Gentle Dew Drop

മാർച്ച് 27, 2019

മുഖം - നീ അറിഞ്ഞതും, അവർ അറിയുന്നതും

ദൈവത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് പരിമിതമായതിനാൽ, ദൈവത്തെക്കുറിച്ചു വാക്കുകളിൽ നമുക്ക് പറയാനാവുന്നതും പരിമിതമാണ്. തന്നെത്തന്നെ വെളിപ്പെടുത്തുമ്പോഴും, ദൈവം വാക്കുകളിലൊതുങ്ങാത്ത രഹസ്യം തന്നെയായി തുടരുന്നു. പൂർണ്ണമായി മനസിലാക്കിയെന്ന് നമുക്ക് തോന്നുന്നുണ്ടെങ്കിൽ മനസിലാക്കപ്പെട്ടത് ദൈവമായിരിക്കില്ലെന്ന് ഉറപ്പാണ്. ആന്തരികമായ തിരിച്ചറിവും അവബോധവുമാണ് വെളിപാട് എന്ന് നമ്മൾ മനസിലാക്കേണ്ടതുണ്ട്.
സൃഷ്ടവസ്തുക്കളുടെ രഹസ്യങ്ങളിൽനിന്നുള്ള സാധർമ്യ രൂപങ്ങളാണ് ദൈവത്തെക്കുറിച്ചു പറയാൻ നമ്മളുപയോഗിക്കുന്നത്. പൂർണ്ണതയോടെയല്ലെങ്കിലും അവയോരോന്നും ദൈവത്തെക്കുറിച്ച് പറയുന്നുണ്ട്.
സകലതിനും അതിന്റെ സ്വരൂപം നൽകുകയും, ഓരോന്നിന്റെയും സ്വഭാവമനുസരിച്ച് അതാതിന്റെ ഉദ്ദേശ്യങ്ങളിലേക്കു നയിക്കുകയും ചെയ്യുന്ന (beginning and end) പരമമായ സത്യമുണ്ടെന്നു മനസിലാക്കാൻ മനുഷ്യന് ഉൾക്കാഴ്ച നല്കപ്പെട്ടിട്ടുണ്ട്.  എങ്കിലും, പലരും പല മാനങ്ങളിലാകാം ഈ സത്യത്തെ മനസിലാക്കുന്നത്. ഒരാൾ ബൗദ്ധികതലത്തിൽ പരമസത്യമായും, മറ്റൊരാൾ കല, സംഗീതം, നൃത്തം, ഭക്തി മുതലായവയിൽ നിത്യസൗന്ദര്യമായും, സേവനതല്പരരായി അനന്ത നന്മയായും ആ സത്യത്തെ തിരിച്ചറിയുന്നുണ്ട്. എന്നാൽ അവ വേറിട്ട് നിൽക്കുന്നുമില്ല.
ആന്തരികമായി പ്രവർത്തിക്കുന്ന ദൈവാത്മസാന്നിധ്യത്തിന്റെ അടയാളങ്ങൾ തന്നെയാണവ.

ആരിൽ നമ്മൾ എല്ലാവരും ആയിരിക്കുകയും ചരിക്കുകയും ജീവിക്കുകയും ചെയ്യുന്നോ, അതേ ദൈവം തന്നെയാണ് പലദേശങ്ങളിലായി പല ഭാഷകളിലും സംസ്കൃതികളിലും നമ്മെ വളർത്തിയത്. നമ്മിൽനിന്നും ഒരിക്കലും അകലെയല്ലെങ്കിലും അവിടുത്തെ തേടാനും കണ്ടെത്തുവാനും ദൈവം നമ്മെ നയിക്കുന്നു. ഓരോ സമൂഹത്തിന്റെയും ജീവിച്ച ചുറ്റുപാടുകൾക്കനുസരിച്ച് അവരുടെ സങ്കല്പങ്ങൾക്കും ചിന്തകൾക്കും, വിശ്വാസങ്ങൾക്കും അവയുടെ പ്രകടഭാവങ്ങൾക്കും വ്യത്യസ്തമായ ഘടനകൾ ഉണ്ടായിട്ടുണ്ട്, അവരുടെ ദൈവസങ്കല്പങ്ങൾക്കു പോലും. പാലിച്ചും തിരുത്തിയും സമാധാനവും നന്മയും ആഗ്രഹിച്ച് ഓരോ സമൂഹവും അവരുടെ ആന്തരിക സുസ്ഥിതി നിലനിർത്തിയിട്ടുമുണ്ട്. ഒരു ദൈവസങ്കല്പവും ദൈവത്തിന്റെ പൂർണരൂപം നൽകുന്നില്ല, എന്നാൽ അപൂർണ്ണതകൾ ഉണ്ടെങ്കിലും അവയെല്ലാം സത്യം വെളിപ്പെടുത്തുന്നുമുണ്ട്. ഒരു വിശ്വാസസംവിധാനത്തിന്റെ ആത്മദർശനവും പ്രചോദനവും മനസിലാക്കാതെ അവയെ വിധിക്കുന്നത് ഉചിതമായ വ്യാഖ്യാനമല്ല. ഓരോ സംസ്കാരത്തിന്റെയും തനതായ സങ്കല്പങ്ങളിൽനിന്നും ചിട്ടകളിൽനിന്നും മറ്റുള്ളവ പോഷിപ്പിക്കപ്പെടുന്നുമുണ്ട്.

