Gentle Dew Drop

ഓഗസ്റ്റ് 16, 2022

വീണ്ടുമൊരു സിനഡിലാണ്

സീറോ മലബാർ സഭ വീണ്ടുമൊരു സിനഡിലാണ്. കേൾവിക്കും, അനുരഞ്ജനത്തിനും സമാധാനത്തിനും പുതിയൊരു പാത തുറക്കട്ടെ എന്നാണ് ഏതൊരു വിശ്വാസിയും ആഗ്രഹിക്കുന്നത്. നിലനിൽക്കുന്ന പ്രതിസന്ധികൾ സങ്കീര്ണമാണെങ്കിലും അവ തർക്കങ്ങളാവാതെ പരിഹരിക്കപ്പെടാൻ കഴിയണം. മാത്രമല്ല, പരസ്പരം വഴക്കടിച്ചതിനിടയിൽ രൂപപ്പെട്ട പലവിധം ആശയക്കുഴപ്പങ്ങൾ വ്യക്തത തേടുന്നവയാണ്. ആത്മാർത്ഥമായ അജപാലന ശ്രദ്ധ നല്കപ്പെടേണ്ടവയാണ് അവ. കലഹങ്ങൾക്കിടയിൽ വേദനയുമായി നടക്കുന്നത് 'പാവം വിശ്വാസികളാണ്.' ക്രിസ്തു ശരീരത്തിൽ നിന്ന് പരിപോഷിതരായി സാക്ഷ്യമാകാൻ നേതൃത്വം നൽകേണ്ടവർ കൂട്ടായ്മക്കും അനുരഞ്ജനത്തിനും കാരണമാകുന്നില്ലെങ്കിൽ ക്രിസ്തുശരീരത്തിന്റെ ജീവനൂറ്റിക്കുടിക്കുന്ന പരാദങ്ങളാവുകയാണ്.

ലോക്ക് ഡൗണിനു ശേഷവും കുർബാനയും ആരാധനയും ചാനലുകളിൽ ലഭ്യമാണ്. പ്രാർത്ഥനക്കുള്ള സഹായം എന്നതിലുപരി ചില ഡിജിറ്റൽ ശുശ്രൂഷകൾക്കും  ആരാധനകൾക്കും കൂദാശാതുല്യത നല്കപ്പെടുന്നതും, 'അഭിഷേകവും സൗഖ്യവും നിറഞ്ഞ' ആരാധന, അനുഗ്രഹങ്ങളുടെ കുർബാന തുടങ്ങിയവ ഞങ്ങളുടെ ചാനലിൽ മാത്രം ലഭ്യമാക്കുന്ന തരം  അവതരണങ്ങൾ God on the screen  എന്ന തലത്തിലേക്ക് കൊണ്ടുചെന്നിട്ടുണ്ട്. അരിയും  വെള്ളവും മൊബൈൽ നു മുമ്പിൽ വെച്ച് പ്രാർത്ഥിച്ചെടുക്കുന്ന ഭക്തരെ കണ്ടുമുട്ടിയതുകൊണ്ടാണ്. ഘട്ടം ഘട്ടമായി മൊബൈലിൽ ആരാധന നടത്തി ഒരു മണിക്കൂർ ആരാധന നടത്തേണ്ട ഭക്താനുഷ്ഠാനങ്ങൾ വേറെയും ഉണ്ട്. 

'സിനഡിനെ അനുസരിക്കാത്തവർ' നൽകിയ ശുശ്രൂഷകൾക്ക് സാധുതയുണ്ടോ എന്ന ഒരു സംശയം അജപാലനപരം മാത്രമല്ല, ദൈവശാസ്ത്രപരം കൂടിയാണ്. മാമോദീസ, കുമ്പസാരം, കുർബാനയിൽ നൽകപ്പെട്ട നിയോഗങ്ങൾ എന്നിവ സാധുതയുള്ളതാണോ? കുർബാനയെക്കുറിച്ചു പറഞ്ഞുവെച്ച നിയമവിരുദ്ധത സാധുതയിലേക്കു കടത്തി നൽകിയ വിശദീകരണങ്ങൾക്കു തിരുത്തൽ നൽകേണ്ടതുണ്ട്. കുർബാനയെക്കുറിച്ചു മാത്രമല്ല മറ്റു കൂദാശകളെക്കുറിച്ചു കൂടി 'അസാധുവാക്കുന്ന' ദൈവശാസ്ത്രങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. 

വിമതരെന്നോ സഭാവിരുദ്ധരെന്നോ പേര് നല്കപ്പെട്ടിരിക്കുന്നവർ ഉയർത്തിക്കാണിക്കുന്ന സത്യങ്ങളെ കാണാൻ  ശ്രമിക്കുകയും, സത്യത്തെ അധികാരത്തിന്റെ കൈപ്പിടിയിൽ മാത്രം കാണുന്ന സംവിധാനത്തിൽ നിന്ന് പുറത്തു വരികയും ചെയ്തെങ്കിലേ സുതാര്യതയും ആധികാരികതയും തിരികെ നേടാനാകൂ. 

