Gentle Dew Drop

മാർച്ച് 31, 2021

വാങ്ങി ഭക്ഷിക്കപ്പെടൽ അനുവദിക്കുമ്പോൾ

"എന്റെ ഓർമ്മക്കായി നിങ്ങൾ ഇത് ചെയ്യുവിൻ"

നാളെകളിൽ അപ്പം മുറിക്കുവാൻ മാത്രം നമ്മൾ എന്താണ് മിച്ചം വച്ചിരിക്കുന്നത്? പങ്കു വയ്‌ക്കേണ്ട അപ്പം ഒറ്റയ്ക്ക് ഭക്ഷിച്ചുതീർത്ത, വരും തലമുറയ്ക്കായി ബാക്കി വയ്ക്കാത്ത ജീവിതശൈലിയിൽ  സ്തോത്രഗീതത്തിന്റെ ആത്മാവില്ല. 

ക്രിസ്തു പകർന്നു നൽകുന്ന അധികാരവും അപ്പവും അവന്റെ മേശക്കു ചുറ്റും പങ്കുവയ്ക്കപ്പെട്ടതാണ്. അപ്പമായും ജീവനായും കടന്നുവന്ന് ക്രിസ്തു അവരിലേക്ക്‌ അപ്രത്യക്ഷമാവുകയാണ്. ഒറ്റയ്ക്ക് ഭക്ഷിക്കുകയും, ഒറ്റയ്ക്ക് ഭരിക്കുകയും,  ഒറ്റയ്ക്ക് അലയുന്നവരും ദുരിതം സഹിക്കുന്നവരുമായി ചിലരെ അവഗണിച്ചുകളയുകയും ചെയ്യുന്നിടത്ത് അവന്റെ ഓർമ്മകളില്ല. അങ്ങനെ മുറിക്കുന്ന അപ്പം ജീവരഹിതമാണ്. ക്രിസ്തുചൈതന്യമില്ലാത്ത സമൂഹം അപ്പം ഭക്ഷിക്കുന്നത് അവഹേളനമാണ്. 

"എന്റെ ശരീരം നിങ്ങൾ വാങ്ങി ഭക്ഷിക്കുവിൻ"  ക്രിസ്തുസമൂഹത്തിൽനിന്ന് ഈ സ്വരം ലോകം കേൾക്കണം.  കൃതജ്ഞതാസ്തോത്രം ചൊല്ലി വാഴ്ത്തി വിഭജിച്ച് ക്രിസ്തു നൽകിയത് അപ്പം മാത്രമല്ല, അപ്പത്തിലും സ്വന്തം ശരീരത്തിലും തന്നെത്തന്നെയാണ്. അതുപോലെതന്നെ സ്വയം നൽകുവാൻ ക്രിസ്തുസമൂഹത്തിനുമാകണം. അധികാരത്തിലും ശുശ്രൂഷകളിലും അപ്പത്തിലും അടയാളങ്ങളിലും ആരാധനയിലും ഭക്തിയിലും, സ്ഥാപനങ്ങളിലും വ്യക്തികളിലും വാങ്ങി ഭക്ഷിക്കപ്പെടൽ അനുവദിക്കപ്പെടണം. 

ഞങ്ങൾ ജീവിക്കുന്നത് ജീവൻ ഉണ്ടാകുവാനും അത് സമൃദ്ധമായുണ്ടാകുവാനുമാണ് എന്ന ബോധ്യമുണ്ടെങ്കിൽ  നമ്മൾ വിളമ്പുന്ന അപ്പത്തിനും ജീവനുണ്ടാകും.  

മാർച്ച് 30, 2021

നിന്റെ ഇഷ്ടം നിറവേറ്റുകയായിരുന്നു ഞാൻ

ഒക്കെ എന്തിനു വേണ്ടിയായിരുന്നു, ജീവിതം ഇനി എന്തിനാവണം എന്നൊക്കെ ധ്യാനിക്കുന്ന ഘോരരാത്രികളുണ്ട്. മനുഷ്യപുത്രന് മാത്രമല്ല, ജീവിച്ചു തീർക്കുന്ന ആർക്കും പല വേളകളിൽ വന്നു ചേരുന്ന കയ്‌പേറിയ പാനപാത്രമാണത്. "നീ നൽകിയ ഈ പാനപാത്രം ഞാൻ കുടിക്കേണ്ടതല്ലയോ" എന്ന് പറയുമ്പോൾ അത് കുടിച്ചിറക്കാൻ ഒരു കാരണമേയുള്ളു, പരിപാലിക്കുന്ന പിതാവിൽ നിന്നാണ് അത് നൽകപ്പെടുന്നത് എന്നതു മാത്രം. മാംസം അഴുകിയില്ലാതായാലും രക്തത്തുള്ളികൾ വഴിനീളെ വീണു വറ്റിയാലും പരിപാലനയിലുള്ള ആശ്വാസം "നിന്റെ ഇഷ്ടം നിറവേറ്റുകയായിരുന്നു ഞാൻ" എന്ന് നിർവൃതിയോടെ പറയുവാൻ നമ്മെ പ്രാപ്തരാക്കും.

ക്രിസ്തു നമുക്ക് വേണ്ടി മരണത്തെ പുൽകി എന്നതിനേക്കാൾ, ക്രിസ്തു നമുക്ക് വേണ്ടി ജീവൻ പകർന്നു നൽകി എന്ന് പറഞ്ഞു തന്നെ ധ്യാനിക്കണം. അവ രണ്ടും രണ്ടാണെന്ന് ധ്യാനം ഫലം നല്കിത്തുടങ്ങുമ്പോൾ പതിയെ ഉള്ളിൽ ഗ്രഹിച്ചെടുക്കാം. ഫലം നൽകാത്ത തീക്ഷ്ണതകളെ തണുപ്പിച്ചു തരും ആ ധ്യാനം. 

മാർച്ച് 22, 2021

"എന്നെയോർത്തു നിങ്ങൾ വിലപിക്കേണ്ട ..."

