെറിയുന്നതുകൊണ്ടോ, അവയെ തളർത്താനായി 'പാപം നിറഞ്ഞ' ശരീരത്തെ പീഢിപ്പിച്ചതുകൊണ്ടോ ദൈവം മഹത്വപ്പെടുന്നില്ല. നമ്മിൽ നിന്ന് പുറപ്പെടാവുന്ന ജീവന്റെയും നന്മകളുടെയും അരുവികളെ ഒഴുകാൻ അനുവദിക്കുക എന്നതാണ് വേണ്ടത്. നമ്മിലെ അഴുക്കുകളെപ്പോലും അത് കഴുകിക്കളഞ്ഞുകൊള്ളും. തിന്മയെ നന്മകൊണ്ട് കീഴ്‌പ്പെടുത്തുക എന്ന് പറയുന്നതിന് വ്യക്തിപരമായുള്ള അർത്ഥവും ഇതുതന്നെയാണ്. ജീവിതം നൽകുന്ന ഉത്തരവാദിത്തങ്ങളും, സമൂഹനന്മക്കുവേണ്ടി ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങളും അടക്കം ആവശ്യപ്പെടുന്ന അധ്വാനങ്ങളിലെല്ലാം കാണിക്കുന്ന ആത്മാർത്ഥതയിൽ ദൈവം മഹത്വപ്പെടുന്നുണ്ട്; തളരുന്ന, വിയർക്കുന്ന, കിതക്കുന്ന, രോഗം ബാധിക്കുന്ന, വേദനിക്കുന്ന അതേ ശരീരത്തിൽതന്നെ. ഫലദായകമായ പ്രവൃയിലൂടെയോ മനോഭാവങ്ങളിലൂടെയോ നമ്മുടെ ശരീരങ്ങളിൽ ദൈവം മഹത്വപ്പെടുന്നു. ബോധപൂർവമായ പ്രവൃത്തി ചെയ്യാൻ കഴിയാത്ത ഒരു വ്യക്തി പോലും ഇത്തരത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നു എന്നു നമുക്ക് കാണാം. ജീവൻ പകരാനുള്ള ഓരോ ഉദ്യമത്തിലും മരണം ഉൾപ്പെടുന്നു എന്ന് നമുക്ക് കാണാം. ആ ത്യാഗങ്ങളിലെല്ലാം സകലത്തെയും സൃഷ്ടിച്ചു പരിപാലിക്കുന്ന ഈശ്വരചൈതന്യം തിരിച്ചറിയുമ്പോഴാണ് ജീവിതത്തിന്റെ നിർവൃതി.

'എനിക്ക് ജീവിതം ക്രിസ്തു' എന്ന് പറയുമ്പോൾ, 'എന്റെ ഹൃദയത്തിന്റെ രാജകുമാരൻ' എന്ന രീതിയിൽ ഒരു കാല്പനിക അഭിനിവേശമോ ആവേശത്തിരത്തള്ളലോ ആയി അതിനെ ചുരുക്കാനാവില്ല. ഈശ്വരബന്ധം ഒരു വികാരാവേശമാക്കിമാറ്റാൻ ക്രിസ്തു ആഗ്രഹിക്കുന്നുമില്ല. 'എനിക്ക് ജീവിതം ക്രിസ്തു' എന്നതിലെ യാഥാർത്ഥ്യം 'ഇനിമേൽ ഞാനല്ല ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്' എന്ന ജീവിതസത്ത ഉള്ളിൽ തെളിയുമ്പോഴാണ്. എന്നുവെച്ചാൽ, മനോഭാവവും സമീപനങ്ങളും പ്രതികരണങ്ങളും ഇനി മേൽ ക്രിസ്തുവിന്റേതായിരിക്കും എന്നർത്ഥം. ഭക്തിയിലും നിലപാടുകളിലും, പ്രതികരണത്തിലും മനോഭാവത്തിലും ക്രിസ്തു കാണപ്പെടുന്നു എന്നതുതന്നെയാണ് അത് ഉയർത്തുന്ന വെല്ലുവിളിയും. അതിന് എത്രമാത്രം സ്വന്തം (അധികാരങ്ങളും, പ്രതികരണ ശൈലികളും, കാഴ്ചപ്പാടുകളും മുൻവിധികളും, പദ്ധതികളും) പരിത്യജിക്കേണ്ടി വരുമെന്നത് ഊഹിക്കാവുന്നതേയുള്ളു. അവയൊക്കെയും ത്യാഗമാണ്, മരണമാണ്, ബലിയാണ്. അവയോരോന്നും ജീവന്റെയും നന്മയുടെയും അരുവികൾ തുറക്കുന്ന വഴിയുമാണ്. അപ്പോഴേ എനിക്ക് ജീവിതം ക്രിസ്തു എന്നത് അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ ജീവിക്കാനാകൂ. എങ്കിലേ ക്രിസ്തുചൈതന്യം ജീവിതങ്ങളായി ജനതകൾ സ്വീകരിക്കൂ.അല്ലായെങ്കിൽ 'ക്രിസ്തു' എന്നത് ക്രിസ്തുചൈതന്യത്തിനെതിരായ വലിയ വിലങ്ങുതടി തന്നെയായി നില്കും. കാരണം, അപ്പോളെല്ലാം ക്രിസ്തുവല്ല, ഞാൻ തന്നെയാണ് ജീവിക്കുന്നത്. ജീവന്റെ അരുവികൾ ഒഴുകിത്തുടങ്ങുമ്പോൾത്തന്നെ, അത് ക്രിസ്ത്വാനുഭവവും, ക്രിസ്തുരൂപീകരണവും, ക്രിസ്തു സാക്ഷ്യവുമാകും. അതാണ് എന്നിലെ പുതുമനുഷ്യൻ.