കൂടെക്കൂടെ ഉന്നയിച്ചു പോന്ന, ലവ് ജിഹാദ്, മയക്കുമരുന്ന് തുടങ്ങിയ പ്രശ്നങ്ങൾ സാമൂഹികമായ തിന്മകളായാണ് കണക്കാക്കപ്പെട്ടിരുന്നതെങ്കിൽ, പ്രശ്നത്തെക്കുറിച്ചു തന്നെ കൂടുതൽ വ്യക്തത വരുത്തുകയും, വിവിധ തലങ്ങളിൽ കൗൺസിലിംഗ് അടക്കം ലഭ്യമാക്കാനുള്ള നടപടികൾ ഉണ്ടാവുകയും വേണം. നന്മയെ ലക്ഷ്യമാക്കുന്നതിനു പകരം, ഇത്തരം കാര്യങ്ങളെ സാമൂഹികമായ വിഭാഗീയത സൃഷ്ടിക്കും വിധമാക്കിത്തീർത്തതുകൊണ്ടു ഫലമുണ്ടാകുന്നില്ല. ലഭ്യമാക്കുന്ന കൗൺസിലിംഗുകളും, വിദ്വേഷവും വെറുപ്പും സംശയവും രൂപപ്പെടുത്തുന്നതിനാണെങ്കിൽ സമൂഹത്തെ നശിപ്പിക്കുകയാണല്ലോ അതുവഴി ചെയ്യുന്നത്. സാമൂഹികവും സാമ്പത്തികവും വൈകാരികവുമായ സംഘർഷങ്ങളെ പഠിക്കാനും അവയെ വേണ്ടവിധം പരിഗണിക്കാനുമുള്ള ആർജ്ജവം ആളുകൾക്കുണ്ടായെങ്കിലേ ആഗ്രഹിക്കുന്ന ഗുണമുണ്ടാകൂ. 

പാവങ്ങളുടെയും, മുക്കുവരുടെയും കർഷകരുടെയും നന്മക്കായി സഭ എടുക്കുന്ന നിലപാടുകളിൽ കാണിക്കുന്ന ഐക്യദാർഢ്യം പ്രവാചകമൂല്യം ഉൾക്കൊള്ളുന്നതായതു കൊണ്ടും, 'സഭയുടെ കർഷകർ' എന്ന പോലെ  ഇത്തരം  ആവശ്യങ്ങളെ കാണാൻ കഴിയാത്തതു കൊണ്ടും സമൂഹത്തിന്റെ പൊതുവായ സഹവർത്തിത്തം ഇത്തരം നിലപാടുകളിൽ പ്രധാനമാണ്. പകരം, ഏതെങ്കിലും രാഷ്ട്രീയ കക്ഷിയെ കൂട്ടുപിടിക്കുകയും ഒരു വിഭാഗത്തെ മറുഭാഗത്താക്കുകയും ചെയ്തു കൊണ്ട് ആഗ്രഹിക്കുന്ന പിന്തുണ പൊതുവായ ഫലപ്രാപ്തിക്കായി ലഭിച്ചെന്നു വരില്ല. മാത്രവുമല്ല നിർണ്ണായകമായ ചില മുന്നേറ്റങ്ങളുടെ സമയത്ത് പാലിക്കുന്ന നിസ്സംഗത, സഭയെ ഒറ്റപ്പെടുത്തുകയെയുള്ളൂ. 'നമുക്ക് നമ്മുടേതായ പ്രതിഷേധം,' 'ഞങ്ങളുടെ പ്രതിഷേധം' പരിഗണിച്ചു പരിഹരിക്കപ്പെടേണ്ടതായ കർഷക പ്രശ്നങ്ങൾ എന്ന പോലുള്ള   സമീപനങ്ങൾ ബാലിശവും സ്വാർത്ഥവും ഫലരഹിതവുമാണ്. ഏതെങ്കിലും പ്രതിഷേധങ്ങളിൽ യോജിക്കാനാവാത്തവയുണ്ടെങ്കിൽ അത് തുറന്നു പറയാനും സഭക്ക് കഴിയുമല്ലോ. 

