Gentle Dew Drop

ഓഗസ്റ്റ് 10, 2022

ആരാധനയിൽ പിറക്കേണ്ട സ്വാതന്ത്ര്യം

പലർക്കും ദൈവം ഒരു ഭാരമാകുന്ന ചില സന്ദർഭങ്ങളുണ്ട്. ദൈവത്തോട് ആത്മാർഥത കാണിച്ചാൽ സ്വന്തം വക്രതകൾക്ക് ഇടമില്ല എന്ന് മനസിലാക്കുന്നിടത്താണ് അത്. 

ദൈവപുത്രനിൽ തെറ്റു കാണുവാനായി മാത്രമാണ് നിയമവിദഗ്ദ്ധരും ജനപ്രമാണികളും ശ്രമിച്ചത്. നിബന്ധനകളും ചട്ടങ്ങളും മാത്രമാണ് അവരുടെ പരിഗണനയിൽ ഉള്ളത്. അവർ കഠിനഹൃദയരായിരുന്നു എന്നതു മാത്രമല്ല, സാധാരണ ജനത്തെ അവർ അവരുടെ നിയമങ്ങൾ കൊണ്ട് അമർച്ച ചെയ്തു എന്നതു കൊണ്ടാണ് അത് യേശുവിൻ്റെ ഹൃദയത്തെ ഭാരപ്പെടുത്തിയത്. നിയമങ്ങളുടെയും സംവിധാനങ്ങളെയും പേരിൽ ദൈവത്തെത്തന്നെ ഉപേക്ഷിച്ച് കളഞ്ഞ ആവർ അധികാരവും സാമ്പത്തികക്രമവും നിലനിർത്തുവാനായി ദൈവത്തിൻ്റെ പേരു തന്നെ ഉപയോഗിച്ചു.

നിയമങ്ങളുടെയും പാരമ്പര്യങ്ങളുടെയും ആചാരങ്ങളുടെയും   ഭിത്തിക്കുള്ളിൽ തളച്ചിടപ്പെട്ടതാണ് ദൈവമെന്നു കരുതുന്ന ഏത് മതസംവിധാനവും പരാജയമാണ്. ഭരിക്കാൻ ആഗ്രഹിക്കുന്നവരുടെ ദ്രവിച്ച  ഹൃദയം ആണത്. ദൈവത്തിനു തന്നെ അസഹ്യമാണവ. കാരണം, അവയെ നിലനിർത്താനായി അനീതി പ്രോത്സാഹിപ്പിക്കപ്പെടും. 

ആടുമാടുകളുടെ കൊഴുപ്പ് തീയിലെരിയുന്നതിൻ്റെ സുഗന്ധം ആസ്വദിച്ചു സംപ്രീതനായി പാപം ക്ഷമിക്കുകയും അഭിവൃത്തി  ചൊരിയുകയും ചെയ്യുന്ന ദൈവം യേശുവിനു പരിചിതനല്ല. ദൈവപരിപാലന, ദൈവമക്കളെന്ന അനുഭവം, അതിലെ സ്വാതന്ത്ര്യം ഇവയൊക്കെയായിരുന്നു  യേശുവിൻ്റെ പ്രധാന സംസാരവിഷയം. അതുകൊണ്ട്, അന്ധർക്ക് കാഴ്ചയും ബധിരർക്കു കേൾവിയും മർദ്ധിതർക്കു മോചനവും അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും ദൈവത്തിനു സ്വീകാര്യമായ സമയവുമൊക്കെയായിരുന്നു അവന്റെ ആരാധനയിലും ജീവിത ക്രമത്തിലും സത്തയായുണ്ടായിരുന്നത്.

കൃതജ്ഞത, ദൈവപരിപാലനയിലുള്ള ആശ്രയം എന്നിവ ജനിപ്പിക്കുന്ന  സമാധാനമാണ്‌ പ്രാർത്ഥനയുടെയും ആരാധനയുടെ യഥാർത്ഥ വേദി. "എന്നെ അങ്ങ് കേട്ടതിനാൽ അങ്ങേക്ക് നന്ദി" എന്ന് പറഞ്ഞു പ്രാർത്ഥിക്കുന്ന ക്രിസ്തു പഠിപ്പിക്കുന്നത് അതാണ്. ഹൃദയം തുറക്കാത്ത  ദൈവത്തിനു മുമ്പിൽ നിലവിളിച്ചുണർത്തേണ്ടി വരുന്ന ഭക്തിരൂപങ്ങൾ യേശുവിൻ്റെ ദൈവബോധവുമായി  ബന്ധമില്ലാത്തതാണ്. പണമോ സ്വർണ്ണമോ നൽകിയാൽ മാത്രം അളന്നു നല്കപ്പെടുന്നതല്ല ദൈവാനുഗ്രഹം. കുരിശിലെ തന്റെ ബലിയിൽ, രക്തമർപ്പിച്ച് ദൈവത്തെ പ്രീതിപ്പെടുത്താമെന്നോ അതുവഴി പാപമോചനം സാധ്യമാക്കാമെന്നോ അല്ല, മറിച്ച് സ്വയംദാനമായി ജീവദായകമാവുകയാണ് ക്രിസ്തുവിൻ്റെ ബലി. അതായിരുന്നു സ്വീകാര്യമായ യഥാർത്ഥ ബലി. അത് അനുഷ്ഠാനമായിട്ടല്ല ജീവിതമൂല്യമായാണ് നൽകപ്പെട്ടത്. അനീതിക്കിരയായി വധിക്കപ്പെടുമ്പോഴും, സ്നേഹം മൂലം അതിനെ ജീവദായകമാക്കിയവനാണ് ക്രിസ്തു. നീതിക്കായുള്ള അത്തരം ദാഹവും, സ്നേഹവുമേ ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്കും അതിലുള്ള ആനന്ദത്തിലേയ്ക്കും നമ്മെ നയിക്കൂ.

