Gentle Dew Drop

ജൂലൈ 28, 2020

വ്യർത്ഥമായ സുരക്ഷ

അസ്സീറിയക്കെതിരെ തങ്ങളെ രക്ഷിക്കാൻ ഈജിപ്ത് വരുമെന്ന് ഇസ്രായേൽ പ്രതീക്ഷ വെച്ചു. അസ്സീറിയ ആക്രമിച്ചപ്പോൾ ഈജിപ്ത് രക്ഷക്കെത്തിയില്ല, ഇസ്രായേൽ ചിതറിക്കപ്പെട്ടു.
ക്രൈസ്തവരെന്ന് അവകാശപ്പെടുന്ന ചില വിഭാഗങ്ങൾ രാഷ്ട്രീയപ്രീണനം വഴി ഉറപ്പിക്കാനുദ്ദേശിക്കുന്ന സ്വയരക്ഷ സ്വയം ചിതറിക്കപ്പെടാനേ ഉപകരിക്കൂ.
മുതലയുടെ പുറത്തു ജലസവാരി ചെയ്യുന്ന വിഡ്ഢിക്കുരങ്ങന്റെ സുരക്ഷിത ബോധമാണ് നമ്മൾ സൃഷ്ടിച്ചെടുക്കുന്നത്.

വ്യക്തികൾക്കെന്ന പോലെ രാഷ്ട്രങ്ങൾക്കും സംസ്കാരങ്ങൾക്കും ഭാഷകൾക്കും ഇന്ന് identity crisis നേരിടേണ്ടതായി വരുന്നുണ്ട്. അതിനെ പ്രതിരോധിക്കാൻ തീവ്രനിലപാടുകളെടുക്കുകയാണ് പതിവ്. ഏത് തീവ്രചിന്തയും ആദ്യം വളർത്തിയെടുക്കുന്നത് തകർച്ചയുടെ ഒരു ഭാഷ്യമാണ്. തകർച്ചയുടെ കാരണം യഥാർത്ഥമോ സാങ്കല്പികമോ ആയ ശത്രുവിൽ ആരോപിക്കുകയും ചെയ്യും. തകർച്ചയും യഥാർത്ഥമോ സാങ്കല്പികമോ ആകാം (തകർച്ചക്ക് ആന്തരികമായ മറ്റനേകം കാരണങ്ങൾ ഉണ്ടാവുകയും ചെയ്യും. അവയെ സൗകര്യം പോലെ മാറ്റി നിർത്തി കണ്ണടച്ച് കളയുകയാണ് പതിവ്). മതത്തിന്റെ ഏതൊരു തരത്തിലുള്ള രാഷ്ട്രീയവത്കരണവും വ്യക്തിപരമായി ഞാൻ പിന്തുണക്കുന്നില്ല. തീവ്രനിലപാടുകൾ മതവിശ്വാസത്തിലപ്പുറം രാഷ്ട്രീയലക്ഷ്യങ്ങളാണ് താലോലിക്കുന്നത്. ഏതു മതമാണെങ്കിലും അത് അതിന്റെ ആന്തരികതയെ നശിപ്പിക്കുകയാണ്. നാളുകൾക്കു മുമ്പ് അമേരിക്കൻ ക്രിസ്തീയ തീവ്രനിലപാടുകൾ നമുക്കിടയിലും പ്രകടമാണ്. സ്വയം സുരക്ഷിതമാക്കാൻ മതധാർമ്മികത മറന്നുകൊണ്ട് രാഷ്ട്രീയപ്രീണനം നടത്തുന്ന നിലപാടുകൾ വിശ്വാസി സമൂഹങ്ങളെ (അത് ഏതു മതവുമാകട്ടെ) തകർക്കുകയേയുള്ളു.ഓരോ വ്യക്തിക്കും അവരവരുടെ രാഷ്ട്രീയനിലപാടുകൾ എടുക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ട്‌. എന്നാൽ മതവികാരത്തെ ചൂഷണം ചെയ്തുകൊണ്ട് രാഷ്ട്രീയ പിന്തുണ നേടുന്നതും, സ്വന്തം മതവിഭാഗത്തെ അതിനുവേണ്ടി ചേരിതിരിക്കുന്നതും വഞ്ചനയാണ്. രാഷ്ട്രീയലക്ഷ്യമുള്ളവർ മതം അവരുടെ ഭാഷയാക്കാതെ നേരിട്ട് അവരുടെ ഉദ്ദേശ്യവും ബോധ്യവും അവതരിപ്പിക്കട്ടെ.

ന്യൂട്ടോണിയൻ deterministic, predictability ചിന്തകൾ അപക്വമായി ദൈവശാസ്ത്രത്തിലേക്ക് ചേർത്തുവയ്ക്കാൻ ചിലർ പരിശ്രമിച്ചിരുന്നു അന്ന്. അത്തരം ചില ചിന്തകളിൽ നിന്ന് ഇനിയും നമ്മൾ സ്വതന്ത്രമായിട്ടില്ല. ആശ്ചര്യകരമായത് അതോടൊപ്പമുണ്ടായ മറ്റു രണ്ടു പ്രതികരണങ്ങളാണ്. ഒരു വിഭാഗം 'ശാസ്ത്രീയമായി' ത്തന്നെ പ്രബുദ്ധതയിൽ മതത്തെ വ്യാഖ്യാനിക്കേണ്ടതുണ്ട് എന്ന നിലപാടിൽ പുതിയ ഭാഷ നൽകി, പതിയെ ഫ്രീ മേസൺറി പോലുള്ള ധാരകളായി മാറി. മറുവശത്ത് അതേ കണക്കുകൂട്ടലുകൾ വിശ്വാസത്തിന്റെ ഭാഷയിൽ ഒട്ടനേകം അന്ധവിശ്വാസങ്ങൾക്കും മാന്ത്രികതകൾക്കും വഴി നൽകി.

നമ്മുടെ കാലത്ത് വിവരസാങ്കേതികവിദ്യയാണ്‌ സാംസ്കാരിക ഭാഷ. ഏതൊരു കാലഘട്ടത്തിന്റെ പ്രശ്നങ്ങളെ വിശകലനം ചെയ്യുമ്പോഴും അപ്പോഴുള്ള നിയന്ത്രണ ശക്തി എന്താണെന്ന് കാര്യമായിത്തന്നെ പരിഗണിക്കേണ്ടതുണ്ട്. ഇന്ന് കോർപ്പറേറ്റ് ബിസിനസ്സും സാമ്പത്തികമൂലധനവുമാണ് നിയന്ത്രണശക്തി (സുൽത്താനോ ചക്രവർത്തിമാരോ അല്ല). മുകളിൽ രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞതുപോലെതന്നെ ബിസിനസ് താല്പര്യങ്ങൾക്കായും മതവികാരത്തെ ദുർവിനിയോഗം ചെയ്യുന്നവരുണ്ട്. മറ്റേതൊരു കമ്പനിയെയും പോലെ മത്സരിക്കുന്ന മറ്റൊരു കമ്പനിയായി മതവും മാറ്റപ്പെടുന്നു.

