Gentle Dew Drop

ഡിസംബർ 25, 2021

വചനം മാംസമായി

ദൈവത്തിന്റെ ജ്ഞാനവും, ജീവനും, വെളിച്ചവുമായ വചനം, 
ആരിലൂടെ സകലതും സൃഷ്ടിക്കപ്പെട്ടുവോ,
പ്രപഞ്ചബന്ധങ്ങളെയും പരിണാമങ്ങളെയും ആര് വഴിനടത്തുന്നുവോ,
ജീര്ണതയെയും, നാശത്തെയും, മരണത്തെയും നയിക്കുകയും,
എന്നാൽ അവയിലൂടെ പുതുരൂപങ്ങൾ ഉയരാൻ ശക്തി പകരുകയും,
സകലതിനെയും അതിന്റെ ക്രമത്തിൽ ഒരുമിച്ചു നിർത്തുകയും, ഓരോ സൃഷ്ടിക്കുക അതിന്റെതായ ശബ്ദവും ഭാഷയും നൽകുകയും,
മനുഷ്യനിൽ അവബോധമനസു തീർക്കുകയും,
വിവിധങ്ങളായ സംസ്കാരങ്ങളിലും വിശ്വാസങ്ങളിലും പ്രകാശമായി തിളങ്ങുകയും,
പവിത്രഗ്രന്ഥങ്ങളിലെ പ്രചോദനമായിരിക്കുകയും,
മനഃസാക്ഷിയെ നന്മയുടെ നേരെ തിരിക്കുകയും ചെയ്യുന്ന വചനം,
പിതാവിന് മാത്രം ദൃശ്യമായിരുന്നു വചനം നമുക്ക് മുമ്പിൽ ദൃശ്യമായിരിക്കുന്നു.

വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു.

ഡിസംബർ 24, 2021

ദൈവം കാലിത്തൊഴുത്തിൽ

ആരാധനാലയങ്ങളിലോ സംഹിതകളിലോ ഒതുക്കപ്പെടാൻ ഇഷ്ടപ്പെടാത്തതുകൊണ്ടാകാം ദൈവം കാലിത്തൊഴുത്തിൽ പിറന്നത്. കൊട്ടാരത്തിന്റെ സുരക്ഷാമതിലുകളോ അറിവിന്റെ അഹങ്കാരമോ അവിടെയുണ്ടായിരുന്നില്ല. മതപ്രതീകങ്ങളുടെ വിരികൾക്കുള്ളിൽ മറക്കപ്പെടേണ്ട രഹസ്യമായിരുന്നില്ല മനുഷ്യാവതാരം. തന്റെ ഏകജാതനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ആ സ്നേഹത്തെ ഗൗനിക്കാത്തവർ, ദേവാലയത്തിന്റെ കൽഭിത്തികളിലെ ചിത്രപ്പണികളുടെ ഭംഗിയെ പുകഴ്ത്തുന്നു. ഹൃദയം കൊണ്ട് ദൈവത്തെ സ്നേഹിക്കുന്നവർക്ക് മലയിടുക്കുകളിലും കണ്ണുനീരിന്റെ താഴ്വരയിലും ദൈവമഹത്വം പ്രഘോഷിക്കപ്പെടുന്നു. 

ഡിസംബർ 22, 2021

ദൈവഭയം

സത്യം ആഗ്രഹിക്കാതെയും, നീതിയെ സ്നേഹിക്കുകയും നീതി ഉറപ്പു വരുത്താൻ ശ്രമിക്കുകയും ചെയ്യാതെയും ദൈവഭയത്തെക്കുറിച്ചു സംസാരിക്കാനാവില്ല. അതുകൊണ്ടു തന്നെ സത്യം, നീതി, സമാധാനം എന്നിവ ജീവനിലേക്കു നയിക്കുന്നതാവണം എന്ന അടിസ്ഥാനപ്രമാണം പ്രധാനമാണ്. അല്ലെങ്കിൽ സത്യം ആപേക്ഷികമാകാം, നീതി മറുതലിപ്പാകാം, സമാധാനം കുറച്ചു കാലത്തേക്കുള്ള സമരസപ്പെടലാകാം. സത്യത്തെ ആധാരമാക്കാത്ത, സമൂഹനന്മ ആഗ്രഹിക്കാത്ത 'ദൈവഭയം' പൊള്ളയായ ആത്മപ്രശംസ മാത്രമാണ്. ദൈവഭയം ആകാശത്തേക്ക് നോക്കിയുള്ള നടുക്കമല്ല. തന്നിലും ചുറ്റുമുള്ള സത്യം എപ്രകാരം സ്നേഹത്തെ പരിപോഷിപ്പിക്കുകയും വിധേയത്വങ്ങളെ നിഹനിക്കുകയും ചെയ്യുന്നു എന്ന തിരിച്ചറിവാണ്.