"എന്നെയോർത്തു നിങ്ങൾ വിലപിക്കേണ്ട ..."

സ്വന്തം ആഴങ്ങളിൽ നിന്ന് ആത്മാർത്ഥതയോടെ വാക്കുകൾ പറയാനാകാതെ വരുന്ന സമയം നിങ്ങളുടെ കുഞ്ഞുങ്ങൾക്കുണ്ടാകും,
യാത്ര ചെയ്യാനും, ജോലി തേടാനും അർഹത നിഷേധിക്കപ്പെടുന്നവരാകും അവർ.
മനുഷ്യരായി പോലും എണ്ണപ്പെടാത്തവരായി അവർ മാറും
അവരെക്കുറിച്ച് വിലപിക്കുവിൻ.

നല്ല വായുവോ വെള്ളമോ മണ്ണോ ഇല്ലാതെ ദുരിതത്തിലാവുന്ന വരും തലമുറകളെ ഓർത്തു വിലപിക്കുവിൻ.

വിലാപം ഏതു ദുരിതത്തെ അപലപിക്കുന്നോ, അവിടെ കാണേണ്ട നന്മയെ ഉറപ്പാക്കാൻ ആദ്യപടി ഇന്ന് തുടങ്ങണം.

മാർച്ച് 20, 2021

നന്മകൾ ആഗ്രഹിക്കുന്നെങ്കിൽ

വിശ്വാസവും ഭക്തിയും വലിയ ഒരു പോരാട്ടമാക്കുന്നതു കൊണ്ടാവാം നമ്മിൽ പലരും വളരെയധികം തളർന്നു പോയത്. തിന്മയിലാണ് ശ്രദ്ധമുഴുവനും അപ്പോൾ. നമ്മിൽ തന്നെയാണെങ്കിലും തിന്മ ഇല്ലാതാവണം എന്ന് ആഗ്രഹിക്കുന്നിടത്താണെങ്കിലും ജീവന്റെ വഴികളെ കണ്ടെത്തുവാനും, പരിചയപ്പെടുത്താനും അതിനായി അധ്വാനിക്കുവാനും നമുക്ക് കഴിയട്ടെ.

ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനും, ഗോതമ്പുമണി നിലത്തു വീണഴുകുന്നതു പോലെ, നമ്മിലെ കവചങ്ങൾ വീണഴുകണം. ഉള്ളിലെ നൻമയും ജീവനും മുള പൊട്ടുന്നത് ഞെരുക്കത്തോടെ തന്നെയാണ്.

വിശ്വസ്തനായിരുന്നത് കൊണ്ടാണ് ക്രിസ്തുവിന് നന്മയ്ക്കുവേണ്ടി ജീവിക്കേണ്ടതായ പ്രതിബദ്ധതയിൽ സഹനങ്ങളെയും അപമാനങ്ങളെയും നേരിട്ടുകൊണ്ട് നില്കാനായത്. സഹനങ്ങളുടെ നിമിഷങ്ങളിലും, ജീവൻ പകരുകയെന്ന പിതാവിന്റെ ഇഷ്ടം  നിവർത്തിയാക്കാൻ അവൻ ഉത്സാഹിച്ചു. വിശ്വസ്തമായ ജീവിതമാണ് വിശ്വാസജീവിതത്തെ വളർത്തുന്നതും ജീവനുള്ളതാക്കുന്നതും. നിർമ്മലമായൊരു ഹൃദയം എന്നിൽ തീർക്കുക എന്ന പ്രാർത്ഥനയും ഉൾക്കൊള്ളുന്നത് അതുതന്നെയാണ്.  

 ഉള്ളിലെ ജീവനെക്കുറിച്ചുള്ള കൃതജ്ഞതയിലാണ് നന്മകളെ കാണാനും ജീവൻ ഉറപ്പാക്കാനും ഉള്ള പ്രവർത്തനശേഷിയിലേക്കു നയിക്കുക. പ്രപഞ്ചം കനിഞ്ഞു നൽകിയ എത്രയോ ധന്യതകളിലാണ് നമ്മൾ നിലനിൽക്കുന്നത്, ദൈവം വഴി നടത്തിയ കൃപാസമൃദ്ധിയെക്കുറിച്ചും നമുക്ക് നിർവൃതിയുണ്ട്. എന്നാൽ അതിനോടുള്ള പ്രതികരണമായി നിറഞ്ഞു കവിയേണ്ട കൃതജ്ഞതയെ അനാവശ്യമായി മാറ്റി നിർത്തുന്ന പ്രവണതയാണ് പൊതുവായ സംസ്കാരത്തിൽ വളരുന്നത്. സ്വീകരിക്കുന്നവ എന്നതിനേക്കാൾ, നിർമ്മിച്ചെടുക്കുന്ന സൗകര്യങ്ങളാണ് നമുക്ക് പരിചിതം. 

സഹനം തന്നെയാണ് നിത്യസത്യം എന്ന് കരുതുന്ന ബുദ്ധചിന്ത, ഹൃത്തിൽ രൂപപ്പെടുത്താൻ ആഗ്രഹിക്കുന്നത് പരമമായ കരുണയാണ്. പ്രപഞ്ചത്തോടും സകലജീവികളോടും നമ്മോടുതന്നെയും കരുണ കാട്ടുവാൻ മാത്രം കരുണ നമ്മിൽ ശേഖരിക്കപ്പെടണം. 

നന്മകൾ ആഗ്രഹിക്കുന്നെങ്കിൽ, ദരിദ്രർ അനുഗ്രഹീതരാകുന്നതും, കരയുന്നവർ ആശ്വസിപ്പിക്കപ്പെടുന്നതും, വിശക്കുന്നവർ തൃപ്തരാക്കപ്പെടുന്നതും നന്മകൾ മുൻനിർത്തി അവർക്കായി ജീവിക്കുമ്പോഴാണ്. അത് ഉള്ളിലെ നന്മകളെ വീണ്ടും വളർത്തും, ജീവന്റെ സമൃദ്ധിയുമുണ്ടാകും.

