Gentle Dew Drop

സെപ്റ്റംബർ 08, 2020

ക്രിസ്തു നമ്മിൽ ജീവിക്കുന്നതിനാൽ

സഭയെ സ്നേഹിക്കുകയും സഭയുടെ നന്മ ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് നമ്മളൊക്കെയും. ക്രിസ്തു ഇന്ന് ജീവിക്കുന്നതും പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങൾ ദൃശ്യമാകുന്നതും സഭയിലെ ഓരോ അംഗങ്ങളിലൂടെയുമാണ്. ആരെങ്കിലും ഒരാളിലോ ചിലരിലോ മാത്രം നിക്ഷിപ്തമായിരിക്കുന്ന ഒന്നല്ല വിശ്വാസസത്യം. ക്രിസ്തുവിനോട് ഐക്യപ്പെടുകയും ക്രിസ്തുവിൽ വസിക്കുകയും ചെയ്യുന്നവരായ നമ്മൾ ക്രിസ്തുവിന്റെ വലിയ രഹസ്യത്തെ പരിശുദ്ധാത്മാവിന്റെ വെളിച്ചത്തിൽ, ഓരോ കാലഘട്ടത്തിന്റെയും സങ്കീർണ്ണതകൾക്കുള്ളിൽ ഒരു സമൂഹമായി അറിയാൻ ശ്രമിക്കുകയാണ്. ആ സത്യത്തെ പൂർണതയിൽ അറിയാൻ, അത് പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ നിരന്തരമായ ആത്മാർത്ഥപ്രയത്നം നടത്തുകയാണ് നമ്മൾ. എന്നാൽ ഒരേ മുഖവും ഒരേ ചിന്തയും ഒരേ വികാരവും കാഴ്ചപ്പാടും അല്ല നമുക്കുള്ളത്. വൈവിധ്യങ്ങൾ വൈരുധ്യങ്ങളാവാതെ സമഗ്രമായ വളർച്ചയിലേക്ക് നടക്കാൻ, പരസ്പരമുള്ള സമ്പർക്കവും ആശയവിനിമയവും അത്യാവശ്യമാണ്. സമീപനങ്ങളിലും നിലപാടുകളിലും വ്യത്യസ്തതകളുള്ളപ്പോൾ അംഗങ്ങൾക്കിടയിലെ മുഖാഭിമുഖ സംഭാഷണങ്ങൾ ഏറ്റവും അത്യാവശ്യമാണ്.

A. ആവശ്യമായിരിക്കുന്ന ഈ ആശയവിനിമയത്തെ പൊതുവായി അകം-പുറം എന്നൊരു സാധ്യതയിലേക്ക് വയ്ക്കട്ടെ. നന്മയും ജീവനുമാണ് നമ്മുടെ ആത്മാർത്ഥ ലക്ഷ്യമെങ്കിൽ പരസ്പരം കണ്ണാടിയാകാവുന്നവരാണ് അകവും പുറവും. അത് ആരോഗ്യപരമായി നടക്കേണ്ടത് ഓരോ കാലഘട്ടത്തിന്റെയും ആവശ്യമാണ്. ഈ കൈമാറ്റപ്രക്രിയയിൽ വന്നുപോകുന്ന പോരായ്മകൾ വലിയ സമ്മർദ്ദം നമ്മുടെയിടയിൽ സൃഷ്ടിക്കുന്നു എന്നത് തിരിച്ചറിയേണ്ടതുണ്ട്. ഏതാനം മേഖലകൾ മാത്രം ശ്രദ്ധയിലേക്ക് കൊണ്ടുവരുവാൻ ഈ ലേഖനം ശ്രമിക്കുകയാണ്.

അകം എന്നതിൽ, സഭയിൽ വിശ്വസ്തരായി നിലനിൽക്കുകയും വിശ്വാസം കാത്ത് സൂക്ഷിക്കുന്നതിൽ സജീവമായ ശ്രദ്ധ പുലർത്തുന്നവരും, അത്തരം വാദങ്ങളൊന്നുമില്ലാതെ സ്വന്തം പ്രാർത്ഥനാ ജീവിതവും വിശ്വാസവുമായി മുമ്പോട്ട് പോകുന്നവരും ഉണ്ട്. പുറം എന്നതിൽ പലരെ ഉൾപ്പെടുത്തേണ്ടതായുണ്ട്. 1) ജോലിക്കോ മറ്റോ ആയി പുറത്തു താമസിക്കുന്നവർ. കുറേക്കൂടി വ്യത്യസ്തതകളെ കാണാൻ അവസരം അവർക്കു ലഭിച്ചിട്ടുണ്ടാകാം എന്നതാണ് അവരുടെ പ്രാധാന്യം. അവരിലെ പുതുതലമുറയിലെ കാഴ്ചപ്പാടുകൾ പ്രത്യേകമായ ഉൾകാഴ്ച്ചയായേക്കാം. 2) സഭയിൽ നിന്ന് അകന്നു പോയവർ. അവരിലെ വ്യത്യസ്ത ആശയങ്ങൾ, അവർ കണ്ട പോരായ്മകൾ, തെറ്റിദ്ധാരണകൾ തുടങ്ങിയവ ഒരു വിചിന്തനത്തിനു തീർച്ചയായും വഴി നൽകും. അവരിൽ തീർത്തും വിശ്വാസം ഉപേക്ഷിച്ചവരുള്ളതുപോലെ തന്നെ, വിശ്വാസം മൂല്യമുള്ളതായി കാണുകയും എന്നാൽ സഭയിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്യുന്ന അനേകരുണ്ട്. 3) അന്യമതസ്ഥരായ സുഹൃത്തുക്കൾ. നന്മയുള്ള അവരും സഭയുടെ നിധിയെ വിലമതിക്കുന്നവരാണ്. പുറത്തു നിന്ന് കാണുന്നതിനാൽ നമ്മളാൽ കാണപ്പെടാതെ പോകുന്ന യാഥാർത്ഥ്യങ്ങളെ ചൂണ്ടിക്കാണിക്കുവാൻ അവർക്കു കഴിഞ്ഞേക്കും. നല്ല സമറായനായി നൂറ്റാണ്ടുകളോളം സേവനം ചെയ്ത സഭക്ക് ഇന്ന് നല്ല സമരായരുടെ ആവശ്യമുണ്ടെങ്കിൽ അവരുടെ കനിവിനു വിധേയപ്പെടുന്നത് ക്രിസ്തുഹൃദയം തന്നെയാണ്.