ഭയത്തിൽ വേരുറപ്പിച്ചുകൊണ്ട് ഒരു ആത്മീയചൈതന്യം രൂപപ്പെടില്ല. അപകടഭീതിയോ അരക്ഷിതാവസ്ഥയോ ഉൾക്കൊള്ളുന്ന വിറപ്പിക്കുന്ന ഭാവത്തെയല്ല ദൈവഭയത്തിൽ കാണേണ്ടത്. മതാധികാരികളുടെ മുമ്പിലുള്ള വിറയലും ദൈവഭയമല്ല. അത്ഭുതാവഹമോ ആശ്ചര്യഭരിതമോ ആയ ഒരു അനുഭവത്തിൽ, അവർണ്ണനീയമായ വിസ്മയാവസ്ഥയാണ് ദൈവഭയം. സ്നേഹം കൊണ്ട് അടുക്കാൻ ശ്രമിക്കുമ്പോഴും ഗ്രാഹ്യതയിൽനിന്നും അകലെയാണെന്ന വിങ്ങലും അതിന്റെ ഭാഗമാണ്. അതുകൊണ്ടു ദൈവഭയം ഭക്തി ജനിപ്പിക്കുന്നു. അകൽച്ച/ വിരഹം, ദൈവഭക്തിയിലും ദൈവഭയത്തിലും ഉൾക്കൊണ്ടിട്ടുണ്ട്. ഭയം അകറ്റുമ്പോൾ, സ്നേഹം കൂടുതൽ ആഴത്തിൽ ആഗ്രഹിക്കുവാൻ, ഒന്നായിത്തീരാൻ പ്രേരിപ്പിക്കുന്നു. ഇടയന്റെ അടുത്ത് ഓടിയെത്തുവാൻ, സ്വരം കേൾക്കാൻ പ്രേരിപ്പിക്കുന്ന സ്നേഹത്തിലാണ് ദൈവഭയം. ആ സ്നേഹത്തിലാണ് പരിശുദ്ധി തിരിച്ചറിയുന്നത്. ഭയത്തിലെ വേർതിരിവുകളിൽ രൂപപ്പെടുത്തപ്പെടുന്ന പരിശുദ്ധി പ്രകടനപരത നിറഞ്ഞതും, സമൂഹത്തിൽ ക്രൂരമായ വിധി നടപ്പിലാക്കുന്നതുമാണ്. അവിടെ 'ഞങ്ങൾ' മാത്രമാണ് പരിശുദ്ധർ, 'ഞാൻ' മാത്രമാണ് 'പരിശുദ്ധനായവൻ.'

ഡിസംബർ 20, 2021

ക്രിസ്തുജനനത്തിലെ പ്രസവപീഢ

യുദ്ധം നിറഞ്ഞ ക്രൂരമായ ഹൃദയത്തോടെ എങ്ങനെ ഉണ്ണിയേശുവിനെ കൈകളിലെടുക്കും? വ്യക്തിഹത്യകളുടെ ചോരക്കറ കൈകളിൽ നിന്ന് മാറിയിട്ടില്ല, വീണ്ടും എങ്ങനെയൊക്കെ കലഹസാധ്യതകൾ തേടാമെന്ന് കിണഞ്ഞു പരിശ്രമിക്കുന്നുമുണ്ട്. സന്മനസുള്ളവർക്കും അവർ സമാധാനം അനുവദിച്ചേക്കില്ല. രക്ഷകന്റെ നക്ഷത്രം അരമനയിൽ നിന്നകന്ന്, സ്നേഹിക്കുന്ന പച്ചമനുഷ്യർക്കിടയിൽ ദൈവമഹത്വം പ്രഘോഷിക്കുന്നു.

