Gentle Dew Drop

സെപ്റ്റംബർ 03, 2023

നിങ്ങൾ അത് കണ്ടെത്തും

തിരികെപ്പിടിക്കുന്ന/ വീണ്ടെടുക്കുന്ന പാരമ്പര്യങ്ങളും സമ്പ്രദായങ്ങളും നമ്മൾ ഓരോരുത്തർക്കുമായി, മറ്റുള്ളവർക്കായി, ലോകത്തിനായി എത്രമാത്രം ക്രിസ്തുവിനെ വെളിപ്പെടുത്തി? ക്രിസ്തുവിന്റെ സ്നേഹത്തെയും കരുണയെയും വെളിപ്പെടുത്തി? സ്വത്വബോധവും അഹന്തയും വളർത്തിയ പ്രതീകങ്ങൾ ഭിന്നിപ്പുകൾ സൃഷ്ടിക്കുന്നെങ്കിലും അവയെ പുനര്വിചിന്തനത്തിനു വിധേയമാക്കാത്തതെന്തേ? ക്രിസ്തുവിനെ അറിയാനും പകർന്നു നൽകാനും കാലത്തോട് സംവദിക്കാനുമുള്ള പ്രതീകങ്ങളും രീതികളും തിരിച്ചറിയാൻ കഴിയാത്തതെന്തേ? "എന്നേപ്രതി നിങ്ങൾ നഷ്ടപ്പെടുത്തുന്നെങ്കിൽ ...." നിങ്ങൾ അത് കണ്ടെത്തും, "എന്നേക്കാൾ അധികമായി .... നിങ്ങൾ സ്നേഹിക്കുന്നെങ്കിൽ  ശിഷ്യരാകുവാൻ നിങ്ങൾ യോഗ്യരല്ല"

സെപ്റ്റംബർ 01, 2023

ഐക്യം

ആത്മാർത്ഥമായ ഐക്യശ്രമങ്ങളുണ്ടെങ്കിൽ ഐക്യവും സമാധാനവും കൂടുതൽ ഉണ്ടാകും; സമാധാനമാഗ്രഹിക്കാത്തവരിൽ നിന്ന്, ഐക്യത്തിന്റെ പേരിൽ കലഹം വിതക്കുന്നവരിൽ നിന്ന് അവർ ഉണ്ടെന്നു കരുതുന്ന ഐക്യം കൂടി എടുക്കപ്പെടും.

ഓഗസ്റ്റ് 31, 2023

മുഖാഭിമുഖ 'ബലി'

രണ്ടായിരം വർഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്ന സ്വാതന്ത്രസഭ! ക്രിസ്തുവിന്റെ പരിപൂർണ്ണതയിലേക്കെന്നവണ്ണം വളരേണ്ടിയിരുന്ന പക്വതയുടെ ആഴമെത്രയാണ്? ക്രിസ്തു നഷ്ടപ്പെട്ടത് എവിടെയാണ്? അഹന്തയും മാത്സര്യവും കപടഭക്തിയും കൊണ്ട് തന്നെ. അതൊക്കെയും വിശുദ്ധമാക്കാൻ വേണ്ടുവോളം വ്യാജപ്രവാചകരെയും ലഭിച്ചു എന്നതാണ് ദുരന്തം. തനതായത് തിരികെയെടുത്തെന്നും ഉറപ്പിച്ചെന്നും ഉറക്കെപ്പറയുമ്പോൾ അമൂല്യമായത് നഷ്ടമായത് കാര്യമാക്കാത്തത് നാശമാണ്.

ജനാഭിമുഖമോ അൾത്താരാഭിമുഖമോ ആയ ബലി ക്രിസ്തുവിനെ കൊണ്ട് വരില്ല. അനിവാര്യമായിരിക്കുന്നത് മുഖാഭിമുഖ 'ബലി'കളാണ്.