ഉള്ളിൽ ജീവനില്ലാതെ, 'പോരാട്ടം' ജീവിതശൈലിയുടെ രൂപകമാക്കപ്പെടുമ്പോൾ നമ്മൾ ജീവനറ്റ വ്യക്തികളും സമൂഹവും സഭയുമാകാറില്ലേ? പോരാട്ടചിന്ത ആവേശകരമാണ്, എന്നാൽ അതിന് ലക്ഷ്യമുണ്ടാവണമെന്നില്ല. കാരണം നന്മയുടെ ശോഷണമാണ് തിന്മ, അതിനു വ്യക്തമായ മുഖമില്ല. എന്നാൽ നന്മയെ നമുക്ക് ആഗ്രഹിക്കാം, പക്ഷെ അതിനു വലിയ വിലയുള്ളതാണ് വലിയ ത്യാഗങ്ങൾ ഉൾക്കൊള്ളുന്നതുമാണ്. മുളപൊട്ടുന്ന ജീവൻ ആന്തരികമായില്ലാതെ പോരാട്ടം ആണ് നടക്കുന്നതെങ്കിൽ ഞാനും എന്റെ സമൂഹവും എന്റെ സഭയും നിർവചിക്കുന്ന 'തിന്മ'ക്കെതിരെയാകും ആ പോരാട്ടം. നന്മയാണ് ആഗ്രഹിക്കുന്നത് എങ്കിൽ അതിൽ സത്യത്തിന്റെ മുഖവും ജീവന്റെ ഉൾക്കരുത്തുമുണ്ടാകും.

മാർച്ച് 06, 2021

ദേവാലയശുദ്ധീകരണം

ദൈവത്തിന്റെ ഭവനത്തെ നിങ്ങൾ കവർച്ചക്കാരുടെ താവളമാക്കി.
അവിടെ ദൈവം ഒരു ശല്യമാണ്.

ദൈവത്തിലോ, ദൈവരൂപത്തിലോ അല്ല ദൈവം വസിക്കുന്നത്,
ഒരു സൂക്ഷ്മകണിക മുതൽ നക്ഷത്രസമൂഹങ്ങൾ വരെയുള്ള സകലത്തിലും കാണപ്പെടുന്ന പരിപാലനയിൽ ദൈവത്തെക്കാണാം. അത് നിലനിർത്തുന്ന പ്രകൃതിചക്രങ്ങൾ ദൈവത്തിന്റെതന്നെ കരവേലയാണ്. അവിടെ കാണപ്പെട്ടിരുന്ന പരിശുദ്ധി കവർന്നു ലാഭമുണ്ടാക്കിയപ്പോൾ ഇറക്കി വിട്ടത് ദൈവത്തെയാണ്.

ദൈവമില്ലാത്ത ഭവനം ചൂഷണവും അക്രമവും കൊണ്ട് നിറയും,
ദൈവത്തിന്റെ പേരിൽ തന്നെ അർച്ചനകൾ നടത്തപ്പെടും.
മാറുന്ന സാമൂഹിക വ്യവസ്ഥിതിയിൽ ഉപഭോഗവസ്തുക്കളാക്കപ്പെടുന്ന സ്ത്രീകളും കുട്ടികളും പതിയെ അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ആചാരത്തിന്റെ അടയാളമാണ്. നിസ്സഹായതയിൽ കുരുതികൊടുക്കപ്പെടുന്ന ഈ മനുഷ്യരിലെ തടയാൻ ശേഷിയില്ലാത്ത ജീവന്റെ വില കാണുവാനും, ശബ്ദം മരവിച്ചവരുടെ വിലാപമെങ്കിലുമാകുവാനും ക്രിസ്തുശിഷ്യർക്കു ഇനിയുള്ള കാലത്ത് കഴിയുമോ?

ദൈവം ദേവാലയം വിട്ടിറങ്ങിയ ദര്ശങ്ങള് പ്രവാചകർ കണ്ടിരുന്നു. ദൈവം കുനിഞ്ഞിരുന്നു കരയുന്ന വയലുകളും ജയിലുകളുമുണ്ട്. ദൈവമുള്ളിടമാണല്ലോ ദേവാലയം.

ആ ദേവാലയവും കവർച്ചക്കാർ കീഴടക്കിയേക്കാം. വേദനിക്കുന്നവരുടെ രക്തം കുടിച്ചു പകയും അക്രമവും ജനിപ്പിക്കുന്ന പിശാച് സേവകരും ഉണ്ട്. ഏറ്റവും പൂജ്യരായ ഭക്തരും പ്രവാചകരുമായി അവർ വേഷമിട്ടു വരും.

... എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു എന്ന് പറഞ്ഞുകൊണ്ട് തിരുത്തിത്തന്ന കാഴ്ചപ്പാടുകളെപ്പോലെ, ദേവാലയശുദ്ധീകരണം ദൈവത്തെക്കുറിക്കും ഭക്തിയെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകളെ തിരുത്തുകയാണ്. ഭക്തിയും, വിശ്വാസവും, നിസ്സഹായതയും ചൂഷണം ചെയ്യപ്പെടരുത്. ദൈവം ഒരു കച്ചവടക്കാരനല്ല, ദൈവം അനുഗ്രഹങ്ങൾ പണത്തിനു വില്കുന്നില്ല. അനുഗ്രഹങ്ങൾ എണ്ണവും അളവും നോക്കിയല്ല ദൈവം നൽകുന്നത്. വേലക്ക് കൂലി എന്നതുപോലെയുമല്ല ദൈവം കൃപ നൽകുന്നത്.