ഓരോ ഹൃദയവാതിലിലുമുള്ള ക്ഷണമാണ് ക്രിസ്തു.  നിയമത്തിനോ മതത്തിനോ ഉറപ്പു നൽകാൻ കഴിയാത്ത സത്യം, എന്നാൽ ആത്മാർത്ഥ സ്നേഹത്തിൽ തീർച്ചയായും ജീവരൂപവും മാംസരൂപവും എടുക്കുന്ന വെളിച്ചവും സമാധാനവും. 

മത്സരിച്ചു ജയിച്ചു ക്രിസ്തുവാകാനാവില്ല, സമാധാനത്തിന്റെ ഹൃദയമുള്ളവരിൽ പരിശുദ്ധിയുടെ വിത്തുകളുണ്ട്.  ദൈവത്തിന്റെ ശൈശവം എക്കാലത്തും പ്രബലമായ പ്രവണതകളെ കാലഹരണപ്പെടുത്തുന്നവയാണ്. അത്തരം പ്രവണതകളെ നിരൂപിച്ചറിയുന്നതിലുള്ള ഞെരുക്കം ക്രിസ്തുജനനത്തിലെ പ്രസവപീഢകൂടിയാണ്.

ഡിസംബർ 16, 2021

സ്നേഹത്തിലുള്ള ആനന്ദം

സ്നേഹത്തെക്കുറിച്ചു സന്തോഷമുള്ളവരാണെങ്കിലും സ്നേഹത്തെ ഏറ്റെടുക്കുക എന്നത് അത്ര എളുപ്പമുള്ളതല്ല. അതുകൊണ്ടാകാം വൈകാരികമായ ചില സൂത്രപ്പണികളിലേക്കു നമ്മുടെ പരസ്പരവ്യവഹാരങ്ങളെ ചുരുക്കിക്കൊണ്ട് അവയ്ക്ക് സ്നേഹമെന്ന പേര് നൽകി വിളിക്കുന്നത്. സ്നേഹിക്കുന്നതിലും, സ്വീകരിക്കുന്ന സ്നേഹത്തോടുള്ള പ്രതികരണത്തിലും വലിയ ഉത്തരവാദിത്തം ഉൾക്കൊണ്ടിട്ടുണ്ട്. 

സ്നേഹത്തിന്റെ പാത പ്രതിബദ്ധതയായതുകൊണ്ട് സ്നേഹത്തെ മാറ്റിനിർത്താറാണ് പതിവ്. വൈകാരികമായ പതിവ് സൂത്രപ്പണികളിലേക്കു ദൈവത്തെയും കൊണ്ടുവരാൻ  നമ്മൾ ശ്രമിക്കുന്നു. പ്രീണിപ്പിക്കാനും സഹതപിപ്പിക്കാനും പ്രതിഫലം നൽകാനും ഒക്കെ പ്രതീക്ഷിച്ചുകൊണ്ട് ദൈവം ആഗ്രഹിക്കുന്ന ബന്ധത്തിൽ നിന്ന് ഒരകലം മാറി നിൽക്കുന്നു.തന്റെ സ്നേഹം ഒരിക്കലും നമ്മെ വിട്ടു പിരിയില്ലെന്ന് ദൈവം പറയുന്നെങ്കിലും ശാപങ്ങളെക്കുറിച്ചും ശിക്ഷകളെക്കുറിച്ചും പറയാനാണ് നമുക്കിഷ്ടം. ഒരു പക്ഷേ, സഹനങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും വിശദീകരണം നൽകാൻ അവ കൂടുതൽ എളുപ്പമുള്ളതു കൊണ്ടാകാം. സത്യത്തിൽ നമ്മുടെ ഹൃദയകാഠിന്യം തന്നെയാണ് നമ്മെത്തന്നെ കൃപക്കെതിരെ അടച്ചു കളയുന്നത്. അതിന്റെ പരിണതഫലമാണ് പാപം. അല്ലാതെ കൃപാരാഹിത്യത്തിന്റെ ഉറവിടമല്ല പാപം. യഥാർത്ഥ സ്നേഹം ഹൃദയത്തെ തുറന്നിടുന്നു, കഠിനതയെ പതിയെ അലിയിക്കുന്നു. സ്നേഹിക്കപ്പെടരുത് എന്ന പിടിവാശി കാണിച്ചാൽ ഹൃദയത്തിന്റെ മൃദുലത സ്വന്തമാക്കാനാവില്ല, സ്നേഹിക്കാനുമാവില്ല. അതുകൊണ്ട്, പശ്ചാത്താപമെന്നത്, സമാധാനത്തിന്റെ ഉടമ്പടിയെക്കുറിച്ചു സ്വയം നൽകുന്ന ഒരു ഓർമ്മപ്പെടുത്തൽക്കൂടിയാണ്.  മാറാത്ത സ്നേഹം നമ്മിൽ നിന്ന് ഒരിക്കലും എടുത്തു കളയില്ല.

