സിനഡാത്മകതയെക്കുറിച്ചുള്ള സിനഡ് ഏതാണ്ട് അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. സഭയിലാകമാനം ആവശ്യമായിരുന്ന 'ഒരുക്കം' ഒരു പാട് കുറഞ്ഞു പോയത് ഈ പ്രക്രിയയിൽ ഒരു ന്യൂന്യതയാണ്. ഉത്‌ഘാടനങ്ങളും സമ്മേളനങ്ങളും ആഘോഷമാക്കിയപ്പോഴും സഭയിൽ വേണ്ടത്ര ഒരുക്കം ഉണ്ടായതായി അറിവില്ല. ഈ ഒരുക്കം കേവലം, സിനഡെന്ന ആശയത്തെക്കുറിച്ചു ബൗദ്ധികമായ ഒരു അവബോധം എന്നതിനേക്കാൾ, കൂട്ടായ്മ പങ്കാളിത്തം പ്രേഷിതത്വം എന്ന സിനഡാത്മക ചൈതന്യത്തെ സ്വന്തമാക്കാനുള്ളതാണ്. എന്ന് വെച്ചാൽ, സഭാസമൂഹം, വിവിധങ്ങളായ അവയവങ്ങൾ ഒരേ ശരീരത്തിന്റെ (ക്രിസ്തുവിന്റെ) അംഗങ്ങളായിരുന്നു കൊണ്ട് ക്രിസ്തു പ്രവൃത്തികളുടെ തുടർച്ചയാവുന്ന അനുഭവമാണത്.
മാർപാപ്പയോടു വിധേയത്വം കാണിക്കുകയും വളരെ സ്നേഹിക്കുകയും ചെയ്യുന്ന കേരളസഭ സിനഡാത്മകതയുടെ അർത്ഥവും വ്യാപ്തിയും ആളുകളിലേക്ക് പകരുന്നതിൽ വേണ്ടത്ര ശ്രദ്ധിച്ചില്ല. ഈ സിനഡാത്മകത പ്രസംഗങ്ങളിലും വാർഡ് യോഗങ്ങളിലും ധ്യാനങ്ങളിലും സഭയുടെ ദർശനവും ചൈതന്യവുമായി അവതരിപ്പിക്കാനും പരിശീലിപ്പിക്കാനും ആരുംതന്നെ ശ്രമിച്ചില്ല. ആരാധനാക്രമത്തിനും മറ്റും ഏറ്റവും നല്ല ലബോറോട്ടറി ആകുന്ന സെമിനാരികളും സന്യസ്ത പരിശീലന ഭവനകളും പോലും ഇതിനെ മാറ്റി നിർത്തി. റിപ്പോർട്ടുകൾക്കായുള്ള ചർച്ചകൾ കൊണ്ട് സൗകര്യപൂർവം സിനഡ് പ്രക്രിയ അവസാനിപ്പിച്ചു. ഇത്രമാത്രം ഭക്തി-ചാനലുകളും സഭാസ്നേഹ സമൂഹമാധ്യമ ഗ്രൂപ്പുകളും പ്രസിദ്ധീകരണങ്ങളും ഉണ്ടായിട്ടും ഇങ്ങനെ ഒരു സിനഡൽ പ്രക്രിയ പുരോഗമിക്കുന്നു എന്ന് അറിഞ്ഞിട്ടു പോലുമില്ലാത്ത അനേകരുണ്ട്. മാർപാപ്പയോടുള്ള സ്നേഹം കൊണ്ടുള്ള വീർപ്പുമുട്ടൽ കൊണ്ട് മറന്നു പോയതാകാം.
സിനഡ് ഭൂരിപക്ഷം ആധിപത്യം നേടുന്ന ഒരു ജനാധിപത്യ പ്രക്രിയയല്ല. ഒരു ഹൃദയവും ഒരു മനസുമെന്ന അവസ്ഥയിലേക്കെത്തിച്ചേരുന്ന ക്രിസ്തുചൈതന്യത്തെയെ സിനഡ് എന്ന് വിളിക്കാനാകൂ. അത്രമാത്രം തുറവിയോടെ സംസാരിക്കാനും കേൾക്കാനുമുള്ള ഒരുക്കവും ആത്മീയതയുമുണ്ടെങ്കിലേ അത് യാഥാർത്ഥ്യമാകൂ. കാരണം, സിനഡിൽ അഭിപ്രായമെന്നത് ഒരാളുടെ പ്രത്യയശാസ്ത്രങ്ങളും കാഴ്ചപ്പാടും എന്നതിനേക്കാൾ അയാളുടെ ആന്തരിക പ്രചോദനത്തിന്റെ പ്രതിഫലനമാവണം. അതിലെ ചേരാവുന്നതും അല്ലാത്തതുമായ സകലതും വീണ്ടും വ്യക്തമാക്കുകയും കേൾക്കുകയും തുറന്നു പറയുകയും വേണം. എന്തെങ്കിൽം വിട്ടുവീഴ്ച ചെയ്യേണ്ടി വന്നേക്കുമോ എന്ന കാരണം കൊണ്ട് കേൾക്കാതിരിക്കുന്നത് ശരിയല്ല. ഒറ്റ ഇരിപ്പിനു തീരുമാനവും വിധിയും നടപ്പാക്കുന്ന ശൈലിയാണ് പിന്തുടരുന്നതെങ്കിൽ ക്രിസ്തുഹൃദയമുള്ള സഭാദര്ശനത്തിൽ നിന്നും നമ്മൾ ഒരുപാട് അകലെയാണ്.
