ആ ദൈവം ഈ ദൈവം, അവരുടെ ദൈവം ഇവരുടെ ദൈവം എന്ന് വേർതിരിക്കുമ്പോൾ, 'സർവശക്തനും പിതാവുമായ ഏകദൈവം' എന്നതിൽ നിന്നുള്ള ഒരു അകൽച്ച അതിലുണ്ട്. ഏകദൈവവിശ്വാസമാണ് നമ്മുടേത് എന്ന് പറയുമ്പോഴും henotheism എന്ന മറ്റൊരു വിശ്വാസധാരയിലേക്കു അറിയാതെയാണെങ്കിലും വീണുപോകുന്നുണ്ട്. ഭൂമിയെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ചത് ദൈവമാണെന്നും നിങ്ങൾക്ക് മുമ്പിൽ വിളമ്പുന്നതെന്തും ഭക്ഷിക്കാമെന്നുമാണ് പൊതുവായ സമീപനം.
അസഹിഷ്ണുവാകുന്ന രാജാധികാരം ജനങ്ങളിൽ നിന്ന് ആവശ്യപ്പെടുന്ന ഏകദൈവത്വമുണ്ട്. അത് മറ്റേതു സംസ്കാരത്തെയും, സമ്പ്രദായങ്ങളെയും, അവയിലുള്ള ദൈവസങ്കല്പങ്ങളെയും demonize ചെയ്യുക സാധാരണമാണ്. ഈ പ്രവണതയെ ആവർത്തിക്കുന്ന സമീപനങ്ങൾ elitism ആഗ്രഹിക്കുന്ന ചിലർ ഇന്നും സ്വീകരിക്കുന്നുണ്ട്. നിലവിലെ സാഹചര്യം, ഇവയിൽ നിന്ന് വ്യത്യസ്തമായി കാണാനാണ് ഞാൻ താൽപര്യപ്പെടുന്നത്. നിലവിൽ 'അന്യ ദൈവങ്ങൾ' എന്നി വിളിക്കപ്പെടുന്നവ ദൈവങ്ങളായോ 'നമ്മുടെ' ദൈവം ശപിച്ച demons ആയോ കാണപ്പെടുന്നു എന്നതാണ് പ്രശ്നം. ഖുംറാൻ സമൂഹങ്ങൾ പിന്തുടർന്ന വിശ്വാസങ്ങൾക്കനുസരിച്ച് അവരുടെ 'ആത്മീയലോകം' വിവിധ spirits ന്റെ ലോകം കൂടി ആയിരുന്നു. വിഗ്രഹങ്ങളോടു അവർ ചേർത്ത് വെച്ച demons / Beliyaar ഉം അവിടെ സ്വാധീനിച്ചിട്ടുണ്ടാകാം.
നീതിയോ അശുദ്ധിയോ മനസിലാക്കേണ്ടത് 'പങ്കുചേരൽ' എന്നതിനെക്കുറിച്ചാണ്. പാവപ്പെട്ടവർ വിശന്നിരിക്കുകയും സമ്പന്നർ സുഭിക്ഷമായി ഭക്ഷിച്ചതിനു ശേഷം കർത്താവിന്റെ ഭക്ഷണമേശയിൽ കൈകടത്തുകയും ചെയ്യുന്നതിനെ 'വിവേചനമില്ലാതെ, അയോഗ്യമായ' പങ്കുചേരൽ എന്നാണ് കണക്കാക്കിയത്. ഹൃദയൈക്യമില്ലാതെ ഭക്ഷണമേശയിൽ പങ്കുചേരുന്നതും മരണം ഏറ്റെടുക്കുന്നതായി കാണപ്പെടുന്നു. കാരണം, ഹൃദയത്തിൽ ഐക്യമില്ലാതെ ഏകശരീരമായ അപ്പത്തിന്റെ ഭോജനം ആത്മാർത്ഥതയില്ലാത്തതാണ്. ഈ അപ്പത്തിൽ പങ്കു ചേരുന്നവർ, അഭിവൃദ്ധിക്കും പരീക്ഷ ജയിക്കാനും പലയിടങ്ങളിൽ ഓടി നടക്കുന്നതും പങ്കുചേരലിലെ കുറവ് കാണിക്കുന്നു. ക്രിസ്തുവിന് അവരെ സ്വീകരിക്കാൻ കഴിയാത്തതു കൊണ്ടല്ല, അവരുടെ വ്യഗ്രചിത്തത തന്നെ കൃപയിൽ നിന്ന് അവരെ അകറ്റി നിർത്തുന്നതുകൊണ്ടാണ്. വിഗ്രഹത്തിനു മുമ്പിൽ കത്തിയെരിയുന്ന ബലിമൃഗത്തിൽനിന്നുള്ള പുക ദൈവത്തെ പ്രീതിപ്പെടുത്തുമെന്നും ആ ബലിവസ്തുവിൽ പങ്കുചേരുന്നത് ദൈവവുമായുള്ള ഐക്യമാണെന്നും കരുതപ്പെട്ടിരുന്നു. ആ പങ്കുചേരൽ വിശ്വാസത്തിന്റെ കുറവ് കാണിക്കുന്നത് കൊണ്ടും, അത്തരം ഭക്ഷണം അസാന്മാര്ഗികമായ പ്രവൃത്തികൾക്കൂടി ഉൾപ്പെട്ടിട്ടുള്ളതുകൊണ്ടും അവ നിരുത്സാഹപ്പെടുത്തപ്പെട്ടു. വെളിപാടിന്റെ ആദ്യ അധ്യായങ്ങളിലും, അനുവദനീയം എന്ന പേരിൽ ഭോജനത്തോടൊപ്പം കയറിക്കൂടിയ ചില അസാന്മാര്ഗികതകളെ തിരുത്തുന്നുണ്ട്.
