Gentle Dew Drop

സെപ്റ്റംബർ 08, 2020

മറിയം നല്ല അമ്മ

പരിശുദ്ധ അമ്മയെ നമുക്ക് ലഭിച്ചതിൽ നമുക്ക് ദൈവത്തിനു നന്ദി പറയാം. ദൈവം മാതാവിൽ ചൊരിഞ്ഞ വലിയ അനുഗ്രഹങ്ങളെ ഓർത്തും നമുക്ക് അവിടുത്തേക്ക്‌ നന്ദി പറയാം. പാപരഹിതയായവൾ എന്നതിനർത്ഥം എല്ലാ കൃപകളാലും ദൈവം അവളെ നിറച്ചിരുന്നു എന്നാണ്. 

എന്തിനുവേണ്ടി ദൈവം മറിയത്തെ രൂപപ്പെടുത്തിയോ അതിനൊത്ത തരത്തിൽ തന്നെ കൃപകളും മറിയത്തിൽ രൂപമെടുത്തു. ദൈവപുത്രന്റെ അമ്മയായ മറിയത്തിൽ വളർന്ന മാതൃത്വം, മമത, വാത്സല്യം, കരുതൽ ...  കൃപയുടെ തന്നെ ഏറ്റവും ഉചിതമായ ഭാവങ്ങളായിരുന്നു. നമ്മെ ചേർത്ത് നിർത്തുമ്പോഴും മറിയത്തിന് നൽകാവുന്നതിൽ ഏറ്റവും നല്ലത് ദൈവപുത്രന് നൽകിയ അതേ ആന്തരികഭാവങ്ങൾ തന്നെ.എപ്പോഴും സഹായമരുളാൻ സന്നദ്ധതയുള്ള അമ്മ നൽകുന്നത് സത്യമായും അമ്മയുടെ സഹായവും കരുത്തുമാണ്. ആ മാതൃത്വത്തിൽ നിന്നാണ് മറ്റെല്ലാ കരുതലുകളും നമുക്ക് പ്രതീക്ഷിക്കാവുന്നത്. 

പല വിധത്തിലുള്ള പ്രതിസന്ധികളിലൂടെ ഇന്ന് നമ്മൾ കടന്നു പോകുമ്പോൾ അമ്മയുടെ സാന്നിധ്യം നമുക്ക് ധൈര്യവും സംരക്ഷണവുമാണ്. ജോലിയിൽ അനിശ്ചിതത്വമുള്ളവർ ഉണ്ട്, പരീക്ഷ വൈകുന്നത് മൂലം ബുദ്ധിമുട്ടുന്നവരും പഠനത്തിൽ ബുദ്ധിമുട്ടുന്നവരുമുണ്ട്, പലതരത്തിൽ അവഗണിക്കപ്പെടുന്നവരും ചികിത്സ പോലും നിഷേധിക്കപ്പെടുന്നവരും ഉണ്ട്. സമ്പത്തിന്റെയും  ജീവിതനിലവാരത്തിന്റെയും പേരിൽ നമുക്കിടയിൽ തന്നെ വേർതിരിവുകൾ അനുഭവിക്കുന്നവരുണ്ട്.  ദുഃഖങ്ങളിൽ  ഇടറി വീഴാതെ നീങ്ങിടാൻ അമ്മയുടെ  കൈകളിൽ എന്നും ഞങ്ങളെ കാത്തുകൊള്ളണമേ എന്ന് നമ്മൾ പ്രാർത്ഥിക്കാറുണ്ട്. നമ്മുടെ ദുഃഖങ്ങൾ കണ്ടുകൊണ്ട്  അമ്മയുടെ മാധുര്യമുള്ള നേത്രങ്ങൾ ശോകപൂർണങ്ങളാണല്ലോ എന്നും നമ്മൾ കാണുന്നു. നമ്മുടെ ചുറ്റുപാടുകളിൽ നമ്മുടെ കണ്ണുകളും പരസ്പരം കരുണാർദ്രമാകുവാൻ അമ്മ ആഗ്രഹിക്കുന്നു.

കാനായിലെ കല്യാണവീട്ടിൽ 'അവൻ നിങ്ങളോടു പറയുന്നത് ചെയ്യുവിൻ' എന്ന് അമ്മ പറഞ്ഞു. അമ്മയുടെ പ്രേരണയിൽ യേശുവും ശിഷ്യരും പരിചാരകരോടൊപ്പം വെള്ളം നിറക്കാൻ ഒപ്പമുണ്ടായിരുന്നിരിക്കാം. ഒരു മാതൃഹൃദയം സൂക്ഷിക്കുന്നത് സ്വർഗ്ഗരാജ്യഅനുഭവത്തിന് വേണ്ട ഏറ്റവും വലിയ തുറവിയാണ്. അപമാനിതരായേക്കാവുന്നവരും വെറുക്കപ്പെടുന്നവരും പോലും ഒരു മാതൃഹൃദയത്തിൽ സ്വീകരിക്കപ്പെട്ടേക്കാം. അതുകൊണ്ടാണ് സഭക്കും ഒരു മാതൃച്ഛായയുള്ളത്.  

യേശുവിന്റെ അസാന്നിധ്യം ഭീതിയും നിരാശയും ആശങ്കകളും നിറച്ചപ്പോഴും ശിഷ്യരെ പ്രാർത്ഥിക്കാൻ ഒരുമിച്ചു ചേർത്തത് ആ മാതൃസ്നേഹമാണ്. "ഞങ്ങൾ മുഴുവൻ നശിക്കാൻ പോകുന്നു" എന്ന് ഒരിക്കൽ നിലവിളിച്ചവരെ യേശു ധൈര്യപ്പെടുത്തി ആശ്വസിപ്പിച്ചു. ഇസ്രയേലിന്റെ പ്രതീക്ഷയായിരുന്നു ഇവൻ  എന്ന് ഞങ്ങൾ വിചാരിച്ചിരുന്നെന്നു നെടുവീർപ്പോടെ ശിഷ്യർ പറയുന്നു. അടഞ്ഞ മുറിയിലിരുന്ന് അമ്മയോടൊപ്പം അവർ പ്രാർത്ഥിച്ചത് യേശുവിന്റെ പ്രാർത്ഥന തന്നെയാകാം. "പിതാവേ, എന്തുകൊണ്ട് ഞങ്ങളെ ഉപേക്ഷിച്ചു?" "അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു." 

പരി അമ്മയുടെ സാന്ത്വനാനുഭവം നമുക്കുമുണ്ടാകട്ടെ. പുതിയ പ്രത്യാശ വളരട്ടെ, നന്മ ചെയ്യുവാനും ചിന്തിക്കുവാനുമുള്ള കരുത്ത് ലഭിക്കട്ടെ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