ഇടയന് ചുറ്റും ഒരുമിച്ചു ചേർക്കപ്പെടുന്ന വിശ്വാസിസമൂഹം ചിതറിക്കപ്പെടാതിരിക്കുന്നത് ഇടയനുൾപ്പെടെയുള്ള സമൂഹം ക്രിസ്തുവിൽ സമന്വയിക്കപ്പെടുമ്പോൾ മാത്രമാണ്. രാഷ്ട്രങ്ങളുടെ രൂപീകരണം നടന്നപ്പോൾ, സഭക്ക് നഷ്ടമായ ഭരണാധികാരം ഇന്നുമുണ്ടെന്നു വരുത്താനോ തിരികെപ്പിടിക്കാനോ സാധിക്കുന്നിടത്തു അടിച്ചേല്പിക്കാനോ ഉള്ള ശ്രമങ്ങളുണ്ട്. 'സഭാപാരമ്പര്യം' 'സഭയുടെ ശരിയായ പ്രാർത്ഥനാ ശൈലി' 'യഥാർത്ഥ പ്രാർത്ഥന' തുടങ്ങിയ പദപ്രയോഗങ്ങൾ വിശ്വാസത്തെക്കുറിച്ചാണെന്നു തോന്നിപ്പിക്കുമ്പോളും, ശക്തമായ ഭരണക്രമം സാധ്യമായി നിലനിന്ന ഒരു കാലഘട്ടത്തിന്റെ രീതികളും കാഴ്ചപ്പാടുകളും ആണ് അവിടെ കാല്പനികവത്കരിക്കപ്പെടുന്നത്. ഇടയനിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന സഭാമാതൃകയല്ല സിനഡാലിറ്റി പരിശീലിക്കാൻ ശ്രമിക്കുന്നത്. ഈ സിനഡാലിറ്റി സഭയെ തകർക്കാനുള്ള ഉദ്യമമാണെന്ന വാദം സിനഡിന് തുടക്കം കുറിച്ച സമയം മുതലേയുണ്ട്. അതിലുള്ള ഭയം എന്താണ്? അധികാരത്തിലൂന്നിയ ഒരു ഭരണസംവിധാനത്തിനു മാറ്റങ്ങൾ വന്നേക്കും എന്ന ഭയമാണത്. സഭയിലെ അധികത്തിന്റെ പ്രബലത കൊണ്ട് എന്ത് നേടി എന്ന് ധ്യാനിക്കുന്നത് സഭാസംവിധാനത്തെ സംബന്ധിച്ച് ഒരു മാനസാന്തരപ്രക്രിയക്ക് വഴി നയിച്ചേക്കാം.
അറിവ്, ധാർമ്മികത, നിഷ്പക്ഷത, നീതിബോധം തുടങ്ങിയ ഗുണങ്ങളുടെ ആധികാരികതയാണ് ദൈവജനത്തിന്റെ ശുശ്രൂഷകൻ എന്നതിനോടുകൂടെ ഒരു പുരോഹിതനെ പൊതുവായ കേൾവിക്ക് അർഹനാക്കിയത്. ആത്മാർത്ഥമായ താല്പര്യമുണ്ടെങ്കിൽ ഒരു പുരോഹിതന് അത് സാധിക്കുകയും ചെയ്യും. അധികാരകേന്ദ്രീകരണം ഹൃദയശൂന്യമായ മനോഭാവങ്ങൾക്കു വഴിമാറുമ്പോൾ ശുശ്രൂഷ എന്നത് അവഗണിക്കപ്പെടുകയും 'ഭരണം' അധികാരശക്തിയാവുകയും ചെയ്യും. സിനഡാത്മകത ഈ ഭരണാധികാരം ഇല്ലാതാക്കുമോ എന്ന ഭയം അസ്വസ്ഥപ്പെടുത്തുന്നതാണ്. ശുശ്രൂഷകൾക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നവനും സത്യത്തിന്റെ സ്വരമുള്ള പ്രവാചകനുമെന്ന നിലയിൽ തൻ്റെ ജനത്തിന് വേണ്ടി ജീവനർപ്പിക്കുന്ന ഇടയനായി, സമൂഹത്തിലൊരുവനായിരിക്കാൻ പുരോഹിതനാകും. സമൂഹത്തിൽ നിന്ന് വേറിട്ട ഭരണാധികാരിയാകുന്ന ഒരു പുരോഹിതൻ ക്രിസ്തുശിഷ്യനല്ല.