ഓഗസ്റ്റ് 28, 2023

സിനഡാത്മകതയും പള്ളിയോഗങ്ങളും

സിനഡാത്മകതയെക്കുറിച്ചുള്ള സിനഡ് ഏതാണ്ട് അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. സഭയിലാകമാനം ആവശ്യമായിരുന്ന 'ഒരുക്കം' ഒരു പാട് കുറഞ്ഞു പോയത് ഈ പ്രക്രിയയിൽ ഒരു ന്യൂന്യതയാണ്. ഉത്‌ഘാടനങ്ങളും സമ്മേളനങ്ങളും ആഘോഷമാക്കിയപ്പോഴും സഭയിൽ വേണ്ടത്ര ഒരുക്കം ഉണ്ടായതായി അറിവില്ല. ഈ ഒരുക്കം കേവലം, സിനഡെന്ന  ആശയത്തെക്കുറിച്ചു ബൗദ്ധികമായ ഒരു അവബോധം എന്നതിനേക്കാൾ, കൂട്ടായ്മ പങ്കാളിത്തം പ്രേഷിതത്വം എന്ന സിനഡാത്മക ചൈതന്യത്തെ സ്വന്തമാക്കാനുള്ളതാണ്. എന്ന് വെച്ചാൽ, സഭാസമൂഹം, വിവിധങ്ങളായ അവയവങ്ങൾ ഒരേ ശരീരത്തിന്റെ (ക്രിസ്തുവിന്റെ) അംഗങ്ങളായിരുന്നു കൊണ്ട് ക്രിസ്തു പ്രവൃത്തികളുടെ  തുടർച്ചയാവുന്ന അനുഭവമാണത്. 

മാർപാപ്പയോടു വിധേയത്വം കാണിക്കുകയും വളരെ സ്നേഹിക്കുകയും ചെയ്യുന്ന കേരളസഭ സിനഡാത്മകതയുടെ അർത്ഥവും വ്യാപ്തിയും ആളുകളിലേക്ക് പകരുന്നതിൽ വേണ്ടത്ര ശ്രദ്ധിച്ചില്ല. ഈ സിനഡാത്മകത പ്രസംഗങ്ങളിലും വാർഡ് യോഗങ്ങളിലും ധ്യാനങ്ങളിലും സഭയുടെ ദർശനവും ചൈതന്യവുമായി അവതരിപ്പിക്കാനും പരിശീലിപ്പിക്കാനും ആരുംതന്നെ ശ്രമിച്ചില്ല. ആരാധനാക്രമത്തിനും മറ്റും ഏറ്റവും നല്ല ലബോറോട്ടറി ആകുന്ന സെമിനാരികളും സന്യസ്ത പരിശീലന ഭവനകളും പോലും ഇതിനെ മാറ്റി നിർത്തി. റിപ്പോർട്ടുകൾക്കായുള്ള ചർച്ചകൾ കൊണ്ട് സൗകര്യപൂർവം സിനഡ് പ്രക്രിയ അവസാനിപ്പിച്ചു. ഇത്രമാത്രം ഭക്തി-ചാനലുകളും സഭാസ്നേഹ സമൂഹമാധ്യമ ഗ്രൂപ്പുകളും പ്രസിദ്ധീകരണങ്ങളും ഉണ്ടായിട്ടും ഇങ്ങനെ ഒരു സിനഡൽ പ്രക്രിയ പുരോഗമിക്കുന്നു എന്ന് അറിഞ്ഞിട്ടു പോലുമില്ലാത്ത അനേകരുണ്ട്. മാർപാപ്പയോടുള്ള സ്നേഹം കൊണ്ടുള്ള വീർപ്പുമുട്ടൽ കൊണ്ട് മറന്നു പോയതാകാം. 

