Gentle Dew Drop

ഓഗസ്റ്റ് 27, 2023

മാവേലി വരും

മാവേലി വരും എന്ന് പറയുന്നത് പോലെ കുറച്ചു വർഷങ്ങളായി ഒരു ക്രിസ്ത്യാനി പ്രതീക്ഷിക്കുന്ന ഒന്നാണ് സദ്യയിൽ കല്ലിടുന്ന കുറെ തീവ്ര ക്രിസ്ത്യാനികൾ. ക്രിസ്ത്യാനി നിർബന്ധമായും ഓണമുണ്ണണം എന്നില്ല. ആഘോഷിക്കാനുള്ള സാഹചര്യമോ സാമ്പത്തിക സ്ഥിതിയോ ഇല്ലെങ്കിൽ പലർക്കും ഓണമില്ലായിരിക്കും. എന്നാൽ, ഒരു ക്രിസ്ത്യാനിയെയും ഓണമൂട്ടില്ല എന്ന് വ്രതമെടുത്ത് തീവ്രക്രിസ്ത്യാനികൾ ഓരോ വർഷവും ഓണക്കാലത്ത് നാടുകാണാൻ എത്താറുണ്ട്. കേരളവുമായി ഒരു ബന്ധവുമില്ലാത്ത ചരിത്രവും ഭക്തിയും പാരമ്പര്യങ്ങളുമാണ് അവർ വാദങ്ങളായി ഉയർത്തുന്നത്. 

ഏതൊരു സാധാരണ (സാധാരണ എന്ന് വെച്ചാൽ സാധാരണ മനുഷ്യരോടു കൂടി ചിരിച്ചും സഹകരിച്ചും ജീവിക്കാൻ ആഗ്രഹിക്കുന്നവർ) ക്രിസ്ത്യാനിയും വർഷങ്ങളായി ഓണമാഘോഷിച്ചത് വിശ്വാസത്തോട് ബന്ധപ്പെടുത്തിയല്ല. ഏതെങ്കിലും വിശ്വാസത്തെ കൂട്ടിച്ചേർക്കാനോ, സ്വന്തം വിശ്വാസത്തിൽ എന്തെങ്കിലും അയവു വരുത്താനോ ഓണം കാരണമായിട്ടില്ല. ഓണക്കളികളും മത്സരങ്ങളും ഒത്തുചേരലുകളും കൂടിക്കാഴ്ചകളും സാമൂഹികമായ ബന്ധങ്ങളുടെ ആഘോഷമായിരുന്നു. 

വിശ്വാസത്തിലേക്ക് സ്വയം പറിച്ചകറ്റുന്ന മനോഭാവങ്ങളെ കൊണ്ടുവന്നത് നവീകരണമെന്നു അവകാശപ്പെട്ട തീവ്രമതക്കാരാണ്. ബൈബിളിനെ എടുത്തുയർത്തുമ്പോളും, ഇവാൻജെലിക്കൽ അസഹിഷ്ണുതയും വംശീയ വെറുപ്പും 'വിശുദ്ധ ക്രിസ്തീയതയായി' കേരളത്തിലേക്ക് കൊണ്ടു വന്നു പാകി. പ്രസാദം പാപമായി, ദേവന്മാർ പിശാചുക്കളായി, ആഘോഷങ്ങളും, സഹവർത്തിത പ്രവൃത്തികളും നിഷിദ്ധമായി. ഇന്ത്യയുടെ പല ഭാഗങ്ങളിലും വാമനജയന്തി ആഘോഷിക്കാറുണ്ട്. മഹാബലിയെ ആദരിക്കുന്ന സ്ഥലങ്ങളുമുണ്ട്. ഏതു ക്രിസ്തീയ ഭവനത്തിലാണ്  വാമനാവതാരം പൂജിക്കപ്പെടുകയോ തൃക്കാക്കരയപ്പനായി പൂക്കളമിടുകയോ ചെയ്തത്. ഹിന്ദു സഹോദരീ സഹോദരർ അവരുടെ വിശ്വാസമനുസരിച്ചു ചെയ്യുന്നത് അതേ അർത്ഥത്തിലല്ലല്ലോ ക്രിസ്തീയർ ചെയ്തു കൊണ്ടിരുന്നത്. 

