തീപ്പന്തങ്ങൾ കാണരുത്, എടുക്കരുത്, തൊടരുത് എന്ന് പറഞ്ഞവർ എരിയുന്ന തീപ്പന്തങ്ങൾ അയൽക്കാരന്റെ പുരപ്പുറത്തേക്ക് എടുത്തെറിയാൻ ഉപദേശിക്കുന്നു.
ദൈവമെന്റെ രക്ഷകൻ എന്ന് നൂറും ആയിരവും തവണ എഴുതിക്കുകയും വായിപ്പിക്കുകയും ചെയ്തവർ നമ്മുടെ ജീവൻ അപകടത്തിലാണ് എന്നു ആവർത്തിച്ചു പറയാനും പറഞ്ഞു പരത്താനും പ്രേരിപ്പിക്കുന്നു. കാരൃം വരുമ്പോൾ കൂട്ടിലെ പട്ടി തന്നെയാണ് സുരക്ഷ നൽകുന്നത് എന്നാണ് അവരുടെ അഭിപ്രായം. ശ്വാനകീർത്തനം ചിട്ടപ്പെടുത്തിക്കഴിഞ്ഞു. ഇനിയത് വീടുകളിലും തെരുവുകളിലും ഏറ്റു പാടും.
ഡിജിറ്റൽ ലോകത്തിന്റെ സുരക്ഷയിൽ പ്രതികാരവും വെറുപ്പും ആസ്വദിക്കപ്പെടുന്നു. ഏതെങ്കിലും ഒരു വികൃതിക്കുട്ടിക്ക് കാൽവഴുതിയാൽ നഷ്ടപ്പെട്ടേക്കാവുന്നതാണ് ആ സുരക്ഷ. അവരുടെ ചിന്താധാരകളെ രൂപപ്പെടുത്തുന്നത് സ്വകര്യലാഭങ്ങൾക്ക് വേണ്ടിയാവരുത്.
സംഘടിത പ്രതിരോധം എന്നതിൽ പ്രീണനസ്വഭാവം കടന്നുകൂടുമ്പോൾ അത് ആത്മഹത്യാപരമാണ്. ഗൂഢ ലക്ഷ്യങ്ങൾ ഉള്ളപ്പോൾ അത് സ്വന്തം ജനത്തേതന്നെ വഞ്ചിക്കുകയും ചെയ്യുന്നു. വളർത്തപ്പെട്ട ഭീതി അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യുന്നു.
ധ്രുവീകരണം ലക്ഷ്യം വയ്ക്കുന്ന സംഘടിത ശ്രമം അപായഭീതി വളർത്തുക തന്നെ ചെയ്യും. അവിടെ പ്രവർത്തിക്കുന്നത് ജ്ഞാനമല്ല, നീചമായ വക്രബുദ്ധിയാണ്. അതിലൂടെ ആർക്ക് ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നോ ആരുടെ മുമ്പിൽ വണങ്ങുന്നോ അവർ തന്നെ അപകടപ്പെടുത്തുകയും കൊള്ള ചെയ്യുകയും ചെയ്യും.
ജ്ഞാനവും ധൈര്യവും നയിക്കുന്നുണ്ടെങ്കിലേ ജാഗ്രത സുരക്ഷിതത്വത്തിലേക്കു നയിക്കുന്നതാകൂ. ഭീതി, വെറുപ്പ്, സംശയം തുടങ്ങിയവ വളർത്തുന്നതിൽ വീര്യവും തീക്ഷ്ണതയും തോന്നാമെങ്കിലും സ്വയം തളർച്ചയാണ് വരുത്തി വയ്ക്കുന്നത്.
______________
"നിങ്ങൾ ബലിയർപ്പിക്കാൻ വരുമ്പോൾ ഇഷ്ടമില്ലാത്തവർ ആരെങ്കിലും വഴിയേയുണ്ടെങ്കിൽ അവരെ ചീത്ത വിളിക്കുകയും ആവശ്യമെങ്കിൽ കൊന്നു കളയുകയും ചെയ്യുക, ശേഷം വന്ന് ബലിയർപ്പിക്കുക."... കായേന്‍റെ സുവിശേഷത്തിൽ നിന്ന്
"ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകാര്യനാവുകയില്ലേ? നല്ലതുചെയ്യുന്നില്ലെങ്കില്‍ തിന്മ വാതില്‍ക്കല്‍ത്തന്നെ പതിയിരിപ്പുണ്ടെന്ന് ഓര്‍ക്കണം. അതു നിന്നില്‍ താത്‌പര്യം വച്ചിരിക്കുന്നു; നീ അതിനെ കീഴടക്കണം."
ഉല്‍പത്തി 4 : 7
see also
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