B. ഓരോ വ്യക്തിയും ജീവിക്കുന്ന ബോധ്യങ്ങൾ ഒരു മാതൃകയായി പകരപ്പെടുകയാണ് ചെയ്യുന്നത്. സ്വീകരിക്കുന്ന ആൾ വേണ്ട അനുരൂപണം നടത്തിയാണ് അത് തന്റെ ബോധ്യങ്ങളാക്കുന്നത്. മാതൃകകൾ അടിച്ചേൽപ്പിക്കാനാവില്ല. അർത്ഥപൂർണ്ണവും ജീവദായകവുമായ മാതൃകകളെ തേടുകയാണ് പുതുലോകം. അവിടെ വലിച്ചു കീറപ്പെടുന്ന ജീവിതയാഥാർത്ഥ്യങ്ങൾക്കിടയിൽ യാഥാസ്ഥിതികമായ മാതൃകകൾ ഏറെക്കാലത്തേക്കു വഹിച്ചുകൊണ്ടുപോകാനാവില്ല. സത്ത നശിക്കാതെതന്നെ മാതൃകകളിൽ അർത്ഥപൂർണ്ണമായ മാറ്റങ്ങൾ വരുത്തുവാൻ നമുക്ക് സാധിക്കും, അതിന് ഈ സംഭാഷണങ്ങൾ നടന്നേ മതിയാകൂ.

1. രണ്ടാം വത്തിക്കാൻ കൗൺസിൽ കാണുന്നതുപോലെ ജനപങ്കാളിത്തമുള്ള സഭാസമൂഹം വളർത്തിയെടുക്കുവാനും അവരുടെ വിവിധങ്ങളായ സ്വരങ്ങളെ കേൾക്കുവാനും സഭക്ക് കഴിഞ്ഞെങ്കിലേ അത്മായരും നേതൃത്വവും തമ്മിൽ തുറന്നുള്ള സംഭാഷണങ്ങൾ സാധ്യമാകൂ. അധ്യാപകരും, സമൂഹത്തിന്റെ വിവിധ മേഖലകളിൽ കർമ്മനിരതരായവരും നമുക്കിടയിലുണ്ട്. കാലികപ്രസക്തമായ ഇടപെടലുകൾ നടത്തുവാൻ ഏതൊക്കെ തരത്തിൽ കഴിയും എന്ന് ഒരുമിച്ചു ചിന്തിക്കുവാൻ അത്തരത്തിലുള്ളവർക്കിടയിൽ പ്രാദേശിക തലങ്ങളിൽ തുറന്ന സംഭാഷണങ്ങൾ നടക്കണം. രൂപതാതലങ്ങളിലുള്ള കമ്മീഷനുകൾക്കു കഴിയാത്തത് ഈ വേദികളിൽ സാധിക്കും. സാധാരണക്കാരായവരുടെ സാമാന്യബോധം പോലും ഈ തുറന്ന വേദികളിൽ വിലമതിക്കപ്പെടണം. അങ്ങനെ ശബ്ദം കേൾക്കപ്പെടുന്നുണ്ടെങ്കിലേ തുറന്നു പറച്ചിലുകളും ഉണ്ടാകൂ. അല്ലെങ്കിൽ നിശബ്ദതയോടെ അകലുന്ന ദൈവജനത്തെ കാണേണ്ടി വന്നേക്കാം.

1.a മുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ ദൈവികമായി കരുതി പാലിക്കുന്നവർക്ക്, പക്ഷെ, അവരുടെ ബുദ്ധിമുട്ടുകളും കാഴ്ചപ്പാടുകളും മനസിലാക്കപ്പെടുന്നുണ്ട് എന്ന അനുഭവം ഇല്ലാതെ വരുന്നു. അതുകൊണ്ടു തന്നെ അവരുടെ ജീവിതവും ദേവാലയവും തമ്മിൽ ഹൃദ്യമായ അടുപ്പത്തിന് പകരം അകൽച്ച വളരുകയും ചെയ്യുന്നു. അവരുടെ ഭാഗഭാഗിത്വം ഏതുരീതിയിലാണ്? 'സഭ' പറയുന്നത് കേൾക്കുകയും, നൽകുന്ന അനുഗ്രഹങ്ങളും ശുശ്രൂഷകളും സ്വീകരിക്കുകയും ചെയ്യുക എന്ന രീതിയിൽ ഉപഭോക്താക്കളായി മാറുമ്പോൾ യഥാർത്ഥത്തിൽ അവരെ അവഗണിച്ചു കളയുകയാണ്; സഭയിലെ ഭാഗഭാഗിത്വം എന്നത് ഒരു പ്രോഗ്രാമിലെ പങ്കെടുപ്പു പോലെയായിത്തീരുകയാണ് (attendees vs members). അത്മായർ മുൻപോട്ടു കടന്നു വരണം എന്ന് പറയപ്പെടുന്ന മേഖലകൾ റാലിക്കു പോകാനും പ്രതിഷേധിക്കാനും, കമന്റുകൾ എഴുതാനും മാത്രമായി ചുരുങ്ങുന്നത് ഒരു സമൂഹമെന്ന നിലയിലുള്ള വളർച്ചക്ക് ഭൂഷണമല്ല. സഭ പുരോഹിതരുടെയും സന്യസ്ഥരുടെയും മാത്രമാണ് എന്ന ചിന്ത വിശ്വാസികളിൽ ഉടലെടുത്തിട്ടുണ്ടെന്ന് സഭക്ക് തോന്നുന്നുണ്ടെങ്കിൽ അവയുടെ യാഥാർത്ഥ്യം അറിയുവാനും അത്തരത്തിലുള്ള ചിന്തക്ക് കാരണമാകും വിധം പ്രവർത്തിച്ച ഘടകങ്ങൾ എന്തെങ്കിലും ഉണ്ടോ എന്നന്വേഷിക്കുവാനും ശ്രമിക്കുന്നത് സഹായകരമാകും.