ഇതര സംസ്കാരങ്ങളെ പൈശാചികവൽക്കരിക്കുന്ന ഇവാൻജെലിക്കൽ ശൈലി മറ്റു പാരമ്പര്യങ്ങളുമായി അവർക്ക്‌ കഴിയാത്ത സഹിഷ്ണുതയുടെയും വെള്ള മേല്കോയ്മയുടെയും ഫലമാണ്. ആഫ്രക്കയുടെയും ഏഷ്യയുടെയും വിശ്വാസങ്ങളും പാരമ്പര്യങ്ങളും അവർക്കു തീർത്തും ദൈവവിരുദ്ധമാണ്. ദൈവം എല്ലാവരെയും സത്യവിശ്വാസം പഠിപ്പിച്ചെന്നും പിശാച് വഴിതെറ്റിച്ചത് മൂലം അനേകർ ദൈവത്തെ മറന്നു സ്വന്തം ദൈവങ്ങളുണ്ടാക്കിയെന്നും അത് വഴി പിശാചിനെത്തന്നെ പൂജിച്ചെന്നും ആദ്യകാല ക്രിസ്തീയനേതാക്കൾ മറ്റു മതങ്ങളെക്കുറിച്ചു ചിന്തിച്ചതുപോലുള്ള സമീപന രീതികൾ രാഷ്ട്രീയ മുതലെടുപ്പോടു കൂടി വൈകാരികാവസ്ഥയിൽ അവതരിപ്പിക്കുക കൂടിയാണവർ. മതം രാഷ്ട്രീയത്തിൽ ഏറ്റവും നല്ല വൈകാരിക ഉപകരണമാണല്ലോ.

കേരളത്തിൽ മുള പിടിച്ചതിനു ശേഷം കുറെ നാൾ ധ്യാനകേന്ദ്രങ്ങളിലും അതിശക്തമായിത്തന്നെ ഒന്നാം പ്രമാണത്തിന്റെ ചുവടു വെച്ച് ഈ പ്രബോധനം ശക്തി പ്രാപിച്ചു. കേരളം സഭയിലെ പ്രശ്നങ്ങൾക്ക് കാരണം വടക്കെവിടെയോ ആരൊക്കെയോ ശിവപൂജ നടത്തുന്നുണ്ടെന്ന് വരെ ബൈബിൾ ശിക്ഷണം തന്റെ ജീവിത ലക്ഷ്യമായിക്കാണുന്ന 'പ്രമുഖ' ധ്യാനഗുരു പഠിപ്പിച്ചു. പതിയെ, അടുത്തകാലത്തായി ഹിന്ദു ദൈവങ്ങൾ ഏതാണ്ട് സ്വീകാര്യരായിരുന്നു. മുസ്ലിം ദൈവമായിരുന്നു പ്രശ്നക്കാരൻ.

എന്തിനെക്കുറിച്ചാണ് ഇക്കൂട്ടർ അസഹിഷ്ണരാകുന്നത്? 'വിജാതീയരുമായി' കൂട്ടുകൂടാതിരിക്കാൻ പള്ളികളും സ്കൂളുകളും 'നമ്മുടെ' ഓണാഘോഷ പരിപാടികൾ തുടങ്ങി. 'ആത്മീയ കാര്യങ്ങളിൽ ഗൗരവമുള്ളവരെ മാത്രം' ഉദ്ദേശിച്ചാണ് ഒരു സന്ദേശം പ്രചരിക്കുന്നത്. ആത്മീയ കാര്യങ്ങളിലെ ഗൗരവമുള്ള കാര്യം എന്താണ്? ദൈവം പ്രധാനമാണ്, എന്നാൽ ദൈവിക കാര്യങ്ങളായി ചേർത്തുവെച്ചിരിക്കുന്ന അസഹിഷ്ണുതകളെ പൂജനീയമാകുന്നത് ദൈവത്തിന് ഒന്നാം സ്ഥാനം നൽകലല്ല. മതതീക്ഷ്ണതയിൽ ജ്വലിച്ചു നിന്നവരുടെ ഹൃദയം ശുഷ്കവും ക്രൂരവുമായിരുന്നതുകൊണ്ടാണ് ഏശയ്യാ നീതിയുടെ സ്വാതന്ത്ര്യത്തെ യഥാർത്ഥ ദൈവഭക്തിയായി ഉയർത്തിക്കാണിച്ചത്. കൂടെ പറയാവുന്ന മറ്റൊരു കാര്യം, ഈ ഗൗരവ വിശ്വാസമുള്ളവർ ഒരല്പം കൂടുതൽ പരിശുദ്ധരാണെന്ന elitism യേശുവിന്റെ കാലത്തും ചിലർക്കുണ്ടായിരുന്നു. 