ഒരു വിഭാഗം നിരീശ്വരത ഇഷ്ടപ്പെടുമ്പോൾ മറുഭാഗത്ത് ഇവിടെയും രണ്ടു പ്രവണതകളുണ്ട്. ശാസ്ത്രത്തെയും അതിപ്രാചീന ആചാരങ്ങളെയും ഇഴചേർക്കുന്ന New Age പ്രസ്ഥാനങ്ങൾ ഒരു വശത്തും, അതിതീവ്ര ചിന്ത അനിവാര്യമാണെന്ന ചിന്ത മറു വശത്തും. Religious fundamentalism സ്വന്തം മതത്തിൽ 'തീക്ഷ്ണത'യും മറ്റു മതങ്ങളിൽ fanaticism ഉം ആണെന്ന് പറയുന്നത് ശരിയല്ല. മതാത്മകത പോലെതന്നെ അതിതീവ്രഭക്തിയും ഈ കാലഘട്ടത്തിന്റെ പ്രവണതയാണ്. പക്വമായ വിശ്വാസത്തെക്കാൾ അത് മാനസിക പ്രതികരണമാണ്. ഏതു മതത്തിലും ഇവ ഇന്ന് കാണാനാകും.

ക്രിസ്തു പറഞ്ഞതൊന്നും ഈ കാലത്തു നടക്കില്ല എന്ന് പറയുന്ന അനേകരെ ശ്രദ്ധിച്ചിട്ടുണ്ട്. ചുരുക്കത്തിൽ അവർ പറയുന്നത് ക്രിസ്തുവിനു കാലിക പ്രസക്തി ഇല്ല എന്നാണ്. ക്രിസ്തു ഇല്ലാത്ത എന്ത് ക്രിസ്തുസമുദായം ആണ് നമുക്ക് രൂപപ്പെടുത്താനാവുക. രാഷ്ട്രീയവും സാമൂഹികവുമായ നിലപാടുകൾ നമുക്കാവശ്യമാണെങ്കിൽ തന്നെ അത്തരം പ്രതികരണങ്ങളിൽ ക്രിസ്തുവിന്റെ മനോഭാവമില്ലെങ്കിൽ നമ്മൾ അധപതിച്ചു കഴിഞ്ഞു എന്നാണ് അർത്ഥം. ഇത്തരം അവസരങ്ങളിൽ പരിശുദ്ധാത്മാവിന്റെ ഫലങ്ങളും മറ്റും അടച്ച ബൈബിളിലെ മറക്കപ്പെട്ട ഭാഗങ്ങളാവുകയല്ലേ. ആരിലെങ്കിലും നന്മയിലേക്കുള്ള ഒരു മാറ്റം നമ്മൾ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നുവെങ്കിൽ അത് സൗഹൃദപരമായ തിരുത്തലുകളിലൂടെയല്ലേ കഴിയൂ. പകരം ശത്രുതാ മനോഭാവം പുലർത്തിക്കൊണ്ട് ഇകഴ്ത്തിയും തളർത്തിയും ആ മാറ്റം കൊണ്ടുവരാനാവില്ലല്ലോ.

ചരിത്രപരവും, സാംസ്കാരികവും, മതപരവുമായ മൂല്യങ്ങൾ ഹാഗിയ സോഫിയ യ്ക്കുണ്ട്. അത് 'ഇപ്പോൾ' മസ്‌ജിത് ആക്കുന്നതിൽ ഉൾപ്പെടുന്നത് മതത്തിനുള്ള വിശ്വാസത്തെക്കാൾ അവിടെ സാധ്യമാക്കുന്ന മത-ദേശീയതാ രാഷ്ട്രീയമാണ്. സമാനമായ രാഷ്ട്രീയപ്രവണതകൾ ലോകത്തിൽ പല രാജ്യങ്ങളിലും കാണാം. പൊതുവായ ഒരു ചിത്രം കാണാൻ ശ്രമിച്ചാൽ അത് ചരിത്രത്തിനു ശുഭകരമായ സൂചനയല്ല നൽകുന്നത്. അതിതീവ്രനിലപാടുകൾ പ്രതിരോധ രീതിയായി കാണുന്നത് അപകടകരമായ സമീപനമാണ്. വാണിജ്യ-രാഷ്ട്രീയ താല്പര്യങ്ങൾക്കായി സ്വന്തം വിശ്വാസങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ടോ എന്ന് ഓരോ മതവും അവയുടെ നേതൃത്വവും ജാഗ്രതയോടെ നിരീക്ഷിക്കേണ്ടതുണ്ട്. ഉള്ളിൽത്തന്നെയുള്ള അത്തരം ആപത്തു മനസിലാക്കി സ്വയം താക്കീത് നൽകുകയാണ് ആദ്യ പടിയായി നമുക്ക് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം. 

പുതിയ ശരികളും അവയെ ചേർത്തുനിർത്തുന്ന പുതിയ ഭക്തി രൂപങ്ങളും വിശ്വാസത്തിൽ ഉടലെടുക്കുമ്പോൾ (ഏതു മതത്തിലേതുമാവട്ടെ) തെളിമയുള്ള മുഖക്കണ്ണാടികൾ ആവശ്യമാണ്. ചേർത്ത് വെച്ച് നോക്കിയാൽ ഇവക്കെല്ലാം അവയുടെ പ്രതീകങ്ങളിലും, വിവരണങ്ങളിലും, മതഗ്രന്ഥങ്ങളെ ഉപയോഗിക്കുന്ന രീതികളിലും, സമൂഹത്തെ ധ്രുവീകരിക്കുന്ന രീതികളിലും വലിയ സമാനതകൾ ഉണ്ടെന്നതാണ്. സാമൂഹികവും, സാംസ്കാരികവും സാമ്പത്തികവുമായ തകർച്ചാഭീതിയെ വേണ്ടവിധം അതാതിന്റെ കാരണങ്ങളെ വിശകലനം ചെയ്‌ത്‌ അഭിമുഖീകരിക്കാൻ കഴിയാതെ അന്യരിൽ ആരോപിക്കുന്ന ശൈലി അടിസ്ഥാനപരമാണ്.
See also

ജൂലൈ 27, 2020

പ്രാർത്ഥന

ദൈവത്തിൽ ആശ്രയിക്കാം,
പ്രാർത്ഥനകളിലല്ല ശരണം.
പ്രാർത്ഥന കൃപകളിലേക്കു നമ്മെ തുറക്കുന്നു,
പ്രാർത്ഥനകളാൽ കൃപ നിർമ്മിക്കപ്പെടുന്നില്ല.
ദൈവമാണ് കൃപാസ്രോതസ്.