ക്രിസ്തുവെന്നാൽ ജീവിക്കുന്ന വചനമാണെന്നും, സകലത്തിന്റെയും ആരംഭവും പൂർണ്ണതയുമായ ജ്ഞാനമാണെന്നും നാമത്തിലേക്കു ചേർന്ന് നിൽക്കുമ്പോൾ ജീവാത്മാവിന്റെ അഭിഷേകമാണെന്നും ധ്യാനിക്കുകയെന്നതാണ് ആദ്യം വേണ്ടത്.

ഫിലി 1: 20, 21 ഗലാ 2: 20

ഒക്‌ടോബർ 26, 2020

മണ്ണിലലിയേണ്ട ദൈവവും മനുഷ്യനും

തിന്മയെന്നു പഴിചാരി അകറ്റിക്കളഞ്ഞ പ്രകൃതിനന്മകളിൽ മനുഷ്യൻ ഉപേക്ഷിച്ചുകളഞ്ഞ ജീവാത്മാവുണ്ട്. സ്വന്തമാക്കണമെന്ന ആന്തരികത്വരയെ, സ്വന്തമാക്കാതെതന്നെ പങ്കുവയ്ക്കാമെന്ന ജ്ഞാനബോധം കൊണ്ട് തിരുത്തുവാൻ സൃഷ്ടിയിൽ നിന്നും ഓടിയകലണമെന്ന വികലമായ 'ആത്മീയ' ചിന്ത സഹായിക്കുമായിരുന്നില്ല. മണ്ണിലേക്ക് മടങ്ങി സ്വയം കണ്ടെത്തേണ്ടത് മനുഷ്യൻ മാത്രമല്ല, മതങ്ങളുടെ ദൈവങ്ങൾ കൂടി മണ്ണിന്റെ ഉദരത്തിലൂടെ മനുഷ്യഹൃദയത്തിൽ വീണ്ടും ജനിക്കണം. 