1.b സഭയിൽ നിന്ന് ലഭിച്ചിട്ടുള്ള തിക്താനുഭവങ്ങളുടെ പേരിൽ അകന്നരെയും കേൾക്കേണ്ടതുണ്ട്. ഏതൊരു നേതൃത്വത്തിനും തീരുമാനങ്ങൾ എടുക്കേണ്ടതായി വരും എന്നതും അത് എല്ലാവരെയും പ്രീതിപ്പെടുത്താൻ കഴിയില്ല എന്നതും തീർച്ചയാണ്. എന്നാൽ പരിശോധിക്കേണ്ട പല ഘടകങ്ങളും ഉണ്ട്. തീരുമാനങ്ങള്‍ സാധാരണയായി ചിലരെ മാത്രം പ്രീതിപ്പെടുത്തുന്നതും ചിലരെ മാത്രം കേൾക്കുന്നതുമായി മാറുന്നുണ്ടെങ്കിൽ അതിൽ അപാകതയുണ്ട്. അപ്പോൾ അത് സ്വാഭാവികമായി വരുന്ന അപ്രീതിയേക്കാൾ കേൾക്കപ്പെടാതെ പോകുന്നതു കൊണ്ടുള്ള അപ്രീതിയാണ്. പ്രത്യേകിച്ച് അവ താങ്ങാനാവാത്ത ഭാരങ്ങളെക്കുറിച്ചാണെങ്കിൽ അത്തരം അപ്രീതിയുടെ സ്വരങ്ങളെ കേൾക്കേണ്ടത് നീതിയുടെ പ്രവൃത്തിയാണ്. ചിലർ മാത്രം കേൾക്കപ്പെടുന്നത് അനീതിയുമാണ്. വിശ്വാസികൾക്കിടയിലുള്ള വ്യക്തിവിരോധങ്ങൾ വ്യക്തിപരമായ താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ അവിവേകത്തോടെയും അപക്വതയോടെയും ഏറ്റെടുക്കുകയും പക്ഷപാതം കാണിക്കുകയും അത് പിന്നീട് ശത്രുതയിലേക്ക് എത്തുകയും ചെയ്യുന്ന സാഹചര്യങ്ങളാണ് പലപ്പോഴും നമ്മൾ കാണുന്നത്. അനുരഞ്ജനത്തിന് പകരം സ്വകാര്യ ലാഭങ്ങൾക്കു വേണ്ടി ഇടയന്റെ സ്ഥാനം മറന്നു പോകുന്ന സാഹചര്യങ്ങളും ഇത്തരത്തിൽ സഭയോടുള്ള ശത്രുത വളർത്താൻ കാരണമാകുന്നു. വിശ്വാസികൾക്കിടയിലുള്ള വീർപ്പുമുട്ടലുകൾക്ക് നിശബ്ദതയുടെ സ്വരമാണ് കൂടുതലും. എങ്കിലും അത് കണ്ടില്ലെന്നു വയ്ക്കുന്നത് സഭാശരീരത്തിലെ അനാരോഗ്യാവസ്ഥയാണ്.

2. വിശ്വാസികൾ ജീവിക്കുന്നത് ദേവാലയത്തിലല്ല. സെക്കുലർ ലോകത്ത് ഏതു വിധത്തിലാണ് ഒരു വിശ്വാസജീവിതം നയിക്കാനാകുന്നത് എന്നത് ആത്മീയ നേതാക്കൾ സ്വയം ധ്യാനിക്കുകയും, വിവേകത്തോടെ വിശ്വാസ-പ്രാർത്ഥനാ ശൈലികൾ രൂപപ്പെടുത്തുവാൻ വിശ്വാസികളെ സഹായിക്കുകയും ചെയ്യണം. സന്യാസസമൂഹങ്ങളിൽ പാലിക്കപ്പെടുന്ന ചിട്ടയായ ജീവിതക്രമങ്ങൾക്കു സമാനമായ ഒരു ഒറ്റ മാതൃക നൽകുന്നത് അപ്രായോഗികമായ സമീപനമാണ്. ആത്മീയ-ലൗകിക ഭാഷ്യത്തിലെ വേർതിരിവുകൾ നിലനിർത്തുവാനാണ് ഇന്നും ആത്മീയാചാര്യർ ശ്രമിക്കുന്നത്. ആത്മീയം എന്നത് ആചാരങ്ങളിലും ദേവാലയ അനുഷ്ഠാനങ്ങളിലും ചുരുങ്ങി നിൽക്കുവോളം, 'ലൗകിക' വ്യവഹാരങ്ങളിൽ ദൈവിക/ ആത്മീയ തലം കാണാൻ കഴിയാത്തിടത്തോളം, ആത്മീയം എന്ന രീതിയിൽ അവതരിപ്പിക്കപ്പെടുന്നത് അപ്രാപ്യമായ മറ്റൊരു ലോകമാണ്. ഓരോരുത്തരിലുമുള്ള ജീവിതവിളിയെ പരിപോഷിപ്പിക്കുകയും, കഴിയുവോളം അതിന്റെ പൂർണ്ണതയിലെത്തിക്കുവാൻ ആത്മാർത്ഥ പരിശ്രമം നടത്തുകയും ചെയ്യുന്നതിലാണ് ജീവിതവിശുദ്ധി. നമ്മിലൂടെ ദൈവമഹത്വം സാധ്യമാകുന്നതും അങ്ങനെത്തന്നെയാണ്. എന്നാൽ ജീവിതവിശുദ്ധി എന്നത് മതാചാരങ്ങളാൽ നെയ്തെടുക്കപ്പെടുന്ന ഒരു പുറംമോടിയാകുമ്പോൾ ജീവിതത്തിന്റെ ഇടപെടലുകളിൽ ദൈവികപ്രകാശം പ്രതിഫലിക്കുന്നില്ല, ദൈവം മഹത്വപ്പെടുന്നുമില്ല. അദ്ധ്യാപനവും എഞ്ചിനീറിംഗും വീട്ടുജോലികളും എല്ലാം ക്രിസ്തുവിന്റെ തന്നെ പ്രവൃത്തികളാണെന്നും ആ ആത്മീയത തനിക്കും സമൂഹത്തിനും വളർച്ച നൽകുന്നുണ്ടെന്നും ബോധ്യം നൽകുന്ന സമീപന രീതികൾ ചിട്ടപ്പെടുത്തിയേ മതിയാകൂ. അല്ലെങ്കിൽ ദേവാലയത്തിലും, ധ്യാനകേന്ദ്രങ്ങളിലും പ്രാർത്ഥനാഗ്രൂപ്പുകളിലും പോകാൻ കഴിയുന്നവരുടെ ആർഭാടമായി ‘ക്രിസ്തീയവിശുദ്ധി’ ചുരുങ്ങും.