സിനഡ് ഭൂരിപക്ഷം ആധിപത്യം നേടുന്ന ഒരു ജനാധിപത്യ പ്രക്രിയയല്ല. ഒരു ഹൃദയവും ഒരു മനസുമെന്ന അവസ്ഥയിലേക്കെത്തിച്ചേരുന്ന ക്രിസ്തുചൈതന്യത്തെയെ സിനഡ് എന്ന് വിളിക്കാനാകൂ. അത്രമാത്രം തുറവിയോടെ സംസാരിക്കാനും കേൾക്കാനുമുള്ള ഒരുക്കവും ആത്മീയതയുമുണ്ടെങ്കിലേ അത് യാഥാർത്ഥ്യമാകൂ. കാരണം, സിനഡിൽ  അഭിപ്രായമെന്നത് ഒരാളുടെ പ്രത്യയശാസ്ത്രങ്ങളും കാഴ്ചപ്പാടും എന്നതിനേക്കാൾ അയാളുടെ ആന്തരിക പ്രചോദനത്തിന്റെ പ്രതിഫലനമാവണം. അതിലെ ചേരാവുന്നതും അല്ലാത്തതുമായ സകലതും വീണ്ടും വ്യക്തമാക്കുകയും കേൾക്കുകയും തുറന്നു പറയുകയും വേണം. എന്തെങ്കിൽം വിട്ടുവീഴ്ച ചെയ്യേണ്ടി വന്നേക്കുമോ എന്ന കാരണം കൊണ്ട് കേൾക്കാതിരിക്കുന്നത് ശരിയല്ല. ഒറ്റ ഇരിപ്പിനു തീരുമാനവും വിധിയും നടപ്പാക്കുന്ന ശൈലിയാണ് പിന്തുടരുന്നതെങ്കിൽ ക്രിസ്തുഹൃദയമുള്ള സഭാദര്ശനത്തിൽ നിന്നും നമ്മൾ ഒരുപാട് അകലെയാണ്.

ഇടയന് ചുറ്റും ഒരുമിച്ചു ചേർക്കപ്പെടുന്ന വിശ്വാസിസമൂഹം ചിതറിക്കപ്പെടാതിരിക്കുന്നത് ഇടയനുൾപ്പെടെയുള്ള സമൂഹം ക്രിസ്തുവിൽ സമന്വയിക്കപ്പെടുമ്പോൾ മാത്രമാണ്. രാഷ്ട്രങ്ങളുടെ രൂപീകരണം നടന്നപ്പോൾ, സഭക്ക് നഷ്ടമായ ഭരണാധികാരം ഇന്നുമുണ്ടെന്നു വരുത്താനോ തിരികെപ്പിടിക്കാനോ സാധിക്കുന്നിടത്തു അടിച്ചേല്പിക്കാനോ ഉള്ള ശ്രമങ്ങളുണ്ട്. 'സഭാപാരമ്പര്യം' 'സഭയുടെ ശരിയായ പ്രാർത്ഥനാ ശൈലി' 'യഥാർത്ഥ പ്രാർത്ഥന' തുടങ്ങിയ പദപ്രയോഗങ്ങൾ വിശ്വാസത്തെക്കുറിച്ചാണെന്നു തോന്നിപ്പിക്കുമ്പോളും, ശക്തമായ ഭരണക്രമം സാധ്യമായി നിലനിന്ന ഒരു കാലഘട്ടത്തിന്റെ രീതികളും കാഴ്ചപ്പാടുകളും ആണ് അവിടെ കാല്പനികവത്കരിക്കപ്പെടുന്നത്.  ഇടയനിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന സഭാമാതൃകയല്ല സിനഡാലിറ്റി പരിശീലിക്കാൻ ശ്രമിക്കുന്നത്. ഈ സിനഡാലിറ്റി സഭയെ തകർക്കാനുള്ള ഉദ്യമമാണെന്ന വാദം സിനഡിന് തുടക്കം കുറിച്ച സമയം മുതലേയുണ്ട്. അതിലുള്ള ഭയം എന്താണ്? അധികാരത്തിലൂന്നിയ ഒരു ഭരണസംവിധാനത്തിനു മാറ്റങ്ങൾ വന്നേക്കും എന്ന ഭയമാണത്. സഭയിലെ അധികത്തിന്റെ പ്രബലത കൊണ്ട് എന്ത് നേടി എന്ന് ധ്യാനിക്കുന്നത് സഭാസംവിധാനത്തെ സംബന്ധിച്ച് ഒരു മാനസാന്തരപ്രക്രിയക്ക് വഴി നയിച്ചേക്കാം. 