പള്ളിയോഗവും കൈക്കാരൻമാരുടെ കമ്മിറ്റിയും എത്രയോ വർഷങ്ങളായി എല്ലാ ഇടവകകളിലും ഉള്ളതാണ് എന്ന് ചോദിച്ചേക്കാം. ഈ പള്ളി യോഗങ്ങളും മറ്റും വിശ്വാസി ജനത്തിന്റെ ജീവിത പശ്ചാത്തലങ്ങളെ എപ്രകാരം സംവഹിച്ചു, പ്രതിനിധീകരിച്ചു എന്നതൊക്കെ കാര്യമായ ചിന്തക്കെടുക്കേണ്ടതാണ്. അവ യാഥാർത്ഥ്യമാകുന്നെങ്കിലേ ജീവിക്കുന്ന ക്രിസ്ത്വാനുഭവം സഭയുടെയും ഇടവകയുടേയുമൊക്കെ സത്യാവസ്ഥയാകൂ. മുകളിൽ സൂചിപ്പിച്ചതു പോലുള്ള ഒരുക്കവും ലക്ഷ്യവും ക്രിസ്തുഹൃദയവും ഉൾക്കൊള്ളുവാൻ കഴിഞ്ഞെങ്കിലേ പള്ളിയോഗങ്ങൾക്ക് ആഗ്രഹിക്കുന്ന ഫലം കാണാൻ കഴിയൂ. ഒരു ബദൽ ഭരണക്രമമായി പള്ളിയോഗം മുന്നോട്ടു വയ്ക്കപ്പെടരുത്. എന്നാൽ, സഭയുടെ, വീണ്ടെടുക്കപ്പെടുന്ന ചൈതന്യമായി അത് കണ്ടെത്തപ്പെടുന്നെങ്കിൽ വലിയൊരു വളർച്ചയെ അത് സാധ്യമാക്കും. അറിവും ധാർമ്മികതയും നിഷ്പക്ഷരും നീതിബോധമുള്ളവരുമായ അനേകർ നമുക്കിടയിലുണ്ട്. അവരുടെ പങ്കു വയ്ക്കലുകൾ സഭയുടെ ഏകതക്കും, കാഴ്ചപ്പാടിനും, വിശകലനങ്ങൾക്കും വിചിന്തനങ്ങൾക്കും പ്രേരണയാകും. ഒരു ദൈവിക മനുഷ്യനു ലഭിക്കുന്ന വെളിപാടനുസരിക്കുന്ന ജനമല്ല സഭ, മറിച്ച്, ഒരുമിച്ച് ദൈവാത്മാവിന്റെ സ്വരം കേൾക്കാനാകും വിധം വളരുന്ന, പരസ്പരം വളർത്തുന്ന കൂട്ടായ്മയാണ് സഭ.
ഓരോ ആചാരവും പ്രതീകവും അടയാളവും കാഴ്ചപ്പാടും, അവ നൂതനമോ പാരമ്പരാഗതമോ ആവട്ടെ, എപ്രകാരം വിശ്വാസത്തെ സംവഹിക്കുന്നു എന്നത് പ്രധാനമാണ്. ഈ വിശ്വാസം ശൂന്യമോ നിഗൂഢമോ അമൂർത്തമോ അല്ല, മറിച്ച് ഓരോരുത്തരുടെയും ജീവിതം കൊണ്ട് സമ്പുഷ്ടമാക്കപ്പെടുന്നതും വെളിപ്പെടുന്നതും ശരീരവൽക്കരിക്കപ്പെടുന്നതുമാണ്. അതുകൊണ്ടുതന്നെ ഓരോ കാലഘട്ടത്തിന്റെയും സ്ഥല-കാല സംഘർഷങ്ങളെയും അസ്ത്വിത്വ മാനങ്ങളെയും കൂടി സംവഹിക്കാനുള്ള ഉള്ള് അവയ്ക്കുണ്ടാവണം. അതുകൊണ്ടു കൂടിയാണ് കേൾവിയും തുറന്നു പറയലും വിവേചിക്കലും സുതാര്യതയും പ്രധാനമാകുന്നത്. പരസ്പരം നിർമ്മിക്കുന്ന ഒറ്റശരീരത്തിന്റെ കൂട്ടായ്മ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