Gentle Dew Drop

ഓഗസ്റ്റ് 17, 2022

ദൈവം നമ്മോടു കൂടെ.

അത്ഭുതങ്ങൾ ദൈവസാന്നിധ്യത്തെ സൂചിപ്പിക്കുന്ന അടയാളങ്ങളാണ്. എന്നാൽ അത്ഭുതങ്ങൾ മാത്രമല്ല അടയാളങ്ങളാവേണ്ടത്. അത്ഭുതങ്ങളിലേക്കു ചുരുക്കപ്പെടുന്ന ദൈവസാന്നിധ്യം വിശ്വാസത്തിന്റെ വളർച്ചക്ക് തടസമാണ്. ക്രിസ്തീയതയിൽ, കരിസ്മാറ്റിക് മുന്നേറ്റങ്ങളിൽ പ്രകടമായ പരിശുദ്ധാത്മ സാന്നിധ്യവും അതിലെ ചില ഘടകങ്ങൾക്ക് സംഭവിച്ച രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവവ്യത്യാസവും യാഥാർത്ഥ്യമാണ്. ഇവയെ വേർതിരിച്ചു കാണേണ്ടത് വിശ്വാസത്തിന് ആവശ്യമാണ്. എല്ലാറ്റിനെയും ഒരേ തട്ടിലേക്ക് കൊണ്ട് വരുന്നത് അനാരോഗ്യകരമാണ്. ഉന്നതിയുടെ സുവിശേഷത്തിലെ സുവിശേഷവിരുദ്ധതയെ ഒട്ടനേകം പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ അടക്കം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നിട്ടും അതിനെ സ്വന്തമാക്കി വയ്ക്കുന്ന കത്തോലിക്കാ പ്രഘോഷകർ എങ്ങനെ സുവിശേഷപ്രഘോഷകരാകും?

ദൈവം ജീവന്റെ ഉറവിടമാണ്, അതു കൊണ്ട് തന്നെ സൗഖ്യ ദാതാവുമാണ്. ഈ സൗഖ്യത്തെ മനസിലാക്കേണ്ടത്, ക്രിസ്തുവിൽ ഒരു ശരീരമായ അംഗങ്ങൾ എന്ന നിലക്ക് കൂടിയാണ്. സഭയുടെ പ്രാർത്ഥന രോഗിയെ സുഖപ്പെടുത്തുന്നത് സഭ ആ രോഗിയുടെ സഹനത്തിൽ പങ്കു ചേരുകയും പ്രാർത്ഥിക്കുകയും ചെയ്തു കൊണ്ടാണ്. അത്ഭുത പൂർവ്വമായ സൗഖ്യങ്ങൾ സംഭവിച്ചേക്കാം. ഒരു ധ്യാന സമയത്തോ, വ്യക്തിപരമായ ദീർഘമായ കാലയളവിലെ പ്രാർത്ഥനാഫലമായോ സൗഖ്യം ലഭിച്ചേക്കാം. രോഗം എന്ന സഹനാവസ്ഥയിലൂടെ കടന്നു പോകാനുള്ള കൃപയും സൗഖ്യത്തിന്റെ അനുഗ്രഹമാണ്. ചിലർക്ക് സമാധാനമായി മരിക്കാനുള്ള അനുഗ്രഹവും സൗഖ്യത്തിന്റെ അനുഭവമാണ്. ഒരു സഭാസമൂഹത്തിന്റെ പങ്ക്, പ്രത്യേകിച്ച് അവസാനം പറഞ്ഞ രണ്ടു തലങ്ങളിൽ എത്രത്തോളം നൽകാൻ കഴിയേണ്ടതുണ്ട് എന്ന് ധ്യാനിക്കേണ്ടത് നമ്മുടെ സഭാദര്ശനത്തിന്റെ അനിവാര്യത കൂടിയാണ്. ദൈവസാന്നിധ്യം നിർബന്ധമായും 'അത്ഭുതങ്ങൾ' സൃഷ്ടിക്കണമെന്നോ, 'അത്ഭുതങ്ങൾ' അത്യന്താപേക്ഷിതമാണെന്നോ തരത്തിലുള്ള അവതരണങ്ങൾ ദൈവിക പുണ്യങ്ങളായ വിശ്വാസം പ്രത്യാശ സ്നേഹം എന്നിവക്ക് എതിരായി പ്രവർത്തിക്കും. കാരണം അത്തരം ഒരു മായിക ലോകത്ത് പ്രത്യാശ ആഗ്രഹ പ്രാപ്തിയാണ്. പ്രതീക്ഷിക്കപ്പെടുന്ന വിശ്വാസം അത്ഭുതങ്ങളിലാണ്. സ്നേഹത്തിനു അവിടെ ഇടം തീരെയില്ല.

