നന്മ തിന്മകളുടെ രണ്ടു തത്വങ്ങളാണ് പ്രപഞ്ചയാഥാർത്ഥ്യമെന്നത് ഗ്രീക്ക് ചിന്തകരുടെ കാലം മുതലുള്ള സങ്കല്പമാണ്. അത് തത്വശാസ്ത്രത്തിലും ആത്മീയതയിലും പല രൂപങ്ങളിൽ ഇന്നും ആവർത്തിക്കുന്നുമുണ്ട്. പ്രകൃതിയും അവയിൽ കുറവെന്ന് തോന്നിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളും ജീർണ്ണതകളും രോഗങ്ങളും തിന്മയുടെ സൃഷ്ടിയും പൂർണ്ണവും പ്രകൃത്യാതീതവുമായവ നന്മയുടെ സൃഷ്ടിയുമെന്ന് മാറ്റിനിർത്തുന്നത് ഏറ്റവും എളുപ്പമുള്ള യുക്തിയാണ്. എന്നാൽ ആത്മീയതയാക്കപ്പെടുമ്പോൾ മനുഷ്യന്റെ ദയനീയാവസ്ഥകളെ ചൂഷണം ചെയ്യാൻ ഇത് പോലെ കഴിവുള്ള മറ്റൊന്നില്ല. മേല്പറഞ്ഞ യുക്തി ദൈവത്തിനും പിശാചിനും നന്മ തിന്മകളുടെ മുഖം നൽകുമ്പോൾ ആത്മീയതയുടെ സ്വഭാവവും അതിനൊത്തതാകും. തിന്മയായി കാണപ്പെടുന്നവയുടെ കാരണം പാപത്തിലേക്കു ചുരുക്കപ്പെടും അതിനുള്ള ഏക പരിഹാരം പ്രപഞ്ചത്തെയും ശരീരത്തെത്തന്നെയും തിന്മായായി കാണുകയും അതിൽ വേദന മാത്രം തേടുക എന്നതാവും. ശോഷിച്ച ശരീരത്തെക്കാൾ ദൈവത്തിനു പ്രീതികരമായി മറ്റൊന്നുമില്ല എന്നൊരു ആത്മീയ സമീപനം പോലുമുണ്ടായിരുന്നു മധ്യയുഗത്തിൽ. മനുഷ്യൻ ഭക്ഷണമുപേക്ഷിച്ചും മറ്റും സഹിക്കുന്നത് കാണുമ്പോൾ തന്നെ മനുഷ്യൻ സ്നേഹിക്കുന്നെന്നു കരുതുന്ന ദൈവം ദൈവമല്ല; അത്തരം വ്യവസ്ഥകളിൽ മാത്രം അനുഗ്രഹിക്കുന്ന ദൈവവും ദൈവമല്ല. മഹാമാരികൾ ഉണ്ടാകുന്നത് തിന്മയിൽ നിന്നാണെന്ന നിഗമനത്തിലെത്തുന്നത് മേല്പറഞ്ഞ യുക്തിയിൽ നിന്നാണ്. അത്തരം വ്യഥകളെക്കുറിച്ച് വ്യക്തതയില്ലാതിരുന്ന കാലത്തുണ്ടായിരുന്ന വ്യാഖ്യാനങ്ങൾക്കനുസരിച്ച് അന്ന് സ്വീകരിച്ചിരുന്ന ആത്മീയ സമീപനങ്ങൾ വിവേകമില്ലാതെ ഇന്ന് പിന്തുടരുന്നത് ദൈവം നൽകുന്ന ജ്ഞാനത്തെ അപമാനിക്കുന്നതാണ്.