അറിവ്, ധാർമ്മികത, നിഷ്പക്ഷത, നീതിബോധം തുടങ്ങിയ ഗുണങ്ങളുടെ ആധികാരികതയാണ് ദൈവജനത്തിന്റെ ശുശ്രൂഷകൻ എന്നതിനോടുകൂടെ ഒരു പുരോഹിതനെ പൊതുവായ കേൾവിക്ക് അർഹനാക്കിയത്. ആത്മാർത്ഥമായ താല്പര്യമുണ്ടെങ്കിൽ ഒരു പുരോഹിതന് അത് സാധിക്കുകയും ചെയ്യും. അധികാരകേന്ദ്രീകരണം ഹൃദയശൂന്യമായ മനോഭാവങ്ങൾക്കു വഴിമാറുമ്പോൾ ശുശ്രൂഷ എന്നത് അവഗണിക്കപ്പെടുകയും 'ഭരണം' അധികാരശക്തിയാവുകയും ചെയ്യും. സിനഡാത്മകത ഈ ഭരണാധികാരം ഇല്ലാതാക്കുമോ എന്ന ഭയം അസ്വസ്ഥപ്പെടുത്തുന്നതാണ്. ശുശ്രൂഷകൾക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നവനും സത്യത്തിന്റെ സ്വരമുള്ള പ്രവാചകനുമെന്ന നിലയിൽ തൻ്റെ  ജനത്തിന് വേണ്ടി ജീവനർപ്പിക്കുന്ന ഇടയനായി, സമൂഹത്തിലൊരുവനായിരിക്കാൻ പുരോഹിതനാകും. സമൂഹത്തിൽ നിന്ന് വേറിട്ട ഭരണാധികാരിയാകുന്ന ഒരു പുരോഹിതൻ ക്രിസ്തുശിഷ്യനല്ല. 

പള്ളിയോഗവും കൈക്കാരൻമാരുടെ കമ്മിറ്റിയും എത്രയോ വർഷങ്ങളായി എല്ലാ ഇടവകകളിലും ഉള്ളതാണ് എന്ന് ചോദിച്ചേക്കാം. ഈ പള്ളി യോഗങ്ങളും മറ്റും വിശ്വാസി ജനത്തിന്റെ ജീവിത പശ്ചാത്തലങ്ങളെ എപ്രകാരം സംവഹിച്ചു, പ്രതിനിധീകരിച്ചു എന്നതൊക്കെ കാര്യമായ ചിന്തക്കെടുക്കേണ്ടതാണ്. അവ യാഥാർത്ഥ്യമാകുന്നെങ്കിലേ ജീവിക്കുന്ന ക്രിസ്ത്വാനുഭവം സഭയുടെയും ഇടവകയുടേയുമൊക്കെ സത്യാവസ്ഥയാകൂ. മുകളിൽ സൂചിപ്പിച്ചതു പോലുള്ള ഒരുക്കവും ലക്ഷ്യവും ക്രിസ്തുഹൃദയവും ഉൾക്കൊള്ളുവാൻ കഴിഞ്ഞെങ്കിലേ പള്ളിയോഗങ്ങൾക്ക് ആഗ്രഹിക്കുന്ന ഫലം കാണാൻ കഴിയൂ. ഒരു ബദൽ ഭരണക്രമമായി പള്ളിയോഗം മുന്നോട്ടു വയ്ക്കപ്പെടരുത്. എന്നാൽ, സഭയുടെ, വീണ്ടെടുക്കപ്പെടുന്ന ചൈതന്യമായി അത് കണ്ടെത്തപ്പെടുന്നെങ്കിൽ വലിയൊരു വളർച്ചയെ അത് സാധ്യമാക്കും. അറിവും ധാർമ്മികതയും നിഷ്പക്ഷരും നീതിബോധമുള്ളവരുമായ അനേകർ നമുക്കിടയിലുണ്ട്. അവരുടെ പങ്കു വയ്ക്കലുകൾ സഭയുടെ ഏകതക്കും, കാഴ്ചപ്പാടിനും, വിശകലനങ്ങൾക്കും വിചിന്തനങ്ങൾക്കും പ്രേരണയാകും. ഒരു ദൈവിക മനുഷ്യനു ലഭിക്കുന്ന വെളിപാടനുസരിക്കുന്ന ജനമല്ല സഭ, മറിച്ച്, ഒരുമിച്ച് ദൈവാത്മാവിന്റെ സ്വരം കേൾക്കാനാകും വിധം വളരുന്ന, പരസ്പരം വളർത്തുന്ന കൂട്ടായ്മയാണ് സഭ.