3. സഭ ധാർമിക കാര്യങ്ങളിൽ സ്വീകരിക്കുന്ന നിലപാടുകളിൽ വിയോജിപ്പുകൾ ഉണ്ടാവുകയോ, വ്യക്തിജീവിതങ്ങളിൽ അവഗണിക്കപ്പെടുന്നതിന്റെയോ കാരണം അത് അവരെ നിരാശപ്പെടുത്തുന്നതുകൊണ്ടാവണമെന്നില്ല. മനസിലാക്കപ്പെടുന്നതിനേക്കാൾ വിധിക്കപ്പെടുന്നു എന്ന ഒരു അനുഭവം വിശ്വാസികൾക്ക് ലഭിക്കുന്നുണ്ടെങ്കിൽ അവിടെ വളർച്ച ഉണ്ടാവില്ല. വിയോജിപ്പുകൾക്ക് പല കാരണങ്ങൾ ഉണ്ട്. 1 വേണ്ട വിധം വിശദീകരിക്കാൻ സഭക്ക് കഴിയാതെ വരുന്നത് 2 സഭയുടെ തന്നെ നേതൃത്വത്തിൽ നിന്നുള്ള അധാർമികത 3 യഥാർത്ഥ അർത്ഥത്തെക്കുറിച്ചും അതിന്റെ പ്രായോഗിക തലങ്ങളെക്കുറിച്ചും നേതൃനിരയിലുള്ളവരുടെ വ്യക്തതക്കുറവ്. 4 ഒരു പ്രത്യേക പ്രദേശത്ത് പ്രബലമായ ഒരു പ്രശ്നത്തെ കൈകാര്യം ചെയ്യുന്ന മാർഗരേഖയെ അതിന്റെ സ്ഥലകാലമാനങ്ങൾ കാര്യമായെടുക്കാതെ വിശ്വാസികൾക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രവണതകൾ 5 നൽകപ്പെടുന്ന ധാർമിക പഠനങ്ങളെ വളച്ചൊടിച്ച് മനുഷ്യത്വരഹിതമായ വ്യാഖ്യാനങ്ങൾ നൽകുന്നത് 6 കാലികമായി സ്വീകരിച്ചിട്ടുള്ള മെച്ചപ്പെടുത്തലുകളെക്കുറിച്ച് പഠിക്കാൻ താല്പര്യമില്ലായ്മ (സഭക്കുള്ളിൽനിന്നു തന്നെയുള്ള പുതിയ പഠനങ്ങളും, അതുപോലെതന്നെ സാംസ്കാരികവും മനഃശാസ്ത്രപരവുമായ പുതിയ അറിവുകളും). സാന്മാര്ഗികതയെക്കുറിച്ചു മാത്രമല്ല, വിശ്വാസത്തെക്കുറിച്ചും, പ്രബോധനങ്ങളെക്കുറിച്ചും, ആത്മീയതയെക്കുറിച്ചും കൂടുതൽ വായനയും പഠനവും പ്രോത്സാഹിപ്പിക്കപ്പെട്ടേ മതിയാകൂ. കഴിയുമെങ്കിൽ, ചരിത്രവും സംസ്കാരവും മാറുന്ന വഴികളെക്കുറിച്ചും അവയുടെ അടയാളങ്ങളെക്കുറിച്ചും വിശകലനം ചെയ്യാൻ തക്കവിധം അറിവ് നേടേണ്ടത് അജപാലനത്തിലെ അത്യാവശ്യമാണ്. ഇല്ലെങ്കിൽ വികലമായ മുൻവിധികളാവും നമ്മെ നയിക്കുന്നത്.

എല്ലാ രൂപതകൾക്കും തന്നെ കൗൺസിലിങ് സ്ഥാപനങ്ങൾ ഇന്നുണ്ട്. ധ്യാനകേന്ദ്രത്തിൽ നിന്നു ലഭിക്കുന്ന ലോകവീക്ഷണവും വിശ്വാസദർശനവും കൗൺസിലിങ് സ്ഥാപനത്തിലെ സമീപനരീതിയും ആന്തരിക സംഘർഷത്തിന് വഴിവയ്ക്കുന്നവയാണോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. 'ആത്മീയത'യിൽ വിചിത്രമായ കാരണവ്യാഖ്യാനങ്ങളും അസാധ്യമായ പരിഹാരവഴികളും ഒരു ഭാഗത്തു നിൽക്കുമ്പോൾ മറുഭാഗത്തെ ശാസ്ത്രീയ സമീപനങ്ങൾ ലൗകികമായി വിധിക്കപ്പെട്ടേക്കാം. വ്യത്യസ്തമായ ശുശ്രൂഷാശൈലികൾ സ്വീകരിച്ചിരിക്കുന്നവർ അവരവരുടെ മേഖലകളിൽ പ്രശോഭിക്കുന്നവരാകാം. എന്നാൽ ആളുകളുടെ വളർച്ചയും നന്മയും സഭ ആഗ്രഹിക്കുന്നതിനാൽ പ്രബോധനം, അജപാലനം, ബൈബിൾ വ്യാഖ്യാനം, സുവിശേഷപ്രഘോഷണം, ധാർമികബോധം, മാനസികാരോഗ്യം, സാമൂഹികയാഥാർത്ഥ്യങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവർ കൂടെക്കൂടെയുള്ള പരസ്പര സംഭാഷങ്ങളിൽ ഏർപ്പെടേണ്ടതുണ്ട്. ഒരു സമവായം ഉണ്ടാക്കുക എന്നതല്ല ലക്‌ഷ്യം, മറിച്ച്, നിലപാടുകൾ, ആത്മീയതയിലെ ശൈലികൾ തുടങ്ങിയവയിൽ പരസ്പരം വ്യക്തത നൽകുവാൻ ഈ തുറന്ന സംഭാഷണങ്ങൾ സഹായിക്കും. പരിശുദ്ധാത്മാവ് നൽകുന്ന ആന്തരികജ്ഞാനം പൊതുവിജ്ഞാനത്തിലും ശാസ്ത്രസമീപനത്തിലും ഉണ്ടെന്നതിൽ ബോധ്യം വരുത്തേണ്ടതുണ്ട്.