പ്രാർത്ഥിക്കുന്നതും ഉപവസിക്കുന്നതും ദൈവത്തെ പ്രീതിപ്പെടുത്താനല്ല (പ്രീതിപ്പെടുത്താൻ കഴിയുന്ന ദൈവം ബാലിശ സ്വഭാവം ഉള്ള വെറും മനുഷ്യ സങ്കല്പമാണ്), മറിച്ച് പ്രാർത്ഥനയും ത്യാഗപ്രവൃത്തികളും ദൈവത്തിൽ ആശ്രയിക്കുന്നതിന്റെ, ദൈവസാന്നിധ്യത്തിലുള്ള വിശ്വാസത്തിന്റെ അടയാളമാണ്. അത് ഒരു ഹൃദയബന്ധത്തിലേക്കുള്ള വളർച്ചയാണ്. തിന്മകളിൽ നിന്ന് രക്ഷപ്പെടുവാൻ സ്വയം ദയനീയാവസ്ഥകൾ സൃഷ്ടിക്കുന്നതിലൂടെയുള്ള പ്രീണനം ദൈവം ആഗ്രഹിക്കുന്നില്ല. അത് ദൈവത്തിൽ പ്രത്യാശ വളർത്തുന്നതിന് പകരം ഭീതിയും നിരാശയും നിറക്കുകയും ചെയ്യും. മ്ലാനമായ മുഖവും ക്ഷീണിച്ച ശരീരവും ആത്മീയതയായി പഠിപ്പിക്കപ്പെട്ടേക്കാം. അത്തരം പ്രവണതകൾ ആത്മീയ ഉണർവിനും വളർച്ചക്കും പകരം, മുരടിപ്പുണ്ടാക്കുന്നെന്നു മാത്രമല്ല മറ്റുള്ളവരെക്കൂടി അസ്വസ്ഥരാക്കിയേക്കാം. യഥാർത്ഥ ആത്മീയത ശരീരത്തിനാവശ്യമായ ശ്രദ്ധയെക്കുറിച്ച് ബോധ്യം നൽകും. ആവശ്യമായ വിശ്രമവും, ആരോഗ്യകരമായ ഭക്ഷണവും, മാനസിക ഉല്ലാസവും ആത്മീയതയുടെ തന്നെ ഭാഗമാണ്. ഇവ തന്നെ എങ്ങനെ, എപ്പോൾ തിന്മയാകുന്നു വന്നു വിവേകം ആത്മനിയന്ത്രണം എന്നീ പുണ്യങ്ങൾ നമുക്ക് പറഞ്ഞു തരും. അങ്ങനെ നയിക്കപ്പെടുന്നില്ലെങ്കിൽ സ്വയം സംശയിക്കുന്ന വികലമായ 'ആത്മീയതയാവും നമ്മെ നയിക്കുന്നത്.
തിന്മകളുടെയും അധമവാസനകളുടെയും ഇരിപ്പിടവും ഉറവിടവും ശരീരമാണ് എന്ന കാഴ്ചപ്പാട് പണ്ടുണ്ടായിരുന്നു. എന്നാൽ ശരീരത്തിന്റെ നന്മകൾ അതിന്റെ തൃഷ്ണകളെക്കൂടി ഉൾപ്പെട്ടിട്ടുള്ളതാണ്. അവയുടെ നിജിതമായ ലക്ഷ്യങ്ങളിൽ നിന്ന് സ്വയം അകറ്റുന്നതിലാണ് തിന്മ ഉൾപ്പെടുന്നത്. എന്നാൽ ശരീരത്തെ തിരസ്കരിക്കുന്നതിലൂടെ പൂർണതയിലേക്ക് നടക്കാൻ സാധിക്കുക എന്നതാണ് ആത്മീയ വശം എന്ന് കരുതപ്പെടുന്നവയിൽ തെറ്റിദ്ധാരണകൾ ഉൾപ്പെടുന്നുണ്ട്. കൃത്യവും, വ്യക്തവും, യുക്തിപരവും ഉറപ്പുള്ളതുമൊക്കെ ആത്മീയവും എന്നാൽ വൈകാരികവും, ഭൗതികവും ലോലവും ദുർബലവുമായതൊക്കെ മറുവശത്തും മാറ്റിനിർത്തപ്പെട്ടിരുന്നു. ലോകം-ദൈവം, ശരീരം-ആത്മാവ്, പദാർത്ഥം-മനസ്സ് തുടങ്ങിയ വേർതിരിവും രണ്ടാമത്തിനു നൽകപ്പെടുന്ന മേൽക്കോയ്മ സങ്കല്പവുമാണ് അതിനു പിന്നിൽ.