അങ്ങനെ കാണുമ്പോൾ ഒന്നാം പ്രമാണത്തിലെ "മറ്റു ദൈവങ്ങൾ" വിവിധ സംസ്കാരങ്ങളിലെ ദൈവസങ്കല്പങ്ങളാണോ? വിശ്വാസങ്ങളിലെ  പ്രചോദനങ്ങൾ തന്നെയാണ് അത്തരം സങ്കല്പങ്ങളെ രൂപപ്പെടുത്തിയതും. "മറ്റു ദൈവങ്ങളുടെ" സൃഷ്ടി നടക്കുന്നത് വേറൊരു വഴിക്കാണ്.
ദൈവസംപ്രീതി സാധ്യമാക്കുന്ന വഴികൾ, ഏതുതരത്തിൽ ദൈവത്തെ സമീപിക്കാം, ദൈവത്തിനു നമ്മോടുള്ള  പ്രതികരണങ്ങൾ  തുടങ്ങിയവയിലെ വികലമായ കാഴ്ചപ്പാടുകൾ സ്ഥാപിതതാല്പര്യങ്ങളെ സംരക്ഷിക്കുന്ന ഭാവനാത്മക രൂപങ്ങൾ സൃഷ്ടിക്കുവാൻ കഴിവുള്ളവയാണ്. അങ്ങനെ രൂപപ്പെടുന്ന,
നമ്മുടെ ഇഷ്ടത്തിനും ചിന്തകൾക്കുമിണങ്ങിയ ഇല്ലാദൈവങ്ങൾ -- അവയാണ് വിഗ്രഹങ്ങൾ. കല്ലിലും മരത്തിലും രൂപമാവണമെന്നില്ല വിഗ്രഹമാകാൻ. എന്നാൽ ഇവയുടെ പ്രചരണത്തിലെ ചൂഷകശക്തി അപാരമാണ്, ഭക്തിയുടെ പേരിൽ ഇരയാക്കപ്പെടുന്ന ആളുകളുടെ സ്ഥിതി ദയനീയവുമാണ്. ഏതു മതമായാലും ഈ പിഴവ് അന്തർലീനമാണ്. അത്തരം ദൈവങ്ങളെ ഓരോ ദിവസവും നമ്മൾ സൃഷ്ടിക്കാറുണ്ട്, ആരെങ്കിലും പരിചയപ്പെടുത്തുമ്പോൾ വിശ്വസിക്കാറുമുണ്ട്. അതുകൊണ്ടാണ് അവിടെയും ഇവിടെയുമുള്ള ദൈവങ്ങളെത്തേടി ആളുകൾ ഓടുന്നത്. അതും ഇതും ലഭിക്കാൻ എന്തും ചെയ്യാനും എവിടെ ചെല്ലാനും പ്രേരണ നൽകുന്നത് വിഗ്രഹം ജനിപ്പിക്കുന്ന വ്യർത്ഥഭാവങ്ങളാണ്. ആളുകളുടെ അജ്ഞതയും നേതാക്കളുടെ സങ്കുചിതമായ വ്യാഖ്യാനങ്ങളും ഇത്തരം വിഗ്രഹങ്ങൾക്ക് വളർച്ച നൽകുന്നുണ്ട്. ഓർക്കണം, ദൈവത്തെ കൊന്ന കൊലക്കത്തികളാണ് പാഴ്വിഗ്രഹങ്ങളായി രൂപപ്പെടുന്നത്. കാരണം അത്തരം സമീപനങ്ങളിൽ ദൈവത്തെ കണ്ടെത്താൻ നമുക്കാവില്ല. കാതലില്ലാത്ത മതസംരക്ഷണം യഥാർത്ഥത്തിൽ സ്വയംസംരക്ഷണവും വിഗ്രഹവത്കരണവുമാണ്.

