Gentle Dew Drop

സെപ്റ്റംബർ 11, 2020

ബുദ്ധി - നന്മ - ഭക്തി

സ്വന്തം കാഴ്ചപ്പാടുകളിലേക്കും ചിന്താധാരകളിലേക്കും ചുരുക്കി നിർത്താവുന്നതാണ് സകല യാഥാർത്ഥ്യങ്ങളും എന്ന് കരുതുന്ന ഒരു തരം അഹങ്കാരമാണ് 'ബുദ്ധി' എന്ന് കരുതപ്പെടുന്നതെങ്കിൽ ആ ബുദ്ധി പ്രശംസനീയമല്ല. ഈ ബുദ്ധി, പലപ്പോഴും ആരോപിക്കപ്പെടുന്നതുപോലെ, ശാസ്ത്രത്തിലും തത്വചിന്തയിലോ മാത്രമല്ല മതത്തിലും ദൈവശാസ്ത്രത്തിലും കാണാം. എന്നാൽ വിശ്വാസത്തിന്റെ കാഴ്ചപ്പാടിൽ ബുദ്ധി അറിവും, ഇച്ഛാശക്തി നന്മയും തേടുന്നു എന്നാണ്. അറിവ് ഒരു ഉറവിടത്തിൽ പൂർണ്ണമല്ലാത്തതിനാൽ അറിവിൽ വളരാൻ തുറവി അത്യാവശ്യമാണ്. അറിവില്ലാതെ നന്മ തേടാനാവില്ല, അതുപോലെ നന്മ തേടാത്ത അറിവ് നേർവഴിക്കാവുകയുമില്ല. ഇവ രണ്ടും പ്രവൃത്തികളെ നയിക്കപ്പെടുമ്പോഴേ വിശുദ്ധി പ്രതിഫലിക്കൂ. ആ തെളിമയാണ് ഭക്തി. പൂർണമായ അറിവ് അസാധ്യവും അഗ്രാഹ്യവുമാണ്. വിശ്വാസപരമായ അറിവുകളിൽ വ്യക്തത വരുത്തേണ്ടത് ദൈവത്തെ കൂടുതൽ ആഴത്തിൽ അറിയാനും വിശ്വാസത്തിൽ വളരുവാനും ആവശ്യമാണ്. വിശ്വാസത്തിലൂന്നി മുന്നോട്ടു പോവുക എന്നതിന്റെ അർത്ഥം അറിവ് തേടുന്നത് പൂർണമായും നിരാകരിക്കുക എന്നതല്ല. ദൈവമുഖം കൂടുതൽ തെളിമയിൽ കാണാൻ ശ്രമിക്കുമ്പോഴും നമ്മെ നയിക്കേണ്ട ദൈവാശ്രയബോധമാണ് ഏറ്റവും വലുത്. ഈ പ്രക്രിയയിൽ അറിവ് തേടുന്ന ബുദ്ധിയും നന്മ തേടുന്ന ഇച്ഛയും ഒരുപോലെ പ്രവർത്തിക്കുന്നു. ദൈവത്തിന്റെ പ്രവൃത്തികളിലും ജ്ഞാനവും നന്മയും വെളിപ്പെടുന്നു. അവയെ മനസിലാക്കാനും നമ്മുടെ ബുദ്ധിയിലൂടെയും ഇച്ഛയിലൂടെയും തന്നെയാണ് ഇവ തിരിച്ചറിയപ്പെടുകയും ആന്തരിക ഭക്തിയായി ഉള്ളിൽ തെളിയുകയും ചെയ്യുക.

ആരാധനകളും, തീർത്ഥാടനങ്ങളും, ഭക്ത്യാനുഷ്ടാനങ്ങളും, വചനപാരായണവും എല്ലാം ഇവയില്ലാതെ ഒന്ന് ചിന്തിച്ചു നോക്കൂ. അത്ര നല്ല ഫലമായിരിക്കില്ല കാണാൻ കഴിയുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