Gentle Dew Drop

സെപ്റ്റംബർ 18, 2020

സമുദായവാദം

ചൂടില്ലാത്ത തീയുണ്ടാക്കാമെങ്കിൽ വർഗീയതയില്ലാത്ത സമുദായവാദങ്ങളുണ്ടാക്കാം. 

സെക്കുലർ ഘടന ദേശങ്ങൾ സ്വീകരിച്ചപ്പോൾ, മതത്തിന്റെ ഭാവിയുടെ സുരക്ഷ ദേശം ഉറപ്പു നൽകുന്നില്ല. പല മതങ്ങൾ ഉൾപ്പെടുന്ന സമൂഹത്തിൽ, അത്തരം മതസമൂഹങ്ങൾ തേടുന്ന മേല്കോയ്മയും സാമ്പത്തിക രാഷ്ട്രീയ രംഗങ്ങളിലെ നിയന്ത്രണാധികാരവും പരിഗണനാവിഷയങ്ങളാകുന്നു. സമുദായബോധത്തിന്റെ ആവശ്യകത വളർന്നുതുടങ്ങുന്നത് അവിടെയാണ്.

പൊതുസമൂഹത്തിലെ അധികാര ഘടനകളെ ഒരു പ്രത്യേക സമുദായം നോക്കിക്കാണുന്ന രീതിയാണ് സമുദായം എന്ന പേരിൽ നടക്കപ്പെടുന്ന സാമൂഹിക സാന്ദ്രീകരണം. സമുദായം എന്നത് സ്വയം വേറിട്ട് നിർത്തുന്ന ഒരു സാമൂഹികഘടനയാണ്. ഏറെക്കാലത്തേക്ക് ഏറ്റെടുക്കേണ്ട സങ്കീർണമായ സംഘർഷങ്ങളാണ് സമുദായ ശാക്തീകരണത്തിൽ ഉൾപ്പെടുന്നത്. അതിൽ മതം ഒരുമിച്ചു നിർത്തുന്ന ഒരു ഭാഷ മാത്രമാണ്. രാഷ്ട്രീയ കാഴ്ചപ്പാട്, സാമൂഹിക  ഇടപെടലുകൾ എന്നിവയെല്ലാം ഈ കാഴ്ചപ്പാടിനെ അടിസ്ഥാനപ്പെടുത്തിയാവും. മറ്റു 'സമുദായ'ങ്ങളുടെ എന്തെങ്കിലും സമാനതകളോ ഒത്തുപോകാനാകുന്നതോ ആയ എന്തെങ്കിലും ഉണ്ടെങ്കിൽ  അവയും, സ്വന്തം സമുദായത്തിനുള്ളിൽത്തന്നെ വ്യത്യസ്തതകളുണ്ടെങ്കിൽ അവയും വെറും ഉപരിപ്ലവമായി കാണപ്പെടുന്നു. ഒത്തൊരുമിച്ചു പോകേണ്ട സാമൂഹിക പശ്ചാത്തലങ്ങളിൽ പോലും വേറിട്ട് നിന്ന് തനിമ പ്രകടമാക്കുവാനുള്ള ശ്രമം സമുദായങ്ങൾ നടത്തും. പ്രത്യേക തനിമയുള്ള ഒരു സമൂഹം കാത്തുസൂക്ഷിക്കുന്ന അതിന്റെ മൂല്യങ്ങളും, അതിലെ വ്യക്തികളുടെ സേവനങ്ങളും പൊതുസമൂഹത്തിന്റെ വളർച്ചക്കായി നൽകുന്ന സംഭാവനകളാണ് ഒരു സമൂഹത്തിന്റെ അഭിമാനം. അത് സമൂഹത്തിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുകയും കൂടുതൽ വളർച്ചയിലേക്കുള്ള ആക്കം കൂട്ടുകയും ചെയ്യും. എന്നാൽ ശിഥിലമായിക്കൊണ്ടിരിക്കുന്ന ആന്തരികഘടനയെ ചേർത്തുനിർത്താൻ 'അഭിമാനം' നിർമ്മിച്ചെടുക്കേണ്ടി വന്നേക്കാം. അതിനായി കണ്ടെത്തുന്ന തനിമയിൽ സ്വയം വേർതിരിവുകൾ എടുത്തുകാണിക്കുന്ന അടയാളങ്ങളാവും ഇടം പിടിക്കുക. 

സമുദായത്തിനുള്ളിൽ അപാകതകളുണ്ടെങ്കിൽ അവ തള്ളിക്കളയേണ്ടവയായി കാണപ്പെടുന്നു. അങ്ങനെ ഒരു ഫാസിസ്റ് ഘടന അവിടെ ഉള്ളിൽ രൂപമെടുക്കും. ചേരാത്തവരൊക്കെ അന്യരും അവിശ്വസ്തരുമാക്കപ്പെടും.

രൂപീകരണമോ പ്രതിരോധമോ എന്തിനു വേണ്ടി എന്നത് കൂടി പരിഗണിക്കേണ്ടതുണ്ട്. ധ്രുവീകരിക്കപ്പെടുന്ന സമൂഹം സാമ്പത്തികമോ രാഷ്ട്രീയമോ ആയ മേൽക്കോയ്മ തേടുന്നുണ്ട്. സമൂഹത്തിലെ സ്വാധീനം നഷ്ടപ്പെടുമ്പോൾ നിലനില്പിനായുള്ള ഞെരുക്കം സംഘടിതശക്തിയുടെ ആവശ്യം കാണിക്കുന്നതായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യാം. എന്നാൽ സമുദായ സൃഷ്ടിയിലൂടെ ഉറപ്പാക്കപ്പെടുന്ന സാമ്പത്തിക രാഷ്ട്രീയ ഉന്നമനം ഏതാനം ചിലരിലേക്കു കേന്ദ്രീകരിക്കപ്പെടുമെന്നതും ചോദ്യങ്ങൾക്കു പ്രസക്തി ഇല്ലായെന്നതും അതിലെ പോരായ്മയാണ്. ശബ്ദമുയർത്തുന്നവർ പുറത്താക്കപ്പെടുകയോ അവഹേളിതരാവുകയോ ചെയ്യും.

ഗോളാന്തരപ്രശ്നങ്ങൾ ധ്രുവീകരണ ഉപകരണമായി അവതരിപ്പിക്കപ്പെടുന്നെങ്കിലും തീർത്തും പ്രാദേശികമായ ലക്ഷ്യങ്ങൾക്കപ്പുറം സമുദായങ്ങൾക്ക്‌ വിപുലമായ ഉന്നമന ലക്ഷ്യങ്ങളില്ല.

സാർവത്രികമായ വിശ്വാസവും ചരിത്രവും അവതരിപ്പിക്കപ്പെട്ടേക്കാം എങ്കിലും തീർത്തും പ്രാദേശികമായ സംസ്കാരം, പാരമ്പര്യം എന്നിവയാണ് നിലനിർത്തപ്പെടേണ്ട മൂല്യങ്ങളായി ഉദ്ദേശിക്കുന്നത്.

cf Bipan Chandra, Communalism: A Primer

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