ദുർവ്യാഖ്യാനം ഒന്നാം പ്രമാണത്തിനു നൽകുന്ന വിഗ്രഹസാധ്യത വളരെ വലുതാണ്.

Ref CCC 230, 28, 41, 42

മാർച്ച് 26, 2019

ഹൃത്തില്ലാത്ത ഉടമ്പടികൾ

ഒരു ദേശം കീഴടക്കിയ ഭരണാധികാരിക്കു കീഴിൽ സമാധാനത്തോടെ ജീവിക്കാനുള്ള വ്യവസ്ഥകളുടെ സ്വീകാര്യത വെളിപ്പെടുത്തുന്നതാണ് ഉടമ്പടി. വാഗ്ദാനം, നിബന്ധന, പൂർത്തീകരണം എന്നിവയാണ് ഉടമ്പടിയുടെ അടിസ്ഥാന ഘടന. പ്രചാരത്തിലിരുന്ന ഇത്തരം കരാർ വ്യവസ്ഥകളുടെ രൂപഘടനയിൽത്തന്നെയാണ് മോശയുടെ നിയമത്തിനും ഉടമ്പടി രൂപം കൈവന്നത്. നിബന്ധനകൾ പാലിക്കപ്പെടുമ്പോൾ പൂർത്തീകരിക്കപ്പെടുന്ന വാഗ്ദാനങ്ങൾ; അതിലാണ് ഉടമ്പടിയിലെ വിശ്വസ്തത.

അസീറിയയുടെ ആക്രമണത്തിൽ ഇസ്രായേൽ ചിതറിക്കപ്പെട്ടപ്പോൾ അത് അവർക്കു നിയമപാലനത്തിൽ വന്ന തെറ്റുകൾ മൂലമാണെന്നും, നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ തങ്ങൾക്കും അതുതന്നെ സംഭവിക്കുമെന്നും യൂദയാ  വ്യാഖ്യാനിച്ചു. അതോടൊപ്പം തന്നെ, ദാവീദിനോടുള്ള ഉടമ്പടി ഒരിക്കലും മാറ്റപ്പെടാത്തതായതിനാൽ അഹിതമായതൊന്നും തങ്ങൾക്കു സംഭവിക്കില്ലെന്നും അവർ ധരിച്ചു വച്ചു. എന്നാൽ ബാബിലോണിലെ പ്രവാസകാലം സ്വന്തം അഹങ്കാരങ്ങളെ തച്ചുടക്കാൻ ജനത്തെ പ്രേരിപ്പിച്ചു.