മാർച്ച് 04, 2021

ആത്മീയ കൃതികളുടെ വളർച്ച രൂപാന്തരം

ഒരു വ്യക്തിയുടേതെന്നപോലെ ഒരു കൃതിക്കും ഒരു ജീവകഥയുണ്ട്. അതിന്റെ പിറവി, രൂപപ്പെടുന്ന സമയത്തെ പശ്ചാത്തലം, അതിന്റെ വളർച്ച, സമൂഹവുമായി അതിനുണ്ടായ സംഭാഷണങ്ങൾ, ലഭിച്ച പ്രതികരണം, ന്യൂന്യതകൾ എല്ലാം അതിന്റെ ഭാഗമായി വരും. ഒരു പരിഭാഷയിലും, പുനഃപ്രസിദ്ധീകരണത്തിലും അത്യാവശ്യമായി ചേർക്കപ്പെടേണ്ടവയാണ് ഇവ. പ്രത്യേകിച്ച് വർഷങ്ങൾക്കുശേഷം പ്രസിദ്ധീകരിക്കുമ്പോൾ അവയിലെ പദപ്രയോഗങ്ങളുടെ അന്നത്തെ അർത്ഥവും ഇന്ന് മനസിലാക്കേണ്ടതും സൂചിപ്പിക്കപ്പെടണം. കൂടാതെ, രൂപകാത്മകമായ എഴുത്തുകളെ, ആവശ്യമായ വ്യാഖ്യാനസൂചികകളോടുകൂടി വേണം അവതരിപ്പിക്കുവാൻ.

പറഞ്ഞുവന്നത്, സാഹിത്യനിരൂപണത്തെക്കുറിച്ചല്ല. പ്രത്യേക പ്രവണതകളുള്ള ആത്മീയകൃതികൾക്ക് നൽകപ്പെടുന്ന അമിതപ്രാധാന്യത്തെക്കുറിച്ചാണ്. അവയിലാണ് ഉദാത്തമായ ആത്മീയതയും, ഏറ്റവും ശ്രേഷ്ഠമായ ക്രിസ്തീയ ജീവിതക്രമവും കാണപ്പെടുന്നത് എന്നരീതിയിലുള്ള അർത്ഥം പലപ്പോഴും അവയ്ക്ക് നൽകപ്പെടുന്നു. അവയിൽ നൽകപ്പെടുന്ന പരാമർശങ്ങളും ഉപദേശങ്ങളും അക്ഷരം പ്രതി പാലിക്കപ്പെടേണ്ട ആത്മീയ സന്ദേശങ്ങളായും ചരിത്രസത്യങ്ങളായും വ്യാഖ്യാനിക്കപ്പെടുന്നു.

പാരമ്പര്യങ്ങളിലൂടെ കൈമാറി പകരപ്പെട്ട വിശ്വാസം, ഏതെങ്കിലും രഹസ്യഗ്രന്ഥങ്ങൾ ഒരു കൈയിൽനിന്ന് മറ്റൊരു കൈയിലേക്ക് നല്കപ്പെടുന്നതുപോലെയല്ല. പാരമ്പര്യത്തിൽ, തുടർച്ചയും, അകൽച്ചയും, വളർച്ചയും ഒരേപോലെ പ്രധാനമാണ്. ഏതെങ്കിലും ഒന്ന് നഷ്ടപ്പെടുമ്പോൾ വികലമാകുന്നത് കൈമാറപ്പെടേണ്ട വിശ്വാസരഹസ്യം തന്നെയാണ്. ഇന്ന് നമ്മൾ വന്നെത്തിയിരിക്കുന്ന കാലം വരെ വളർന്നിട്ടുള്ള വിശ്വാസവിചിന്തനങ്ങൾ എല്ലാം പ്രധാനമാണ്. ഓരോ കാലഘട്ടത്തിലും പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങൾ അറിഞ്ഞു കൊണ്ട് തന്നെയാണ് ഈ വളർച്ച സാധ്യമായിട്ടുള്ളത്.

നവീകരണശ്രമങ്ങളുടെ ഉള്ളടക്കമുള്ള ആത്മീയഗ്രന്ഥങ്ങൾ, ദർശനഗ്രന്ഥങ്ങൾ ഉൾപ്പെടെ, ഓരോ ദുരന്തപശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെട്ടവയാണ്. ഡാന്റെയും മിൽട്ടൺ ഉം നോസ്ട്രദാമസുമൊക്കെ വ്യത്യസ്തമായ സാഹിത്യശൈലിയിൽ അവരുടെ പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അവരിലെ രാഷ്ട്രീയലക്ഷ്യങ്ങളും ശ്രദ്ധാർഹമാണ്. നവോത്ഥാന കാലഘട്ടം വിശ്വാസത്തെ വെല്ലുവിളിച്ചതുപോലെ വലിയ സംഭാവനകൾ നൽകുകയും ചെയ്തു. വിശ്വാസം നേരിട്ട വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ വിശ്വാസജീവിതക്രമവും മറ്റും ഊന്നിയുള്ള ആത്മീയ ഗ്രന്ഥങ്ങളാണ് രൂപപ്പെട്ടത്. ജ്ഞാനോദയകാലം മനുഷ്യന്റെ മനസിന്റെ വലിയ ശക്തിയെ എടുത്തു കാണിക്കുകയും സമൂഹത്തിന്റെയും ശാസ്ത്രത്തിന്റെയും വലിയ വളർച്ചക്ക് കാരണമാവുകയും ചെയ്തു. മാനവികത, സ്വാതന്ത്ര്യം ജനാധിപത്യമൂല്യങ്ങൾ എന്നിവ ഉയർത്തിപ്പിടിച്ചെങ്കിലും മതേതരമൂല്യങ്ങൾ സാക്ഷാത്കരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നിട്ടും മനുഷ്യനെ വലിച്ചുകീറുന്ന സാമൂഹിക സാമ്പത്തിക വ്യവസ്ഥകളിലേക്ക് അത് ചരിത്രത്തെ കൊണ്ട് ചെന്നെത്തിച്ചു. സഭയും സഭയുടെ അഭിപ്രായവും അവഗണിക്കപ്പെട്ടു. ദേശീയത, മതം, വംശം തുടങ്ങിയവ വിഭജനങ്ങളുടെ അടിസ്ഥാനമായി. യുദ്ധങ്ങളും ആയുധവിപണനവും വർദ്ധിച്ചു. ഈ ദയനീയ സ്ഥിതി നേർക്കുനേർ കണ്ട പശ്ചാത്തലങ്ങളിലെ ആത്മീയ കൃതികൾ സമാധാനം, പരിഹാരം, മാനസാന്തരം, ദൈവകരുണ, മനുഷ്യരുമായുള്ള സ്നേഹബന്ധം, സഭയുടെ പ്രാധാന്യം തുടങ്ങിയവ ഊന്നിപ്പറയുന്നുണ്ട്.