ഈ പ്രാർത്ഥന ചൊല്ലിയില്ലെങ്കിൽ, ഈ വിശുദ്ധനോട് പ്രാർത്ഥിച്ചില്ലെങ്കിൽ, ഈ നൊവേന നടത്തിയില്ലെങ്കിൽ ഈ തിരുനാൾ നടന്നില്ലെങ്കിൽ ദൈവം അനുഗ്രഹിക്കില്ലെന്നോ, വിശുദ്ധർ പ്രാർത്ഥിക്കില്ലെന്നോ കരുതുന്നത് വിശ്വാസത്തിലെ ശുഷ്കതയാണ്.
ദൈവം അളന്നല്ല ദാനങ്ങൾ നൽകുന്നത്.

പ്രാർത്ഥനകളുടെ എണ്ണവും സമയവും കൂട്ടുന്നതുകൊണ്ട് 'ഉദ്ദിഷ്ട കാര്യസാധ്യമോ' അനുഗ്രഹമോ ലഭിക്കണമെന്നില്ല. ഹൃദയത്തിൽ ആത്മാർത്ഥതയുണ്ടാവുക എന്നതാണ് പ്രധാനം, അതുപോലെ തന്നെ ദൈവത്തിലുള്ള ആശ്രയവും. പതിവായി കുമ്പസാരിച്ചതുകൊണ്ട് വിശുദ്ധി ഉറപ്പാകുന്നില്ല. വെറുപ്പില്ലാത്ത അവസ്ഥയാണ് വിശുദ്ധി. അപ്പോൾ സ്നേഹവും ഉണ്ടാകും.

ദേവാലയവുമായി ഒട്ടി നിന്നതു കൊണ്ടോ, പ്രാർത്ഥനകൾ നിഷ്ഠയായി ചൊല്ലിയത് കൊണ്ടോ വിശ്വാസം കാണണമെന്നില്ല. എളിമയുള്ള ഹൃദയത്തിലേ ദൈവത്തിന് ഇടമുള്ളൂ, അവിടെയേ കാത്തിരിപ്പും ക്ഷമയും ഉണ്ടാകൂ.

ജൂലൈ 25, 2020

പൈതൃകം കാഴ്ചവസ്തുവാകുന്നോ

വല്യപ്പപ്പപ്പപ്പപ്പപ്പാപ്പ ക്കുണ്ടായിരുന്ന കൈക്കോടാലി തലമുറകൾ കൈ മാറി ഇന്ന് അയാളുടെ കൈയിലുണ്ട്.
പൈതൃകമായി നല്കപ്പെട്ടതാണെങ്കിലും ഇടയ്ക്കു കാച്ചിമിനുക്കുകയും പുതിയ കൈ ഇടുകയും ചെയ്യാറുണ്ട്.

ഇപ്പോൾ അത് വല്യപ്പപ്പപ്പപ്പപ്പപ്പാപ്പയുടേതാണ് താനും എന്നാൽ അല്ല താനും.
ചില്ലു കൂട്ടിൽ അടച്ചു വച്ചിരുന്നെങ്കിലോ? അത് വെറും കാഴ്ച വസ്തുവാകുമായിരുന്നു.

കൈക്കോടാലികൾ മാത്രമല്ല, അകത്തു കയറി നമ്മളെ തന്നെ ചില്ലുകൂടുകളിൽ അടച്ചു വയ്ക്കുവാനുള്ള ശ്രമങ്ങളാണ് അതിതീവ്രം നടന്നുകൊണ്ടിരിക്കുന്നത്.

"കണ്ണ് തുറക്കാത്ത ...
ചിരിക്കാനറിയാത്ത, കരയാനറിയാത്ത" കാഴ്ചവസ്തുക്കൾ!

ജൂലൈ 22, 2020

അനുരഞ്ജനം അരികെ

അനുരഞ്ജനം എന്നത് തെറ്റും അതിനുള്ള പരിഹാരവുമല്ല, അത് വ്യക്തിക്കും വ്യക്തിയോടുള്ള ബന്ധത്തിനുമുള്ള മൂല്യം തിരിച്ചറിയുന്നതാണ്.

ദൈവവുമായുള്ള അനുരഞ്ജനം, അവിടുത്തെ അറിയുവാനും നമ്മുടെ കുറവുകളിൽ അവിടുത്തെ കൃപകളിൽ ആശ്രയിക്കുവാനുമുള്ള തുറവിയാണ്. വീഴ്ച  എത്ര വലുതാണെങ്കിലും ദൈവത്തിലേക്ക് മുഖം തിരിക്കാൻ മടിക്കേണ്ടതില്ല എന്നത്‌ ബോധ്യപ്പെടുന്നത് ദൈവത്തെ നമ്മൾ എപ്രകാരം അറിയുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. പാപങ്ങളും അവയുടെ കാരണവഴികളും മുമ്പിൽ വച്ച് ദൈവമേ ആശ്വസിപ്പിക്കേണമേ എന്ന് ആത്മാർത്ഥമായി പറയുവാൻ കഴിഞ്ഞെങ്കിൽ ദൈവത്തിന്റെ സ്വീകാര്യതയിൽ വിശ്വാസമുണ്ടെന്നു കരുതാം. ദൈവം നമുക്ക് ജീവൻ പകരുമെന്നും കരുത്തുള്ളവരാക്കുമെന്നുമുള്ള പ്രത്യാശ ദൈവം നൽകുന്ന സ്നേഹം, ക്ഷമ, സൗഖ്യം, ആശ്വാസം, ദിശാബോധം, കരുതൽ എന്നിവയുടെയെല്ലാം ഉറവിടം ദൈവിക ജീവൻ എന്നതാണ്.

