Gentle Dew Drop

ജൂലൈ 20, 2020

ദൈവം സാക്ഷി

നീതിയുടെ പ്രവൃത്തികൾക്കും, മൃദുലമായ സ്നേഹപ്രകാശനങ്ങൾക്കും, എളിമയോടെയുള്ള പദചലനങ്ങൾക്കും സാക്ഷിയാകുന്നത് ദൈവം തന്നെയാണ്.

ദൈവമനോഭാവങ്ങൾക്ക് സാക്ഷ്യം നൽകുവാനും, ദൈവത്തിനും ജനത്തിനുമിടയിൽ സാക്ഷിയായി മാധ്യസ്ഥ്യം പറയുവാനും ദൈവജനം പരാജയപ്പെട്ടപ്പോൾ, ദൈവം ഉയർത്തിയ പരാതികൾക്ക് മലകളും കുന്നുകളും സാക്ഷിയാകുന്നു. കരുണയുള്ള ദൈവത്തിലേക്കുള്ള അടയാളമാകേണ്ടിയിരുന്നവർ അധർമ്മം പ്രവർത്തിച്ചപ്പോൾ തിന്മ അവരെ വിഴുങ്ങിക്കളഞ്ഞു. എങ്കിലും "രണ്ടു ദിനത്തിന് ശേഷം ജീവൻ തിരിച്ചു നൽകുകയും, മൂന്നാം ദിവസം ഉയിർപ്പിക്കുകയും" ചെയ്യുന്ന ...സ്നേഹത്തിലും വിശ്വസ്തതയിലും ഉദാരനായ ദൈവം അവരെ സ്വതന്ത്രരാക്കി. ദൈവപുത്രനെ ദർശിക്കുവാനും അവനിൽ രക്ഷ പ്രാപിക്കുവാനുംവേറൊരു അടയാളവും ഹൃദയത്തിൽ ആവശ്യമായിരുന്നില്ല .

യോനാ ഈ സത്യത്തിന്റെ പ്രതീകമാണ്. (യോനാ എന്നാൽ മാടപ്രാവ് എന്ന് അർത്ഥം. ഇസ്രായേൽ ദൈവത്തിന്റെ മാടപ്രാവ് എന്ന് സ്വയം കരുതുകയും ചെയ്തിരുന്നു). യോനാ (കരുണ അനുഭവിച്ച ദൈവജനം) മറ്റുള്ളവരിലും കരുണ വർഷിക്കപ്പെടുന്നത് കാത്തിരിക്കുന്നതിനു പകരം അവരുടെ നാശമാണ് ആഗ്രഹിച്ചത്. പിന്നീട്, ദൈവം "ദയാലുവും, കാരുണ്യവാനും, ക്ഷമാശീലനും, സ്നേഹനിധിയും, ശിക്ഷിക്കുന്നതിൽ വിമുഖനും" ആണെന്ന് തനിക്കറിയാമായിരുന്നെന്നു യോനാ തന്നെ ഏറ്റുപറയുന്നു.

അങ്ങനെയുള്ള അറിവ് അനുഭവമാകുന്നവരിൽ മനുഷ്യനിൽ നിന്ന് ദൈവം യഥാർത്ഥത്തിൽ എന്ത് ആവശ്യപ്പെടുന്നോ അവയുടെ അടയാളങ്ങൾ ഉണ്ടായിരിക്കും: "നീതി പ്രവർത്തിക്കുക, ഹൃദയാർദ്രതയോടെ സ്നേഹിക്കുക ദൈവതിരുമുമ്പിൽ വിനീതനായി വ്യാപരിക്കുക."

നീതിയുടെ പ്രവൃത്തികൾക്കും, മൃദുലമായ സ്നേഹപ്രകാശനങ്ങൾക്കും, എളിമയോടെയുള്ള പദചലനങ്ങൾക്കും മാത്രമേ നമ്മിലും നമ്മുടെ സംവിധാനങ്ങളിലും ആചാരങ്ങളിലും ദൈവഗുണങ്ങൾ പ്രകടമാക്കാൻ കഴിയൂ.

Ref: ജെറെ 51: 34 ഹോസി 6: 2 പുറ 34: 6 സങ്കീ 74: 19  യോനാ 4: 2 മിക്കാ 6: 8

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