Gentle Dew Drop

സെപ്റ്റംബർ 16, 2020

ഒരു യാത്രാമൊഴി

നമ്മൾ രൂപപ്പെടുത്തുന്ന മനുഷ്യസങ്കല്പവും ദൈവസങ്കല്പവും, സാമൂഹികബന്ധങ്ങളും സാമ്പത്തികരംഗത്തെ അസന്തുലിതാവസ്ഥയും എല്ലാം ഒരു സമൂഹമെന്ന നിലയിൽ പ്രാധാന്യം അർഹിക്കുന്നവയാണ്. ചില അറിവുകളുടെയും വായനയുടെയും പഠനത്തിന്റെയും വെളിച്ചത്തിൽ അത്തരത്തിലുള്ള ചില പ്രവണതകളെ ചൂണ്ടിക്കാണിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. സാംസ്കാരികവും സാമൂഹികവും സാങ്കേതികരംഗവും ഇവയുൾക്കൊള്ളുന്ന മനഃശാസ്ത്രപരവുമായ ഘടകങ്ങളെ കാര്യമായെടുത്തു വേണം നമ്മൾ അഭിമുഖീകരിക്കുന്ന സങ്കീർണപ്രശ്നങ്ങളെ സമീപിക്കുവാൻ എന്നതായിരുന്നു അവയിൽ കൂടുതലും.

പുറംനാട്ടുകാർ, സഭാവിരുദ്ധർ, അവിശ്വാസികൾ, നിരീശ്വരർ, ജിഹാദികൾ തുടങ്ങിയ ഗണത്തിലേക്ക് വ്യത്യസ്തതകൾ എന്തിനെയും ചേർത്ത് വയ്ക്കുന്ന പ്രവണത വളർന്നു വരികയാണ്. ഭക്തിയും വിശ്വാസവും ചൂഷണം ചെയ്യപ്പെടരുത് എന്ന പ്രധാന ഉദ്ദേശ്യമാണ് ഞാൻ സ്വീകരിച്ചിരുന്നത്. ഒരു വിശ്വാസി എന്ന നിലയിലോ, പുരോഹിതൻ എന്ന നിലയിലോ അതിലെ പ്രവാചക ധർമത്തിനോ വിലനൽകപ്പെടുന്നില്ല എന്ന സത്യത്തിലേക്കാണ് അത്തരം ആക്ഷേപങ്ങളും അങ്ങനെ വളരുന്ന പ്രവണതകളെക്കുറിച്ച് നേതൃത്വം പുലർത്തുന്ന മൗനവും സൂചന നൽകിയത്.

ആവർത്തിച്ചു പറഞ്ഞു വന്ന ഏതാനം കാര്യങ്ങൾ ചുരുക്കമായി പറയട്ടെ; അവയിൽ കാര്യമായെടുക്കേണ്ട സത്യങ്ങൾ തീർച്ചയായും ഉണ്ടായിരുന്നു.

1 സാമൂഹികവും സാംസ്കാരികവുമായ മാറ്റങ്ങൾ പൊതുസമൂഹത്തിലുണ്ടായത് പോലെ വിശ്വാസിസമൂഹത്തിലും അവരുടെ കാഴ്ചപ്പാടുകളിലും വലിയമാറ്റങ്ങൾ വന്നിട്ടുണ്ട്. പാശ്ചാത്യരാജ്യങ്ങളിലെ ചരിത്രപശ്ചാത്തലത്തിൽ സംഭവിച്ച മധ്യയുഗം, നവോത്ഥാനം, പ്രബുദ്ധത, ആധുനികത, ഉത്തരാധുനികത എന്ന ക്രമത്തിനപ്പുറം ഒരു വലിയ കുതിച്ചുചാട്ടമാണ് നമുക്കുണ്ടായത്. മധ്യയുഗശൈലിയിൽ നിന്ന് ആധുനികതയിലേക്കുള്ള മാറ്റം, മധ്യയുഗ സാമൂഹികശൈലിയും ആധുനിക സാംസ്‌കാരിക ശൈലിയും ഒരുമിച്ചു കൊണ്ടുപോകുവാനുള്ള ഉദ്യമങ്ങൾക്കിടയിലെ സംഘർഷങ്ങൾ തുടങ്ങിയവ കാര്യമായെടുക്കണം. സാമൂഹിക, സാംസ്‌കാരിക സാമ്പത്തിക രംഗങ്ങളിലെ യാഥാർത്ഥ്യങ്ങളും അവയോടു ബന്ധപ്പെട്ടു വിശ്വാസിസമൂഹത്തിലെ മാനസികവൈകാരികപ്രതികരണങ്ങൾ എന്നിവ അത്തരം ഘടകങ്ങളുടെ പ്രസക്തിയോടെ വിശകലനം ചെയ്യപ്പെടണം. യാഥാർത്ഥ്യങ്ങളുടെ ഘടനാപരമായ വിശകലനവും രൂപാന്തരീകരണപ്രക്രിയയിലെ താളപ്പിഴകളും പരിശോധിക്കപ്പെടണം. എങ്കിലേ മുമ്പോട്ട് പോകാനാവൂ. നമ്മുടെ പ്രശ്നങ്ങൾക്ക് കാരണമോ പരിഹാരമോ മറ്റുള്ളവരല്ല.