തെറ്റുകളെക്കുറിച്ചുള്ള വിചിന്തനം, ഉറച്ച കാൽവയ്‌പ്‌ ആവശ്യപ്പെടുന്നുണ്ട്. മറന്നു കളഞ്ഞ ഏതാനം ഉത്തരവാദിത്തങ്ങളെ ഏറ്റെടുത്ത് മുമ്പോട്ടു പോകാൻ തയ്യാറായെങ്കിലേ ദൈവം നൽകുന്ന ജീവന്റെയും സൗഖ്യത്തിന്റെയും അനുഭവം, നമ്മിൽ യാഥാർത്ഥ്യമാകൂ. ബോധപൂർവമുള്ള തെറ്റുകളെക്കാൾ, വന്നുപോകുന്ന വീഴ്ചകളാണ് ഏറെയും. ആത്മബലവും ക്ഷമയോടെയുള്ള കാത്തിരിപ്പും സ്വയം നല്കപ്പെടേണ്ട നിരന്തരമായ പ്രോത്സാഹനവും കൃപയുടെ ഫലങ്ങളായി സ്വീകരിക്കപ്പെടണം. ബോധപൂർവമായ തെറ്റുകളെ ഇച്ഛാശക്തിയോടെ തിരുത്തുവാനുള്ള ആന്തരിക ബലത്തിനും ആത്മാർത്ഥമായ ആഗ്രഹവും പ്രയത്നവും പ്രാർത്ഥനയും ആവശ്യമായുണ്ട്. കൂദാശകളെ യാന്ത്രികതയിലേക്ക് മാറ്റിക്കളഞ്ഞപ്പോൾ അന്യമായിപ്പോയ യാഥാർത്ഥ്യമാണ് അനുരഞ്ജനത്തിന്റെ ഈ അനുഭവം.

ദൈവത്തിന്റെ കരുണ പ്രാർത്ഥിക്കുന്നയാൾ ആ കരുണയിൽ വിശ്വസിക്കുകയാണ് ആദ്യം വേണ്ടത്. അവിടുത്തെ കാരുണ്യാതിരേകത്തേക്കാൾ ശിക്ഷയെ ഭയന്നുകൊണ്ടാണ് പ്രാർത്ഥിക്കുന്നതെങ്കിൽ അവിടെ ഹൃദയബന്ധമില്ല. ആവർത്തിക്കുന്നവയെ ഹൃദയത്തിലെടുക്കാതെയും, അവയെ പ്രവൃത്തിപദത്തിൽ കൊണ്ടുവരാനുള്ള പ്രയത്നങ്ങളില്ലാതെയുമുള്ള ആവർത്തനങ്ങളും (ഉദാ: സങ്കീ 51) അനുരഞ്ജനത്തിന്റെ ഫലങ്ങളുണ്ടാക്കുമെന്ന് പ്രതീക്ഷിക്കരുത്.

കുമ്പസാരം സാധ്യമാണെങ്കിലും അല്ലെങ്കിലും ഈ അനുരഞ്ജനതലം ദൈവജീവനിൽ വളരാൻ ആവശ്യമാണ്. കുമ്പസാരം സാധ്യമല്ലാത്ത സാഹചര്യത്തിൽ വ്യക്തിപരമായ ചിന്തകളിലും പ്രാർത്ഥനയിലും ഇങ്ങനെ ആഗ്രഹിക്കുകയും, ഓരോരുത്തർക്കും അനുയോജ്യമായ രീതികളിൽ സാധിക്കുന്ന പ്രയത്നങ്ങൾ നടത്തുകയും ചെയ്യാം. ഒരുപാടു ഭക്തപ്രവൃത്തികളല്ല ദൈവം ആഗ്രഹിക്കുന്നത്. നമ്മുടെ ആന്തരിക നവീകരണത്തിനും നിലനില്പിനും വഴിവയ്ക്കുന്ന കൊച്ചു മനോഭാവങ്ങളെ ആത്മാർത്ഥതയോടെ പ്രവൃത്തിപഥത്തിലേക്കു കൊണ്ടുവരികയെന്നതാണ് പ്രധാനം. പതിവായി നമ്മൾ രക്ഷപെട്ടു നടക്കുന്നതും അതിൽനിന്നു തന്നെ.
_________________
നൽകുന്നതിലും സ്വീകരിക്കുന്നതിലും Online ഭക്തിയുടെ ഉത്സാഹം സ്വാഭാവികമായിത്തന്നെ കുറഞ്ഞപ്പോൾ, ഇനിയെങ്കിലും അരികെയുള്ള ദൈവവുമായി അല്പം സംഭാഷണത്തിൽ ഏർപ്പെടാൻ സാധിക്കട്ടെ. രോഗദുരിതങ്ങൾ കൂടുതൽ വേദനാപൂര്ണമാണെങ്കിൽ Online അന്ന് ലഭ്യമായെന്നു വരില്ല. എന്നാൽ അപ്പോഴും കൂടെ ഉണ്ടാകുമെന്ന് ഉറപ്പുള്ള ദൈവത്തെ ഇന്നേ പരിചയപ്പെടണം. സാമൂഹികമായും കൗദാശികമായും ദേവാലയത്തിൽ അനുഷ്ഠിക്കപ്പെടുന്നവ ജീവിതത്തിന്റെ പല ഏടുകളിൽ ദൈവം നമുക്കായി തുറന്നുതരുന്നുണ്ട്. ദൈവം നടക്കുന്ന വഴികളിൽ നമ്മളെ ദൈവം കാണുന്നുണ്ട്. അവിടുത്തെ തിരിച്ചറിയുവാൻ അവിടുന്ന് ആഗ്രഹിക്കുന്നുമുണ്ട്. കണ്ണ് തുറക്കുക മാത്രം ചെയ്‌താൽ മതി, അവിടുത്ത കാണാം തൊട്ടു മുമ്പിൽ. അംഗീകരിക്കാനുള്ള ഒരു ഹൃദയവുമുണ്ടാകട്ടെ. അനുരഞ്ജനം, പാപമോചനം, ദൈവൈക്യം, സൗഖ്യം, സ്ഥൈര്യം, ദൃഢീകരണം എല്ലാം സംഭവിക്കും; നമ്മുടെ തന്നെ ഭവനങ്ങളിലും ചുറ്റുപാടിലും.

വഞ്ചിയുടെ അമരത്തുതന്നെ ക്രിസ്തുവുണ്ട്; ആകാശത്തിലേക്കോ ജെറുസലേമിലേക്കോ നോക്കി മനസ്സ് മടുക്കേണ്ടതില്ല. 

ജൂലൈ 20, 2020

ദൈവം സാക്ഷി

നീതിയുടെ പ്രവൃത്തികൾക്കും, മൃദുലമായ സ്നേഹപ്രകാശനങ്ങൾക്കും, എളിമയോടെയുള്ള പദചലനങ്ങൾക്കും സാക്ഷിയാകുന്നത് ദൈവം തന്നെയാണ്.