കോറിന്തിലെ സാഹചര്യവും നമ്മുടെ സാഹചര്യവും, നമ്മൾ എന്ത് ചെയ്യുന്നെന്നും വസ്തുനിഷ്ഠമായി ആലോചിച്ചു വേർതിരിച്ചറിയാവുന്നതേയുള്ളു. ഉത്സവാഘോഷ അവസരങ്ങളിൽ വിതരണം ചെയ്യപ്പെടുന്ന പായസവും ലഡുവും കേക്കും പത്തിരിയും സാമൂഹികസൗഹൃദത്തിന്റെ അടയാളമായി കാണാനും സ്വീകരിക്കാനും കഴിയാത്തത് ക്രിസ്തുവിനോടുള്ള സ്നേഹം കൊണ്ടല്ല, ക്രിസ്തുവിനെ മനസ്സിലാക്കാനോ, ക്രിസ്തു ഒരു സമൂഹത്തിൽ നമ്മിൽ നിന്ന് എന്ത് ആഗ്രഹിക്കുന്നെന്നോ മനസിലാക്കാൻ കഴിയാത്തതു കൊണ്ടാണ്. ബലഹീനനായ ഒരുവന്റെ മനഃസാക്ഷിയെ അസ്വസ്ഥപ്പെടുത്താൻ സാധ്യതയുള്ള ഒരു കാര്യമായാണ് ചന്തയിൽ വിൽക്കപ്പെടുന്ന ഭക്ഷണത്തെക്കുറിച്ചു എഴുതിയിരിക്കുന്നത്. ചന്തയിൽ വിൽക്കപ്പെടുന്ന എന്തും വാങ്ങി ഭക്ഷിച്ചുകൊള്ളുവിൻ എന്നാണു പൊതുവായി നൽകപ്പെട്ട നിർദ്ദേശം. മതനിഷ്ഠയുള്ള ഒരു സമൂഹത്തിൽ, കച്ചവടത്തെ മുൻനിർത്തിയാണ് വിൽക്കപ്പെടുന്നവ അർച്ചനചെയ്യപ്പെടുന്നത്. അത് സംശയം കൂടാതെ ഭക്ഷിക്കാവുന്നതാണ്. സംശയമല്ല, കൃതജ്ഞതയാണ് ഭക്ഷണമേശയിൽ നമുക്കാവശ്യം.
ഭക്ഷണത്തെ സാമൂഹികവും സാംസ്കാരികവുമായ taboo വച്ച് അശുദ്ധമോ ശുദ്ധമോ ആക്കുമ്പോൾ, അസ്വസ്ഥപ്പെടുന്ന ബലഹീന മനഃസാക്ഷിയുള്ളവർ അനേകമാണ്. ആ അസ്വസ്ഥതയിൽ നിന്ന് ലാഭമുണ്ടാക്കുന്നവരാണ് ക്രിസ്തുവിന്റെ ഭക്ഷണമേശയുമായി യാതൊരു ബന്ധവുമില്ലാത്തവർ. അതുകൊണ്ടുതന്നെയാണ് തളർന്ന മനഃസാക്ഷിയെ ബലപ്പെടുത്തേണ്ടതിന് ഉത്തരവാദപ്പെട്ടവർ സമയോചിതമായ വ്യക്തത നൽകേണ്ടത്. ക്രിസ്തുവിലുള്ള പങ്കുചേരൽ അസഹിഷ്ണുതയിൽനിന്നോ, അവിവേകപൂർണ്ണമായ തീക്ഷ്ണതയിൽനിന്നോ അല്ല, അത് ക്രിസ്തുവിൽ നമ്മൾ ഓരോരുത്തരും അനുഭവിക്കുന്ന അനുരഞ്ജനത്തിലും സമാധാനത്തിലുമാണ്. നമ്മുടെ സുരക്ഷയും വളർച്ചയും ശത്രു നിഗ്രഹിക്കപ്പെടുമ്പോഴല്ല, ശത്രുവെന്നു കരുതപ്പെടുന്നവർക്കും നന്മ ആഗ്രഹിച്ചും ക്രിസ്തുവിന്റെ കൃപയിൽ അനുരഞ്ജനപ്പെട്ടുമാണ്. ആ പങ്കുചേരലിലേ ക്രിസ്തുവിന്റെ ഭക്ഷണമേശയിലെ നീതിയും സമാധാനവുമുണ്ടാകൂ.