സാമൂഹിക തിന്മകളെ നേരിടുന്നതുപോലെതന്നെ വിശ്വാസത്തിലെ ആശയവൈരുധ്യങ്ങളെ കാണേണ്ടതും ആവശ്യമായിത്തീർന്നിട്ടുണ്ട്. കോവിഡ് സമയം, യോജിക്കാവുന്നതും അല്ലാത്തതുമായ വളരെയധികം ആശയങ്ങളും ചർച്ചകളും തർക്കങ്ങളും ആളുകൾക്കിടയിലുണ്ടാക്കി. കൂടെ, സഭയുടെ ഭരണസംവിധാനത്തിൽ നിന്ന് വന്ന ഭിന്നതകൾ ആളുകളെ അകറ്റുകയോ ചേരിതിരിക്കുകയോ ചെയ്തു. പുതിയ ഭക്തികളും ആത്മീയതയും അരങ്ങേറി. 'പാരമ്പര്യങ്ങൾ' കണ്ടെത്തപ്പെട്ടു. അവയെ കാണുവാനും അവയുടെ സ്വാധീനം മനസിലാക്കുവാനും സഭക്ക് കഴിഞ്ഞിട്ടുണ്ടോ? "നാം പറയുന്നതേ അവർ വിശ്വസിക്കൂ" എന്ന് തുടർന്നും കരുതുന്നതിലും വലിയ വിഡ്ഢിത്തം ഉണ്ടാവില്ല. അവരുടെ സ്വതന്ത്രമായ അന്വേഷണങ്ങൾക്ക് ക്രിയാത്മകമായ പ്രോത്സാഹനങ്ങൾ നൽകാൻ എങ്ങനെ സഭക്ക് കഴിയും? ശാസ്ത്ര സാംസ്കാരിക സാമൂഹിക യാഥാർത്ഥ്യങ്ങളെ വിശ്വാസത്തിന്റെ വെളിച്ചത്തിൽ വ്യാഖ്യാനിക്കുവാൻ വേണ്ട തിരിച്ചറിവുകൾക്കായി ആളുകളെ പ്രോത്സാഹിപ്പിക്കുവാനുള്ള വേദികൾ സഭയിൽ ലഭ്യമാണോ? ചോദ്യോത്തര ശൈലിയിലുള്ള വേദോപദേശവും മതബോധനവും മതപ്രതിരോധവും എന്നേ കാലഹരണപ്പെട്ടു കഴിഞ്ഞിരിക്കുന്നു.  സങ്കീർണ്ണമായ ചിന്തകളെയും സാമൂഹികവും സാംസ്‌കാരികവുമായി ആവിർഭവിക്കുന്ന പുതിയ ഘടനകളെയും വ്യക്തിയുടെ ജീവിതശൈലിയുടെ ബന്ധപ്പെടുത്തിയും വ്യക്തിയുടെ വിശ്വാസ രൂപീകരണത്തിന്റെ ഭാഗമായും കണ്ടുകൊണ്ട്  വ്യക്തിപരമായ സംഭാഷണങ്ങൾക്ക് കഴിയുന്ന എത്ര പേരെ വൈദികർക്കിടയിലും അല്മായ നേതൃത്വത്തിലും ഒരുക്കിയിട്ടുണ്ട്? 

വിശ്വാസികൾക്ക് (വൈദികരിലടക്കം) സഭയെ സംബന്ധിച്ച് രൂപപ്പെട്ടിയിട്ടുള്ള അകൽച്ചയെ സാമൂഹികമനഃശാസ്ത്ര സമീപനത്തോടെയും അജപാലനപരമായും മൂന്നുനാലു വർഷങ്ങൾ മുന്നിൽ കണ്ടു കൊണ്ട് സമീപിച്ച് അവരുടെ കൂടെ നടക്കാൻ കഴിയുന്ന വഴികൾ ആലോചിക്കേണ്ടതില്ലേ? (വരുന്ന മൂന്നു നാല് വർഷങ്ങൾ ഈ അകൽച്ച വളരെ തീവ്രമായ രീതിയിൽ പ്രകടമാകുമെന്ന് കരുതാവുന്നതാണ്). അധികാരത്തിന്റെ കഠിനതക്കും പിടിവാശിക്കും കീഴിൽ ഭാരം താങ്ങുന്ന, നിസ്സഹായത വഹിക്കുന്ന പുരോഹിതരെയും കരുതലോടെ നോക്കിക്കാണുവാൻ സിനഡിന് കഴിയണം.

നാലഞ്ചു വർഷങ്ങളായി വർഷത്തിൽ രണ്ടു വീതം നടത്തപ്പെട്ട സിനഡുകൾ നൽകിക്കൊണ്ടിരിക്കുന്ന witness value എന്താണ്? കെസിബിസി യുടെ നവീകരണ ദർശനത്തിന്റെയും, ആഗോളതലത്തിലെ സിനഡാത്മകതയുടെയും ചൈതന്യം എത്ര മാത്രം ഈ സിനഡിനുണ്ടാകും? അത്മായരോ സന്യസ്‌തരോ ആയവർക്ക് സിനഡിൽ പങ്കാളിത്തമുണ്ടാകുമോ? ക്രിസ്തു അവരിലൂടെ സംസാരിക്കുന്നത് കേൾക്കാൻ ഇനിയും വൈകരുത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