2 അടുത്തിടെ കാണപ്പെടുന്ന രാഷ്ട്രീയപ്രീണന സമീപനങ്ങൾ, അതിൽ നിന്ന് പ്രതീക്ഷിക്കപ്പെടുന്ന ലാഭം എന്ത് തന്നെയാണെങ്കിലും സ്ഥായിയായ സുരക്ഷ ഉറപ്പു നല്കുന്നവയല്ല.

3 അമേരിക്കയിലെ ഇവാൻജെലിസ്റ്-പെന്തെക്കോസ്റ്റൽ പ്രഘോഷകരുടെയും മറ്റു സെക്ടുകളുടെയും ആശയങ്ങൾ വിവേചനയില്ലാതെ സ്വീകരിക്കുന്ന ഏതാനം pseudo-കരിസ്മാറ്റിക് തരംഗങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ആശയക്കുഴപ്പങ്ങൾ. ഉദാ: പ്രാദേശിക സംസ്കാരങ്ങളോടും അവയിലെ ആചാരാനുഷ്ഠാനങ്ങളോടും പുലർത്തേണ്ട സമീപനങ്ങളെക്കുറിച്ച്,  ഒന്നാം പ്രമാണം വളച്ചൊടിച്ചു നൽകപ്പെടുന്ന വ്യാഖ്യാനങ്ങൾ. അസുഖങ്ങൾക്കും കഷ്ടതകൾക്കും അവയോടു ചേർത്ത് നൽകപ്പെടുന്ന വിശ്വാസവിവരണങ്ങൾ. ആഫ്രിക്ക-ലാറ്റിൻ അമേരിക്ക പ്രദേശങ്ങളിൽനിന്ന് വരുന്നവരുടെ ആചാരങ്ങളോട് അമേരിക്കൻ പ്യൂരിറ്റൻസ് പുലർത്തുന്ന പുച്ഛവും അസഹിഷ്ണുതയുമാണ് ഒന്നാം പ്രമാണത്തോടുള്ള വിശ്വസ്തതയായി അവിടെ അത്തരത്തിൽ പാലിക്കപ്പെടുന്നത്.

സ്വയം സഭയായി പ്രഖ്യാപിച്ച ഏതാനം ക്ലസ്റ്ററുകൾ കേരളത്തിൽ ഇതിനോടകം നല്ല സ്വാധീനം വളർത്തിയെടുത്തിട്ടുണ്ട്. സ്വന്തം ശരികളും അവയെ ചേർത്തുനിർത്തുന്ന ഭക്തരൂപങ്ങളും സമീപനങ്ങളും അവർക്കുണ്ട്. ചില മേഖലകളിൽ ശക്തമായ ശുശ്രൂഷകൾ നൽകുമ്പോൾ മറ്റു ചില മേഖലകളിൽ സഭയുടെ മാർഗരേഖകൾ പോലും മാറ്റി വച്ചുകൊണ്ട് ഇടുങ്ങിയ ചിന്തകളിലേക്ക് അവർ ചുരുങ്ങിയിട്ടുണ്ട്. അതാണ് സത്യവിശ്വാസമെന്നും ഭക്തിയുടെ വഴിയെന്നും പഠിപ്പിക്കാൻ അവർ വിജയിച്ചിട്ടുമുണ്ട്. വ്യത്യസ്തമായ സമീപനങ്ങൾ പുലർത്തുന്ന ഇവക്കിടയിലെ അകൽച്ച ഭാവിയിൽ വലിയ ഭിന്നതകൾക്കു കാരണമായേക്കും.