ഇന്ന് നമ്മൾ എത്തി നില്കുന്നത് മറ്റൊരു ദുരന്ത മുഖത്താണ്. വിശ്വാസത്തെയും, മനുഷ്യനെയും വലിച്ചെറിഞ്ഞ മനുഷ്യചരിത്രം ഇന്ന് ജീവനെയും ഭൂമിയെത്തന്നെയും ഇല്ലാതാക്കാവുന്ന ഇടപെടലുകളാണ് നടത്തുന്നത്. ആവശ്യമായ നവീകരണത്തിലേക്കു നയിക്കുവാൻ കഴിയുന്ന ആത്മീയതയാണ് ഇന്ന് ആവശ്യം. പഴയവയുടെ മൂല്യം നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ കൂടി ഈ കാലഘട്ടത്തിൽക്കൂടി നമ്മെ നടത്താൻ കഴിയുന്ന ആത്മീയതയുണ്ടെങ്കിലേ മേല്പറഞ്ഞ വിശ്വാസരഹസ്യത്തെ ദൈവരാജ്യത്തിന്റെ തുടർച്ചയായി നമുക്ക് പകർന്നു നൽകാനാവൂ. ഉദാത്തമായി കരുതപ്പെടുന്ന 'ആത്മീയ' സമീപനങ്ങൾ അവയുടെ ചൈതന്യം ഉൾക്കൊള്ളാതെ പാലിക്കപ്പെടുന്നതിനാൽ ഇന്നിലേക്കു നമ്മെ ഒരു ശിക്ഷാർത്ഥിയായിപ്പോലും കൊണ്ടിരുത്തുന്നില്ല എന്നത് തിരിച്ചറിയേണ്ടതുണ്ട്. മതത്തെ മാറ്റിനിർത്തുന്ന, മതേതരമൂല്യങ്ങളിൽ മുന്നോട്ടുപോകുന്ന സമൂഹത്തിൽ, മനുഷ്യന്റെ ആന്തരികതയിലേക്ക് ഒരാളെ കൊണ്ടുപോകുവാൻ പ്രാപ്തമായ ഒരു ആത്മീയത രൂപപ്പെടുത്തുന്നതിൽ നമ്മൾ പരിചയപ്പെടുന്നു. വീണ്ടും, മതത്തിന്റെ ഭാവരൂപങ്ങൾ ആത്മീയതയിലുണ്ടാവണം എന്ന ശാഠ്യം പലപ്പോഴും അത്തരം പ്രയത്നങ്ങൾക്ക് തടസമാകുന്നു. അപ്പോൾ, പഴയവയിലെ ശ്രേഷ്ഠതയിലേക്ക്‌ 'ആത്മീയതയെ' ചേർത്തുനിർത്തുക സ്വാഭാവികം. അതല്ല നമുക്ക് വേണ്ടത്, ഇന്നിന്റെ സാഹചര്യങ്ങളെ വിശ്വാസത്തിന്റെ വെളിച്ചത്തിൽ കാണുവാനും മുന്നോട്ടു പോകുവാനുമുള്ള വഴികൾ നമുക്കുണ്ടാവണം. ലൗദാത്തോ സി യും ഫ്രത്തെല്ലി തൂത്തി യും ഈ കാലഘട്ടത്തിനു നൽകപ്പെട്ട മാർഗ്ഗരേഖകളാണ്. എന്നാൽ അവ 'വെറും' പ്രകൃതികാര്യവും, സാമൂഹ്യപ്രബോധനവുമായി ചുരുക്കപ്പെടുന്നില്ലേ? നമ്മുടെ നവീകരണത്തിന്റെയും, ധ്യാനത്തിന്റെയും ആത്മീയതയുടെയും ഭാഗമായി എന്നാണ് അവയെ സമീപിച്ചു തുടങ്ങുന്നത്? ആത്മീയമായി ചിന്തിക്കുന്നവർക്ക് ഈ അധമമായ കാര്യങ്ങളിൽ ശ്രദ്ധ പതിഞ്ഞെന്നു വരില്ല, എന്നാൽ ശുശ്രൂഷയും പ്രഘോഷണവും വിശ്വാസവും സാക്ഷ്യമാവണമെങ്കിൽ കാലത്തിന്റെ അടയാളങ്ങൾ അറിയണം. അത് അന്ത്യകാലവിവരണശൈലിയിലല്ല, പ്രത്യാശയുടെ വെളിച്ചത്തിലാണ് ഇന്ന് നടക്കേണ്ടത്.


മാർച്ച് 03, 2021

പശ്ചാത്താപത്തിന്റെ കാതൽ

ധൂർത്തപുത്രനും, മൂത്തപുത്രനും സമാനമായ സമീപനം പിതാവിന്റെ അടുത്ത് എടുത്തതായി കാണാം. തനിക്കുള്ളത് തന്നേക്കുക എന്ന് ഇളയവൻ പറഞ്ഞതുപോലെ തന്നെ തനിക്കുള്ളത് ഒന്നും കിട്ടുന്നില്ല എന്ന പരാതിയാണ് മൂത്തവനുള്ളത്. എന്തൊക്കെ കിട്ടാനുണ്ട് എന്നതാണ് അവരിരുവരും ചിന്തിക്കുന്നത്. ധൂർത്തൻ അത് തനിക്കായി ശേഖരിക്കുന്നു, മൂത്തവൻ, എന്നെങ്കിലും കിട്ടാനുള്ളത് കിട്ടും എന്ന് കരുതി പണിക്കാരനായി പരാതിപ്പെട്ടു കഴിയുന്നു.