ദൈവമനോഭാവങ്ങൾക്ക് സാക്ഷ്യം നൽകുവാനും, ദൈവത്തിനും ജനത്തിനുമിടയിൽ സാക്ഷിയായി മാധ്യസ്ഥ്യം പറയുവാനും ദൈവജനം പരാജയപ്പെട്ടപ്പോൾ, ദൈവം ഉയർത്തിയ പരാതികൾക്ക് മലകളും കുന്നുകളും സാക്ഷിയാകുന്നു. കരുണയുള്ള ദൈവത്തിലേക്കുള്ള അടയാളമാകേണ്ടിയിരുന്നവർ അധർമ്മം പ്രവർത്തിച്ചപ്പോൾ തിന്മ അവരെ വിഴുങ്ങിക്കളഞ്ഞു. എങ്കിലും "രണ്ടു ദിനത്തിന് ശേഷം ജീവൻ തിരിച്ചു നൽകുകയും, മൂന്നാം ദിവസം ഉയിർപ്പിക്കുകയും" ചെയ്യുന്ന ...സ്നേഹത്തിലും വിശ്വസ്തതയിലും ഉദാരനായ ദൈവം അവരെ സ്വതന്ത്രരാക്കി. ദൈവപുത്രനെ ദർശിക്കുവാനും അവനിൽ രക്ഷ പ്രാപിക്കുവാനുംവേറൊരു അടയാളവും ഹൃദയത്തിൽ ആവശ്യമായിരുന്നില്ല .

യോനാ ഈ സത്യത്തിന്റെ പ്രതീകമാണ്. (യോനാ എന്നാൽ മാടപ്രാവ് എന്ന് അർത്ഥം. ഇസ്രായേൽ ദൈവത്തിന്റെ മാടപ്രാവ് എന്ന് സ്വയം കരുതുകയും ചെയ്തിരുന്നു). യോനാ (കരുണ അനുഭവിച്ച ദൈവജനം) മറ്റുള്ളവരിലും കരുണ വർഷിക്കപ്പെടുന്നത് കാത്തിരിക്കുന്നതിനു പകരം അവരുടെ നാശമാണ് ആഗ്രഹിച്ചത്. പിന്നീട്, ദൈവം "ദയാലുവും, കാരുണ്യവാനും, ക്ഷമാശീലനും, സ്നേഹനിധിയും, ശിക്ഷിക്കുന്നതിൽ വിമുഖനും" ആണെന്ന് തനിക്കറിയാമായിരുന്നെന്നു യോനാ തന്നെ ഏറ്റുപറയുന്നു.

അങ്ങനെയുള്ള അറിവ് അനുഭവമാകുന്നവരിൽ മനുഷ്യനിൽ നിന്ന് ദൈവം യഥാർത്ഥത്തിൽ എന്ത് ആവശ്യപ്പെടുന്നോ അവയുടെ അടയാളങ്ങൾ ഉണ്ടായിരിക്കും: "നീതി പ്രവർത്തിക്കുക, ഹൃദയാർദ്രതയോടെ സ്നേഹിക്കുക ദൈവതിരുമുമ്പിൽ വിനീതനായി വ്യാപരിക്കുക."

നീതിയുടെ പ്രവൃത്തികൾക്കും, മൃദുലമായ സ്നേഹപ്രകാശനങ്ങൾക്കും, എളിമയോടെയുള്ള പദചലനങ്ങൾക്കും മാത്രമേ നമ്മിലും നമ്മുടെ സംവിധാനങ്ങളിലും ആചാരങ്ങളിലും ദൈവഗുണങ്ങൾ പ്രകടമാക്കാൻ കഴിയൂ.

Ref: ജെറെ 51: 34 ഹോസി 6: 2 പുറ 34: 6 സങ്കീ 74: 19  യോനാ 4: 2 മിക്കാ 6: 8

ജൂലൈ 05, 2020

കാലം ഇനി പിറകോട്ട് യാത്ര ചെയ്യും

കാലം ഇനിമേൽ പിറകോട്ട് യാത്ര ചെയ്യും
ചൂണ്ടുപലകകൾ ഇല്ലാതെ അടഞ്ഞു പോയ വഴികൾ,
മരവിച്ചു മഞ്ഞു നിറഞ്ഞു മറഞ്ഞു പോയ മുൻകാല്പാടുകൾ
ആത്മാവിന്റെ തീനാളം എരിയുന്നുണ്ടെങ്കിൽ ഓരോരുത്തരും മുമ്പോട്ട് നടക്കണം.
ഉരുക്കുകോണികൾ കൊടിനാട്ടിയ പുതുലോകം ആകാശങ്ങളിൽ നിന്ന് ഇനി താഴേക്കിറങ്ങണം.
കാലം ഇനി പിറകോട്ട് സഞ്ചരിക്കും,
ജീവന്റെ ആദ്യതന്തുക്കളെ തിരികെ വഴിയിലേക്കെത്തിക്കാൻ,
ഉറവിടങ്ങളിലേക്കു വീണ്ടും എത്തിച്ചേരാൻ.
ആത്മാവിന്റെ വെളിച്ചം നയിക്കുന്നുണ്ടെങ്കിൽ ആ യാത്രയിൽ മനുഷ്യനും പങ്കു ചേരാം.
അല്ലെങ്കിൽ വഴിയിലെങ്ങോ കാലമുപേക്ഷിച്ചുകളഞ്ഞ പാഴ്വസ്തുവായി മരവിച്ചു നിൽപ്പാവും ശേഷകാലം.
_________________
വലിയ നേട്ടങ്ങളിൽ അഭിമാനിക്കുമ്പോഴും ആധുനികകാലത്തെ തലമുറകൾ ആദരവും ബഹുമാനവും ശീലിക്കാൻ പരാജയപ്പെടുന്നു എന്നത് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. പല സാംസ്കാരിക ഘടകങ്ങൾ അവയെ ബോധപൂർവം മാറ്റിനിർത്തുന്നു, അവഗണിച്ചുകളയുന്നു എന്നതാണ് അതിന്റെ കാരണം. തത്‌ഫലമായി 'തീർത്തും സാധാരണം'  ആയിത്തീരുന്ന ക്രൂരതയും അനാദരവും സ്വഭാവത്തിന്റെയും പതിയെ സാംസ്കാരത്തിന്റെയും ഭാഗമാവുകയും ചെയ്യുന്നു. ജീവിതത്തിലെ പല മേഖലകളിലുള്ള തിരഞ്ഞെടുപ്പുകളിൽ അവ പ്രതിഫലിക്കുന്നുമുണ്ട്. സാമൂഹികമായ ഒരു വെല്ലുവിളി മാത്രമല്ല, ജീവനു തന്നെ ഭീഷണിയാണത്.