4. ഒരു സംഘടനയിലെയോ പാർട്ടിയിലെയോ അംഗങ്ങളെപ്പോലെ ഉപയോഗിക്കപ്പെടാവുന്നവരാവരുത് യുവജനങ്ങൾ. അവരെ ഉൾപ്പെടുത്തുന്ന ഓരോ സംവിധാനവും അവരുടെ പക്വമായ ജീവിതത്തിനായി അവരെ ബലപ്പെടുത്തുന്നതാവണം. പ്രതിരോധിക്കാനുള്ള ഉരുക്കുമനുഷ്യരായല്ല, നന്മയുള്ള പച്ചമനുഷ്യരായി തികച്ചും ക്രൈസ്തവ മൂല്യങ്ങളിൽ വളരാനുള്ള പരിതസ്ഥിതി അവർക്കു ലഭ്യമാക്കണം. അത് വൈകാരികവും, ബൗദ്ധികവും ആത്മീയവും സാമൂഹികവുമായ മാനങ്ങൾ ഉൾപ്പെടുന്നു.

4.a അവരുടെ ജീവിത സാഹചര്യങ്ങളിൽ നിന്ന്, അവരുടെ അറിവും അനുഭവവും നൽകുന്ന സങ്കീർണ്ണതകളിൽ നിന്ന് ഉയർന്നു വരുന്ന സങ്കല്പങ്ങളെയും ചോദ്യങ്ങളേയും തുറന്നു പറയുവാനുള്ള വേദികൾ ആവശ്യമാണ്. അവയെ കേൾക്കാനും ക്രിയാത്മകമായ ചർച്ചയാക്കാനും കഴിവുള്ള മുതിർന്നവരെ അവരുടെ പ്രത്യേക മേഖലകളിൽ നിന്ന് കണ്ടെത്തുകയും വേണം. അജപാലകരും ആത്മീയഗുരുക്കളും എല്ലാ ഉത്തരങ്ങളും നൽകാൻ കഴിയുന്നവരാകണമെന്ന് തീർച്ചയായും അവർ ആഗ്രഹിക്കുന്നില്ല. അവർക്കുള്ളിലുള്ളതും, അവർ നേരിടുന്നതുമായ യാഥാർത്ഥ്യങ്ങളുടെ സാംസ്കാരികവും, സാമൂഹികവും, ചരിത്രപരവും, മനഃശാസ്ത്രപരവുമായ ഉറവിടങ്ങളെ മനസ്സിലാക്കുവാനും വരും കാലങ്ങളിൽ അവയെ അഭിമുഖീകരിക്കുവാൻ അവരെ സജ്ജമാക്കുകയും വേണം. വേലികൾ തീർത്തതു കൊണ്ട് നമുക്ക് സുരക്ഷ ഉറപ്പിക്കാനാവില്ല. എന്നാൽ അവരുടെ ചോദ്യങ്ങളും പ്രശ്നങ്ങളും കുമ്പസാരത്തിലാണെങ്കിലും ധ്യാനങ്ങളിലാണെങ്കിലും പലപ്പോഴും നിരുത്സാഹപ്പെടുകയാണ്. നാളെയുടെ യാഥാർത്ഥ്യങ്ങളിലേക്കുള്ള കണ്ണുകളാണവ. വിശ്വാസം പുതുനാമ്പുകളെടുക്കേണ്ട വിളനിലങ്ങളാണവ. അങ്ങനെ ചോദ്യം ഉയരുന്നത് വിശ്വാസത്തിന് എതിരാണെന്നും ദൈവത്തെ ചോദ്യം ചെയുന്നതാണെന്നും ഉള്ള ചിന്തകൾ കുറെപ്പേരെ ഭയത്തിൽ നിശ്ശബ്ദരാക്കിയേക്കും. കുറേപ്പേർ അവർക്കു നൽകപ്പെടുന്ന ഭക്തിയുടെ ചട്ടക്കൂടുകളിൽ സ്വയം അടച്ചു കളയുകയും ചെയ്യും. ശേഷിക്കുന്ന ഭൂരിഭാഗം വരുന്ന യുവജനങ്ങൾ സത്യത്തിൽ അകലുക തന്നെയാണ്. കാരണം അവർക്കുള്ള ഇടം സഭയിൽ ഇല്ല എന്നത് തന്നെ.

