അവൾ കരയുന്നു, മുടികൊണ്ടു തുടക്കുന്നു, ചുംബിക്കുന്നു...
ആതിഥേയത്വം മറയാക്കിയ ശിമെയോന്റെ ഉദ്ദേശ്യം യേശുവിനെ അപഹസിക്കുക എന്നതായിരുന്നു. അതിഥിയെ സ്വീകരിക്കുന്നതിലെ മര്യാദകൾ പോലും അയാൾ കാണിച്ചില്ല.
ദുർവൃത്തിയിൽ നടക്കുന്ന ഒരു സ്ത്രീയെ തിരിച്ചറിയാൻ പോലും കഴിവില്ലാത്തവന്റെ ആത്മശുദ്ധിയെ അയാൾ പുച്ഛിക്കുന്നു. കപടതയുടെ പുറംകുപ്പായം ഒന്നുകൂടി മുറുക്കി അയാൾ പറയുന്നു, "ഗുരോ, പറഞ്ഞാലും."
സ്വയം നീതീകരിക്കുന്നവർക്ക് ക്ഷമയുടെ ആവശ്യമില്ലല്ലോ. ദൈവത്തെക്കാൾ വിശുദ്ധിയുള്ളവരാണവർ. ദൈവം അവർക്കു വീട്ടിലാക്കാൻ കഴിയുന്ന ആർഭാടവും അഹങ്കാരവുമാണ്. പാപികളിൽ നിന്ന് സ്വയം മാറി നിന്ന് മറ്റുള്ളവരെ വിധിക്കുന്ന സ്വയംപ്രഖ്യാപിത വിശുദ്ധരാണ് ഫരിസേയർ (മാറ്റിവയ്ക്കുക എന്നത് തന്നെയാണ് ഫരിസേയന്റെ അർത്ഥം). ആ വിശുദ്ധപരിവേഷത്തിൽ നോവുന്നത് വീഞ്ഞുപാത്രങ്ങൾക്കും സ്നേഹപ്രവൃത്തിക്കുമിടയിൽ അപഹാസ്യനാക്കപ്പെടുന്ന ക്രിസ്തുവിനാണ്. ആ സ്നേഹപ്രവൃത്തികൾ ക്രിസ്തുവിനെ ആശ്വസിപ്പിക്കുന്നുമുണ്ട്.
ശിമെയോനേ, നീ ഈ സ്ത്രീയെ കാണുന്നുണ്ടല്ലോ...
കൂടുതൽ ക്ഷമിക്കപ്പെട്ടവൾ കൂടുതൽ സ്നേഹിക്കുന്നു. അവളുടെ പ്രവൃത്തികൾ പശ്ചാത്താപത്തിന്റേതായിരുന്നോ, കൃതജ്ഞതയുടേതായിരുന്നോ?
യഹൂദരുടെ പെരുമാറ്റച്ചട്ടങ്ങൾ പ്രകാരം സ്ത്രീകൾ സമൂഹമധ്യത്തിൽ മുടിയഴിച്ചിടുന്നത് മര്യാദയല്ല. എന്നാൽ ചില ഗ്രീക്ക്-റോമൻ ആചാരപ്രകാരം ദേവന്മാരുടെ പ്രതിമയുടെ പാദങ്ങളിൽ അഴിഞ്ഞ മുടി തൊട്ടു ചുംബിക്കുന്നത് കൃതജ്ഞതാസൂചകമായി അനുഷ്ഠിക്കപ്പെട്ടിരുന്നതാണ്.
ക്ഷമിക്കപ്പെട്ട അനുഭവം അവളുടെ ഉള്ളിൽ നിറച്ച കൃതജ്ഞതയും സ്നേഹവും.