ഉടമ്പടിയുടെ സ്വഭാവത്തെക്കുറിച്ചടക്കം, പുനർവിചിന്തനം ചെയ്യിക്കുന്നതാണ് ജെറെമിയ ദർശിച്ച പുതിയ ഉടമ്പടി.  ആചാരങ്ങളിലും നിയമങ്ങളിലും സ്വയം അടച്ചുകളഞ്ഞ മതസംവിധാനങ്ങൾക്കെതിരെ വലിയ വെല്ലുവിളിയായിരുന്നു പ്രവാചകർ. അറിയപ്പെടുന്ന പ്രവാചകർ മാത്രമല്ല പ്രവാചകദൗത്യം സ്വന്തം വിചിന്തനങ്ങളിൽ കൊണ്ടുവന്ന ചെറുസമൂഹങ്ങളും ഉയർന്നുവന്നു. അനുഗ്രഹം-ശിക്ഷ കോർത്തിണക്കിയ ശുഷ്കമായ നീതിബോധത്തെ ശക്തമായി ചോദ്യം ചെയ്യുന്നതാണ് ജോബിന്റെ പുസ്തകം. വിജാതീയരോടുള്ള സമീപനങ്ങൾക്ക് പൊളിച്ചെഴുത്ത് നിർദേശിക്കുന്ന ഗ്രന്ഥങ്ങളാണ് യോനാ,എസ്തേർ റൂത്ത് എന്നിവ. മൂന്നാം ഏശയ്യാ എന്നറിയപ്പെടുന്ന ഭാഗവും ശ്രദ്ധേയമാണ്. എന്നാൽ അതേ  സമയത്ത് എസ്രാ-നെഹെമിയ യുടെ സമീപനം തികച്ചും വ്യത്യസ്തമായിരുന്നു. പാരമ്പര്യങ്ങളുടെ അക്ഷരമൂല്യങ്ങളിലേക്കുള്ള തിരിച്ചു പോക്കാണ് ഉടമ്പടിയുടെ പാലനമായി അവർ അവതരിപ്പിച്ചത്.
കല്പന, നിയമം, ഉടമ്പടി എന്നിവയുടെ അർത്ഥതലങ്ങളും പ്രാധാന്യവും ബൈബിളിൽ എത്രമാത്രമാണെന്ന് ആഴത്തിൽ മനസിലാക്കേണ്ടതുണ്ട്. അവയെക്കുറിച്ചുള്ള അബദ്ധധാരണകൾ സൃഷ്ടിച്ച ജീർണതകളെക്കുറിച്ചും, അത്തരം സാഹചര്യങ്ങളിൽ അവക്ക് ലഭിച്ച വെല്ലുവിളികളിൽ നൽകപ്പെട്ട ഉത്ബോധനങ്ങളും ബൈബിളിൽത്തന്നെ കാണുവാൻ കഴിയും.

ഹൃദയത്തിൽനിന്നു പാലിക്കപ്പെടാനുള്ള കരുത്ത് പുതിയ ഉടമ്പടി നൽകുന്നുണ്ട്, കാരണം അത് വ്യവസ്ഥകളില്ലാതെ പരസ്പരം അറിയുന്നതിലുള്ള സ്നേഹബന്ധമാണ്. ചുരുളുകളിലും കല്പലകകളിലും അല്ല ഹൃദയത്തിലാണ് പുതിയ കല്പന.
ഈ ഹൃദയബന്ധം വളരുന്ന ബോധ്യവും ഉത്തരവാദിത്തവുമാണ്. ശ്രദ്ധയോടെ ഏറ്റെടുക്കേണ്ട നീതിബോധവും ഇതുതന്നെയാണ്. ഇന്ന് ആചാരരൂപങ്ങളും, നിയമങ്ങളും പാലിക്കപ്പെടുന്നെങ്കിൽ ഈ ബന്ധത്തെ മുൻനിർത്തിയാവണം. സ്നേഹത്തിൽ ക്രിസ്തുവിലുള്ള പൂർണ്ണതയാണ് വാഗ്ദാനം. ക്രിസ്തുവിൽ ആയിരിക്കുക എന്നതാണ് പുതിയനിയമ വ്യവസ്ഥ, അതുതന്നെയാണ് പൂർത്തീകരണവും. ചെയ്യേണ്ട പ്രവൃത്തി ഒന്ന് മാത്രമാണ്, സ്നേഹിക്കുക.

പുതിയനിയമപാലനത്തിന് പുതിയ മനഃസാക്ഷി വേണം, അത് നിയമങ്ങൾ കൊണ്ട് രൂപീകൃതമായതല്ല ക്രിസ്തുസ്വഭാവം കൊണ്ട് രൂപപ്പെടുന്നതാണ്. സ്വയം തിരുത്താൻ, നന്നാവാൻ ശ്രമിക്കുന്നല്ലോ എന്നതുകൊണ്ട് മാത്രം സുവിശേഷ യാത്ര ഉണ്ടാകുന്നില്ല. മാത്രമല്ല, ആ നന്നാവലിലെ ഉദ്ദേശ്യം പുണ്യങ്ങളോടുള്ള താല്പര്യമോ, ക്രിസ്തുവിലേക്കുള്ള വളർച്ചയോ ആവാതെ, കാര്യലാഭം മാത്രമാകുമ്പോൾ അതിൽ സ്നേഹത്തിന്റെ ഉടമ്പടിക്കു പകരം ദൈവത്തെ എങ്ങനെ ഉപയോഗിക്കാം എന്നതാണ് പ്രധാനം. ആ കാര്യലബ്ധിക്കു വേണ്ടി ഏറ്റെടുക്കുന്നവ മാത്രമാണ് ആ നന്നാവലൊക്കെയും.