4.2 അവരുടെ സങ്കീർണമായ ജീവിതസാഹചര്യങ്ങളിൽ അവരെ ഉറപ്പിച്ചു നിർത്തുന്ന ബലമായും, ക്രിസ്തുവിനെ അനുകരിക്കാൻ കഴിയുന്ന മാതൃകയായും വിശ്വാസം അവർക്കു ലഭിച്ചെങ്കിലേ ഇത് സാധിക്കൂ. നിയമാനുഷ്ടാനങ്ങളിലേക്കും നിഷ്ഠകളിലേക്കും ചുരുക്കപ്പെടുമ്പോൾ അവർക്കു നഷ്ടമാകുന്നത് ഇവിടെ ആവശ്യമായുള്ള സർഗാത്മകതയാണ്. ഇത്തരം സൃഷ്ടിപരത ഒരിക്കൽ സ്വാഭാവികമായും നമ്മളിൽ സൃഷ്ടിക്കപ്പെടുമായിരുന്നു. പരസ്പരം കാണുകയും, അറിയുകയും, വളർത്തുകയും ചെയ്യുന്ന കുടുംബബന്ധങ്ങളിൽ നിന്നും മാറി സൈബർ സമൂഹങ്ങളിലെ പരസ്പര ബന്ധങ്ങളിലാണ് ഇന്ന് പലരും രൂപപ്പെടുന്നത്. കുടുംബാംഗങ്ങളോടെന്നതിനേക്കാൾ അത്തരം സൈബർ സമൂഹങ്ങളിലെ അംഗങ്ങളുമായാണ് ഇന്ന് സംഭാഷങ്ങൾ നടക്കുന്നത്. വേണ്ടവിധത്തിൽ കൃപാചാലകങ്ങളാകുവാൻ അത്തരം ഗ്രൂപ്പുകൾക്കോ (പ്രാത്ഥനാഗ്രൂപ്പുകൾ എന്ന് വിളിക്കപ്പെടുന്നവയടക്കം) അവയിലെ ബന്ധങ്ങൾക്കോ കഴിയുന്നുമില്ല. മധ്യയുഗത്തിൽ സഭ തന്നെ അകറ്റി നിർത്തിയ മിലിറ്റന്റ് ഗ്രൂപ്പുകളുടെ ചിന്താഗതി പുലർത്തിക്കൊണ്ട് സ്വന്തം ക്രിസ്തീയ തനിമ രൂപപ്പെടുത്തുന്നത് വിശ്വാസതീക്ഷ്ണതയായി തെറ്റിദ്ധരിക്കുന്നുമുണ്ട്. ക്രിസ്ത്യൻ അപ്പോളോജിസ്റ്റ്സ് എന്ന പേരിൽ അനേകം ഉറവിടങ്ങൾ ലഭ്യമായവയിൽ നിന്നും സഭയുടേതായ പഠനങ്ങൾ തിരിച്ചറിയപ്പെടാൻ കഴിയാതെ പോകുന്നതും വികലമായ വിശ്വാസസമീപനങ്ങൾക്കു വഴിവച്ചിട്ടുണ്ട്. അത്തരത്തിൽ  വ്യാഖ്യാനിച്ചു വിഗ്രഹവത്കരിക്കപ്പെട്ടവയിൽ 'ഒന്നാം പ്രമാണം' ഒരു ഉദാഹരണം മാത്രമാണ്.

5. മാധ്യമങ്ങളുമായി സമ്പർക്കമില്ലാത്ത ഒരു വ്യക്തിയും ഇന്നില്ല. എന്നാൽ മാധ്യമലോകവും മാധ്യമങ്ങളുടെ സ്വാധീന ശൈലികളും മനസിലാക്കുവാൻ ആവശ്യമായ വിവേകം പരിശീലിക്കുവാൻ നമുക്കായിട്ടില്ല. വിശ്വാസസംബന്ധമായ കാര്യങ്ങളിൽ നടക്കുന്ന ആശയധ്രുവീകരണത്തിൽ, പരസ്യകലയിൽ ഉപയോഗിക്കുന്ന വൈകാരിക സ്വാധീനങ്ങൾ അപകടകരമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഏതൊക്കെ തരത്തിലുള്ള നേട്ടങ്ങൾ അവ ഉണ്ടാക്കുന്നുണ്ടെങ്കിലും ക്രിസ്തുവിലേക്കുള്ള വളർച്ച അനുവദിക്കാത്ത ഏതിനെയും, എത്ര ശക്തമായ വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ആയിരുന്നാലും വിവേകവും ജ്ഞാനവും നിറഞ്ഞ ജാഗ്രത പാലിക്കുവാൻ സഭാസമൂഹം തയ്യാറാവണം. പരസ്യം വെറും ആകർഷണം മാത്രമല്ല, തീരുമാനങ്ങളെ നിയന്ത്രിക്കുന്ന പ്രേരണയാണ്. വിശ്വാസത്തിന്റെ തലത്തിലും ഇത്തരം രീതികൾ ഉപയോഗിക്കപ്പെടുകയും, അങ്ങനെ, ഇവാൻജെലിക്കൽ-പെന്തെക്കോസ്റ്റൽ പോപ്പുലിസ്റ്റ് ശൈലികളുടെ ഇടുങ്ങിയ ചട്ടക്കൂടുകൾക്കുള്ളിൽ ഒരു സമാന്തര വിശ്വാസവും ക്രിസ്തീയതയും രൂപീകരിക്കപ്പെടുന്നത് ക്രിസ്തീയതയുടെ ഗുണപരമായ വളർച്ചയെ തടയുകയും ചെയ്യുന്നത് നമുക്ക് കാണുവാൻ കഴിയും. ചിലരെങ്കിലും ഉന്നതിയുടെ സുവിശേഷത്തിന്റെ വക്താക്കളാകുന്നതും ആളുകളുടെ ദയനീയാവസ്ഥകൾ ചൂഷണം ചെയ്യപ്പെടുന്നതും അക്രിസ്തീയമായ സമീപനങ്ങളാണ്.

5.1 സഭയുടെ വിശ്വാസമായി മുപ്പതു വർഷത്തോളം വിശ്വാസികൾ കേട്ടത് ഏതാനം പ്രശസ്ത പ്രസംഗകരെയാണ്. മത-സംസ്കാരത്തിന്റെ കണ്ണുകളിലൂടെ വിശകലനം ചെയ്യുമ്പോൾ, അവർക്കു നൽകപ്പെട്ട പ്രവാചക/ ദൈവിക പരിവേഷം ഒരു തരത്തിൽ കൾട്ട് രൂപീകരണത്തിന് കാരണമായിട്ടുണ്ട് എന്നത് തർക്കമില്ലാത്തതാണ്. ഈ ശുശ്രൂഷകർ ആഗ്രഹിച്ചതല്ലെങ്കിലും, രൂപീകൃതമായിട്ടുള്ള സ്ഥിതിവിശേഷം അതിലെ ശിഥിലതകൾ കണ്ടുകൊണ്ടുതന്നെ തിരുത്തപ്പെടേണ്ടതുണ്ട്. ബ്രാൻഡ് രൂപത്തിൽ വളരുന്ന ഇവക്കിടയിലെ മത്സരങ്ങൾ അനാരോഗ്യകരമായ ഭാവിയാണ് സഭയുടെ ഐക്യത്തെ സംബന്ധിച്ച് നൽകുന്നത് (participation-competition).

