Gentle Dew Drop

സെപ്റ്റംബർ 27, 2020

"എന്റെ മുന്തിരിത്തോപ്പിലേക്കു പോകൂ"

ജീവന്റെ പൂർണതയിൽ ജീവിക്കുക എന്നത് ദൈവം നൽകുന്ന വാഗ്ദാനം മാത്രമല്ല, അത് ദൈവം ആഗ്രഹിക്കുന്നതാണ്. ഏതൊക്കെയോ വഴികളിലൂടെ ലഭിച്ചിട്ടുള്ള വേദനകളുടെ ഭാരം വഹിക്കുന്നവരാണ് നമ്മൾ. അത് ഏറെക്കുറെ സ്വാഭാവികവുമാണ്. എന്നാൽ ആ ഭാരങ്ങൾ ജീവരാഹിത്യമുണ്ടാകുകയും അത്തരം ജീവരാഹിത്യത്തിന്റെ വക്താക്കളായി നമ്മൾ മാറുകയും ചെയ്യുമ്പോൾ വേദനകൾ വിഷമയമായി എന്ന് വേണം കരുതാൻ.

ചില വേദനകളെ ഖനീഭവിപ്പിച്ച് നമ്മുടെ തനിമയുടെ ഭാഗമാക്കിത്തീർക്കാറുണ്ട്. അവയുടെ പ്രതിരോധം അഭിമാനിക്കാവുന്ന ആദർശങ്ങളായിത്തീരുകയും ചെയ്യാറുണ്ട്. സംഭവിക്കുന്നത്, കാതലായതിനെ അവഗണിക്കുകയും എന്നാൽ തുച്ഛമായ ലാഭങ്ങൾക്കും മോടികൾക്കും പ്രാധാന്യം നൽകപ്പെടുകയും ചെയ്യുകയെന്നതാണ്. അവിടെ മൂല്യങ്ങളോട് വിശ്വസ്തതയില്ലാത്ത മൗലികത പാലിക്കപ്പെടുകയും സ്വന്തം ജീവനില്ലായ്മയെ ബലപ്പെടുത്തുകയും ചെയ്യുന്നു. വിശ്വസ്തതയില്ലാത്ത മൗലികത കാപട്യമാണ്.

"നീ ഇന്ന് എന്റെ മുന്തിരിത്തോപ്പിലേക്കു പോവുക" (മത്താ 21:28) എന്ന സുവിശേഷാഹ്വാനം ഒരുവന് ജീവനോ മരണമോ തിരഞ്ഞെടുക്കുവാനുള്ള ശക്തിയെയും ഉത്തരവാദിത്തത്തെയും ഓർമപ്പെടുത്തുന്നു. 'നിന്റെ യജമാനന്റെ ആനന്ദത്തിലേക്ക്,' 'ജീവനിലേക്ക്' പ്രവേശിക്കുവാനുള്ള പ്രതിഫലം പോലും അവിടെ നൽകപ്പെട്ടു കഴിഞ്ഞു. 'മുന്തിരിത്തോട്ട'ത്തിലെ പ്രവൃത്തികൾ ജീവന്റെ പ്രവൃത്തികളാണ്. പ്രകൃത്യാ ഉള്ള യാഥാർത്ഥ്യം ജീവനാണ്, മരണം ആ ജീവൽപ്രക്രിയയിലെ രഹസ്യപൂര്ണമായ ഒരു ഭാഗം മാത്രം. അത് നാശകാരകമാകുമ്പോഴാണ് ഫലമില്ലാതെ പോകുന്നത്. ജീവന്റെയും കൃപയുടെയും അനേകം ചാലുകൾ തുറക്കുവാൻ നമുക്കാകും. നമ്മുടെ വേരുകൾ ഒരിക്കൽക്കൂടി ജീവന്റെ അരുവിയുടെ സ്പർശനമറിയട്ടെ. വേരുകൾക്ക് കവചമണിയിക്കുന്നത് സംരക്ഷണമാണെന്ന തോന്നലുകൾ വിഡ്ഢിത്തമാണ്. വേരുകളിലേക്കിറങ്ങുമ്പോൾ, അനേകം മരങ്ങളുടെ ഇഴചേർന്നിരിക്കുന്ന നേർത്ത ഞരമ്പുകൾക്ക് ഒരേ അരുവി ജലം പകരുന്നത് കുളിര്മയോടെ അറിയാം. ശിക്ഷകളെക്കുറിച്ച് പറയുന്ന വചനഭാഗങ്ങൾ പോലും നാശമാഗ്രഹിക്കുന്ന ദൈവത്തെക്കുറിച്ചല്ല, മരണവഴികളിൽനിന്ന് തിരികെ ജീവനിലേക്കു നോക്കുന്നവന് സമൃദ്ധിയിൽ ജീവൻ നല്കുന്നവനെക്കുറിച്ചാണ് ഉറക്കെപ്പറയുന്നത്.

"എന്റെ മുന്തിരിത്തോപ്പിലേക്കു പോകൂ"

മുന്തിരിത്തോപ്പിൽ എന്ത് ചെയ്യുന്നു എന്നതിലെ ഹൃദയഭാഷയാണ് പ്രധാനം. പ്രധാനപുരോഹിതരും ജനപ്രമാണികളും മുന്തിരിത്തോപ്പിൽ തങ്ങളുടെ കണക്കുകൂട്ടലുകളിൽ സ്വന്തം ഓഹരി ഉറപ്പിച്ചവരാണ്. പാപികൾക്കും ചുങ്കക്കാർക്കും അത്തരത്തിലുള്ള ഒരുറപ്പും ഇല്ല. അവർക്ക് ആകെയുണ്ടായിരുന്നത്‌ ദൈവത്തിലുള്ള പ്രത്യാശ മാത്രം. ഈ വ്യത്യാസം പ്രധാനമാണ്. തങ്ങളുടെ പ്രാമാണ്യം ഉറപ്പിക്കുന്ന സാന്നിധ്യവും, യജമാനന്റെ ആനന്ദം അറിഞ്ഞു കൊണ്ടുള്ള പ്രവേശവും രണ്ടാണ്. അതിനനുസരിച്ചാവും മുന്തിരിത്തോട്ടത്തിലെ വേലകളും വിളവെടുപ്പും.

മുന്തിരിത്തോട്ടത്തിന്റെ കാര്യങ്ങളെക്കുറിച്ച് സ്വയം വിദഗ്ദരായവർ അവിശ്വസ്തമായ മൗലികത സ്വയം പെരുമ കൂട്ടി വേരറിയാതെ പെരുമാറും. തങ്ങളുടെ സ്വയംനീതീകരണത്തിന്റെ ദുഷിച്ച ഫലങ്ങൾ മുന്തിരിവള്ളിയുടെ ചുവട്ടിൽ കുഴിച്ചുമൂടുകയും നാശം വരുത്തുകയും ചെയ്യും. പിന്നീട് അവർ അയൽക്കാരെ കുറ്റം വിധിക്കും. സ്നേഹമറിഞ്ഞ് വിശ്വസ്തത രൂപീകരിച്ചവർ ദൈവഹൃദയം അറിഞ്ഞുകൊണ്ട് വേലചെയ്യും, അവരിൽ ജീവനും ആനന്ദവും സമാധാനവും സൗഖ്യവും സാന്ത്വനവും ഉണ്ടാകും. അവ അനേകരിലേക്ക് പകരപ്പെടുകയും ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