ദാനങ്ങളെക്കാളും, അവകാശങ്ങളെക്കാളും വലുതാണ് പുത്രനെന്ന ബന്ധമെന്നത് തിരിച്ചറിഞ്ഞപ്പോൾ മാത്രമാണ് തന്റെ ഭവനത്തെക്കുറിച്ച് അയാൾ ഭവനമായി ഓർമ്മിക്കുന്നത്. ആ ആലിംഗനത്തിന്റെ ഉറപ്പാണ് പശ്ചാത്താപത്തിന്റെ കാതൽ. ആ ഉറപ്പ്, പിതാവ് ക്ഷമിക്കും എന്നല്ല, പിതാവ് ക്ഷമിച്ചു കഴിഞ്ഞു എന്നാണ്. സത്യത്തിൽ, പിതാവിന് സ്നേഹം മാത്രമേ ഉള്ളെന്നും, ക്ഷമിക്കേണ്ടതായി പോലും ഇല്ലെന്നും ഒരു പക്ഷേ പതുക്കെയേ മനസിലാകൂ. പശ്ചാത്താപം പാപങ്ങളെക്കുറിച്ചല്ല, ആ സ്നേഹത്തിനു വിലയുണ്ടെന്ന തിരിച്ചറിവിലാണ്. അതുകൊണ്ട് ഏറ്റുപറച്ചിലുകൾ, "പാപങ്ങളൊക്കെ കഴുകിക്കളയുന്ന ഒരു അലക്കുകല്ല് പോലെയല്ല, അത് സ്‌നേഹപൂർണമായ ആലിംഗനത്തിലെ ആശ്വാസമാണ്" .

രീതി എന്താണെങ്കിലും, അത് കാരുണ്യത്തിന്റെ അനുഭവമാകണം എന്നതാണ് പ്രധാനം. മാത്രമല്ല അതിൽ ആത്മാർത്ഥമായ പശ്ചാത്താപം ഉണ്ടാവുകയും വേണം. അയർലണ്ടിലെ ചില ആശ്രമങ്ങളിലാണ് രഹസ്യകുമ്പസാരങ്ങൾ തുടങ്ങിയതെന്നാണ് പറയപ്പെടുന്നത്. അതിനു മുമ്പ് പരസ്യമായ ഏറ്റുപറച്ചിലോടു കൂടെയോ അല്ലാതെയോ ഉള്ള പാപമോചനശുശ്രൂഷ ഉണ്ടായിരുന്നു. അതിലെ കൂദാശാനുഭവം യഥാർത്ഥ ആത്മീയ അനുഭവമായി ഭവിക്കുന്നുണ്ടോ എന്നത് വിചിന്തനവിധേയമാക്കാവുന്നതാണ്. പലപ്പോഴും അത് ഒരു ഭക്തിരൂപമായി മാറ്റപ്പെടുന്നു. പാപക്ഷമക്ക് ഏറ്റുപറച്ചിൽ ഒരു വ്യവസ്ഥയല്ല. അനുതാപം കൃപക്കായി വഴി തുറക്കുന്നു. പാപമോചനം അവിടെ ഉറപ്പാണ്. തുറന്ന ഏറ്റുവുപറച്ചിലും പാപമോചന ആശീർവാദവും കൂദാശപരമായ ഒരു സമ്പർക്കവും സാധ്യമാക്കുന്നു. ആവശ്യമോ അനാവശ്യമോ എന്നതല്ല, ആഴമായ ഒരു ആത്മീയ അനുഭവത്തിന്റെ ലഭ്യതയാണ് അത്. അത് ഉറപ്പാക്കാൻ നമുക്ക് കഴിയണം.

