Gentle Dew Drop

ഓഗസ്റ്റ് 15, 2020

സ്വാതന്ത്ര്യം, മഹത്വം, ആനന്ദം

 

സ്വർഗ്ഗാരോഹണം - സ്വാതന്ത്ര്യ ദിനം

ഇവ രണ്ടും തരുന്ന ധ്യാന ചിന്തകൾ മഹത്വം ആനന്ദം എന്നിവയാണ്. എന്നാൽ
രണ്ടിനെയും തീർത്തും സംശയാസ്പദമാക്കുന്ന സാഹചര്യത്തിലാണ് ഇന്ന് നമ്മുടെ ജീവിതം. ഈ അവസ്ഥയിൽ ദൈവത്തിന്റെ സാന്നിധ്യത്തിൽ നടന്ന് മഹത്വത്തിലേക്കു പ്രവേശിക്കാനും ആനന്ദത്താൽ നിറയുവാനും പരി. മാതാവ് നമ്മെ ഓരോരുത്തരെയും സഹായിക്കട്ടെ.

മാതാവിനെ സ്നേഹിക്കുകയും ഭക്തിയോടെ അടുത്തെത്തുകയും ചെയ്യുന്നവരാണ് നമ്മളോരോരുത്തരും. മാതാവ് സ്വന്തം ജീവിതത്തിലൂടെ നമുക്ക് കാണിച്ചുതന്നത് ദൈവത്തിൽ ആശ്രയിക്കുവാനാണ്. ദുഃഖത്തിന്റെയും ദുരിതത്തിന്റെയും ഈ നാളുകളിൽ ദൈവത്തിൽ ആശ്രയിക്കുക എന്നത് ബുദ്ധിമുട്ടും വെല്ലുവിളിയുമാണ്. എന്നാൽ അതേ സമയം അത്തരം നിമിഷങ്ങളിലൂടെ ദൈവകൃപയോടെ കടന്നുപോവുക എന്നത് ഒരു വിശ്വാസപ്രക്രിയയുമാണ്. കോവിഡ് നാളുകളിലൊക്കെയും ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശങ്ങളിലും നിറഞ്ഞു നിൽക്കുന്നത് പ്രത്യാശയോടെ ദൈവത്തോട് ചേർന്ന് നില്കുവാനുള്ള സന്ദേശങ്ങളാണ്. പ്രാർത്ഥനകളുടെ പെട്ടെന്നുള്ള അത്ഭുതഫലങ്ങൾ ആഗ്രഹിച്ചു നമ്മുടെ പ്രാർത്ഥനകളെ മന്ത്രതുല്യമാക്കി മാറ്റിയവരാണ് നമ്മിൽ പലരും. മാതാവ് മഹത്വത്തിലേക്ക് പ്രവേശിച്ചത് കുരിശിൽ മരിക്കുന്ന ഈശോയെ കാണുമ്പോഴും ദൈവത്തിൽ ആശ്രയിച്ചു കൊണ്ട് രക്ഷാകര സംഭവങ്ങളിലൂടെ പ്രത്യാശയോടെ ശാന്തമായി നടന്നുകൊണ്ടാണ്. അവിടെയാണ് യഥാർത്ഥ സ്വാതന്ത്ര്യാനുഭവം നമുക്ക് കാണാൻ കഴിയുന്നത്..

യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ അടയാളമാണ് സമാധാനം. വിശുദ്ധരുടെ മഹത്വം നമ്മുടെ വ്യക്തിജീവിതങ്ങളിൽ പകർന്നു നൽകുന്ന ഫലവും സമാധാനമാണ്. പരിശുദ്ധ അമ്മ ഓർമിപ്പിച്ചതുപോലെ, സമാധാനം ആന്തരികമായി അനുഭവവേദ്യമാകുന്നതിനുവേണ്ടിയും അത് വ്യക്തികൾക്കിടയിലും സമൂഹങ്ങൾക്കിടയിലും വളരുന്നതിനും വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം. മതരാഷ്ട്രീയ ഭിന്നതകൾ, ദേശീയ വംശീയ സംഘർഷങ്ങൾ തുടങ്ങിയവ നമുക്കിടയിലും വളർന്നു വരികയാണ്. സംശയങ്ങളും അകൽച്ചയും വളർത്താൻ ചിലർ ബുദ്ധിപൂർവം തന്നെ പ്രവർത്തിക്കുന്നുമുണ്ട്. അവരുടെ വ്യക്തിജീവിതത്തിലെ വെറുപ്പുകളും വിങ്ങലുകളും അവർ തങ്ങളുടെ സമൂഹത്തിനു മേൽ കെട്ടിയേല്പിക്കുകയാണ്. പലതും മതത്തിന്റെയും വിശ്വാസത്തിന്റെയും ദേശസ്നേഹത്തിന്റെയും മുഖംമൂടികൾക്കുള്ളിലായതിനാൽ തിരിച്ചറിയാതെ സാധാരണക്കാരായ ആളുകൾ വഞ്ചിക്കപ്പെടുന്നു. നമ്മുടെ ഓരോരുത്തരുടെയും മതത്തിലും ആദർശത്തിലും വിശ്വാസത്തിലും അത്തരം വെറുപ്പും ഭിന്നതകളും രൂപപ്പെടുന്നുണ്ടെങ്കിൽ അവ തിരിച്ചറിയപ്പെടേണ്ടത് ആത്യാവശ്യമാണ്. മറ്റുള്ളവരാണ് അങ്ങനെ ചെയ്യുന്നത് എന്ന ധാരണയിൽനിന്നു മാറി നമുക്കുള്ളിൽത്തന്നെ അത്തരം വിഷവിത്തുക്കളുണ്ടോ എന്ന് നോക്കുകയാണ് ഇന്നത്തെ ആവശ്യം. ഏതൊരു നിലപാടും സമാധാനത്തെ അല്പമെങ്കിലും അകറ്റുന്നുണ്ടെങ്കിൽ അത് ഒഴിവാക്കുകയെന്നതാണ് ദൈവഹിതം. അതാണ് ആന്തരിക സമാധാനത്തിന്റെ അടയാളം; സ്വാതന്ത്ര്യത്തിന്റെയും.

പരി. മാതാവ് ആവർത്തിച്ചു നൽകിയ സന്ദേശമാണ് മാനസാന്തരം. ഒരു മാനസാന്തര പ്രക്രിയ എന്നത് ദൈവസ്വീകാര്യതയിൽ നിന്ന് ലഭിക്കുന്ന സമാധാനത്തിൽ ഉടലെടുക്കുന്നതും സമാധാനത്തിലേക്ക് നയിക്കുന്നതുമാണ്. നമ്മുടെ തെറ്റുകളെക്കുറിച്ചുള്ള വിലാപം മാത്രമല്ല മാനസാന്തരം. തെറ്റുകളെ മനസിലാക്കി, ആ തിരിച്ചറിവിൽ നിന്ന് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതാണ് മാനസാന്തരത്തിന്റെ ആത്മാർഥത. അല്ലെങ്കിൽ ഏതാനം പരിഹാരപ്രവൃത്തികളിൽ എളുപ്പവഴി തേടി, മാനസാന്തരത്തിന്റെ യഥാർത്ഥ ഫലങ്ങളിൽനിന്ന് രക്ഷപെട്ട് പഴയ കപടതകളിൽ നമ്മൾ ഇടം തേടിയേക്കാം.

സഭയായും സമൂഹമായും രണ്ടു തരത്തിലുള്ള മാനസാന്തരം ഇന്ന് നമുക്കാവശ്യമാണ്. ക്രിസ്തു ഉള്ളിലുള്ളതും ക്രിസ്തു പ്രതിഫലിക്കപ്പെടുന്നതുമായ കുടുംബങ്ങളും ഇടവകകളും സഭയും രൂപപ്പെടുന്നുണ്ടെങ്കിലേ ഇന്നത്തെ കാലത്തിലേക്ക് നമുക്ക് ക്രിസ്തുവിന്റെ സമാധാനവും പ്രത്യാശയും നൽകുവാൻ കഴിയൂ. പകരം, വിശ്വാസത്തെ സമുദായസംരക്ഷണവും പ്രതിരോധവുമാക്കി ക്രിസ്തീയചൈതന്യം സ്വയം നഷ്ടപ്പെടുത്തുന്ന നമ്മൾ ചെയ്യുന്നത് നമ്മുടെ സ്വാതന്ത്ര്യം ഇല്ലാതാക്കി നമ്മുടെ ഉള്ളിൽ തന്നെ ഭീതിയും സംശയവും സംഘർഷങ്ങളും അകൽച്ചകളും നിറക്കുകയെന്നതാണ്. അത്തരം അത്മനഷ്ടങ്ങൾ മൂലമാണ് അധാർമ്മികയുടെ ഉറവിടങ്ങളിൽ നമ്മൾ സുരക്ഷ അന്വേഷിച്ചു ചെല്ലുന്നത്. അവിടെ മഹിമയുടെ വെളിച്ചം പ്രകാശിക്കുകയോ സമാധാനം സാധ്യമാവുകയോ ഇല്ല. ദൈവാശ്രയവും അവിടെ നമുക്ക് നഷ്ടമാവുകയാണ്.