നിയമപാലനം നൽകുന്ന ചുരുങ്ങിയ സംതൃപ്തിയിൽ നീതിബോധം ചുരുക്കിനിർത്തുമ്പോഴാണ് സ്നേഹമെന്ന വിളി അവഗണിക്കപ്പെട്ടു പോകുന്നത്. മാന്ത്രികതുല്യമായ ഭക്തക്രിയകൾക്ക് ഇടം ലഭിക്കുന്നതും അവിടെയാണ്. അനുഗ്രഹങ്ങൾ പ്രാപിക്കണമെങ്കിൽ നിയമം പാലിക്കേണ്ടിയിരിക്കുന്നു, ദുരിതങ്ങളുടെ കാരണം നിയമലംഘനമാണ് തുടങ്ങിയ ബാലിശമായ നീതിസാരത്തിനും അപ്പുറം വളരാൻ ഇനിയും ആവാത്തത് എന്തുകൊണ്ടാണ്? പാലിക്കപ്പെടേണ്ട നിയമങ്ങൾക്കുമപ്പുറം വളർന്നെത്തേണ്ട സ്വഭാവഗുണങ്ങളെക്കുറിച്ച് എന്ന് നമ്മൾ ധ്യാനിച്ചു തുടങ്ങും? പോലീസ് പിടിക്കുമെന്നു വെച്ച് മര്യാദക്കാരനാകുന്നതും, സ്വന്തം വ്യക്തിത്വത്തിന്റെ ഭാഗമായി അച്ചടക്കം ഉണ്ടാകുന്നതും ഗുണത്തിൽ വ്യത്യസ്തമാണല്ലോ. ഈ അടുത്ത കാലത്ത് വളച്ചൊടിക്കപ്പെടുന്ന വചനാർത്ഥവും, തെറ്റിദ്ധരിക്കപ്പെട്ട ഉടമ്പടികളും കാലത്തിന്റെ ചുവരെഴുത്തുകളാണ്.

മാർച്ച് 22, 2019

ദിവ്യശ്വാസം, പ്രപഞ്ചതാളം

ദൈവത്തിന്റെ ജീവശ്വാസം പ്രപഞ്ചത്തിനു മനുഷ്യഭാഷ നൽകിയതിനും എത്രയോ മുമ്പേ ആ ദിവ്യശ്വാസം സൃഷ്ടിയിൽ രൂപകല്പന നൽകിത്തുടങ്ങി. പ്രപഞ്ചം അതിന്റെ ചുവടുകളിൽ എത്രയോ വ്യത്യസ്തതകളിൽ ആ ശ്വാസത്തിന് ജീവരൂപം നൽകിയിരിക്കുന്നു. 

വാക്കുകൾക്കും മുമ്പേ ശബ്ദവും ധ്വനിയും അതിനും മുമ്പേ സ്വപ്നവും ... 
സ്വപ്നങ്ങളിൽ ജീവവായു എത്തുമ്പോൾ പുതുസൃഷ്ടിയും ....
വാക്കുകളിൽ അടഞ്ഞു പോകുന്ന ഹൃദയങ്ങൾ സ്വപ്നങ്ങൾക്കുനേരേ സ്വയം തുറന്നിരുന്നെങ്കിൽ


മാർച്ച് 12, 2019

കുരിശ്: വേദനയിലെ വിശ്വസ്തത

ക്രിസ്തുവിനു കുരിശിന്റെ വഴി ധന്യമായത്, സഹിച്ച വേദനകൾകൊണ്ടല്ല, തകർച്ചയിലും സൂക്ഷിച്ച ദൈവാശ്രയബോധം കൊണ്ടാണ്. നമ്മുടെ വഴികളിലും സഹനങ്ങളുണ്ട്, ആ നിമിഷങ്ങളിൽ നിലനിർത്താൻ കഴിയുന്ന വിശ്വസ്തതയാണ് രക്ഷനൽകുന്ന കുരിശ്.
കുരിശുകളെ നീക്കാമെന്നു പൊഴിവാക്കുപറയുന്ന ദൈവങ്ങളെയും അവരുടെ പ്രവാചകരെയും ഉപേക്ഷിച്ചു കളയൂ. അപമാനത്തിലും, വേദനയിലും വിശ്വസ്തരാകാൻ പരിശ്രമിക്കുന്ന നമ്മോടൊത്ത് നമ്മുടെ കുരിശുമായി മുട്ടിലിഴയാൻ തയ്യാറാകുന്നവനാണ് മിശിഹാ.