രാഷ്ട്രീയമായും, അധികാരമായും, വിലപേശലായും, പരിഹാസമായും, ചിലപ്പോൾ തമാശയായും മാറുന്ന മതങ്ങൾ ജീവൻ പകരാൻ ത്രാണിയുള്ള ആന്തരികബോധമായി വീണ്ടും മുളപൊട്ടി വളരണമെങ്കിൽ നന്മകളുടെ മണ്ണിൽ അവ വീണഴുകിയേ മതിയാകൂ. ആത്മീയതയുടെ ആന്തരികസൗന്ദര്യം കൃതജ്ഞതയിലാണ്. അത് പിറക്കുന്നത് സുലഭമായി നൽകപ്പെടുന്ന ജീവന്റെ അനുഭവത്തിലും. ജലവും കായും കനിയും തേനും പാലും എല്ലാം നല്കപ്പെട്ടവയാണ്. ആ സമൃദ്ധിയെ കൈപ്പിടിയിലാക്കി വിതരണം നിയന്ത്രിച്ചു തുടങ്ങിയപ്പോളാണ് വാഴുന്നവരുണ്ടായത്; കൂടെ, വാഴുന്ന ദൈവങ്ങളും. ആ ദൈവങ്ങൾ സൗജന്യമായി ജീവൻ പകരില്ല, അവയോട് കൃതജ്ഞത തോന്നേണ്ടതുമില്ല. അവയെ വാഴിക്കുന്നവർ വാഴാൻ കൊതിയുള്ളവരാണ്.
ജീവനിലേക്കു പ്രവേശിക്കേണ്ടതിന് വാഴുന്ന നമ്മളും ദൈവങ്ങളും മണ്ണിലലിയണം. 

തോട്ടങ്ങളുടെ കവാടങ്ങൾ കാക്കുന്ന ഘോരസർപ്പങ്ങൾ, പ്രകൃതിയുടെ രഹസ്യങ്ങളിലേക്കു പ്രവേശിച്ചാൽ തങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് ഭയക്കുന്ന മനുഷ്യന്റെ വൈകാരിക പ്രതിഫലനമാണ്.

ഒക്‌ടോബർ 20, 2020

വൈറസിനെ പുക വെച്ച് മറ‌ക്കുന്നവർ

ഇല്ല എന്ന പ്രഖ്യാപനത്തോടെയോ അവകാശവാദത്തോടെയോ പരിഹരിക്കാവുന്നതായിരുന്നു കോവിഡ് എങ്കിൽ എത്ര ആശ്വാസമാകുമായിരുന്നു. അങ്ങനെയല്ല കാര്യങ്ങൾ എന്നും അതീവജാഗ്രത ആവശ്യമാണെന്നും സാമാന്യബോധം കൊണ്ട് മാത്രം മനസിലാക്കാവുന്നതാണ്.എന്നാൽ, രാഷ്ട്രീയ-സാമ്പത്തിക ലാഭത്തിനായി ജനത്തെ തെറ്റിദ്ധരിപ്പിക്കുകയും കാര്യങ്ങളെ ലഘൂകരിക്കുകയും ചെയ്യുന്ന ലോകനേതാക്കൾ കൊടുംക്രൂരതയാണ് തങ്ങളുടെ ജനത്തോട് ചെയ്യുന്നത്. Easing, Unlock തുടങ്ങിയ പ്രക്രിയകളിൽ വന്നുപോയ നിരുത്തരവാദിത്തപരമായ നിയന്ത്രണമാര്ഗങ്ങൾ ചുരുങ്ങിയ നാളുകൾ കൊണ്ടുണ്ടാക്കിയ അപകടകരമായ സാഹചര്യം കണ്ടുതുടങ്ങിയിട്ടുണ്ട്. 

Unlock പ്രക്രിയയിലേക്കെത്താൻ ആളുകൾ വേണ്ടവിധം ഒരുക്കപ്പെട്ടിരുന്നോ, സാമൂഹിക-സാമ്പത്തികമായ സാഹചര്യങ്ങളിലെ അത്യാവശ്യങ്ങളെ നേരിടുകയും എന്നാൽ അതിനപ്പുറമുള്ളവയെ അപ്രധാനമായി മാറ്റിനിർത്താൻ കഴിയുമായിരുന്നോ, ലാഘവമനോഭാവത്തിന്റെയും അജ്ഞതയിൽനിന്നുള്ള വ്യാഖ്യാനങ്ങളുടെയും easy tip വൈദ്യങ്ങളുടെയും അപകടങ്ങളെ തിരുത്തുവാനുള്ള ആർജ്ജവം വേണ്ട സംവിധാനങ്ങൾക്കുണ്ടായിരുന്നോ തുടങ്ങിയ ചോദ്യങ്ങൾ ഇനിയും വിലയുള്ളതാണ്. “The virus remains public enemy number one, but the actions of many governments and people do not reflect this.... Mixed messages from leaders are undermining the most critical ingredient of any response: trust." എന്നാണ് ലോകാരോഗ്യസംഘടന പറഞ്ഞുവയ്ക്കുന്നത്. 

