Gentle Dew Drop

സെപ്റ്റംബർ 07, 2020

വിശ്വാസ-മാത്സര്യം

ലോക്ക് ഡൗൺ ഒന്നാം ഘട്ടത്തിൽ ഉത്തരേന്ത്യയിൽ ഒരിടത്ത് ഇരട്ടക്കുഞ്ഞുങ്ങൾ ഉണ്ടായപ്പോൾ അവർക്ക് കോവിഡ്, കൊറോണ എന്നിങ്ങനെ പേരുകൾ നൽകപ്പെട്ടു. ഇതറിയാതെ ആ ഗ്രാമത്തിലേക്ക് വരുന്ന ഒരാളോട് ഒരു കുട്ടി പറയുകയാണ്: "ആ വീട്ടിൽ കൊറോണയുണ്ട്." വന്ന ആൾ മനസിലാക്കുന്നത് രോഗത്തെ ബന്ധിപ്പിച്ചാകും. ഇവിടെയുള്ള ആശയക്കുഴപ്പത്തിന് സമാനമാണ് ഇന്ന് ദൈവത്തെയും പരിശുദ്ധാത്മാവിന്റെയും കുറിച്ചുള്ള തെറ്റിദ്ധാരണകൾ.

എഴുപതുകൾ മുതൽ അമേരിക്കയിലും മറ്റും വളർന്നു വന്ന അനേകം ക്രിസ്ത്യൻ സെക്ടുകളുണ്ട്. അവയിലെ സ്ഥാപകർക്കും പ്രധാന പ്രസംഗകർക്കും നൽകപ്പെട്ട താരപരിവേഷം അത്തരം സെക്ടുകൾക്കിടയിൽ അവരെ പ്രവാചകരും ആരാധ്യരും ആക്കിത്തീർത്തു. അവരുടെ വാക്കുകൾ ദൈവത്തിൽ നിന്ന് വരുന്ന നേരിട്ട സന്ദേശങ്ങളായി; അവരുടെ അഭിപ്രായങ്ങൾ ദൈവിക സമീപനങ്ങളും. വിശ്വസിക്കപ്പെട്ടതും ആരാധിക്കപ്പെട്ടതും ഈ വ്യക്തികൾ തന്നെയായിരുന്നു എന്ന് ചുരുക്കം. 

പരിശുദ്ധാവിന്റെ കുത്തക ഏറ്റെടുത്ത ഇവരിൽ മാത്രം ശുശ്രൂഷകളുടെ ദൈവമഹത്വം നൽകപ്പെട്ടു. മറ്റു ശുശ്രൂഷകരും, സെക്ടുകളും അപൂര്ണതയിൽ മാത്രം പ്രസംഗിക്കുന്നവരായി കാണപ്പെട്ടു. അവയിൽപ്പെട്ട വിശ്വാസികൾ കൂപമണ്ഡൂകത്തിന്റെ അവസ്ഥയിലുമായി. വിശ്വാസം സൈബർ സമൂഹങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടപ്പോൾ കൂപമണ്ഡൂകങ്ങൾക്ക് ഡിജിറ്റൽ രൂപം വന്നു ചേർന്നു. സമാനതകളെ മാത്രം പരിപോഷിപ്പിക്കുന്ന ഇത്തരം സൈബർ സമൂഹങ്ങളിലെ ആശയകൈമാറ്റങ്ങൾ, ഈ സെക്ടുകളിൽ സ്വയം ബ്രാൻഡുകളായി വലിയതോതിൽ ധ്രുവീകരണത്തിനും പതിയെ മത്സരത്തിനും കാരണമാകുന്നു. മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചെടുക്കുന്നത് ശുശ്രൂഷകന്റെ താരശോഭ വർദ്ധിപ്പിച്ചുകൊണ്ടും ജനപ്രിയമായ 'വിശ്വാസ-ഉത്പന്നങ്ങൾ' അവതരിപ്പിച്ചുകൊണ്ടുമാകും. അപ്പോഴും പ്രധാന ഭാഷ്യം ഇത് തന്നെയാണ്: "ദൈവം ആവശ്യപ്പെടുന്നു, ദൈവം പറയുന്നു." കൊറോണയെക്കുറിച്ച് തെറ്റിദ്ധരിച്ച ഗ്രാമവാസിയെപ്പോലെ 'ദൈവസന്ദേശ'ങ്ങളേക്കുറിച്ചും 'പരിശുദ്ധാത്മപ്രേരണ'കളെക്കുറിച്ചും വിശ്വാസി വിശ്വസിക്കുന്നു. 

സൈബർ സമൂഹങ്ങളിൽ അതിൽ തന്നെ തെറ്റില്ല, പക്വമായ സംവാദങ്ങൾ വളർച്ചയും തിരുത്തലുകളും നല്കുന്നുണ്ടെങ്കിലേ അവ ആരോഗ്യകരമായ ഫലം കാണൂ. വിശ്വാസത്തിന്റെ തലത്തിൽ ഇത്തരം നേതാക്കളിലും അവരുടെ ശുശ്രൂഷകളിലും അവരെ കേൾക്കുന്നവരിലും ആത്മീയ നന്മകൾ കാണപ്പെടുന്നില്ലെങ്കിൽ അവിടെ പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം ഇല്ല. മതാത്മകതയെക്കുറിച്ച് തീക്ഷ്ണത കാണിക്കുകയും എന്നാൽ ആത്മീയ ഗുണങ്ങൾ പ്രകടമാകാതിരിക്കുകയും ചെയ്യുന്നത് ആ സെക്ടുകൾ വ്യക്തി കേന്ദ്രീകൃതം എന്നതല്ലാതെ അതിലെ തന്നെ സമൂഹത്തിനു പോലും വളർച്ച നൽകുന്നില്ല എന്നതാണ് കാണിക്കുന്നത്. അതുകൊണ്ടു തന്നെ അവർക്കിടയിൽ മാത്സര്യം, ഭിന്നത, വിഭാഗീയചിന്ത എന്നിവ ഏറിവരികയും ചെയ്യും. 

ആ സെക്ടുകളും അവയുടെ വിശ്വാസ-ഉത്പന്നങ്ങളും ആർക്കും ലഭ്യമാണ്. ആകർഷണീയത ആധികാരികത നൽകുന്ന പരസ്യവഴികൾ ഈ ഉത്പന്നങ്ങളും നമ്മിലെത്തിക്കും. ഗുണമേന്മ ഉറപ്പു വരുത്തേണ്ടത് വാങ്ങിക്കുന്നവരുടെ ഉത്തരവാദിത്തമാണ്.  



Ref J̦örg Stolz, Judith K̦önemann, et al (Un)Believing in Modern Society: Religion, Spirituality, and Religious-Secular Competition

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