രണ്ടാമതായി, പാരിസ്ഥിതികമായ മാനസാന്തരമാണ്. ജീവന്റെ സംരക്ഷണത്തിന് സുവിശേഷ മൂല്യം നൽകുന്ന നമുക്ക് ഒഴിച്ചുകൂടാനാവാത്തതാണ് പരിസ്ഥിതിയെ കാത്തുസൂക്ഷിക്കുക എന്നത്. പ്രകൃതിയുടെ പ്രക്രിയകളെ അറിയാൻ ശ്രമിച്ചെങ്കിലേ അവയുടെ വൈവിധ്യങ്ങളിലുള്ള മൂല്യങ്ങളെ തിരിച്ചറിയാനും അവയുടെ വിശുദ്ധിയെ ആദരിക്കാനും നമുക്ക് കഴിയൂ. അവിടിവിടെ മരങ്ങൾ നട്ടതുകൊണ്ടോ, പ്ലാസ്റ്റിക് നിമ്മാർജ്ജനയജ്ഞം നടത്തിയതുകൊണ്ടോ നമ്മുടെ ഉത്തരവാദിത്തം പൂർണ്ണമാകുന്നില്ല. മനോഭാവങ്ങളിൽ പരിസ്ഥിതിയോടു ചേർന്നുനിൽക്കുന്ന നമ്മുടെ വ്യക്തിജീവിതത്തിലെ പ്രാധാന്യവും മൂല്യവും മനസിലാക്കാൻ നമുക്ക് കഴിയണം. അവയെക്കുറിച്ചു സംസാരിക്കണം. അത്തരം ഉത്തരവാദിത്തമുള്ള ദൈവിക ദർശനത്തിലേക്കാണ് നമുക്കു സ്വതന്ത്രരാവേണ്ടത്. പുതിയ ആത്മീയലോകം ഭക്തിയിലും പ്രാർത്ഥനയിലും ചുരുക്കി നിർത്താനാവില്ല. അത് പുതിയൊരു കാഴ്ചയാവണം വെളിപാടാവണം.

ആ മഹത്വത്തിന്റെ പാത:
പ്രാർത്ഥന ചിട്ടയും നിഷ്ഠയും മാത്രമാവാതെ ഒരു പ്രവൃത്തിചര്യയാവട്ടെ. കേൾക്കുന്ന വാർത്തയും കാണുന്ന ദൃശ്യങ്ങളും, ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങളും രോഗത്തെക്കുറിച്ചുള്ള ഭീതിയും എല്ലാം പ്രാർത്ഥനയുടെ ഭാഗമാവട്ടെ. ദൈവത്തിനു സ്വീകാര്യമായ ഒരു ബലി. ഹൃദയത്തിലെ ആ പ്രാർത്ഥനയുടെയും ത്യാഗങ്ങളുടെയും സഹായത്തിന്റെ പ്രവൃത്തികളുടെയും മൂലപ്രേരകമാണ് പ്രതിഫലേച്ഛയില്ലാത്ത സ്നേഹം. എങ്കിലേ നന്മ നന്മയായിത്തന്നെ പടരുകയുള്ളു. ബാനറുകളും സത്‌പേരും പ്രേരകമാകുമ്പോൾ അവയിൽത്തന്നെ അവ അവസാനിക്കും. സ്‌നേഹമുള്ളിടത്തേ അത് ബലിയാകൂ; എങ്കിലേ, ബലി അർത്ഥം വയ്ക്കുന്നതു പോലെ (sacra "sacred;" + facere "to make, to do"),  നമ്മുടെ ഇടപെടലുകൾ വിശുദ്ധീകരണത്തിനും മഹത്വീകരണത്തിനും കാരണമാകൂ.

മറ്റുള്ളവരുടെ കുറവുകൾ കണ്ടറിഞ്ഞു സഹായിച്ചവളാണ് പരി. മാതാവ്. അരികെയും അടുത്തുമുള്ളവർക്ക് സാധിക്കുന്ന എന്ത് സഹായമാണെന്ന് വിലയിരുത്തുകയും ഉചിതമായ രീതിയിൽ സഹായിക്കുകയും ചെയ്യാം. സ്നേഹവും സഹായവും പോലും സമുദായസങ്കല്പങ്ങളുടെ അതിരുകൾക്കുള്ളിൽ ചുരുങ്ങിപ്പോവുകയും പുകഴ്ച്ച തേടുകയും ചെയ്യുന്ന സമയത്താണ് നമ്മൾ ഇന്ന്. യഥാർത്ഥ ക്രിസ്തുസ്നേഹം പകർന്നു നൽകാൻ അതിരുകളില്ലാത്ത സ്വാതന്ത്ര്യം ഉണ്ടെങ്കിലേ കഴിയൂ.