സ്നേഹം ഒരു പ്രതിഫലമല്ല, സ്നേഹിക്കപ്പെടുന്ന  ആളിലേക്ക് ഹൃദയത്തിന്റെ വ്യാപനമാണത്. സ്നേഹത്തിന്റെ മൃദുമന്ത്രണം ഓരോന്നും നമ്മിൽ ജീവൻ നിറക്കുന്നവയാണ്. സ്നേഹത്തിന്റെ ഓരോ പുതിയ അനുഭവവും പുതിയ ജീവനും പുതിയ അർത്ഥവും നൽകുന്നു. ഏകാകിയായ, ഉപേക്ഷിക്കപ്പെട്ട, ആരുമില്ലാത്ത, ആരുടേതുമല്ലാത്ത എന്നീ ഹൃദയനൊമ്പരങ്ങൾ സ്വയം നൽകിയ പേരുകൾ മാറ്റി ദൈവം പുതിയ പേര് നൽകുന്നതായ അനുഭവം ... എന്റെ ആനന്ദം, സ്വന്തമാക്കപ്പെട്ട, വിവാഹിത, പ്രിയതമ എന്നീ പേരുകളൊക്കെയും  ഹൃദയത്തിന്റെ നിറവിൽ നിന്നാണ്. നമ്മുടെതന്നെ ജീവിതങ്ങളെ അത് സ്നേഹത്തിന്റെ നവീനതയിൽ ഒരിക്കൽക്കൂടി വായിച്ചെടുക്കുന്നു. ആ സ്നേഹത്തിൽ നിന്ന് പുതിയ മനുഷ്യൻ ഗർഭം ധരിക്കുകയും ചെയ്യും. 

എവിടെയുമെപ്പോഴും ശാപവും ശിക്ഷയും കാണുന്ന ശീലത്തെ ഉപേക്ഷിക്കുകയെന്നത് അത്യാവശ്യമാണ്. പകരം ജീവിതത്തിലെയും, പറമ്പിലെയും, ചെയ്യുന്ന ജോലിയിലെയും വളരുന്ന കുഞ്ഞുങ്ങളിലെയും  അനുഗ്രഹീതമായ സാന്നിധ്യത്തെക്കുറിച്ച്  ധ്യാനിച്ച് തുടങ്ങാം. എല്ലാം സുഖകരമല്ല എങ്കിൽക്കൂടിയും കൃപാസമൃദ്ധിയെക്കുറിച്ചുള്ള അവബോധത്തിൽ നിന്നുള്ള നമ്മുടെ സ്പർശനങ്ങൾ ആവശ്യമുള്ള കൃപകൾക്കായി യോഗ്യമായ ഒരു ജീവിതത്തെ തീർത്തുകൊള്ളും. 

സ്നേഹത്തിന്റെ മൃദുസ്വരം നമ്മുടെ ഹൃദയങ്ങളിൽ നിറയട്ടെ,  ദൈവം നമ്മിൽ ആനന്ദിക്കുന്നു, തന്റെ ആലിംഗനത്തിൽ നമ്മെത്തന്നെ മറച്ചുകളയുന്നു. 