ജീർണ്ണവും കുറവുകളുമെന്നു കരുതപ്പെടുന്ന യാഥാർത്ഥ്യങ്ങൾ ജീവന്റെ പുതുരൂപങ്ങൾക്ക് എത്രയോ പ്രധാനമാണെന്ന് തിരിച്ചറിയപ്പെടണം. അത്തരം ജീര്ണതകളും മാറ്റങ്ങളും, പ്രകൃതി അപൂർണ്ണമാണെന്നും എന്നാൽ പൂർണ്ണമായ ഏതോ യാഥാർത്ഥ്യം ഉണ്ടായേക്കാമെന്നുമുള്ള സങ്കൽപ്പങ്ങൾ സൃഷ്ടിച്ചു. സ്വാഭാവികമായും പൂര്ണതയെ പ്രാപിക്കാൻ അപൂര്ണമായവയിലേക്ക് നയിക്കുന്നവയെ തിരസ്കരിക്കുകയും പീഡിപ്പിക്കുകയും ചെയ്യുക എന്നത് തീർത്തും യുക്തിപരമായി. ആത്മീയ രൂപത്തിൽ ആ ദയനീയ അവസ്ഥ ദൈവത്തിനു പ്രീതികരമാണെന്ന വ്യാഖ്യാനം കൊണ്ട് വന്നു. യൂറോപ്പിലെ പ്ളേഗിന്റെ സമയത്ത് ഇതിന്റെ ഏറ്റവും ഭീകരമായ വ്യാഖ്യാനങ്ങൾ നല്കപ്പെട്ടിരുന്നു. അതിന്റെ തുടർച്ച ഇന്നും നമുക്കിടയിലുണ്ട്.
ദൈവത്തിന്റെ കൃപയിലേക്കുള്ള തുറവിയാണ് നമുക്കാവശ്യം. ആ തുറവിയെ തടസ്സപ്പെടുത്തുന്ന നമ്മിലെ യാഥാർത്ഥ്യങ്ങളെ തിരിച്ചറിയാൻ കഴിഞ്ഞെങ്കിൽ അവയെ പ്രത്യേകം ശ്രദ്ധയോടെ ആ കൃപയിലേക്കു തുറന്നു വയ്ക്കാൻ കഴിയും. ഏതൊരു ആത്മീയപ്രയത്നത്തിലുമെന്ന പോലെ നമ്മെത്തന്നെ അച്ചടക്കത്തിലേക്കു കൊണ്ടു വരേണ്ടത് ബലഹീനതകളിൽ നിന്നുള്ള ഉയർച്ചയിലും ആവശ്യമാണ്. അവിടെ ബുദ്ധിയും വികാരങ്ങളും മനസും കൃപയോട് സഹകരിക്കണം. ക്ഷമയോടെ കാത്തിരിക്കുകയും വേണം. കൃപ-[മനുഷ്യ]പ്രകൃതി-ജീവൻ എന്ന ഒരു ബന്ധത്തിൽ സൗഖ്യവും, പാപമോചനവും, അനുരഞ്ജനവും, സമാധാനവുമൊക്കെ മനസ്സിലാക്കാം. ഇവയെല്ലാം മുഴുവൻ വ്യക്തിയെയും ഉൾപ്പെടുന്നതാണ്. മനുഷ്യൻ എന്ന യാഥാർത്ഥ്യത്തെ 'ശരീരത്തിന്റെയും' 'ആത്മാവിന്റെയും' വ്യത്യസ്തമായ കഴിവുകളായി വേർതിരിച്ചു വയ്ക്കാൻ ഇന്ന് വിശ്വാസമോ ആത്മീയതയെ പ്രോത്സാഹിപ്പിക്കുന്നില്ല. ശരീരത്തോട് നിഷേധാത്മക സമീപനം സ്വീകരിച്ചിരുന്ന നാളുകളിൽ എഴുതപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങൾ അവയുടെ പശ്ചാത്തലത്തിൽ വായിക്കുകയാണ് വേണ്ടത്. ശരീരത്തിന്റെ തിരസ്കരണമോ, ഇന്ദ്രിയനിഗ്രഹമോ അതിൽത്തന്നെ ആത്മീയതയല്ല. ദൈവകൃപയിലുള്ള വളർച്ചയാണ് ആത്മീയത. മിതത്വവും, സൗമ്യതയും, വികാരങ്ങളിലുള്ള ആത്മനിയന്ത്രണവുമൊക്കെ കൃപയുടെ അടയാളങ്ങളാണ്. അതുകൊണ്ടാണ് പരിശുദ്ധാത്മാവിന്റെ 'ഫല'ങ്ങളായി അവ കാണപ്പെടുന്നത്.
ത്യാഗങ്ങളോ പ്രാർത്ഥനകളോ കൃപ നിർമ്മിക്കുകയോ, തിന്മകളെ ഇല്ലാതാക്കുകയോ ചെയ്യുന്നില്ല. അവ നമ്മെ തുറവിയുള്ളവരാക്കുകയാണ്. കൃപയാൽ നിറയുമ്പോഴാണ് തിന്മകൾ അകലുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