സഹോദരൻ ലാസർ ജീവനിലേക്കു മടങ്ങി വന്നതായിരുന്നോ അവളുടെ ജീവിതം മാറ്റിയത്? ജീർണിച്ചു തുടങ്ങിയ ശരീരത്തെ ജീവിപ്പിച്ചവൻ തനിക്കും ജീവൻ നൽകും എന്ന് അവൾ അറിഞ്ഞിട്ടുണ്ടാവും. ആ സ്നേഹം അവളെ സ്വാഗതം ചെയ്യുന്നത് എത്രയോ കണ്ണുനീരോടെ അവൾ തിരിച്ചറിഞ്ഞു.
രോഗിയും, ദരിദ്രനും, ചുങ്കക്കാരനും വേശ്യയും, സമറിയാക്കാരും പാപികളുടെ ഗണത്തിൽ ചേർക്കപ്പെട്ടവരാണ്. പാപങ്ങൾ മോചിക്കാൻ മനുഷ്യപുത്രന് അധികാരമുണ്ടെന്നതുപോലെ, ദൈവമക്കളുടെ സ്വാതന്ത്ര്യമുള്ളവർക്കു മാത്രമേ പാപികളെന്ന് മുദ്രകുത്തപ്പെട്ടവരെ ആ വിശേഷണത്തെ മാറ്റിനിർത്തി സ്വീകരിക്കാനാകൂ. അപ്പോൾ മനുഷ്യപുത്രനോടൊപ്പം നമ്മളും പറയുന്നുണ്ട് "നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു." ക്രിസ്തു അതു പറഞ്ഞപ്പോൾ അവൻ അത് നമ്മിൽനിന്ന് ആഗ്രഹിക്കുന്നുമുണ്ട്. എങ്കിലേ അവർക്കു സമാധാനത്തിൽ പോകുവാനാകൂ. കാരണം, ദൈവം ക്ഷമിച്ചവർക്കും തുടർശിക്ഷ ആഗ്രഹിക്കുന്നതാണ് നമ്മിലെ നീതിമാന്റെ ക്രൂരത.
____________________
പ്രധാനപുരോഹിതസ്ഥാനം പോലും വിലയ്ക്കു വാങ്ങപ്പെടുകയും, രക്തച്ചൊരിച്ചിൽ ന്യായീകരിക്കപ്പെടുകയും അവർ ജനത്തെ നയിക്കുന്നവരാവുകയും ചെയ്യുന്നത് കണ്ടപ്പോൾ നിയമത്തിന്റെ ശുദ്ധമായ പാലനത്തിനു വേണ്ടി തങ്ങളെത്തന്നെ മാറ്റി നിർത്തിയവരാണ് പിന്നീട് ഫരിസേയർ എന്ന വിഭാഗം തന്നെയായിത്തീർന്നത്. നിയമത്തെത്തന്നെ അവർ ആളുകളുടെ കഴുത്തു ഞെരിക്കുന്ന ശക്തിയാക്കിത്തീർത്തു എന്നത് സ്വയം നീതിയണിയുന്നതിലെ ദുരന്തം.
____________________
പ്രധാനപുരോഹിതസ്ഥാനം പോലും വിലയ്ക്കു വാങ്ങപ്പെടുകയും, രക്തച്ചൊരിച്ചിൽ ന്യായീകരിക്കപ്പെടുകയും അവർ ജനത്തെ നയിക്കുന്നവരാവുകയും ചെയ്യുന്നത് കണ്ടപ്പോൾ നിയമത്തിന്റെ ശുദ്ധമായ പാലനത്തിനു വേണ്ടി തങ്ങളെത്തന്നെ മാറ്റി നിർത്തിയവരാണ് പിന്നീട് ഫരിസേയർ എന്ന വിഭാഗം തന്നെയായിത്തീർന്നത്. നിയമത്തെത്തന്നെ അവർ ആളുകളുടെ കഴുത്തു ഞെരിക്കുന്ന ശക്തിയാക്കിത്തീർത്തു എന്നത് സ്വയം നീതിയണിയുന്നതിലെ ദുരന്തം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