എങ്ങനെ സഹായിക്കുവാൻ നമുക്ക് സാധിക്കും? നല്ല മനോഭാവങ്ങൾ സൂക്ഷിക്കുക എന്നതാണ് ആദ്യ പടി. അതിൽനിന്ന് ആഴമുള്ള ഒരു വിശ്വാസപ്രക്രിയ രൂപപ്പെടട്ടെ. ചുറ്റുപാടുകളിൽനിന്നു ദൈവത്തെ തിരിച്ചറിയുക ... പ്രത്യാശ നിറക്കുക ... ക്രിയാത്മകമായ സംഭാഷണങ്ങൾക്ക് വേദിയൊരുക്കുക ... വെറുപ്പ് പകർത്തുന്ന സന്ദേശങ്ങളെ പാടേ അവഗണിക്കുക ...

മാതാവ് നല്ല അമ്മയാണ്. ദുരിതകാലത്തു സാന്ത്വനിപ്പിക്കുന്നതോടൊപ്പം തന്റെ മക്കളിൽ നിന്ന് വിശ്വാസത്തിന്റെ പക്വതയുടെ പ്രവൃത്തികൾ അമ്മ ആവശ്യപ്പെടുന്നു. വിശ്വാസവും ഭക്തിയും വെറും നിഷ്ഠയും ആചാരവും ആയി ചുരുങ്ങുന്ന സമയത്ത് മാതാവ് ആവശ്യപ്പെടുന്നത് വിശ്വാസത്തിന്റെ പ്രവൃത്തികളാണ്. പ്രത്യാശയിൽ മുന്നോട്ടു പോകുവാൻ അമ്മ കരം പിടിച്ചു നടത്തും. ഭീതിക്ക്‌ മരുന്ന് ധൈര്യത്തോടെയുള്ള ആദ്യപടിയാണ്. നമുക്ക് ഉത്തരങ്ങളില്ല, നാളെകളെക്കുറിച്ച് ഉറപ്പില്ല. എങ്കിലും പത്രോസിനെപ്പോലെ സങ്കീർണതകളുടെ ഓളപ്പരപ്പിൽ മുന്നോട്ടു നടക്കുവാൻ ആഗ്രഹിച്ചു കൊണ്ട് യേശുവിനോടു പറയാം. അങ്ങ് അവിടെയുണ്ടെങ്കിൽ എന്നോടും വരാൻ പറയൂ. ക്രിസ്തു പറഞ്ഞില്ലേ? വരൂ. ഉറപ്പോടെ മുമ്പോട്ടു നടക്കാം. പാതകൾ നിശ്ചയമായതു കൊണ്ടോ, വ്യക്തമായ ഉത്തരങ്ങൾ ഉള്ളതുകൊണ്ടോ, രോഗത്തിന് അത്ഭുതകരമായ സൗഖ്യം ഉറപ്പാക്കിയോ അല്ല, ക്രിസ്തു കൂടെ ഉണ്ട് എന്ന ഉറപ്പുകൊണ്ട്.

ഇത് സാധിക്കുന്നെങ്കിൽ ഓരോ സുവിശേഷപുണ്യവും പറയുന്ന സൗഭാഗ്യങ്ങളെ അവയുടെ വലിയ സ്വാതന്ത്ര്യത്തിൽ അനുഭവവേദ്യമാക്കാൻ തീർച്ചയായും നമുക്ക് കഴിയും. ആ സൗഭാഗ്യങ്ങൾ ഉറപ്പാക്കാൻ ദൈവം നമ്മിലർപ്പിച്ചിരിക്കുന്ന പങ്കിനെക്കുറിച്ച് നമ്മൾ ബോധവാന്മാരാവുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യും. അവിടെ സ്വാതന്ത്ര്യത്തിലേക്കും മഹത്വത്തിലേക്കുമുള്ള യഥാർത്ഥ പ്രവേശമുണ്ട്.

"എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു, എന്റെ ഉള്ളം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു ...." പരിചിതമായ ഈ ഗീതം മുഴുവൻ ഒരു ഏറ്റു പറച്ചിലാണ്. ദൈവത്തിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച്, അവിടുത്തെ കരുണയെക്കുറിച്ച്, അവിടുന്ന് തരുന്ന പ്രത്യാശയെയും ബലത്തെയും കുറിച്ച്.
നമുക്കും ഈ വാക്കുകൾ ആത്മാർത്ഥതയോടെ ആവർത്തിക്കുവാൻ കഴിയുന്നുവെങ്കിൽ നമുക്കും ആ മഹത്വവും സ്വാതന്ത്ര്യവും ആനന്ദവും സ്വന്തമാണ്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