ഓരോ ആചാരവും പ്രതീകവും അടയാളവും കാഴ്ചപ്പാടും, അവ നൂതനമോ പാരമ്പരാഗതമോ ആവട്ടെ, എപ്രകാരം വിശ്വാസത്തെ സംവഹിക്കുന്നു എന്നത് പ്രധാനമാണ്. ഈ വിശ്വാസം ശൂന്യമോ നിഗൂഢമോ അമൂർത്തമോ അല്ല, മറിച്ച് ഓരോരുത്തരുടെയും ജീവിതം കൊണ്ട് സമ്പുഷ്ടമാക്കപ്പെടുന്നതും വെളിപ്പെടുന്നതും ശരീരവൽക്കരിക്കപ്പെടുന്നതുമാണ്. അതുകൊണ്ടുതന്നെ ഓരോ കാലഘട്ടത്തിന്റെയും സ്ഥല-കാല സംഘർഷങ്ങളെയും അസ്ത്വിത്വ മാനങ്ങളെയും കൂടി സംവഹിക്കാനുള്ള ഉള്ള് അവയ്ക്കുണ്ടാവണം. അതുകൊണ്ടു കൂടിയാണ് കേൾവിയും തുറന്നു പറയലും വിവേചിക്കലും സുതാര്യതയും പ്രധാനമാകുന്നത്. പരസ്പരം നിർമ്മിക്കുന്ന ഒറ്റശരീരത്തിന്റെ കൂട്ടായ്മ.




ഓഗസ്റ്റ് 27, 2023

മാവേലി വരും

മാവേലി വരും എന്ന് പറയുന്നത് പോലെ കുറച്ചു വർഷങ്ങളായി ഒരു ക്രിസ്ത്യാനി പ്രതീക്ഷിക്കുന്ന ഒന്നാണ് സദ്യയിൽ കല്ലിടുന്ന കുറെ തീവ്ര ക്രിസ്ത്യാനികൾ. ക്രിസ്ത്യാനി നിർബന്ധമായും ഓണമുണ്ണണം എന്നില്ല. ആഘോഷിക്കാനുള്ള സാഹചര്യമോ സാമ്പത്തിക സ്ഥിതിയോ ഇല്ലെങ്കിൽ പലർക്കും ഓണമില്ലായിരിക്കും. എന്നാൽ, ഒരു ക്രിസ്ത്യാനിയെയും ഓണമൂട്ടില്ല എന്ന് വ്രതമെടുത്ത് തീവ്രക്രിസ്ത്യാനികൾ ഓരോ വർഷവും ഓണക്കാലത്ത് നാടുകാണാൻ എത്താറുണ്ട്. കേരളവുമായി ഒരു ബന്ധവുമില്ലാത്ത ചരിത്രവും ഭക്തിയും പാരമ്പര്യങ്ങളുമാണ് അവർ വാദങ്ങളായി ഉയർത്തുന്നത്. 

ഏതൊരു സാധാരണ (സാധാരണ എന്ന് വെച്ചാൽ സാധാരണ മനുഷ്യരോടു കൂടി ചിരിച്ചും സഹകരിച്ചും ജീവിക്കാൻ ആഗ്രഹിക്കുന്നവർ) ക്രിസ്ത്യാനിയും വർഷങ്ങളായി ഓണമാഘോഷിച്ചത് വിശ്വാസത്തോട് ബന്ധപ്പെടുത്തിയല്ല. ഏതെങ്കിലും വിശ്വാസത്തെ കൂട്ടിച്ചേർക്കാനോ, സ്വന്തം വിശ്വാസത്തിൽ എന്തെങ്കിലും അയവു വരുത്താനോ ഓണം കാരണമായിട്ടില്ല. ഓണക്കളികളും മത്സരങ്ങളും ഒത്തുചേരലുകളും കൂടിക്കാഴ്ചകളും സാമൂഹികമായ ബന്ധങ്ങളുടെ ആഘോഷമായിരുന്നു. 

