Gentle Dew Drop

സെപ്റ്റംബർ 09, 2020

ജീവദായകൻ

 നമ്മുടെ ഉള്ളിൽ ജീവദാതാവായി വസിക്കുന്നതാണ് പരിശുദ്ധാത്മാവ്. ദൈവിക പ്രവൃത്തികളെ ദൈവം-സൃഷ്ടി-ജീവൻ എന്ന ബന്ധത്തിൽ മനസിലാക്കുന്നതാണ് എനിക്ക് ഏറ്റവും നല്ല വെളിച്ചം നൽകിയിട്ടുള്ളത്. ഏറ്റവും പൂർണമായ ജീവൻ സാധ്യമാക്കുക എന്നതാണ് പരിശുദ്ധാത്മാവ് ചെയ്യുന്നത്. പല ജീവിതാവസ്ഥകളാൽ മുറിയപ്പെട്ട കൃപാചാലകങ്ങളെ പരിശുദ്ധാത്മാവ് സൗഖ്യപ്പെടുത്തുകയും കൃപയുടെ പ്രവൃത്തികൾ നമ്മിൽ തുറന്നു തരികയും ചെയ്യുന്നു. നമ്മുടെ ഓരോരുത്തരുടെയും വ്യത്യസ്ത സ്വഭാവങ്ങളിൽ അതിന്റെ തനിമയിൽ ആത്മാവ് പ്രവർത്തിച്ചുതുടങ്ങും. നമ്മുടെ തുറവിക്കനുസരിച്ച് കൂടുതൽ പൂർണതയിലേക്ക് നയിക്കും. പരിശുദ്ധാത്മാവിന്റെ ദാനങ്ങളെ ശ്രദ്ധിച്ചാൽ ഇത് വ്യക്തമാകും. സാധിക്കുന്നതുപോലെ ക്രിസ്തു സമാനമായി മാറ്റപ്പെടുക എന്നതാണ് പരിശുദ്ധാത്മ പ്രവൃത്തി. ആന്തരികമായി ആത്മാവ് പ്രവർത്തിച്ചു തുടങ്ങുമ്പോൾ പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ നമ്മിൽ കണ്ടുതുടങ്ങും. ഇത് വരെ വിഷമമായിരുന്ന കാര്യങ്ങൾ നമ്മിൽ സംഭവിക്കുന്നത് യാഥാർഥ്യമാകും. എങ്കിലും ക്ഷമയോടെ മുമ്പോട്ട് നടക്കണം. ഒരിക്കലും നിരാശപ്പെടാത്ത, ഒരിക്കലും ദേഷ്യപ്പെടാത്ത, ഒരിക്കലും വേദനിക്കാത്ത ഒരു അവസ്ഥ പ്രതിമകൾക്കെ സാധ്യമാകൂ. എന്നാൽ കാര്യങ്ങളെ കൃപയുടെ അഭിമുഖീകരിക്കുവാൻ നമുക്ക് കഴിയും. നമ്മുടെ പ്രയത്നവും, തിരിച്ചറിവും, കൃപയിലുള്ള ആശ്രയവും ഒരുമിച്ചാണ് പരിശുദ്ധാത്മാവിന്റെ പ്രവൃത്തികൾ സംഭവ്യമാക്കുന്നത്.

ഈ പറഞ്ഞവയൊക്കെ മറന്നേക്കൂ. വെറുതെ ഒന്ന് ഉള്ളിൽ പ്രാർത്ഥിച്ചുകൊള്ളൂ "എനിക്ക് ഇത് വരെയും ഈ കാര്യങ്ങളൊന്നും മനസിലായിട്ടില്ല. മനസിലാക്കണമെന്നും ആഗ്രഹമുണ്ട്. മനസിലാക്കിത്തരണം." എന്നെന്നറിയില്ല അത് മനസിലാവും. വേറൊരു കാര്യം ചെയ്യാവുന്നത്: വെറുതെ ചുറ്റുമൊക്കെ ഒന്ന് നോക്കുക, കാണാൻ ശ്രമിക്കുക. ഒന്ന് മറ്റൊന്നിനോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് കാണുക. പ്രകൃതിയിലെ വചന/ആത്മ സാന്നിധ്യം വലിയ ആനന്ദം നൽകും. സഭയിൽ കരിസ്മാറ്റിക് ദാനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനു സമാനമായി പ്രകൃതിയിൽ അത്തരം ദാനങ്ങൾ എങ്ങനെ പ്രവർത്തന നിരതമാണ് എന്ന് കാണാം. ഞാൻ പറഞ്ഞ കാര്യങ്ങളേക്കാൾ വലിയ ബോധ്യം പരിശുദ്ധാത്മാവ് തന്നെ നൽകും. ആത്മാർത്ഥമായ ഒരു കൊച്ചു പ്രാർത്ഥന ഹൃദയത്തിൽ സൂക്ഷിച്ചു കൊള്ളൂ.

പരിശുദ്ധാത്മാഭിഷേകം എന്നാൽ എന്തോ കൊടുങ്കാറ്റും ഭൂമികുലുക്കവും ഒക്കെപോലുള്ള അനുഭവമാണെന്ന് തോന്നിപ്പിക്കുന്ന സങ്കൽപ്പങ്ങൾ ആണ് കുഴപ്പമുണ്ടാക്കുന്നത്. പരിശുദ്ധാത്മാഭിഷേകം എന്നാൽ സ്നേഹത്തിൽ ജീവിച്ചു തുടങ്ങാൻ കഴിയുക എന്നതാണ് അതിന്റെ ആദ്യ അടയാളം. ഇന്ന് വരെ മറ്റുള്ളവരോടും സ്വന്തം ജീവിതത്തോടു തന്നെയും അകലം പാലിച്ചിരുന്ന എന്നിലെ യാഥാർഥ്യങ്ങളിൽ ആശ്വാസവും സ്നേഹിക്കുവാനുള്ള ധൈര്യവും കാണപ്പെടുന്നു എന്നത് ആത്മാവിന്റെ സാന്നിധ്യം വെളിവാക്കുന്നു. അതിലുള്ള വളർച്ചയിൽ പ്രകടമായേക്കാവുന്ന വരങ്ങളാണ് മറ്റുള്ളവ, സൗഖ്യം, അത്ഭുതം, പ്രബോധനം, അറിവ്... അതും പ്രവർത്തിക്കുന്നത് ദൈവസ്നേഹത്തിന്റെ അടയാളങ്ങളായാണ്, ശുശ്രൂഷകന്റെ ശക്തിയായല്ല. ഇവയെയൊക്കെ നയിക്കേണ്ടത് വിവേകമെന്ന പുണ്യവുമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