🔊

ഡിസംബർ 12, 2021

പ്രവാചകരെ ആവശ്യമുണ്ട്

ദൈവം തനിക്കായി പ്രവാചകരെ അന്വേഷിക്കുന്നു, അനുരഞ്ജനത്തിന്റെ പ്രവാചകരെ, സത്യം പറയുന്ന പ്രവാചകരെ. സ്വന്തം ബിംബങ്ങൾ വെച്ചാരാധിക്കുകയും അതിനു കർത്താവെന്നും മിശിഹായെന്നും പേര് നൽകി ജനത്തെ വഞ്ചിക്കുകയും ചെയ്യുന്ന പ്രവാചകരെക്കുറിച്ച് ദൈവം ദുഃഖിക്കുന്നു. രാജാക്കന്മാരും പ്രവാചകരും തിന്മക്കായി കൈകോർത്തപ്പോഴാണ് ദൈവജനം ചിതറിക്കപ്പെടുകയും തിന്മപ്രവർത്തിക്കുകയും ചെയ്തത്. രാജാക്കന്മാർക്കും പ്രവാചകരുടെയും തന്ത്രങ്ങളിൽ ഞെരുക്കപ്പെടുന്ന നിസ്സഹായ സേവകരാണ് പുരോഹിതഗണം. ദൈവമാണ് അവരെ നിയമിച്ചതെന്ന് ഉറപ്പുള്ളവർക്ക് സമാധാനത്തിന്റെ പ്രവാചകരുടെ ഹൃദയം തിരിച്ചെടുക്കാം. സ്വയം പ്രവാചകരായി അവരോധിച്ചവർ, നിഷ്കളങ്കരെ നിലയില്ലാക്കയത്തിലേക്കു നയിച്ച കുഴലൂത്തുകാരായിരുന്നെന്നു കാലം ഇതിനകം തെളിയിച്ചു കഴിഞ്ഞു. 

ഡിസംബർ 10, 2021

സാന്ത്വനശബ്ദം

കൂട്ടം തെറ്റി മുള്ളുകൾക്കിടയിൽ പെട്ടുപോയ കുഞ്ഞാടിന്റെ ഉള്ളിൽ എന്തൊക്കെ ആയിരുന്നിരിക്കണം? അത് മുള്ളുകൾക്കിടയിൽ വന്നുപെട്ടത്‌ എങ്ങനെ തന്നെയും ആയിരിക്കട്ടെ. അസഹനീയമായ നൊമ്പരങ്ങൾ, നിസ്സഹായാവസ്ഥ, മരണഭയം ആരുമില്ലെന്ന വേദന എന്നിവയൊക്കെ അതിനുണ്ടായിരുന്നിരിക്കാം. കുഞ്ഞാട് ഒറ്റയ്ക്ക് നടന്നു വഴിതെറ്റി അകന്നു പോയി എന്ന് നമ്മൾ പറയാറുണ്ട്. യേശുവിന്റെ കൂടിച്ചേർന്ന പാപികൾ എന്ന് വിളിക്കപ്പെട്ടിരുന്നവർ എല്ലാവരുമൊന്നും കൊടും പാപം ചെയ്തു നടന്നിരുന്നവരല്ല. പാവങ്ങളെയും രോഗികളെയും ഹതഭാഗ്യരെയും മൊത്തത്തിൽ പാപികൾ എന്ന് വിളിച്ചു മാറ്റി നിർത്തിയ ഒരു സമൂഹമായിരുന്നു അത്. യഥാർത്ഥത്തിൽ പാപത്തെ ദൈവമാക്കി പൂജിച്ചവർ ഈ പാവങ്ങളെ പാപികൾ എന്ന് മുദ്രകുത്തിയവരാണ്. ആരുമില്ലാതായിപ്പോയവർ അകന്നു പോയവരല്ല, അശുദ്ധി കല്പിച്ചു മാറ്റിനിർത്തപ്പെട്ടവരാണ്. നീതിമാന്മാരെന്നു സ്വയം വിളിക്കുകയും മറ്റുള്ളവരെ പാപികളെന്നു വിളിച്ചു മാറ്റി നിർത്തുകയും ചെയ്തവരോട്, ദൈവത്തിന്റെ സമീപനമെന്താണെന്ന് പറഞ്ഞു വയ്ക്കുകയാണ് കുഞ്ഞാടിന്റെയും, നാണയത്തിന്റെയും ധൂർത്തപുത്രന്റെയും ഉപമകളിലൂടെ.