മാർച്ച് 10, 2019

മരുഭൂമി

നീർച്ചാലുകൾ നമ്മെ നനക്കുന്നുണ്ടാകും, എങ്കിലും ഞാനെന്ന എന്നിലെ ആഴവും അർത്ഥവും അറിയാൻ മരുഭൂവിന്റെ വരൾച്ച വഴിയൊരുക്കും. പരീക്ഷിതനായ ക്രിസ്തു മാലാഖമാരുടെ ശുശ്രൂഷയും വന്യമൃഗങ്ങളുടെ സൗഹൃദവും ഉള്ളിന്റെ ആർദ്രതയാക്കി. യഥാർത്ഥ വന്യത നമ്മുടെ സംഘര്ഷങ്ങളോടുതന്നെ നമ്മൾ കാണിക്കുന്ന സമീപനമാണ്. ഉള്ളിൽ മുഴങ്ങിയ വചനമാണ് അവനെ മരുഭൂമിയിലേക്ക് നയിച്ചത്. വൈരുദ്ധ്യങ്ങൾ നമുക്ക് യാഥാർത്ഥ്യബോധം നൽകുന്നുണ്ട്.വരണ്ട ഭൂമിയിൽ ആശ്വാസമായി കൊച്ചു നീരുറവകൾ, കട്ടിയായ പാറക്കെട്ടുകൾക്കിടയിൽ തേനിന്റെ സമൃദ്ധി, മുൾച്ചെടികളുടെ മധുരമുള്ള കനികൾ ... അപ്രതീക്ഷിതമായിടത്തെ ലാളിത്യങ്ങളിലാണ് സ്വർഗ്ഗരാജ്യം. പിശാചെന്ന കഠിനത പിടിച്ചുലക്കുന്നത് ഈ ലാളിത്യത്തെയാണ്.

മരുഭൂമി വലിയൊരു പാഠമാണ്. ദേവാലയത്തിന്റെ ഗോപുരങ്ങൾ മരുഭൂമിയിലല്ല, ആരാധനകളുടെ ആഢ്യതയും അവിടെയില്ല, അധികാരവും പദവിയും അവിടെയില്ല, നല്കപ്പെടാൻ വലുതായൊന്നും ഇല്ല, എന്നാൽ ഇവയൊന്നും ഇല്ലാത്തിടത്താണ് സ്വയം നാം ആരാണെന്നും, ഇവയൊന്നുമില്ലെങ്കിൽ യഥാർത്ഥത്തിൽ നമ്മൾ എങ്ങനെ പ്രതികരിക്കുമെന്നും നമ്മൾ തന്നെ അറിയുക. തണലിനു വേണ്ടി ഒരു നീർച്ചോലക്കുവേണ്ടി പ്രതീക്ഷയോടെ നടക്കണം, അവിടെ കുടിക്കാനും വിശ്രമിക്കാനും മൃഗങ്ങളോടും പക്ഷികളോടും കൂടെ ഒന്നായി ഇരിക്കണം. മനുഷ്യപുത്രൻ രാജാവല്ലെന്നു അവിടെ അവൻ അറിയുന്നു.

മാർച്ച് 06, 2019

കാത്തിരിപ്പ് വയ്യെങ്കിൽ ...