അനേകർക്ക്‌ ജീവനായി സ്വജീവൻ പകർന്നു നൽകുകയാണ് ജീവിതബലി. അനുഷ്ഠാനങ്ങൾ നിയമങ്ങളും വ്യവസ്ഥകളും കൊണ്ട് നിറക്കുമ്പോൾ പോഷിപ്പിക്കപ്പെടുന്നത് ഒരു ദേവാലയക്രമം മാത്രമാണ്. സ്വയംദാനമായ മരണം, ഉയിർപ്പിന്റെ മഹത്വം, അവയെ ജീവിതസത്തയാക്കുന്ന ജീവിതം ഇവയെ ഒരുമിച്ചു നിർത്താനും അനുഭവമാക്കാനും കഴിയാത്ത ബലികൾ ഹൃദയമില്ലാത്തതാണ്. അവ ദൈവത്തെ ഭാരപ്പെടുത്തുന്നു. അൾത്താരയും ബലിയും ആധിപത്യത്തിന്റെ ക്രൂരമുഖമുള്ള ബിംബങ്ങളാകും. 

സമഗ്രത, നീതി, സത്യം, സമാധാനം തുടങ്ങിയവ സാമൂഹിക മൂല്യങ്ങൾ ആയി മാറ്റി നിർത്തപ്പെടരുത്. ആരാധനാക്രമങ്ങൾക്ക് ജീവനുള്ളതാണെങ്കിൽ അവ ആരാധനയുടെ പ്രധാന മനോഭാവങ്ങളാകും. സ്വയം ദാനമാകുന്നതും, ബന്ധപ്പെട്ടിരിക്കുന്ന ആളുകൾക്കായി  സ്വാതന്ത്ര്യത്തിന്റെ ഉപകരണമാകുന്നതും ബലിയെ ജീവനുള്ളതാക്കും. ദൈവപ്രീതിയും അനുഗ്രഹലപ്തിയും ക്രിസ്തുവിന്റെ ആരാധനയിലെ പ്രേരണയോ ലക്ഷ്യമോ അല്ല. ക്രിസ്തുവിൽ ഒന്നായി ജീവൻ അനുഭവിക്കുക എന്നതാണ് ആരാധനയുടെയും, നിയമങ്ങളുടെയും, ധാർമികതയുടെയും ഉദ്ദേശ്യം. അതിന് ശ്രമിക്കാത്ത ഏതൊരു ക്രമവും ക്രിസ്തുവിന്റേതല്ല. 

സത്യവും നീതിയും ഇല്ലാതാകുന്നെങ്കിൽ പ്രബോധനാധികാരത്തിന് ആധികാരികത നഷ്ടപ്പെടുകയാണ്. ജീവന്റെയും സ്വാതന്ത്ര്യത്തിന്റെയും ഈ അനുഭവം ബലിവേദികളിൽ നഷ്ടമാകുമ്പോൾ ദൈവജനം ദൈവം വസിക്കുന്ന തങ്ങളുടെ ഭവനങ്ങളിൽ സ്വയം കൂദാശയാകാൻ ആത്മാർത്ഥ പരിശ്രമം നടത്തും. അവരെ പതിവുശീലം പോലെ ദൈവവിരോധികളായി വിധിക്കാം, അൾത്താരക്ക് മുമ്പിൽ മുട്ടുകുത്തിച്ച് തങ്ങൾ ഉപദേശിക്കുന്നത് മാത്രം വിശ്വസിച്ച് ഐക്യം സൃഷ്ടിക്കാൻ ആവശ്യപ്പെടാം.  'സാധാരണക്കാർ' ബുദ്ധിശൂന്യരാണെന്നു കരുതുന്ന പൗരോഹിത്യ ആധിപത്യത്തിന് എന്നാൽ അവരുടെ ദാഹത്തെ ഇല്ലാതാക്കാനാവില്ല. പുരോഹിതനില്ലാതെ കൂദാശയില്ലെന്നും, കൂദാശയില്ലാതെ സഭയില്ലെന്നുമുള്ള പഴയ യുക്തി, ദൈവം സന്നിഹിതനായിരിക്കുന്നിടത്തെല്ലാം സഭയുണ്ടെന്നും, അത് അതിരുകളില്ലാത്ത വാതിലായ ക്രിസ്തുവിൽ ഒരുമിച്ചു ചേർക്കപ്പെട്ട സൃഷ്ടികളെല്ലാമാണെന്നും ബോധ്യപ്പെട്ടു വളരുന്ന പുതിയ തലമുറക്കു മുമ്പിൽ അർത്ഥശൂന്യമാണ്‌. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