വിശ്വാസത്തിലേക്ക് സ്വയം പറിച്ചകറ്റുന്ന മനോഭാവങ്ങളെ കൊണ്ടുവന്നത് നവീകരണമെന്നു അവകാശപ്പെട്ട തീവ്രമതക്കാരാണ്. ബൈബിളിനെ എടുത്തുയർത്തുമ്പോളും, ഇവാൻജെലിക്കൽ അസഹിഷ്ണുതയും വംശീയ വെറുപ്പും 'വിശുദ്ധ ക്രിസ്തീയതയായി' കേരളത്തിലേക്ക് കൊണ്ടു വന്നു പാകി. പ്രസാദം പാപമായി, ദേവന്മാർ പിശാചുക്കളായി, ആഘോഷങ്ങളും, സഹവർത്തിത പ്രവൃത്തികളും നിഷിദ്ധമായി. ഇന്ത്യയുടെ പല ഭാഗങ്ങളിലും വാമനജയന്തി ആഘോഷിക്കാറുണ്ട്. മഹാബലിയെ ആദരിക്കുന്ന സ്ഥലങ്ങളുമുണ്ട്. ഏതു ക്രിസ്തീയ ഭവനത്തിലാണ്  വാമനാവതാരം പൂജിക്കപ്പെടുകയോ തൃക്കാക്കരയപ്പനായി പൂക്കളമിടുകയോ ചെയ്തത്. ഹിന്ദു സഹോദരീ സഹോദരർ അവരുടെ വിശ്വാസമനുസരിച്ചു ചെയ്യുന്നത് അതേ അർത്ഥത്തിലല്ലല്ലോ ക്രിസ്തീയർ ചെയ്തു കൊണ്ടിരുന്നത്. 

ഇതര സംസ്കാരങ്ങളെ പൈശാചികവൽക്കരിക്കുന്ന ഇവാൻജെലിക്കൽ ശൈലി മറ്റു പാരമ്പര്യങ്ങളുമായി അവർക്ക്‌ കഴിയാത്ത സഹിഷ്ണുതയുടെയും വെള്ള മേല്കോയ്മയുടെയും ഫലമാണ്. ആഫ്രക്കയുടെയും ഏഷ്യയുടെയും വിശ്വാസങ്ങളും പാരമ്പര്യങ്ങളും അവർക്കു തീർത്തും ദൈവവിരുദ്ധമാണ്. ദൈവം എല്ലാവരെയും സത്യവിശ്വാസം പഠിപ്പിച്ചെന്നും പിശാച് വഴിതെറ്റിച്ചത് മൂലം അനേകർ ദൈവത്തെ മറന്നു സ്വന്തം ദൈവങ്ങളുണ്ടാക്കിയെന്നും അത് വഴി പിശാചിനെത്തന്നെ പൂജിച്ചെന്നും ആദ്യകാല ക്രിസ്തീയനേതാക്കൾ മറ്റു മതങ്ങളെക്കുറിച്ചു ചിന്തിച്ചതുപോലുള്ള സമീപന രീതികൾ രാഷ്ട്രീയ മുതലെടുപ്പോടു കൂടി വൈകാരികാവസ്ഥയിൽ അവതരിപ്പിക്കുക കൂടിയാണവർ. മതം രാഷ്ട്രീയത്തിൽ ഏറ്റവും നല്ല വൈകാരിക ഉപകരണമാണല്ലോ.

കേരളത്തിൽ മുള പിടിച്ചതിനു ശേഷം കുറെ നാൾ ധ്യാനകേന്ദ്രങ്ങളിലും അതിശക്തമായിത്തന്നെ ഒന്നാം പ്രമാണത്തിന്റെ ചുവടു വെച്ച് ഈ പ്രബോധനം ശക്തി പ്രാപിച്ചു. കേരളം സഭയിലെ പ്രശ്നങ്ങൾക്ക് കാരണം വടക്കെവിടെയോ ആരൊക്കെയോ ശിവപൂജ നടത്തുന്നുണ്ടെന്ന് വരെ ബൈബിൾ ശിക്ഷണം തന്റെ ജീവിത ലക്ഷ്യമായിക്കാണുന്ന 'പ്രമുഖ' ധ്യാനഗുരു പഠിപ്പിച്ചു. പതിയെ, അടുത്തകാലത്തായി ഹിന്ദു ദൈവങ്ങൾ ഏതാണ്ട് സ്വീകാര്യരായിരുന്നു. മുസ്ലിം ദൈവമായിരുന്നു പ്രശ്നക്കാരൻ.

