Gentle Dew Drop

ജൂലൈ 05, 2020

കാലം ഇനി പിറകോട്ട് യാത്ര ചെയ്യും

കാലം ഇനിമേൽ പിറകോട്ട് യാത്ര ചെയ്യും
ചൂണ്ടുപലകകൾ ഇല്ലാതെ അടഞ്ഞു പോയ വഴികൾ,
മരവിച്ചു മഞ്ഞു നിറഞ്ഞു മറഞ്ഞു പോയ മുൻകാല്പാടുകൾ
ആത്മാവിന്റെ തീനാളം എരിയുന്നുണ്ടെങ്കിൽ ഓരോരുത്തരും മുമ്പോട്ട് നടക്കണം.
ഉരുക്കുകോണികൾ കൊടിനാട്ടിയ പുതുലോകം ആകാശങ്ങളിൽ നിന്ന് ഇനി താഴേക്കിറങ്ങണം.
കാലം ഇനി പിറകോട്ട് സഞ്ചരിക്കും,
ജീവന്റെ ആദ്യതന്തുക്കളെ തിരികെ വഴിയിലേക്കെത്തിക്കാൻ,
ഉറവിടങ്ങളിലേക്കു വീണ്ടും എത്തിച്ചേരാൻ.
ആത്മാവിന്റെ വെളിച്ചം നയിക്കുന്നുണ്ടെങ്കിൽ ആ യാത്രയിൽ മനുഷ്യനും പങ്കു ചേരാം.
അല്ലെങ്കിൽ വഴിയിലെങ്ങോ കാലമുപേക്ഷിച്ചുകളഞ്ഞ പാഴ്വസ്തുവായി മരവിച്ചു നിൽപ്പാവും ശേഷകാലം.
_________________
വലിയ നേട്ടങ്ങളിൽ അഭിമാനിക്കുമ്പോഴും ആധുനികകാലത്തെ തലമുറകൾ ആദരവും ബഹുമാനവും ശീലിക്കാൻ പരാജയപ്പെടുന്നു എന്നത് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. പല സാംസ്കാരിക ഘടകങ്ങൾ അവയെ ബോധപൂർവം മാറ്റിനിർത്തുന്നു, അവഗണിച്ചുകളയുന്നു എന്നതാണ് അതിന്റെ കാരണം. തത്‌ഫലമായി 'തീർത്തും സാധാരണം'  ആയിത്തീരുന്ന ക്രൂരതയും അനാദരവും സ്വഭാവത്തിന്റെയും പതിയെ സാംസ്കാരത്തിന്റെയും ഭാഗമാവുകയും ചെയ്യുന്നു. ജീവിതത്തിലെ പല മേഖലകളിലുള്ള തിരഞ്ഞെടുപ്പുകളിൽ അവ പ്രതിഫലിക്കുന്നുമുണ്ട്. സാമൂഹികമായ ഒരു വെല്ലുവിളി മാത്രമല്ല, ജീവനു തന്നെ ഭീഷണിയാണത്.

വികസനം, വേഗത, ഊർജ്ജം, സാമ്പത്തികലാഭം തുടങ്ങിയവ തീർക്കുന്ന ഉന്മാദത്തിൽ, മരണമടുക്കുന്നു എന്നറിയുമ്പോഴും കരകയറാൻ അനുവദിക്കാത്ത കൊടും ലഹരി. വിനോദങ്ങളിലും, ഗാനങ്ങളിലും, വീഡിയോ ഗെയിമുകളിലും ഇവ ആഘോഷിക്കപ്പെടുകയാണ്. ഓരോ തീരുമാനത്തിലും ഇവയെ വ്യക്തിസ്വഭാവത്തിന്റെ ഭാഗമാക്കുകയുമാണ് ഉൾകാഴ്ച നഷ്ടപ്പെട്ട വഴികാട്ടികൾ. മനുഷ്യന്റെ ആന്തരിക നന്മക്കും പരസ്പര ബന്ധങ്ങൾക്കും വളർച്ച ഉറപ്പാക്കേണ്ട മതങ്ങൾ ഉൾപ്പെടെയുള്ള സാമൂഹിക സംവിധാനങ്ങൾ പോലും മേല്പറഞ്ഞ മാതൃകകൾ സ്വന്തം  ഭാഗമാക്കിത്തീർത്തിട്ടുണ്ട്.  പരിമിതികളില്ലാത്ത മനുഷ്യനും മനുഷ്യന് കീഴ്‌പ്പെട്ട പ്രപഞ്ചവും വികസന സ്വപ്നമാക്കി മുമ്പോട്ട് കുതിപ്പിക്കപ്പെട്ട സമയം അത്തരം മായയെ ഒരു മാനസിക വൈകല്യമായി തിരികെ നൽകി. അങ്ങനെ സകലതും വിഴുങ്ങി ഛർദ്ദിക്കുന്ന, പരസ്പരം കൊന്നുതള്ളുന്ന ജീവിസമൂഹമായി മനുഷ്യൻ മാറ്റപ്പെടുകയാണ്. സ്വയം തിരഞ്ഞെടുക്കുന്ന ഒരു പരിണാമ അവസ്ഥ. സമയത്തിന്റെ അന്തിമബിന്ദു പിറകിലാണ് മുമ്പിലല്ല. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