ചിലർക്ക് ചടങ്ങായി മാറിയെങ്കിൽ, ചിലർക്കത് ഭക്തിയായി മാറി. രണ്ടും ശരിയല്ല. 
നിർബന്ധമാക്കിയത് കൊണ്ട് അതിനു ചടങ്ങിന്റെ രൂപവും, കുമ്പസാരിച്ചില്ലെങ്കിൽ,ദൈവകോപം, കുമ്പസാരിച്ചാൽ പ്രത്യക വിശുദ്ധീകരണം കാര്യപ്രാപ്തി തുടങ്ങിയ  സമീപനങ്ങളിൽ നിന്ന് അതു ഭക്തിയുമായി. രണ്ടാമത്തെ വിഭാഗം കുമ്പസാരിച്ചില്ലെങ്കിൽ പെട്ടെന്ന് അസ്വസ്ഥരാകും. അനുരഞ്ജനത്തെക്കുറിച്ചോ വിശുദ്ധീകരണത്തെക്കുറിച്ചോ അല്ല, ദൈവവും അനുഗ്രഹങ്ങൾ തടയും എന്ന് വെച്ച് കൊണ്ട്. നീണ്ട ലിസ്റ്റ് വെച്ചുകൊണ്ട് sin conscientisation ആണ് പലപ്പോഴും ലഭിക്കുന്നത്. ദഅവത്തിന്റെ കണ്ണിലൂടെ നമ്മെത്തന്നെ കാണാൻ കഴിയുന്നതാണ് പരിശുദ്ധാത്മാവ് നൽകുന്ന വിധി. അങ്ങനെയേ ആത്മാർത്ഥമായ ആത്മശോധനയുണ്ടാകൂ.
കുമ്പസാരത്തിനുവേണ്ടി മാത്രമുള്ള പാപബോധം വീണ്ടും നമ്മെ ചടങ്ങുകാരാക്കുകയേയുള്ളു.  തെറ്റുകളുടെ എണ്ണമല്ല ആത്മശോധനയിൽ കണ്ടെത്തപ്പെടുന്നത്. സ്നേഹം ആത്മാർത്ഥത എന്നിവയുടെ ഗുണം എത്രമാത്രം പ്രതിഫലിച്ച കഴിഞ്ഞു എന്ന് നോക്കിയാൽ മതിയാകും. മറ്റൊരുതരത്തിൽ, എത്രമാത്രം ക്രിസ്തു സമാനമായി എനിക്ക് ജീവിക്കാൻ കഴിഞ്ഞു എന്നതിനെക്കുറിച്ചാണ് ആത്മശോധന. നിയമങ്ങളുടെ രണ്ടുമൂന്നു പേജ് ലിസ്റ്റ് ഒരു വശത്ത് സ്വയം വലിയ പാപിയാക്കുമ്പോൾ, മറുവശത്ത് യഥാർത്ഥ ആത്മശോധനയിൽ നിന്ന് രക്ഷപ്പെടുവാൻ വലിയ വഴിയൊരുക്കുന്നുമുണ്ട്. ഡോക്ടർ നൽകുന്ന personal attention പോലെയല്ല കുമ്പസാരത്തിലെ വ്യക്തിപരമായ ഏറ്റുപറച്ചിലും പാപമോചനവും. കൂദാശാമാനത്തെ അതിന്റെ സത്യത്തിൽ മനസിലാക്കേണ്ടിയിരിക്കുന്നു. പാപബോധവും അനുതാപവും കൃപയുടെ പ്രവൃത്തിയാണ്, ശരി തന്നെ. പക്ഷെ അത് ബോധ്യപ്പെടുത്തുന്നത് പാപത്തെക്കുറിച്ചെന്നതിനേക്കാൾ സ്വന്തം ചെറുമയെക്കുറിച്ചും അതുകൊണ്ടുതന്നെ ദൈവാശ്രയത്തിന്റെ ആവശ്യത്തെക്കുറിച്ചുമാണ്. ആത്മാർഥത ഒരു സംവിധാനം മൂലം സൃഷ്ടിച്ചെടുക്കാനാവില്ല. ശരിയായ ദൈവ വിചാരത്തിൽ നിന്നും ദൈവത്തിന്റെയും തന്റെ തന്നെയും കരുണക്കുള്ള അർഹതയെക്കുറിച്ചുള്ള ബോധ്യത്തിൽ നിന്നുമേ അത് വളരൂ. ഇന്ന് വളം വെച്ച് വളർത്തുന്ന പ്രതിഫലദൈവശാസ്ത്രത്തിൽ നിന്ന് ആ ലക്‌ഷ്യം സാധ്യമാവാൻ ഒരു സാധ്യതയും ഇല്ല. പ്രതിഫലദൈവശാസ്ത്രം, പാപം ശിക്ഷ പരിഹാരം എന്നതാവും അടിസ്ഥാന തത്വമായി കരുതുന്നത്. ആത്മാർത്ഥത വെളിപ്പെടുന്നത് ബന്ധത്തിലാണ്. നിയമവ്യവസ്ഥയിൽ  നിലനിർത്തപ്പെടുന്നത് വിധേയത്വമാണ്, അവിടെ സ്വാതന്ത്ര്യമില്ല. ബന്ധത്തെ നിലനിർത്താനും വളർത്താനും ഉള്ള പ്രതിബദ്ധതയിൽ തീർച്ചയായും ത്യാഗങ്ങളും, ബുദ്ധിമുട്ടുകളും വഴിയേ ഉൾപ്പെടുന്നു.  എന്നാൽ ബുദ്ധിമുട്ടുകൾ തന്നിഷ്ടത്തിന് ഉൾപ്പെടുത്തിയതുകൊണ്ട് അത് സ്നേഹമോ ബന്ധമോ ആഴപ്പെടുത്തണമെന്നില്ല. അത് മൂത്തപുത്രന്റെ കൂലിബന്ധമാണ്. ആ മനോഭാവത്തിൽ, ആത്മീയം എന്ന് കരുതപ്പെടുന്ന പല 'ത്യാഗങ്ങളും' അവിവേകത്താലും, വികലമായ ദൈവസങ്കല്പതാളും നയിക്കപ്പെടുന്നതാണ്.

മാർച്ച് 02, 2021

ദൈവഹിതം

മണ്ടത്തരവും, ക്രൂരതയും, ഹൃദയകാഠിന്യവും ഒരുപോലെ ചരിത്രത്തിൽ വേദനാജനകമായ ഓർമ്മകൾ നൽകിയിട്ടുണ്ട്.  കുടുംബത്തിലും, വ്യക്തിജീവിതത്തിലും സഭയിലും സമൂഹത്തിലും ഉദാഹരണങ്ങൾ നമുക്ക് കാണാം. അതൊക്കെ ദൈവഹിതമായിരുന്നോ? ഒട്ടും അല്ല.  അവ മണ്ടത്തരവും, ക്രൂരതയും, ഹൃദയകാഠിന്യവും തന്നെയായിരുന്നു. അവയെ അങ്ങനെ തന്നെ കണ്ടുകൊണ്ടു പുതിയ ബോധ്യങ്ങൾ ഉൾക്കൊള്ളാനാണ് നമ്മൾ ശ്രമിക്കേണ്ടത്. ദൈവം ജീവനായതുകൊണ്ട് നന്മയിലേക്ക് തിരുത്താൻ ശ്രമിക്കുന്ന ആത്മാർത്ഥതയെ കൃപ അനുധാവനം ചെയ്യും.