ആരുമില്ലാതെയും, അപമാനിതരായും പേടിച്ചും നമ്മളും പ്രത്യാശ തന്നെയും നഷ്ടപ്പെടുത്തിയിട്ടുണ്ടാകാം. എന്നിരുന്നാലും ധൈര്യം തിരികെപ്പിടിച്ചുകൊണ്ട് ഒരിക്കൽ കൂടി കരുത്താർജ്ജിച്ചു മുന്നോട്ടു നടക്കാൻ നമ്മെ പ്രേരിപ്പിച്ച ഒരു സാന്നിധ്യം അരികെയുള്ളതായി ചിലപ്പോൾ നമുക്ക് തോന്നിയിട്ടുണ്ടാകാം. ഉള്ളിൽത്തന്നെ മൃദുവായി കേട്ട ഒരു ശബ്ദവും ആകാം അത്. അത്തരം ഒരു സാന്ത്വനശബ്ദം, കണ്ടെത്തപ്പെട്ടു, സ്വീകരിക്കപ്പെട്ടു എന്ന ഒരു അനുഭവം ജീവിതത്തെ ഒരിക്കൽ കൂടി നിർമ്മിക്കുവാൻ ആവശ്യമാണ്. സ്വന്തം ജീവിതത്തെത്തന്നെ കരുണയോടും ക്ഷമയോടും കൂടെ നോക്കാനും കഴിയുന്നത് വലിയ കൃപയാണ്. തികച്ചും നഷ്ടപ്പെട്ടിരിക്കുന്നു എന്ന അവസ്ഥയിൽ പോലും, അകപ്പെട്ടിരിക്കുന്ന അന്ധകാരത്തിന്റെ ഭാരത്തിനടിയിൽ ഞെരുക്കപ്പെടുമ്പോൾ ഹൃദയം ഒരു പ്രകാശനാളത്തിനുവേണ്ടി കേഴുന്നുണ്ടെങ്കിൽ നമ്മൾ എന്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു അതിലേക്കു ഉയർന്നു വരുവാൻ നമുക്ക് കഴിഞ്ഞേക്കും. അപ്പോൾ, സാന്ത്വനിപ്പിക്കപ്പെട്ട മുറിവുകൾ നമ്മിലെ വിശേഷതകളിലെ ലാവണ്യമാകും.

മനുഷ്യൻ എന്നത് പോലെതന്നെ സകല ശരീരധാരികളും (Every flesh) – മണ്ണും സസ്യങ്ങളും പൂക്കളും ജലജീവികളും പക്ഷികളും മൃഗങ്ങളും അവരവരുടേതായ ലക്‌ഷ്യം പ്രാപിച്ചുകൊണ്ടു ദൈവമഹത്വം പ്രഘോഷിക്കുന്നു, സ്വയം സായൂജ്യമണയുന്നു. ദൈവികമായ ഒരു ചൈതന്യം, ഒരു തിളക്കം അവയിലെല്ലാമുണ്ട്. നമുക്ക് വേണ്ടിമാത്രമായി അത്ഭുതദ്വീപുകൾ സൃഷ്ടിക്കുവാനുള്ള അതിമോഹങ്ങളിൽ നമ്മൾ നമ്മെത്തന്നേയും നമ്മുടെ സുഹൃത്-സൃഷ്ടികളെയും വികലമാക്കി. നഷ്ടപ്പെട്ട സൃഷ്‌ടിയുടെ വേദന നമ്മുടെ ബോധതലത്തിൽ കരച്ചിലായുയരണം. സാമൂഹികമായ നീതിക്കു വേണ്ടിയും പാരിസ്ഥിതികമായ പരിവർത്തനത്തിനുവേണ്ടിയും ഉയർന്നു നില്കുവാനുള്ള കരുതിനായി ദൈവത്തിന്റെ സാന്ത്വനസ്പര്ശവും രക്ഷയുടെ അനുഭവവും സ്വന്തമാക്കണം. നശിപ്പിക്കപ്പെട്ട മഹത്വം വീണ്ടും നമുക്ക് കണ്ടെത്താം. മറ്റു ജനതകളോടും സകല ജീവജാലങ്ങളോടും ഒത്തുചേർന്ന് അവയിലൊന്നായി നമ്മെത്തന്നെ കണ്ടെത്തുമ്പോഴേ അത് ദൈവിക ഭവനത്തിലെ ആഘോഷമാകൂ. ഹൃദയത്തിന്റെ ആനന്ദത്തോടെ നമുക്ക് പറയാനാകും ദൈവം നമുക്കിടയിൽ വസിക്കുന്നു.