ടാൻസാനിയ പ്രസിഡന്റ് John Magufuli യുടെ പ്രഖ്യാപനവും അതിനെ ഏറ്റെടുത്ത നമ്മളിൽ ചിലരും മേല്പറഞ്ഞ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിലെ ഉപകരണങ്ങളാണ്. അദ്ദേഹത്തിന്റെ ഭരണത്തിൽ സാമ്പത്തികരംഗത്തു സ്വീകരിച്ചിട്ടുള്ള പല നയങ്ങളും ശ്‌ളാഘനീയമാണ്. എന്നാൽ മാധ്യമ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും അമർച്ചചെയ്യുന്ന അധികാര ദുർവിനിയോഗത്തിന് ടാൻസാനിയ ബിഷപ്‌സ് കോൺഫറൻസ് പോലും അദ്ദേഹത്തെ വിമർശിച്ചിട്ടുണ്ട്. 

കോവിഡിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ നിലപാടുകൾ ജനത്തിന്റെ ആശങ്കകളും ഭീതിയും അകറ്റുക എന്നതായിരുന്നുവെങ്കിൽ അത് പിന്നീട് കൂടുതൽ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന മാര്ഗങ്ങളിലൂടെയാവരുതായിരുന്നു. കോവിഡ് ബാധിതരുടെ സംഖ്യ കൂടിവന്ന സമയത്ത് അദ്ദേഹം ലാബുകളെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. കൂദാശകളെക്കുറിച്ചുള്ള യഥാർത്ഥ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നില്ല പ്രാർത്ഥനക്കായുള്ള അദ്ദേഹത്തിന്റെ ആഹ്വാനം. ആരോഗ്യപരമായി വേണ്ടിയിരുന്ന കരുതലുകളും ദൈവത്തിൽ അർപ്പിക്കുന്ന വിശ്വാസത്തിന്റെ ഭാഗമാണെന്ന് ജനത്തെ ബോധ്യപ്പെടുത്തേണ്ടത് അദ്ദേഹം ഉയർത്തിപ്പിടിച്ച ധാര്മികബോധത്തിനെ ഭാഗമാകേണ്ടതായിരുന്നു. മനുഷ്യാവകാശ പ്രവർത്തകയായ Fatma Karume മെയ് 20 നു പറഞ്ഞത് ഇങ്ങനെ authorities are discouraging people from going to hospitals to avoid overwhelming them, but they are not giving adequate guidance about the virus. “When you are disempowering a whole nation by withholding information and creating doubt on how they should respond to the crisis, the outcome can be disastrous.” രാജ്യം കോവിഡ് മുക്തമാണെന്ന് (on June 18) പ്രഖ്യാപനത്തിനു ശേഷം അവിടെ നിന്നുള്ള എല്ലാ വിവരങ്ങളും നിലച്ചു. അധികാര ധാർഷ്ട്യവും കോവിഡ് പ്രതിരോധവും സംഘർഷത്തിലാവുന്ന പരിതഃസ്ഥിതിയാണ് ആശങ്കയുണ്ടാക്കേണ്ടത്. 

ഫ്രാൻസിസ് മാർപാപ്പ നൽകിയിരുന്ന സന്ദേശങ്ങളിൽ പാലിക്കപ്പെടാവുന്ന ഒരു വിശ്വാസമാതൃക ഉണ്ടായിരുന്നു. അതിൽ പോരായ്മ തോന്നിയ ഏതാനം പേർ അതിതീവ്രഭക്തി പ്രചാരകരായി മാറുകയും ചെയ്തിരുന്നു (അതിതീവ്രഭക്തി എപ്പോഴും ആളെക്കൊല്ലിയാണ്).

മതം ഒരു രാഷ്ട്രീയ ഉപകരണം ആയിമാറുമ്പോൾ, പ്രത്യേകിച്ച് ഇത്തരം സാഹചര്യങ്ങളിൽ, അത് ഭക്തിക്കും വിശ്വാസത്തിനുമപ്പുറം മനുഷ്യക്കുരുതിയാണ്. അത്തരത്തിൽ അർപ്പിക്കപ്പെടുന്ന വിശ്വാസത്തിൽ പ്രീതിപ്പെടുന്നത് ദൈവത്തെക്കാൾ വലിയ ഏതോ ദൈവസങ്കല്പമാണ്. ആ മാതൃകകളെ ഉദാത്തവത്കരിക്കുന്നവരും മരണത്തിനു പൂജ ചെയ്യുന്നവരാണ്.