ദൈവഹിതം എന്നത് നമ്മുടെ നിസ്സഹായതയെ ആശ്വസിപ്പിക്കാനുള്ള ഒരു നല്ലവാക്കാകുമ്പോൾ അവിടെ ദൈവികമായ ഹിതമല്ല. നന്നായി പഠിക്കാൻ കഴിയാതെ പോയതും, നേരത്തെ ഉത്തരവാദിത്തങ്ങൾ ഏൽക്കേണ്ടി വന്നതും, ദുര്യോഗങ്ങൾ മൂലം കഴിവുണ്ടായിരുന്നിട്ടും ഒന്നും ആകാൻ കഴിയാതെ പോയതും ദൈവഹിതമായിരുന്നു എന്നല്ല, അവ ദൈവഹിതമല്ലായിരുന്നു എന്ന് തന്നെ നമ്മളോട് പറയണം. കൂടെ, ഇന്ന് നല്ലതോ വിഷമമുള്ളതോ ആയ അവസ്ഥയിലാവട്ടെ, ദൈവ സാന്നിധ്യം അറിയുവാനും, സമാധാനത്തിൽ ആയിരിക്കുവാനും, വിങ്ങലുകളെ ആശ്വസിപ്പിക്കുവാനും ജീവൻ നേടാനും, ജീവൻ പകരാനും ദൈവത്തെ ചേർത്ത് നിർത്തുവാൻ കഴിയട്ടെ. അപ്പോഴാണ്, സമാനമായ പശ്ചാത്തലം മറ്റൊരാൾക്ക് ഉള്ളതായി കാണുമ്പോൾ അവർക്കു ജീവൻ പകരാനായി അധ്വാനിക്കുവാനും നമുക്ക് കഴിയൂ. മുന്നോട്ടുള്ള ചുവടുവയ്‌പിൽ കൃപാപൂർണ്ണതയിൽ നടക്കുന്നതിൽ സമർപ്പണവും ത്യാഗവും സൗഖ്യവുമുണ്ട്. നേരിടേണ്ടി വന്ന തിന്മകളിലല്ല ദൈവഹിതം, അവയുണ്ടായിട്ടും വിശ്വസ്തതയോടും സ്നേഹത്തോടും കൂടി മുന്നോട്ടു നടക്കാനാകുന്നു എന്നതാണ് ദൈവഹിതത്തിലേക്കുള്ള തുറവി. ക്രിസ്തുശിഷ്യന്റെ ശാന്തതയുടെ ആഴം അപ്പോഴേ അറിയാൻ കഴിയൂ. 

പൊതുനന്മയും മൊത്തത്തിലുള്ള ജീവനും ഉറപ്പാക്കാവുന്ന എന്തിലും ദൈവഹിതം ഉണ്ട്. അതുയർത്തുന്ന വെല്ലുവിളികളിലൂടെ കൃപ നമ്മെ നയിക്കും. ശരികൾക്കിടയിലുള്ള തിരഞ്ഞെടുപ്പിൽ, സാധ്യമായ ബോധ്യത്തിൽ തികഞ്ഞ ദൈവാശ്രയബോധത്തോടെ ഉചിതമായതു തിരഞ്ഞെടുക്കുവാൻ കഴിയൂ. വിവേകവും വിവേചിക്കുവാനുള്ള അനുഗ്രഹവും നമ്മിലുണ്ട്. മുന്നോട്ടുള്ള വഴികളിലും ദൈവത്തോടൊത്തു നടക്കുക എന്നത് വിശ്വാസത്തിന്റെ പ്രതിഫലനമാണ്. നേരിടേണ്ടി വരുന്ന തിന്മകൾ ദൈവഹിതമല്ല, അവയിലൂടെ പ്രത്യാശയോടെ  നടന്നുപോകുവാൻ നമുക്ക്  കഴിയുക എന്നത് ദൈവഹിതമാണ്. 

വ്യക്തിയായോ, സമൂഹത്തിന്റെ പ്രതിനിധിയായോ നടത്തിയ ഒരു മാപ്പു പറച്ചിൽ, പഴയ തെറ്റുകളെ സാധൂകരിക്കുകയോ ചരിത്രത്തിൽ നിന്ന് മായ്ച്ചു കളയുകയോ ചെയ്യുന്നില്ല. ആ തെറ്റുകളുടെ മനോഭാവം ഇന്ന് നമ്മിൽ വളരുന്നുണ്ടെങ്കിൽ ആ മാപ്പു പറച്ചിലുകളെക്കുറിച്ചുള്ള നമ്മുടെ ഗർവ് നമ്മിലെ കാർക്കശ്യത്തിന്റെ അടയാളമാണ്. എന്തിനെക്കുറിച്ചു മാപ്പു പറഞ്ഞോ അത് ആവർത്തിക്കപ്പെടാതിരിക്കാൻ ആവശ്യമായ മനോഭാവങ്ങൾ കാലത്തിനനു‌സൃതം വളർത്തേണ്ടതാണ്.  

ചരിത്രം ആവർത്തിക്കും എന്ന് പറയാറില്ലേ? ആവർത്തിക്കേണ്ടവയും, ആവർത്തിക്കാൻ ഒരിക്കലും ആഗ്രഹിക്കരുതാത്തവയും ഒക്കെയില്ലേ? അവയുടെ പശ്ചാത്തലവും വികാസവും നമുക്ക് ഇന്നറിവുള്ളതാവുമല്ലോ? തിന്മയായത് സംഭവിക്കാൻ സാധ്യത കാണുമ്പോഴും, ചെറിയ ലാഭവും ഉപകാരവും കണ്ടുകൊണ്ടു വേണ്ട കരുതലുകൾ എടുക്കുന്നില്ലെങ്കിൽ പിന്നീട് ദൈവത്തെ പഴി ചാരാൻ നമുക്കാവുമോ? ദൈവം എന്ത് ആഗ്രഹിക്കുന്നു എന്ന് ചിന്തിക്കേണ്ടത് ഇന്നല്ലേ? കാലം ഞങ്ങളിൽ ക്രിസ്തുവിനെ കണ്ടുകഴിഞ്ഞു എന്ന് പറയുവാൻ എത്രമാത്രം നമുക്ക്  കഴിയും? കാലം ഒരിക്കൽ തിരിഞ്ഞു നോക്കുമ്പോൾ ഒരു തലമുറക്കുവേണ്ടി നമ്മൾ രൂപപ്പെടുത്തിയത് എന്തൊക്കെയായിരുന്നു എന്നാവും  അവർ വിലയിരുത്തുക?