എന്തിനെക്കുറിച്ചാണ് ഇക്കൂട്ടർ അസഹിഷ്ണരാകുന്നത്? 'വിജാതീയരുമായി' കൂട്ടുകൂടാതിരിക്കാൻ പള്ളികളും സ്കൂളുകളും 'നമ്മുടെ' ഓണാഘോഷ പരിപാടികൾ തുടങ്ങി. 'ആത്മീയ കാര്യങ്ങളിൽ ഗൗരവമുള്ളവരെ മാത്രം' ഉദ്ദേശിച്ചാണ് ഒരു സന്ദേശം പ്രചരിക്കുന്നത്. ആത്മീയ കാര്യങ്ങളിലെ ഗൗരവമുള്ള കാര്യം എന്താണ്? ദൈവം പ്രധാനമാണ്, എന്നാൽ ദൈവിക കാര്യങ്ങളായി ചേർത്തുവെച്ചിരിക്കുന്ന അസഹിഷ്ണുതകളെ പൂജനീയമാകുന്നത് ദൈവത്തിന് ഒന്നാം സ്ഥാനം നൽകലല്ല. മതതീക്ഷ്ണതയിൽ ജ്വലിച്ചു നിന്നവരുടെ ഹൃദയം ശുഷ്കവും ക്രൂരവുമായിരുന്നതുകൊണ്ടാണ് ഏശയ്യാ നീതിയുടെ സ്വാതന്ത്ര്യത്തെ യഥാർത്ഥ ദൈവഭക്തിയായി ഉയർത്തിക്കാണിച്ചത്. കൂടെ പറയാവുന്ന മറ്റൊരു കാര്യം, ഈ ഗൗരവ വിശ്വാസമുള്ളവർ ഒരല്പം കൂടുതൽ പരിശുദ്ധരാണെന്ന elitism യേശുവിന്റെ കാലത്തും ചിലർക്കുണ്ടായിരുന്നു. 

ക്രിസ്തീയർ ഓണമുണ്ണുന്നതാണോ സഭ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം? ആർക്കെങ്കിലും ഉണ്ണേണ്ടെങ്കിൽ വേണ്ട. അവർ അന്ന് ഉപവാസമിരിക്കട്ടെ. സഭയിൽ ഉയർന്നു നിൽക്കുന്ന നരകാസുരനെന്നും മഹിഷാസുരനെയുമൊക്കെ കണ്ണ് തുറന്നു കാണട്ടെ. അഹങ്കാരം, പക, അസൂയ, മാത്സര്യബുദ്ധി, അത്യാഗ്രഹം, അധികാരമോഹം, കാർക്കശ്യം, മർക്കടമുഷ്ടി എന്നൊക്കെയാണ് അവയെ വിളിക്കാവുന്നത്. അവക്കെതിരെ വിശ്വാസതീക്ഷ്ണത രോഷമായും നീതിയായും ഉയരട്ടെ. അതുണ്ടാവില്ല. ഠ വട്ടത്തിൽ ക്രിസ്തുവിനെ കുനിച്ചു നിർത്തുന്നവരാണ് അവർ. 

പ്രാചീനമായ ഒരു വിശ്വാസത്തെ ചേർത്തുവെക്കാൻ  കഴിയുന്നത് കൊണ്ടാണല്ലോ ഓണത്തെ അകറ്റി നിർത്തേണ്ടത്. മേളം കൊഴുക്കുന്ന പള്ളിപ്പെരുന്നാളുകൾ 'ക്രിസ്തു' വിന്റെ പേരിലായതുകൊണ്ടു 'വിശുദ്ധം' മാത്രമാണല്ലോ അല്ലേ. 

ക്രിസ്തീയതയെ ഒരു സംസ്കാരത്തിന്റെയും അതിരുകൾക്കുള്ളിൽ നിർത്താൻ കഴിയില്ല. ഏതു സംസ്കാരത്തോടും അനുരൂപനാകാൻ ക്രിസ്തുവിനു കഴിയും. മതത്തിനുള്ളിലേക്ക് അടച്ചു വെച്ച ക്രിസ്തു നിങ്ങൾ വേഷം കെട്ടിച്ചു നടത്തുന്ന ക്രിസ്തുവാണ്. ഒരു രാഷ്ട്രീയക്രിസ്തുവാണത്. മനുഷ്യനായി ജനിച്ച ക്രിസ്തുവുമായി ആ ക്രിസ്തുവിനു ബന്ധമൊന്നുമില്ല. 