ഡിസംബർ 08, 2021

സൗഖ്യത്തിന്റെ തലമുറ

കൃപ നിറഞ്ഞവളായി മറിയം രൂപപ്പെട്ടത് എത്രയോ തലമുറകൾ ദൈവകൃപക്കു മുമ്പിൽ തങ്ങളെത്തന്നെ വിനീതരായി തുറന്നു വയ്ക്കുകയും ദൈവകൃപ അവരിൽ സമൃദ്ധമായി പ്രവർത്തനനിരതമായതിന്റെയും ഫലമായാണ്. അല്പാല്പമായെങ്കിലും പാപത്തിന്റെ വേദനകൾ പരസ്പരം സൗഖ്യപ്പെടുത്തിയ തലമുറകൾ! പാപം മൂലമുള്ള ക്ഷതങ്ങളുടെ കണ്ണികൾ മറിയത്തിലെത്താതെ അഴിയപ്പെട്ടു. 

മറിയത്തിന്റെ കൃപാപൂർണതയെക്കുറിച്ച് ധ്യാനിക്കുന്ന നമ്മൾ ആത്മാർത്ഥമായ അനുരഞ്ജനവും സൗഖ്യവും നൽകുകയും ജനതകൾക്കിടയിലും വിവിധ ജീവജാലങ്ങൾക്കിടയിലും സമാധാനം സ്ഥാപിക്കുവാനും പ്രയത്നിച്ചുകൊണ്ട് സൗഖ്യത്തിന്റെ തലമുറയാകുന്നെങ്കിലേ, അടുത്ത തലമുറകൾ അനുഗ്രഹങ്ങളുടെ നിറവുള്ള തലമുറകളാകൂ. 

ഡിസംബർ 02, 2021

വിഗ്രഹങ്ങൾ

അർത്ഥമില്ലാത്ത വായ്ത്താരികളിൽ സ്തുതിക്കപ്പെടുന്ന ദൈവാരാധനകൾ ഒന്നാം പ്രമാണലംഘനങ്ങൾ തന്നെ. എത്ര നല്ല ദൈവശാസ്ത്രഭാഷയിൽ അലങ്കരിക്കപ്പെട്ടാലും അതിനു വേണ്ടി നിർമ്മിക്കപ്പെടുന്ന മസിൽ ദൈവങ്ങളും വ്യാജക്രിസ്തുമാരും വിഗ്രഹങ്ങൾ തന്നെ. 

അനുരഞ്ജനത്തിനോ സമാധാനത്തിനോ ആയുള്ള ആഗ്രഹമോ പ്രയത്നമോ ഇല്ലാതെ നടത്തുന്ന പ്രാർത്ഥനാമഹങ്ങളും ഉപവാസങ്ങളും ദൈവത്തെ പരിഹസിക്കലുമാണ്. അതായിരുന്നു നമ്മൾ നാളുകളായി പരിശീലിച്ചത്. ഹൃദയത്തിന്റെ യഥാർത്ഥ പരിവർത്തനമില്ലാതെ, മന്ത്രം ചൊല്ലിയും കാഴ്ചയർപ്പിച്ചും ദൈവത്തോട് കണക്കു പറയുമ്പോൾ ദൈവം ജാലവിദ്യ കാണിക്കുമെന്ന് കരുതുന്ന വിശ്വാസം കുറേക്കാലമായി നമ്മെ നയിക്കുന്നു. വിശ്വാസത്തിൽ നിന്നാണല്ലോ ആരാധന രൂപമെടുക്കുന്നത്.