വെളിപാടിലെ 'മൃഗ'ത്തിന്റെ സംഖ്യയും അടയാളവും കൃത്യമായി വ്യാഖ്യാനിക്കാനും തിരിച്ചറിയാനും കഴിയുന്നവരുണ്ട് (എന്ന് അവർ ഉറപ്പായിത്തന്നെ പറയുന്നു). എന്നാൽ നിർഭാഗ്യവശാൽ അവയിലൂടെ അന്ത്യകാലം എന്ന ഒരു പ്രതീതി ഉണ്ടാക്കുന്നതൊഴിച്ചാൽ അതിനെതിരെ, വ്യക്തിപരമായ മൂല്യങ്ങളിൽ ബോധ്യങ്ങൾ കൊണ്ടുവന്നുകൊണ്ട് സാംസ്കാരികമായ വെല്ലുവിളികൾ ഉണ്ടാക്കുവാൻ അവർ ശ്രമിക്കുന്നില്ല. അവരുടെ വ്യാഖ്യാനങ്ങൾ അനുസരിച്ച്തന്നെ 'മൃഗ'ത്തിന്റെ പ്രവൃത്തികളും ശക്തിയും കൺമുമ്പിൽ കാണുമ്പോൾ നിശബ്ദതയാണ് അവർക്കുള്ളത്.
പാവങ്ങളെയും അധഃകൃതരെയും ചൂഷണം ചെയ്യുന്ന സാമ്പത്തിക വ്യവസ്ഥകളും അവയെ വളർത്തുന്ന ഭരണസംവിധാനങ്ങളും ആ 'മൃഗ'ത്തിന്റെ പ്രവൃത്തികളാണ്, ജീവനു മേൽ പണത്തിനു പ്രാധാന്യം നൽകുന്ന ലാഭക്കൊതികൾ 'മൃഗ'ത്തിന്റെ സ്വഭാവമാണ്, സാമ്പത്തികലാഭത്തിനു വേണ്ടി പ്രകൃതിയെ നശിപ്പിക്കുകയും അത് വഴി ഇനി വരുന്ന തലമുറകൾക്ക് (അത് ഏതു ജീവി വംശവുമാകട്ടെ) ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയും ചെയ്യുന്നത് 'മൃഗ'ത്തിന്റെ പ്രവൃത്തികളാണ്, ഈ മഹാമാരിയുടെ സമയം പോലും ലാഭത്തിനുള്ള അവസരമാക്കിത്തീർക്കുന്ന ബിസിനസ് മേഖലകളും, രോഗികളുടെയും ആരോഗ്യപ്രവർത്തകരുടെയും നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യുന്ന ആശുപത്രികളും പ്രാവർത്തികമാക്കുന്നത് 'മൃഗ'ത്തിന്റെ പ്രവൃത്തികളാണ്. പണമില്ലാത്തപ്പോഴും സാധാരണ നിക്ഷേപകരെ കൊള്ളചെയ്ത് കുത്തകസമ്പത്തികശക്തികൾക്ക് വായ്പ നൽകുന്ന ബാങ്കുകൾ ചെയ്യുന്നതും അതുതന്നെയാണ്. സ്വകാര്യവത്കരണം മൂലം, ചിലർ മുൻഗണനക്കർഹമാവുകയും ബാക്കിയാളുകൾ പാർശ്വവത്കരിക്കപ്പെടുകയും അനേകർ തൊഴിൽരഹിതരാക്കപ്പെടുകയും സാമ്പത്തിക അരാജകത്വം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നിടത്തും 'മൃഗ'ത്തിന്റെ ശക്തിയുണ്ട്. അടയാളങ്ങളോട് വിരോധം പ്രകടിപ്പിക്കുകയും എന്നാൽ പ്രവൃത്തികളോട് ചേർന്ന് നടക്കുകയും ചെയ്യുന്നവർ തങ്ങളുടെ നിലപാടുകളിൽ കാലത്തോട് വഞ്ചന ചെയ്യുകയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