ചാക്കിലോട്ടം, കലംതല്ലിപ്പൊട്ടിക്കൽ, മിഠായിപെറുക്കൽ, വടംവലി, പൂക്കളം, സദ്യ എല്ലായിടത്തും ചിരിച്ചും, എല്ലാവരോടും സംസാരിച്ചും ശരിയായ ക്രിസ്തുവുണ്ടാകും. തീവ്രക്രിസ്തുഭക്തർ ഈ അശുദ്ധിയിലൊന്നും  പെടാതെ മുറിയിലിരിക്കും. അവിടെ വിലാപവും പല്ലു കടിയുമായിരിക്കും.

ഓഗസ്റ്റ് 25, 2023

താഴികക്കുടങ്ങളെ നോക്കുക

തകരുന്ന താഴികക്കുടങ്ങളെ നോക്കുക. അധികാരചിഹ്നങ്ങളുടെ പ്രൗഢിയിൽ ഉറപ്പിച്ചു വയ്ക്കാൻ ശ്രമിച്ച ദൈവചിഹ്നങ്ങൾ ദ്രവിച്ചു കഴിഞ്ഞു. അവയിലൂടെ ഒലിച്ചു വീഴുന്ന വെള്ളത്തുള്ളികൾ ദുർഗന്ധമുണ്ടാക്കുന്നു, ചൊറിച്ചിലും നീറ്റലും ഉണ്ടാക്കുന്നു. എങ്കിലും കഠിനഹൃദയങ്ങൾ, അവർക്കായുള്ള വെഞ്ചാമരങ്ങളെ ഉറപ്പാക്കി. അവ വായുവിൽ വിഷക്കാറ്റു പടർത്തി.

മൂത്തപുത്രൻ @ധൂർത്തപുത്രൻ മാന്യനായിരുന്നു.
എനിക്കാണ് പിതാവിന്റെ ഹൃദയമറിയാവുന്നത് . ഇത്രയും വർഷങ്ങൾ രാവും പകലും അവനുവേണ്ടി പണിയെടുത്തത് ഞാനാണ്. പിതാവ് തന്ന മോതിരവും, അങ്കിയും ചെരിപ്പും എനിക്ക് തന്നേക്കുക. നോക്കൂ എത്ര സൗമ്യമായാണ് ഞാൻ നിന്നെ സ്വീകരിച്ചത്. നമുക്ക് സമാധാനത്തിൽ കഴിയാം. എന്നെ കാണുമ്പോളൊക്കെ ഒന്ന് മുട്ടിൽ നിന്നേക്കുക.
കായേൻ വളരെ ശുദ്ധനായ ഒരു ഭക്തനായിരുന്നു. പലതവണ ആബേലിനോട് പറഞ്ഞതാണ് എങ്ങനെ ബലിയർപ്പിക്കണമെന്ന്. ആബേൽ കേട്ടില്ല. തെറ്റായി അർപ്പിച്ചു ദൈവകോപം നേടുന്നതിനേക്കാൾ നല്ലത് ബലിയില്ലാതിരിക്കുന്നതല്ലേ? കായേൻ ആബേലിനെ കൊന്നു കളഞ്ഞു. ദൈവത്തെപ്രതിയല്ലേ, അത് കൊണ്ട് അത് ശരിയായിരിക്കാം.

അഹന്ത

ദൈവകാര്യങ്ങളിൽ വിശ്വാസിയുടെ അഹങ്കാരത്തെക്കാൾ വലുതായി  ബലിപീഠത്തിന്മേൽ പ്രതിഷ്ഠിക്കാവുന്ന മ്ലേച്ഛതയൊന്നുമില്ല. കാരണം, സ്വന്തം അഹന്തയല്ലാതെ മറ്റൊന്നും കണക്കിലെടുക്കാതെ ദൈവനാമം ചൊല്ലി ദൈവത്തെ പരിഹസിക്കുകയാണവർ. ദൈവത്തെ കുരങ്ങു കളിപ്പിക്കാമെന്ന ആത്മവിശ്വാസം, ദൈവാരാധനയുടെയും ഭക്തിയുടെയും ഏറ്റവും പരിശുദ്ധ ഭാഷയിൽതന്നെ അഹന്തകൾക്ക് വർണ്ണനകൾ നൽകുകയും ചെയ്യും.