വികസനം, വേഗത, ഊർജ്ജം, സാമ്പത്തികലാഭം തുടങ്ങിയവ തീർക്കുന്ന ഉന്മാദത്തിൽ, മരണമടുക്കുന്നു എന്നറിയുമ്പോഴും കരകയറാൻ അനുവദിക്കാത്ത കൊടും ലഹരി. വിനോദങ്ങളിലും, ഗാനങ്ങളിലും, വീഡിയോ ഗെയിമുകളിലും ഇവ ആഘോഷിക്കപ്പെടുകയാണ്. ഓരോ തീരുമാനത്തിലും ഇവയെ വ്യക്തിസ്വഭാവത്തിന്റെ ഭാഗമാക്കുകയുമാണ് ഉൾകാഴ്ച നഷ്ടപ്പെട്ട വഴികാട്ടികൾ. മനുഷ്യന്റെ ആന്തരിക നന്മക്കും പരസ്പര ബന്ധങ്ങൾക്കും വളർച്ച ഉറപ്പാക്കേണ്ട മതങ്ങൾ ഉൾപ്പെടെയുള്ള സാമൂഹിക സംവിധാനങ്ങൾ പോലും മേല്പറഞ്ഞ മാതൃകകൾ സ്വന്തം  ഭാഗമാക്കിത്തീർത്തിട്ടുണ്ട്.  പരിമിതികളില്ലാത്ത മനുഷ്യനും മനുഷ്യന് കീഴ്‌പ്പെട്ട പ്രപഞ്ചവും വികസന സ്വപ്നമാക്കി മുമ്പോട്ട് കുതിപ്പിക്കപ്പെട്ട സമയം അത്തരം മായയെ ഒരു മാനസിക വൈകല്യമായി തിരികെ നൽകി. അങ്ങനെ സകലതും വിഴുങ്ങി ഛർദ്ദിക്കുന്ന, പരസ്പരം കൊന്നുതള്ളുന്ന ജീവിസമൂഹമായി മനുഷ്യൻ മാറ്റപ്പെടുകയാണ്. സ്വയം തിരഞ്ഞെടുക്കുന്ന ഒരു പരിണാമ അവസ്ഥ. സമയത്തിന്റെ അന്തിമബിന്ദു പിറകിലാണ് മുമ്പിലല്ല. 

ജൂലൈ 04, 2020

ജീവിതാന്തസുകളിൽ പല തട്ടുകളോ?

"പരസ്പരം സ്നേഹിക്കുവാനാണ് ഒരു സമൂഹമായി നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്" എന്ന് വി. അഗസ്റ്റിന്റെ നിയമാവലിയിൽ പറയുന്നു. ഒരു സന്യാസ സമൂഹത്തിന്റെ ഭാഗമാകുന്നതിനായി അഭിലഷിക്കുന്നവരോ വ്രതവാഗ്ദാനത്തിലൂടെ അംഗങ്ങളായവരോ മുൻ ഡോക്ടറോ എൻജിനീയറോ ഐ.എ.സ്. ഓഫീസറോ ആയല്ല പരസ്പരം കാണുന്നതും ഒരുമിച്ചു ജീവിക്കുന്നതും; അവർ ജീവിക്കുന്നത് സഹോദരങ്ങളായാണ്. സന്യസ്ഥരായി അത്തരം ജോലികളിൽ ആയിരിക്കുന്നവർ അവരുടെ സമൂഹത്തിൽ എന്തെങ്കിലും ഉയർന്ന പരിഗണനകൾ ആസ്വദിക്കുന്നുണ്ടെങ്കിൽ അത്‌ അവരുടെ സമൂഹത്തിലെ സാഹോദര്യത്തിന്റെ ശിഥിലതയാണ് കാണിക്കുന്നത്.

ധനികനായിരുന്ന പട്ടു വ്യാപാരിയുടെ മകനെന്ന നിലയിലല്ല വി. ഫ്രാൻസിസ് ആദരിക്കപ്പെടുന്നത്. അറിയപ്പെട്ടിരുന്ന ഒരു ഭടൻ എന്ന നിലയിലല്ല വി. ഇഗ്‌നേഷ്യന്സ് കാണപ്പെടുന്നത്. നേടാമായിരുന്ന പാണ്ഡിത്യത്തിന്റെയോ ആയിത്തീരാമായിരുന്ന സ്ഥാനങ്ങളുടെയോ പേരിലല്ല വി. ഫ്രാൻസിസ് സേവ്യർ ആദരിക്കപ്പെടുന്നത്. ഉപേക്ഷിച്ചതിന്റെ വലിമകളെക്കുറിച്ചാണ് ആവർത്തിച്ച് പറയപ്പെടുന്നതെങ്കിൽ ഉപേക്ഷിക്കപ്പെട്ടവയാണ് സ്വീകരിച്ചിരിക്കുന്നതിനെക്കാൾ സ്നേഹിക്കപ്പെടുന്നതും. സന്യസ്ത പുരോഹിത ജീവിതം വിലമതിക്കപ്പെടേണ്ടത് പ്രതിബദ്ധതയും ആത്മാർത്ഥതയും അടിസ്ഥാനമാക്കിയാണ്, അവർ ആരായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല.

സ്വയം ശൂന്യമാകുന്നതിന്റെ അർത്ഥതലം അത് നൽകുന്നുണ്ടെങ്കിൽ അതു നല്ലതു തന്നെ. എന്നാൽ ക്രിസ്തുശിഷ്യത്വം, അത് ഏതു ജീവിതാവസ്ഥയിലാണെങ്കിലും, അത് അവന്റെ പിന്നാലെ ചെല്ലുന്നതിലാണ്. ആ അനുഗമനത്തിലാണ് ക്രിസ്തീയജീവിതത്തിലെ പുണ്യം തിളങ്ങുന്നത്. ഉപേക്ഷിക്കപ്പെട്ടവ എന്തുമാവട്ടെ (ഉപേക്ഷിക്കുന്നതിന്റെ കാരണങ്ങൾ പോലും പലതാവാം എന്നതും ഓർമ്മിക്കേണ്ടതുണ്ട്. നിവൃത്തിയില്ലാതെ ഉപേക്ഷിച്ചതിനുശേഷം വലിയ മതാത്മകത പ്രകടിപ്പിക്കുന്നവരുമുണ്ട്) ക്രിസ്ത്വാനുകരണം സംഭവിക്കുക എന്നതാണ് പ്രധാനം. ഉപേക്ഷിച്ച ഉദ്യോഗം, വിദ്യാഭാസയോഗ്യത തുടങ്ങിയവയിലുള്ള ഊന്നൽ ഉപേക്ഷിക്കപ്പെട്ടവയാണ് കൂടുതൽ സ്നേഹിക്കപ്പെടുന്നത് എന്നാണ് സൂചന നൽകുന്നത്.

