സത്യം ആഗ്രഹിക്കാതെയും, നീതിയെ സ്നേഹിക്കുകയും നീതി ഉറപ്പു വരുത്താൻ ശ്രമിക്കുകയും ചെയ്യാതെയും ദൈവഭയത്തെക്കുറിച്ചു സംസാരിക്കാനാവില്ല. അതുകൊണ്ടു തന്നെ സത്യം, നീതി, സമാധാനം എന്നിവ ജീവനിലേക്കു നയിക്കുന്നതാവണം എന്ന അടിസ്ഥാനപ്രമാണം പ്രധാനമാണ്. അല്ലെങ്കിൽ സത്യം ആപേക്ഷികമാകാം, നീതി മറുതലിപ്പാകാം, സമാധാനം കുറച്ചു കാലത്തേക്കുള്ള സമരസപ്പെടലാകാം. സത്യത്തെ ആധാരമാക്കാത്ത, സമൂഹനന്മ ആഗ്രഹിക്കാത്ത 'ദൈവഭയം' പൊള്ളയായ ആത്മപ്രശംസ മാത്രമാണ്. ദൈവഭയം ആകാശത്തേക്ക് നോക്കിയുള്ള നടുക്കമല്ല. തന്നിലും ചുറ്റുമുള്ള സത്യം എപ്രകാരം സ്നേഹത്തെ പരിപോഷിപ്പിക്കുകയും വിധേയത്വങ്ങളെ നിഹനിക്കുകയും ചെയ്യുന്നു എന്ന തിരിച്ചറിവാണ്.
ഭയത്തിൽ വേരുറപ്പിച്ചുകൊണ്ട് ഒരു ആത്മീയചൈതന്യം രൂപപ്പെടില്ല. അപകടഭീതിയോ അരക്ഷിതാവസ്ഥയോ ഉൾക്കൊള്ളുന്ന വിറപ്പിക്കുന്ന ഭാവത്തെയല്ല ദൈവഭയത്തിൽ കാണേണ്ടത്. മതാധികാരികളുടെ മുമ്പിലുള്ള വിറയലും ദൈവഭയമല്ല. അത്ഭുതാവഹമോ ആശ്ചര്യഭരിതമോ ആയ ഒരു അനുഭവത്തിൽ, അവർണ്ണനീയമായ വിസ്മയാവസ്ഥയാണ് ദൈവഭയം. സ്നേഹം കൊണ്ട് അടുക്കാൻ ശ്രമിക്കുമ്പോഴും ഗ്രാഹ്യതയിൽനിന്നും അകലെയാണെന്ന വിങ്ങലും അതിന്റെ ഭാഗമാണ്. അതുകൊണ്ടു ദൈവഭയം ഭക്തി ജനിപ്പിക്കുന്നു. അകൽച്ച/ വിരഹം, ദൈവഭക്തിയിലും ദൈവഭയത്തിലും ഉൾക്കൊണ്ടിട്ടുണ്ട്. ഭയം അകറ്റുമ്പോൾ, സ്നേഹം കൂടുതൽ ആഴത്തിൽ ആഗ്രഹിക്കുവാൻ, ഒന്നായിത്തീരാൻ പ്രേരിപ്പിക്കുന്നു. ഇടയന്റെ അടുത്ത് ഓടിയെത്തുവാൻ, സ്വരം കേൾക്കാൻ പ്രേരിപ്പിക്കുന്ന സ്നേഹത്തിലാണ് ദൈവഭയം. ആ സ്നേഹത്തിലാണ് പരിശുദ്ധി തിരിച്ചറിയുന്നത്. ഭയത്തിലെ വേർതിരിവുകളിൽ രൂപപ്പെടുത്തപ്പെടുന്ന പരിശുദ്ധി പ്രകടനപരത നിറഞ്ഞതും, സമൂഹത്തിൽ ക്രൂരമായ വിധി നടപ്പിലാക്കുന്നതുമാണ്. അവിടെ 'ഞങ്ങൾ' മാത്രമാണ് പരിശുദ്ധർ, 'ഞാൻ' മാത്രമാണ് 'പരിശുദ്ധനായവൻ.'
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