4 സഭ നൽകുന്ന മാർഗ്ഗരേഖകൾക്കു പുല്ലുവില കല്പിക്കുന്ന ബൈബിൾ വ്യാഖ്യാനരീതികൾ.

5 സ്വന്തം ഭാവനകൾക്കനുസരിച്ച് ചില കൗൺസെല്ലേഴ്സ് രൂപപ്പെടുത്തുന്ന സാന്മാർഗിക ഉത്ബോധനം വ്യക്തികളെയും കുടുംബങ്ങളെയും തകർക്കുന്ന അവസരങ്ങൾ. സുവിശേഷത്തിനു പകരം പാപവിശേഷങ്ങളുടെ വർണ്ണനകൾ ഏറിവരുമ്പോൾ സമാധാനത്തിനും പ്രത്യാശക്കും പകരം ഭീതിയും കുറ്റബോധവും അവയെ അടിസ്ഥാനമാക്കിയുള്ള ഭക്തരൂപങ്ങളും ആത്മീയതയാക്കപ്പെടുന്ന അവസ്ഥ.

6 ഉപഭോഗ സംസ്കാരത്തിന്റെ സ്വാധീനം വിശ്വാസത്തിലും ഭക്തിയിലും ഉണ്ടാകുന്നതിന്റെ ലക്ഷണങ്ങളാണ് അവ പരിമാണ സംബന്ധിയാകുന്നത്. ദൈവബന്ധത്തേക്കാൾ എണ്ണങ്ങളും വാക്കുകളും പ്രാധാന്യം നേടുന്നു. ദൈവാശ്രയത്തിലുമുപരി ചില പുതിയ ഭക്തരൂപങ്ങൾക്കു നൽകപ്പെടുന്ന പ്രാധാന്യം.

7 സൈബർ കമ്മ്യൂണിറ്റികൾക്കുള്ളിൽ വളരുന്ന ഓൺലൈൻ ഭക്തി ഓൺലൈൻ ധർമിമാരെയും, അതിൽ സജീവരല്ലാത്ത ഓൺലൈൻ പാപികളെയും സൃഷ്ടിക്കുകയും വഴക്കുകൾക്ക് കാരണമാവുകയും ചെയ്യുന്നു.

8 മധ്യയുഗത്തിലെ ചില മൊണാസ്റ്റിക് അനുഷ്ഠാനങ്ങൾ ഉദാത്തമായ ക്രിസ്തീയമാതൃകകളായി കാണുകയും അവ കണിശമായി പാലിക്കുവാനും നൽകപ്പെടുന്ന പ്രേരണ.

9 വിശ്വാസികൾക്കിടയിലെ (വൈദികരുടെയും) അസ്വസ്ഥതകളും അവർ കടന്നുപോകുന്ന സമ്മർദ്ദങ്ങളും അവഗണിക്കപ്പെട്ടുകൂടാ.

10 സഭയുടെ ശബ്ദമായി കാണപ്പെടുന്നവർ എടുക്കുന്ന നിലപാടുകളിലെ മൂല്യങ്ങൾ ഉയർത്തുന്ന ചോദ്യങ്ങളും സംഘർഷങ്ങളും വ്യക്തത ലഭിക്കാതെ വിശ്വാസി സമൂഹത്തിനിടയിൽ ആശയക്കുഴപ്പങ്ങളും സംഘർഷങ്ങളും രൂപപ്പെടുത്തുന്നുണ്ട്.

ഇത്തരം നിരീക്ഷണങ്ങൾ ഉൾപെടുത്തപ്പെട്ട പങ്കുവയ്കലുകൾ ആർക്കെങ്കിലുമൊക്കെ വിശ്വാസജീവിതത്തിൽ വ്യക്തത നൽകിയിട്ടുണ്ടെങ്കിൽ സന്തോഷം. സ്വയം ഏല്പിച്ചുനൽകുന്ന സുരക്ഷിതകരങ്ങളിൽ സഭ  ക്രിസ്തീയമായിത്തന്നെ സുരക്ഷിതയായിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