ഒക്‌ടോബർ 06, 2020

ജപമാല

നമ്മുടെ ജീവിതരഹസ്യങ്ങൾ തന്നെയാണ് ക്രിസ്തു ജീവിച്ചത്. അർത്ഥം തിരിച്ചറിയാനാവാത്ത നമ്മുടെ ജീവിത രഹസ്യങ്ങൾക്കു വ്യക്തത നൽകപ്പെടുന്നത് ക്രിസ്തുവിന്റെ ജീവിതത്തിലൂടെയാണ്. ഇവ രണ്ടും ഇഴചേർത്തുകൊണ്ടാണ് ജപമാല രഹസ്യങ്ങൾ പ്രാർത്ഥനയാവുന്നത്. ജപമാലയിൽ സുവിശേഷം നമ്മുടെ ജീവിതങ്ങളിലേക്ക് വരികയും, നമ്മുടെ ജീവിതം സുവിശേഷത്തിലെ അധ്യായങ്ങളാകാൻ രഹസ്യങ്ങൾ വെളിപ്പെടുകയും ചെയ്യും.

ജപമാല ഒരു ജീവിതക്രമമാണ്. നമ്മുടെ മാംസരക്തങ്ങളിൽ, കണ്ണുനീരിൽ, വിയർപ്പിൽ ഒത്തുചേരുന്ന ദൈവകൃപയുടെ ജീവഭാവം. ദൈവജീവൻ പ്രകടമാക്കപ്പെടുന്ന നമ്മുടെ ജീവിതനിമിഷങ്ങളും ധ്യാനിക്കേണ്ട രഹസ്യങ്ങളാകും. അതിലെ ഓരോ രഹസ്യവും ഒരു ജീവിതാനുഭവമാണ്; ഒരു സന്ദർശനവും കണ്ടുമുട്ടലുമാണ്. ആ ജീവനിലൂടെ നടന്ന പരിശുദ്ധ അമ്മ നമുക്കായി പ്രാർത്ഥിക്കട്ടെ.

യുദ്ധം, ആയുധം തുടങ്ങി ജപമാലയെക്കുറിച്ച് രൂപകാത്മകമായി ഉപയോഗിക്കപ്പെട്ടിരുന്ന വാക്കുകൾ വിട്ട് അതിന്റെ ജീവദായകഭാവത്തിലേക്ക് കടക്കുവാനുള്ള സമയമായിരിക്കുന്നു.

ഫ്രാൻസ്സിസ്


സൂര്യൻ സഹോദരനും ചന്ദ്രക്കല സഹോദരിയുമായി അസ്സീസിയിലെ ഫ്രാൻസിസ് കണ്ടത് ഒരു കാല്പനിക സങ്കൽപമല്ല. വലിയ ഉത്തരവാദിത്തമേൽക്കേണ്ട ഒരു സഹോദരബന്ധമാണത്. ആ ഭ്രാന്തിലാണ് ഇന്ന് 'യഹൂദർക്ക് ഇടർച്ചയും ഗ്രീക്കുകാർക്കു ഭോഷത്തവു'മായ സുവിശേഷത്തിന്റെ ജ്ഞാനം. മനുഷ്യസാഹോദര്യത്തിനു മാത്രമല്ല ഭൂമിയുടെ മാതൃഭാവത്തിനു പോലും ഇത് മാത്രമാണ് പ്രത്യാശ.
ക്രിസ്‌തുവിനേക്കാൾ വിശുദ്ധിയണിയുന്നവർക്ക് ഫ്രാൻസ്സിസ് ഇടർച്ചയാണ്, സാമ്പത്തിക രാഷ്ട്രീയനയങ്ങൾ സ്വന്തം നിയന്ത്രണത്തിലാക്കി ഭൂമിയെത്തന്നെ വിഴുങ്ങാൻ ശ്രമിക്കുന്നവർക്ക് ഫ്രാൻസ്സിസ് ഭോഷനുമാണ്.