5.2 കരിസ്മാറ്റിക് നവീകരണം പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ്. അത് അങ്ങനെയായിരിക്കുകയും വേണം. നവീകരണത്തിന്റെ ആരംഭകാലത്തു തന്നെ ആവശ്യമായ ദൈവശാസ്ത്ര അടിസ്ഥാനവും മാർഗ്ഗരേഖകളും അതിനുണ്ടായിരുന്നു. വരങ്ങളിൽ വളരുന്നവർ വേണ്ടവിധം പാസ്റ്ററിങ്, മുതിർന്നവരിൽ നിന്നുള്ള മാർഗദർശനങ്ങൾ സ്വീകരിച്ചിരുന്നു. ഇത്തരം വിവേകപൂണ്ണമായ വളർച്ച ഇന്ന് നടക്കുന്നുണ്ടോ എന്നത് സംശയമാണ്. ചില വിദേശ സെക്ടുകളിൽ പ്രബലമായിരുന്ന ആശയങ്ങളെ നമ്മുടെ വിശ്വാസധാരയിലേക്കു കൊണ്ടുവരുന്നതിൽ ഇത്തരം വിവേകശൂന്യത  വലിയ പങ്കുവഹിച്ചിട്ടുണ്ട് ഉദാ: നാശത്തിന്റെ/ മരണത്തിന്റെ ആത്മാവ്.പരിശുദ്ധാത്മാവ് ചൊരിയുന്ന സ്നേഹത്തിന്റെ അടയാളമാണ് അത്ഭുതങ്ങളും സൗഖ്യങ്ങളും, അത് ശുശ്രൂഷകന്റെ ശക്തിയായി കാണപ്പെടുന്ന പ്രവണതകൾ പ്രോത്സാഹിപ്പിക്കപ്പെടരുത്. ധ്യാനകേന്ദ്രങ്ങളുടെ സ്വയാധികാരത്തിൽ അനുമതി നൽകപ്പെടുന്ന ഉപദേശകർ ശുശ്രൂഷകൾക്ക് മൊത്തത്തിൽ ആക്ഷേപം വരുത്തി വച്ചിട്ടുണ്ട്. കൂടുതൽ വിവേചനാശക്തി സാക്ഷ്യങ്ങളിലും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാണ്. സാക്ഷ്യങ്ങൾ വിശ്വാസത്തിന്റെ പക്വതയിലേക്ക് സമൂഹത്തെ നയിക്കുന്നതാകണം. വികലമായ ബോധ്യങ്ങൾ നല്കുന്നവയാകരുത്. ആത്മാവിന്റെ വരങ്ങളിൽ യഥാർത്ഥത്തിൽ വളരുന്നവരെ പരിപോഷിപ്പിക്കുന്നതിനോടൊപ്പം തന്നെ, ആത്മീയോന്മാദത്തിലേക്കു (people with religious content) ചായുന്നവരെ തിരിച്ചറിയുകയും വേണ്ടവിധത്തിൽ അവരെ സഹായിക്കുകയും ചെയ്യേണ്ടത് ധ്യാനകേന്ദ്രങ്ങളുടെയും അജപാലകരുടെയും വലിയ കടമയാണ്.

6. ഉചിതമായ ഉത്തരങ്ങളോ വ്യക്തതയോ ഇല്ലാതെ പോകുന്നതോ, വ്യത്യസ്തമായ സ്വരങ്ങളെ കേൾക്കേണ്ടി വരുമെന്നതോ ആ മാർഗ്ഗരേഖകളെ ജനസമക്ഷത്തിലേക്കെത്തിക്കുന്നതിൽ വിമുഖതക്കു കാരണമാകുന്നുണ്ട്. ബൈബിൾ വ്യാഖ്യാനത്തെക്കുറിച്ചും, അന്യമതങ്ങളോടുള്ള സമീപനത്തെക്കുറിച്ചും, സാമൂഹിക പ്രതിബദ്ധതയെക്കുറിച്ചും, ശാസ്ത്രവുമായുള്ള സംവാദത്തിന്റെ ആവശ്യത്തെക്കുറിച്ചും സാമ്പത്തികരംഗത്തെ മൂല്യങ്ങളെക്കുറിച്ചുമൊക്കെ നൽകപ്പെട്ട പ്രബോധനങ്ങൾ പ്രസംഗങ്ങളിലോ ധ്യാനങ്ങളിലോ ഇടം തേടുന്നില്ല എന്നത് നിർഭാഗ്യകരമാണ്. ബൗദ്ധികമായ വിചിന്തനവും, കൃപ നിറഞ്ഞ ഒരുക്കവും, സമൂഹത്തെക്കുറിച്ചുള്ള അറിവും പ്രയോഗികമാനങ്ങളെക്കുറിച്ചുള്ള പരന്ന ചർച്ചകളും ഇവിടെ ആവശ്യമായിട്ടുണ്ട്. ഈ പ്രക്രിയയെ പാടെ അവഗണിക്കുകയും, വെളിപ്പെടുത്തലുകളുടെ രൂപത്തിൽ ആളുകളുടെ വൈകാരികാവസ്ഥകളെ നിയന്ത്രിക്കാവുന്ന തരത്തിലുള്ള സമാന്തര വിശ്വാസങ്ങൾ രൂപീകരിക്കപ്പെടുകയും ചെയ്തു. ഇത് അപകടകരവും തെറ്റിദ്ധാരണകളുണ്ടാക്കുന്നതുമായ ചർച്ചകളും വഴക്കുകളും കുടുംബങ്ങളുടെയും ഇടവകകളുടെയും, പ്രാർത്ഥനാകൂട്ടായ്മയുടെയും സാമൂഹ്യമാധ്യമഗ്രൂപ്പുകളിൽ ഉണ്ടാക്കുകയും വ്യക്തിപരമായ അകൽച്ചകൾക്ക് വഴി വയ്ക്കുകയും ചെയ്യുന്നുണ്ട്. ഉറവിടങ്ങളുടെ ആധികാരികതയെ വേണ്ടവിധം വിവേചിച്ചറിയാൻ അവർക്കു കഴിയാറില്ല. ഇതു മൂലം വിശ്വാസികൾക്കു രൂപപ്പെട്ടു കിട്ടിയ ദൈവസങ്കല്പങ്ങളും മനുഷ്യസങ്കല്പങ്ങളും മരണാന്തരജീവിത വീക്ഷണങ്ങളും അനുഗ്രഹങ്ങളുടെ വഴിയെക്കുറിച്ചുള്ള ഉപദേശങ്ങളും വളരെ വിചിത്രമാണ്. ഇടവകകളിലെ അജപാലക്കാരിൽ ആത്മാഭിഷേകം കുറവാണെന്ന ഒരു സങ്കല്പം എങ്ങനെയോ രൂപപ്പെട്ടതിലൂടെ അവർ കുമ്പസാരങ്ങളിലോ മറ്റോ തിരുത്തലുകൾ നൽകിയാലും ആത്മാവിനാൽ നിറഞ്ഞു പറഞ്ഞ മറ്റാരുടെയോ വാക്കിനാവും വിശ്വാസ്യത എന്നത് സ്വാഭാവികം.

