ജൈവപ്രക്രിയകളിൽ ജൈവവൈവിധ്യം പ്രധാനമായതുകൊണ്ടാണ് ശരീരത്തിന്റെ വിസ്തൃതമായ യാഥാർത്ഥ്യം ബോധ്യപ്പെടേണ്ടത് പ്രാധാന്യമർഹിക്കുന്നത്. കൺപീലികൾക്കിടയിൽ വസിക്കുന്ന അസംഖ്യം സൂക്ഷ്മജീവികളെക്കുറിച്ച് ഒന്നോർത്തുനോക്കൂ. സമാനമായി, മരങ്ങളിലും ജന്തുക്കളിലും ഉള്ളവയെയും. ഒരുകണക്കിന്, ഒരുതരത്തിൽ അഭേദ്യമായിത്തന്നെ എല്ലാം പരസ്പരം ചേർക്കപ്പെട്ടിരിക്കുന്നു. അവയുടെ ജീവതന്തുക്കൾ കാണപ്പെടുന്നില്ല എന്നു മാത്രം. വൃക്ഷങ്ങളിലുള്ള പൂപ്പലും മറ്റും ഒത്തുപ്രവർത്തിച്ച്, അവയിൽ പടർന്നു വളരുന്ന സസ്യങ്ങൾക്കും ചുറ്റും വസിക്കുന്ന ജീവികൾക്കും ഭോജനം ഒരുക്കുന്നു. ഒരു മരവും മരം മാത്രമല്ല, ഒരു ജീവിയും അതിന്റെ ആകാരം മാത്രവുമല്ല. വ്യത്യസ്തമായി കാണപ്പെടുന്ന ഓരോ ശരീരവും ഒരു സമൂഹമാണ്, വീണ്ടും പുറത്തേക്ക് തുറന്നിരിക്കുന്ന സമൂഹം. വ്യത്യസ്തമെങ്കിലും ഒരുമയിൽ സമന്വയത്തിലാണവ, സങ്കീര്ണതയിലേക്കു വളരുന്നെങ്കിലും അവ സമഗ്രതയിലാണ്.
"ആരല്ലെൻ ഗുരുനാഥ-
നാരല്ലെൻ ഗുരുനാഥർ ?
പാരിതിലെല്ലാമെന്നെ
പഠിപ്പിക്കുന്നുണ്ടെന്തോ"
"ആരല്ലെൻ ഗുരുനാഥ-
നാരല്ലെൻ ഗുരുനാഥർ ?
പാരിതിലെല്ലാമെന്നെ
പഠിപ്പിക്കുന്നുണ്ടെന്തോ"
_______
ഉയിർപ്പിൽ ഉയിർക്കുന്നത് എന്താണ്, ആരാണ്, എന്തിലേക്കാണ്? സ്വാതന്ത്ര്യമുള്ള ഒരു ആനന്ദം ആ ധ്യാനത്തിലുണ്ട്, ഉത്തരം വ്യക്തമല്ലെങ്കിലും.
ആത്മാവ് ഭൂമിയിൽ ശരീരമെടുത്തു രൂപപ്പെട്ടതല്ല മനുഷ്യൻ. കോടാനുകോടി വർഷങ്ങളിലൂടെ ഭൂമിയിലെ മണ്ണിലാണ് മനുഷ്യൻ മെനയപ്പെട്ടത്. ആ സൃഷ്ടികർമ്മത്തിൽ നക്ഷത്രസ്ഫോടനങ്ങളുടെയും അഗ്നിപർവ്വതങ്ങളുടെയും അഴുകിയ ഇലകളുടെയും ഒക്കെ പങ്കുണ്ട്. ജലവും മലകളും, വർണങ്ങളും സുഗന്ധവും നിറഞ്ഞ ഭൂമിയില്ലാതെ മനുഷ്യന് മനുഷ്യനാകാനാവില്ല. നമ്മൾ എന്താണോ എന്തിനുവേണ്ടിയാണോ രൂപപ്പെട്ടിരിക്കുന്നത്, അതിലേക്ക് നയിച്ച രഹസ്യാത്മകമായ പരിപാലനയിലെ വഴികളാണ് നമുക്ക് രൂപം നൽകിയത്. അഗ്രാഹ്യമായിരിക്കുന്ന ആ യാഥാർത്ഥ്യത്തെയാണ് ആത്മാവെന്നു പേരിട്ടു വിളിക്കുന്നത്. രൂപപ്പെട്ടതുപോലെതന്നെ പുനരുത്ഥാനത്തിലും ഏതു തരത്തിലുള്ള ശരീരമാണെന്നത് നമുക്കറിയില്ല. കണ്ണും കാലും നഖങ്ങളും ഒക്കെയുള്ള ഒരു രൂപം ആവശ്യവും ഇല്ല. വിശ്വാസത്തിനനുസരിച്ച് ഉയിർത്തെഴുന്നേൽക്കുന്നതു ക്രിസ്തു എന്ന ഏക ശരീരത്തിലേക്കാണ്. അതിന്റെ ഭൗതികരൂപം എന്തെന്ന് നമുക്കറിയില്ല. ഏതായാലും അത് കൈകാലുകളുള്ള ഒരു മനുഷ്യരൂപമാകില്ല. ഇപ്പോഴാണെങ്കിലും ശരീരമെന്നതു വളരെ ഇടുങ്ങിയ രീതിയിലാണ് നമ്മൾ മനസിലാക്കുന്നത്. എത്രയോ ജീവരൂപങ്ങളെ നമ്മൾ വഹിക്കുന്നുണ്ട്, എത്രയോ ജീവരൂപങ്ങൾ നമ്മിൽ പ്രവർത്തിക്കുന്നുണ്ട്. ഇതെല്ലാം ഉൾപ്പെടെയാണ് നമ്മൾ ശരീരമെന്ന പറയുന്നത്. കണ്ണുകൾ കൊണ്ട് കാണുന്നതിനേക്കാൾ എത്രയോ വ്യത്യസ്തമാണ് നമ്മുടെ യഥാർത്ഥ ശരീരഘടന.
Blood Vessels |
Face Mite |
Head Louse on a hair |
Intestinal Micro villi |
Peacock Mite |
Human Skin Cell |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