വലിയ ശമ്പളമുണ്ടായിരുന്നവർ, വലിയ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവർ ... സന്യസ്തരാകുമ്പോൾ നൽകപ്പെടുന്ന പുകഴ്ച അവരോടൊപ്പം വ്രതങ്ങൾ ഏറ്റെടുത്ത മറ്റുള്ളവരേക്കാൾ അവർ എങ്ങനെയോ ഉയർന്നതാണെന്ന് കാണിക്കുവാൻ പരോക്ഷമായെങ്കിലും ശ്രമിക്കുന്നില്ലേ? മറ്റുള്ളവർ 'വെറും സാധാരണക്കാർ' ആവുന്നില്ലേ? അങ്ങനെ സന്യാസവിളിയിൽത്തന്നെ വേർതിരിവുകൾ എന്ന ദുഃസൂചന നല്കപ്പെടുകയാണെന്ന് തോന്നിപ്പോകുന്നു. അത്തരത്തിലുള്ള ഉദാഹരണങ്ങൾക്കു വേണ്ടി ഒരു പ്രമുഖ പ്രസിദ്ധീകരണം ഒഴിച്ചിട്ടിരിക്കുന്ന പേജ് സഭയിലെ ദൈവവിളികളെക്കുറിച്ചു തെറ്റിധാരണ നൽകുന്നതാണ്. അത്തരം വർണ്ണനകളനുസരിച്ച്, ആദരിക്കപ്പെടേണ്ട ഒരു സന്യാസ-പൗരോഹിത്യവിളിയിൽ പ്രകീർത്തിക്കപ്പെടുന്ന ത്യാഗങ്ങൾ ഉണ്ടാവുന്നത് അവർ ഡോക്ടറോ എഞ്ചിനീയറോ വലിയ ശമ്പളത്തിന് അർഹരായിരുന്നവരോ ആണെങ്കിൽ മാത്രമെന്നാണ്. ഒരു കർഷകനോ തുന്നൽക്കാരിയോ സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചാൽ ആ പ്രത്യേക പേജിൽ അവരും ഇടം നേടുമോ? അവർ മറ്റേതെങ്കിലും മതങ്ങളിൽ നിന്ന് മാറി വിശ്വാസം സ്വീകരിച്ച് സന്യസ്ത-വൈദിക ജീവിതാന്തസ് തിരഞ്ഞെടുത്തവരാണെങ്കിൽ മാത്രം ഒരു പക്ഷെ അതുണ്ടായേക്കാം. ശാസ്ത്രജ്ഞരും, വലിയ ശമ്പളക്കാരും അത് വിട്ട് കർഷകരാകാനോ ഉൾഗ്രാമങ്ങളിൽ സേവനം ചെയ്യാനോ സന്നദ്ധരായാൽ ഈ വിശുദ്ധപ്രസിദ്ധീകരണങ്ങളിലെ താളുകളിൽ അതിന് ഇടം ലഭിക്കുമോ? ഇനി അത് ഒരു പുരോഹിതനോ സന്യസ്ഥരോ ആണെങ്കിലോ? ലൗകികതയെ സ്നേഹിച്ചു എന്നല്ലേ പറയാനാകൂ? പൗരോഹിത്യവും സന്യാസവും പോലെതന്നെ, മറ്റു ജീവിത രംഗങ്ങളും, പാചകമോ, കാർഷികവേലയോ, അധ്യാപനമോ, മാധ്യമപ്രവർത്തനമോ എന്തുമാവട്ടെ, അവയെല്ലാം ജീവിതത്തിന്റെ വിശുദ്ധി പ്രകടമാവുകയും, ദൈവമഹത്വം വെളിപ്പെടുകയും ചെയ്യുന്ന മേഖലകളാണ്. ദൈവവിളിയിലും വിശുദ്ധിയിലും ശ്രേണീഘടനയില്ല.

സന്യാസത്തെയും പൗരോഹിത്യത്തെയും മാനസാന്തര/ഉപേക്ഷ സാക്ഷ്യങ്ങളുമായി കൂട്ടിക്കെട്ടാതിരിക്കുന്നതാണ് ഉചിതം. വലിയ സ്ഥാനങ്ങൾ ഉപേക്ഷിച്ച് വചനശുശ്രൂഷയിൽ ഏർപ്പെട്ടിട്ടുള്ള ഉദാത്തമായ ഉദാഹരണങ്ങൾ തീർച്ചയായും ഉണ്ട്. എന്നാൽ അവ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠമാണെന്നോ, മറ്റുള്ളവർ അവരെ അനുകരിക്കുമ്പോഴേ അവർ ദൈവത്തിന്റെ മാർഗ്ഗത്തിലാവുന്നുള്ളൂ എന്നോ അതിന് അർത്ഥമില്ല. കൂടുതൽ മെച്ചമായതോ, കൂടുതൽ 'വിശുദ്ധമായതോ' കൊണ്ടല്ല, 'എന്റെ വിളി' മറ്റൊന്നാണ് എന്ന് ബോധ്യപ്പെടുന്നത് കൊണ്ടാണ് ഒരാൾ വേറൊരു ജീവിതാന്തസ് തിരഞ്ഞെടുക്കുന്നതെങ്കിൽ അത് തീർത്തും ഉചിതമായതാണ്.