ക്രിസ്തീയർ ഓണമുണ്ണുന്നതാണോ സഭ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം? ആർക്കെങ്കിലും ഉണ്ണേണ്ടെങ്കിൽ വേണ്ട. അവർ അന്ന് ഉപവാസമിരിക്കട്ടെ. സഭയിൽ ഉയർന്നു നിൽക്കുന്ന നരകാസുരനെന്നും മഹിഷാസുരനെയുമൊക്കെ കണ്ണ് തുറന്നു കാണട്ടെ. അഹങ്കാരം, പക, അസൂയ, മാത്സര്യബുദ്ധി, അത്യാഗ്രഹം, അധികാരമോഹം, കാർക്കശ്യം, മർക്കടമുഷ്ടി എന്നൊക്കെയാണ് അവയെ വിളിക്കാവുന്നത്. അവക്കെതിരെ വിശ്വാസതീക്ഷ്ണത രോഷമായും നീതിയായും ഉയരട്ടെ. അതുണ്ടാവില്ല. ഠ വട്ടത്തിൽ ക്രിസ്തുവിനെ കുനിച്ചു നിർത്തുന്നവരാണ് അവർ. 

പ്രാചീനമായ ഒരു വിശ്വാസത്തെ ചേർത്തുവെക്കാൻ  കഴിയുന്നത് കൊണ്ടാണല്ലോ ഓണത്തെ അകറ്റി നിർത്തേണ്ടത്. മേളം കൊഴുക്കുന്ന പള്ളിപ്പെരുന്നാളുകൾ 'ക്രിസ്തു' വിന്റെ പേരിലായതുകൊണ്ടു 'വിശുദ്ധം' മാത്രമാണല്ലോ അല്ലേ. 

ക്രിസ്തീയതയെ ഒരു സംസ്കാരത്തിന്റെയും അതിരുകൾക്കുള്ളിൽ നിർത്താൻ കഴിയില്ല. ഏതു സംസ്കാരത്തോടും അനുരൂപനാകാൻ ക്രിസ്തുവിനു കഴിയും. മതത്തിനുള്ളിലേക്ക് അടച്ചു വെച്ച ക്രിസ്തു നിങ്ങൾ വേഷം കെട്ടിച്ചു നടത്തുന്ന ക്രിസ്തുവാണ്. ഒരു രാഷ്ട്രീയക്രിസ്തുവാണത്. മനുഷ്യനായി ജനിച്ച ക്രിസ്തുവുമായി ആ ക്രിസ്തുവിനു ബന്ധമൊന്നുമില്ല. 

ചാക്കിലോട്ടം, കലംതല്ലിപ്പൊട്ടിക്കൽ, മിഠായിപെറുക്കൽ, വടംവലി, പൂക്കളം, സദ്യ എല്ലായിടത്തും ചിരിച്ചും, എല്ലാവരോടും സംസാരിച്ചും ശരിയായ ക്രിസ്തുവുണ്ടാകും. തീവ്രക്രിസ്തുഭക്തർ ഈ അശുദ്ധിയിലൊന്നും  പെടാതെ മുറിയിലിരിക്കും. അവിടെ വിലാപവും പല്ലു കടിയുമായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