വഴിയിൽ കല്ലുകളും മുള്ളുകളും, പറമ്പിൽ കാട്ടുപന്നിയും പെരുമ്പാമ്പും കണ്ട് കഷ്ടതയും സഹനവും നേരിട്ടുതന്നെയാണ് മലബാറിലേക്ക് ആളുകൾ കുടിയേറിയത്. കുഴിച്ചുവെച്ച കാച്ചിലും ചേനയും മുളച്ചതും, നട്ട തെങ്ങു വളരുന്നതും അനുഗ്രഹങ്ങളായിരുന്നു.
ക്ഷമയോടെയുള്ള അവരുടെ കാത്തിരിപ്പ് അവരുടെ വിശ്വാസത്തിന്റെ ശക്തമായ അടയാളമാണ്. തൈകൾ വളർന്നതും, വാഴകുലച്ചതും, കുഞ്ഞുങ്ങൾ പഠിച്ചുവളർന്നതും ജോലി ലഭിച്ചതും, പള്ളികളും സ്കൂളുകളും ഉയർന്നതും കാലങ്ങൾ കാത്തിരുന്ന് തന്നെയാണ്.
നാലുമണിക്ക് മണ്ണെണ്ണവിളക്കു തെളിച്ചു മലയിറങ്ങി കുർബാനക്ക് വന്നിരുന്ന ഒരു വല്യമ്മ ഇന്നും ഓർമ്മയിലുണ്ട്. പട്ടിണികിടന്നു മണ്ണിനോട് മല്ലിട്ട അവരുടെ മക്കൾ ജീവിക്കാനുള്ള നിലയിലെത്തിയത് ഉടമ്പടി ചെയ്തിട്ടല്ല. ആഗ്രഹസാധ്യത്തിനുവേണ്ടി അരമണിക്കൂർ വീതം വായിക്കാൻ അന്ന് വീടുകളിൽ ബൈബിൾ പോലും ഉണ്ടായിരുന്നില്ല. എങ്കിലും അവരുടെ വിശ്വാസവും ജീവിതക്രമവും സാക്ഷ്യമായിരുന്നു. ഇല്ലായ്മയിൽ നിന്ന് പതുക്കെ കരകേറിവരുന്നതേയുണ്ടായിരുന്നെങ്കിലും അവർക്കു പറയാൻ കഴിയുമായിരുന്നു, "മോനെ, ദൈവം എല്ലാം തരും, നമ്മൾ ഒരിക്കലും കള്ളത്തരം കാണിക്കരുത്." മക്കളെ മാറോടുചേർത്ത് ഈന്തുപനയോലവെച്ചുകെട്ടിയ മറക്കുള്ളിൽ ഒറ്റയ്ക്ക് രാത്രി കഴിച്ചുകൂട്ടിയ സമയത്തേക്കുറിച്ച് എന്റെ വല്യമ്മ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. വേദനകളിൽ നിലനിർത്തിയ കാത്തിരിപ്പിന്റെയും പ്രത്യാശയുടെയും ബലം അവർക്ക് ക്രിസ്തുവിശ്വാസത്തിന്റെ കാതലായിരുന്നു. അവരുടെ ദൈവമാണ് എന്റെ ദൈവം. കല്ലുകളും കാടും നീക്കാൻ കൈകൾക്കു ബലവും ഉള്ളിൽ കരുത്തും തന്ന് നയിച്ചവനാണ് ആ ദൈവം. ഞാൻ അറിയുന്ന സാധാരണക്കാരന്റെ വിശ്വാസം അതാണ്. ഒറ്റ ഉടമ്പടി കൊണ്ട് സകല നിയോഗങ്ങളും പൂർത്തീകരിക്കുന്ന വിചിത്ര ദൈവങ്ങൾ അവർക്കും എനിക്കും അന്യമാണ്.

കാത്തിരിപ്പ് ദൈവാശ്രയബോധത്തിന്റെ അടയാളമാണ്. ആ കൃപയുടെ മൂല്യം പരിശീലിപ്പിക്കാത്ത ക്രിസ്തീയത വൈകാരികജല്പനങ്ങളുടെ അവതരണങ്ങൾ മാത്രമാണ്. സങ്കീർണതകൾക്കിടയിൽ ഈയാംപാറ്റകളാകുന്ന വിശ്വാസികളുടെ നിസ്സഹായതയോടുള്ള പരിഹാസമാണ് ആത്മീയപരിവേഷമുള്ള എളുപ്പവിദ്യകൾ. അവരെക്കൊണ്ട് ഉടമ്പടിയുടെ വിഗ്രഹങ്ങളുടെ ഭാരങ്ങൾ ചുമപ്പിക്കരുത്.