എങ്ങനെയാണ് അവർ ആ ജോലികൾ ഉപേക്ഷിക്കുമ്പോൾ അവ പ്രകീർത്തിക്കപ്പെടേണ്ടതാവുകയും 'ത്യാഗം' എന്ന വിശേഷണം സ്വീകരിക്കുകയും ചെയ്യുന്നത്? സാധാരണ ഇത്തരം വേർതിരിവുകൾ 'ലൗകികം' എന്ന് വിധി കല്പിച്ച് മാറ്റി നിർത്തുന്നത് ദൈവപദ്ധതികൾക്കു തന്നെ വിരുദ്ധമാണ്. സ്വന്തം കുടുംബത്തെയും അതിന്റെ ഉത്തരവാദിത്തങ്ങളെയും പ്രതിബദ്ധതയോടെ കാക്കേണ്ടത് ദൈവേച്ഛതന്നെയാണ്. അത് ലൗകികതാല്പര്യമെന്നോ സ്വാർത്ഥമെന്നോ കരുതപ്പെടുന്നത് അപക്വമായ ആത്മീയതയാണ് സൂചിപ്പിക്കുന്നത്. കഴിയുന്ന രീതിയിൽ ചെയ്യാവുന്ന സാമൂഹിക നന്മകളെ മനഃപൂർവം അവഗണിച്ചു കളയുന്നുണ്ടെങ്കിലല്ലേ സ്വാർത്ഥത കടന്നു വരുന്നുള്ളു.

വിലമതിക്കപ്പെടുന്ന ജോലികൾ ഉപേക്ഷിച്ചുകൊണ്ടോ, അത്തരം മേഖലകളിൽ ആയിരിക്കുന്നവർ വേദികളിൽ വചനം പ്രസംഗിച്ചു കൊണ്ടോ മാത്രമാണ് ദൈവത്തിനു സാക്ഷ്യം നൽകുന്നത് എന്നും വചനപ്രഘോഷണം നടത്തുന്നതും എന്നുമൊക്കെയുള്ള ധാരണകൾ സൂക്ഷിക്കുന്നുണ്ടെങ്കിൽ അവ തീർത്തും വികലമായ ദൈവശുശ്രൂഷാ സങ്കല്പങ്ങളാണെന്നു തിരിച്ചറിയപ്പെടേണ്ടതുണ്ട്. അവർ ഡോക്ടറോ അധ്യാപകനോ പോലീസ് കാരോ ശാസ്ത്രജ്ഞരോ ആയി ആത്മാർത്ഥസേവനം ചെയ്യുമ്പോൾ അവരും ചെയ്യുന്നത് ദൈവ പ്രവൃത്തികൾ തന്നെയാണ് എന്നതിൽ സംശയമില്ല. സ്നേഹവും, ത്യാഗവും ആദരവും കുഞ്ഞുങ്ങൾക്ക് പകർന്നു നൽകുന്ന ഒരു അപ്പന്റേയോ അമ്മയുടേയോ സാക്ഷ്യം എത്രയോ വലുതാണ്.

ഏതൊരു ജീവിതാവസ്ഥയിലൂടെയും ദൈവപദ്ധതികൾ പൂർത്തീകരിക്കപ്പെടുകയും വിശുദ്ധി പ്രകടമാക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഓരോരുത്തരുടെയും ജീവിതത്തിന്റെ ആഴങ്ങളിൽ നിന്ന് ഓരോ ജീവിതാന്തസിലേക്കു നയിക്കുക എന്നത് പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ്. ഒന്നിന് മറ്റൊന്നിനു മേൽ മേന്മ കാണുന്നത് ചിലപ്പോൾ തെറ്റായ ധാർമിക സങ്കല്പങ്ങളുടെ പുറത്താവാനും സാധ്യതയുണ്ട്. ദൈവത്തിനു വേണ്ടി നൽകപ്പെടുന്ന മക്കൾ എന്നാൽ സന്യാസ-പുരോഹിത സേവനവും, ദൈവിക ശുശ്രൂഷ എന്നാൽ വേദികളിലുള്ള വചനപ്രഘോഷണം എന്നിങ്ങനെയുള്ള ചില കാഴ്ചപ്പാടുകളെക്കുറിച്ച് ഒരു ആത്മശോധന ആവശ്യമായിട്ടുണ്ട്. ജീവിതത്തിലെ ബോധ്യം, ആത്മാർത്ഥത തുടങ്ങിയവ അനുസരിച്ച് ഓരോരുത്തരും നടത്തേണ്ട തിരഞ്ഞെടുപ്പാണ് ജീവിതാന്തസ്. അതിൽ ഒന്ന് മറ്റൊന്നിനു മീതെയാണെന്നു കരുതുകയും പഠിപ്പിക്കുകയും ചെയ്യുന്നത് ദൈവത്തെത്തന്നെ വിഡ്ഢിവേഷം കെട്ടിക്കുകയാണ്.

ജൂലൈ 03, 2020

നിന്റെ രാജ്യം വരേണമേ

"നിന്റെ രാജ്യം വരേണമേ"
സുഗന്ധമുള്ള പൂക്കളും, തിളങ്ങുന്ന നക്ഷത്രങ്ങളുമുള്ള നല്ല കാലമാവുമോ ദൈവരാജ്യം?
പൊളിവചനം എള്ളോളമില്ലാത്ത ഒരു സുവർണകാലമാകുമോ അത്?
ദൈവരാജ്യം യാഥാർത്ഥ്യമാകുന്നതിൽ നമ്മിലൂടെ ആത്മാവ് പ്രതീക്ഷിക്കുന്നത് എന്താവും?

സാമൂഹ്യസംവിധാനങ്ങളിലും ആരോഗ്യകേന്ദ്രങ്ങളിലും ഭരണസ്ഥാപനങ്ങളിലുമൊക്കെ ജോലിചെയ്യുന്നവർ, മത-രാഷ്ട്രീയ അധികാര ഘടനകളിലെ ഉൾക്കഥകൾ അറിയുന്നവർ നീതിയും ന്യായവും നന്മയും സമത്വവും സമാധാനവും യാഥാർത്ഥ്യമാകുന്നതിനെക്കുറിച്ച് ഒന്ന് ശങ്കിച്ചുകൊണ്ടേ സ്വപ്നം കാണൂ. അതിനുവേണ്ട നിലപാടുകളുടെ വിലയും, ഉന്നതശക്തികൾക്കു മുൻപിലുള്ള നിസ്സഹായതയും അതിനു കാരണമായേക്കാം.

നിന്റെ രാജ്യം വരേണമേ എന്ന് നമ്മൾ പ്രാർത്ഥിക്കുന്നതുപോലെ, ദൈവരാജ്യത്തെക്കുറിച്ച് ദൈവം നമ്മിൽ അർപ്പിക്കുന്ന സ്വപ്‌നങ്ങൾ എപ്രകാരമാകും?


എന്റെ കർത്താവേ, എന്റെ ദൈവമേ

"നിനക്ക് എന്റെമേൽ അധികാരമുണ്ട്, നീ വിശ്വസനീയനാണ്."
നിന്റെ മുറിവുകൾ അതിന് സാക്ഷ്യമാണ്.
നന്ദി.