നമ്മുടെ വിശ്വാസത്തിന്റെയോ, സഭാപ്രബോധനത്തിന്റെയോ ന്യൂന്യതയല്ല വേണ്ട സംഭാഷണങ്ങൾ നടക്കാത്തതിനു കാരണം. കാലത്തിന്റെ സങ്കീര്ണതകളെ മനസ്സിലാക്കാനും അവയെ വിശ്വാസത്തിന്റെയും കൃപയുടെയും വെളിച്ചത്തിൽ അഭിമുഖീകരിക്കുവാനുമുള്ള മാർഗരേഖകൾ ഉചിതമായ സമയങ്ങളിൽ നല്കപ്പെട്ടിട്ടുണ്ട്. എന്നാൽ അവയെ ആത്മാർഥമായി സമീപിക്കുന്നതിൽ നമ്മുടെതന്നെ പ്രിയപ്പെട്ട ചില സംവിധാനങ്ങളെ മാറ്റേണ്ടി വന്നേക്കാമെന്നത് ഒരു വെല്ലുവിളിയാണ്. അഭിമുഖീകരിക്കുന്ന സാമൂഹിക സാംസ്‌കാരിക യാഥാർത്ഥ്യങ്ങൾ അതിസങ്കീർണമാണെന്നിരിക്കെ അതിന് മതപരമായ ഒറ്റയുത്തരം നൽകാനാവില്ല, അതിനു ശ്രമിക്കുകയുമരുത്. സങ്കീർണമായ പ്രതിഭാസങ്ങൾക്കു അതിന്റെ ഉറവിടങ്ങളിലും അർത്ഥതലങ്ങളിലും പല മാനങ്ങളുള്ളതിനാൽ അവയെ വേണ്ടവിധം മനസിലാക്കേണ്ടതിന് പല മേഖലകളിലുള്ളവരുടെ കൂട്ടായ പങ്കുവയ്ക്കലുകൾ അത്യാവശ്യമാണ്. ഉല്പത്തിയിലെ പാപ-ഉത്ഭവ വിവരണമോ, ദിനവൃത്താന്തത്തിലെ അനുഗ്രഹ-ശിക്ഷ ഉറവിട പരാമർശങ്ങളോ, തിന്മകളിൽ സാത്താന്റെ സാമാന്യവത്കരണമോ നമ്മിലെയും സഭയിലെയും സത്യങ്ങളെ മനസ്സിലാക്കുന്നതിൽ അനുചിതമാണ്.

C. വളരെ നിർണ്ണായകമായ ഒരു സമയത്താണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. 'പാവങ്ങളുടെയും ഭൂമിയുടെയും വിലാപം' തുടങ്ങി സഭയുടെ രേഖകളിൽ ഈ കാലഘട്ടത്തിൽ ആവർത്തിക്കപ്പെടുന്ന പ്രമേയങ്ങൾക്ക് ധാർമികവും വിശ്വാസപരവുമായ പ്രാധാന്യം നൽകി പ്രവൃത്തിപഥത്തിലേക്കു കൊണ്ടുവരാൻ നമുക്ക് കഴിയണം. വലിയ പ്രതിബദ്ധതയോടെ ധാർമികനിലപടുകൾ സ്വീകരിക്കേണ്ടത് ഒരു മതത്തിനും ദേശത്തിനും സംസ്കാരത്തിനുമപ്പുറം ജീവന്റെ തന്നെ നിലനിൽപിന് ആവശ്യമാണ്. അത് നമ്മുടെ എല്ലാത്തരം വ്യത്യസ്തതകളേക്കാളും അടിസ്ഥാനപരമാണ്. ഈ കാലഘട്ടത്തിൽ സഭയുടെ പ്രത്യേക വിളിയും ദൗത്യവും ആയി സഭ അതിനെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. അത്തരം നിർണായകമായ സമയത്ത് ഒരുമിച്ചു നിൽക്കാൻ കഴിയുന്ന പുതിയ വഴികൾ തേടുകയും നന്മയും ജീവനും കണ്ടെത്തുകയും ഒരുമിച്ചു നടക്കുകയുമാണ് വേണ്ടത്. അത് ആത്മാർത്ഥമാണെങ്കിൽ അകം പുറം സംഭാഷങ്ങൾ പുതിയ അനുരഞ്ജന പ്രക്രിയകൾക്കും വഴി തുറക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