ഒരാൾ ദൈവത്തിന്റെയും സൗഖ്യത്തിന്റെയും പേരിൽ, വിശ്വാസികളെയും അവരുടെ വിശ്വാസത്തെയും ചൂഷണം ചെയ്യുന്നെങ്കിൽ അത് അസ്വീകാര്യമാണ്. അതിനെ എതിർക്കുക തന്നെ വേണം. ഒന്നാമത് അത് നീതിയുടെ കാര്യമാണ്, രണ്ടാമത് അത്തരം പ്രവണതകൾ ക്രിസ്തുശരീരത്തിന് ക്ഷീണമേ ഉണ്ടാക്കൂ. രോഗശാന്തി ശുശ്രൂഷ, വിടുതൽ ശുശ്രൂഷ എന്നിവയെ എത്രയോ മനോരഞ്ജകമായ സങ്കൽപ്പങ്ങൾ നൽകി വിശ്വാസത്തിൽ നിന്നും വളരെയകലെയുള്ള പ്രബോധനങ്ങളിലേക്കു നയിച്ചിട്ടുണ്ട്. അവയൊക്കെ കത്തോലിക്കാ വിശ്വാസങ്ങളെന്നാണ് 'സാധാരണ വിശ്വാസി' വിശ്വസിക്കുന്നത്. പിശാചിന് അമിതമായ ജനശ്രദ്ധ നൽകിയത് ആരാണ്? പിശാചിന് നൽകപ്പെട്ട പ്രാധാന്യം, സാമൂഹിക തിന്മകളെക്കുറിച്ചോ ഘടനാപരമായി നിലവിലുള്ള ജീര്ണതകളെക്കുറിച്ചോ ധ്യാനിക്കുന്നതിൽ നല്കപ്പെട്ടുമില്ല. എന്നാൽ കുറ്റബോധം നിറക്കാൻ കഴിയുന്ന സന്മാർഗബോധം വളരെ നന്നായി ഉപയോഗിക്കപ്പെടുന്നുമുണ്ട്. ദൈവേഷ്ടം, ശിക്ഷ, ശാപം, പ്രലോഭനം, പ്രേരണ, എന്നിങ്ങനെയുള്ള നിരവധി പ്രയോഗങ്ങൾ വഴി ദൈവത്തിലേക്കോ പിശാചിലേക്കോ ആരോപിച്ചു, സ്വയം ഒഴിഞ്ഞു മാറുന്ന എത്രയോ മാനുഷിക ഉത്തരവാദിത്തങ്ങളുണ്ട്? അവ വേണ്ട വിധം തിരിച്ചറിയാനും പ്രവർത്തികമാക്കുവാനും വേണ്ട കൃപ ദൈവം നല്കുന്നതല്ലേ? അവിടെ അത്ഭുതം പ്രതീക്ഷിക്കാനാവില്ല. ആ സാക്ഷ്യം വെല്ലുവിളിയാണ്.

ഇത്തരം സാഹചര്യങ്ങളിൽ, വരദാനങ്ങളുടെ വൈവിധ്യങ്ങളെക്കുറിച്ചു കുറച്ചു കൂടെ ശ്രദ്ധ ആവശ്യമുള്ളതായി വരുന്നു. എല്ലാവരും സുവിശേഷം പ്രസംഗിക്കുവാൻ കടപ്പെട്ടിരിക്കുന്നു. അത് വാക്കുകളിലൂടെയുള്ളതാകാം, ജീവിതത്തിലൂടെയാകാം, ജോലിയിലെ ആത്മാർത്ഥതയിലൂടെയും വിശ്വസ്തതയിലൂടെയുമാകാം, നീതിയുടെ പ്രവൃത്തികളിലൂടെയാകാം. സുവിശേഷപ്രഘോഷണത്തിനായുള്ള കർത്തവ്യം ബൈബിൾ വിതരണം, തെരുവ് പ്രഘോഷണം, ധ്യാനകേന്ദ്രങ്ങളിലുള്ള ശുശ്രൂഷ എന്നിവയിലേക്ക് ചുരുക്കി കാല്പനികവത്കരിച്ച പ്രവണതകളിലെ താല്പര്യങ്ങളെ പുനര്ചിന്തനത്തിനു വിധേയമാക്കേണ്ടതുണ്ട്. മാത്രമല്ല, അത്തരം സുവിശേഷപ്രഘോഷണമാണ് ഉദാത്തമായ ക്രിസ്തീയസാക്ഷ്യമെന്നു ഉറപ്പിച്ച എത്രയോ പേർ കരിസ്മയില്ലാതെ കരിസ്മാറ്റിക്കായവരാണ്. എല്ലാവരിലും സൗഖ്യവരമില്ല, എല്ലാവരിലും പ്രബോധനവരമില്ല , എല്ലാവരിലും പ്രവചനവരമില്ല. എന്നാൽ എല്ലാം തികഞ്ഞ ദൈവ പുരുഷരായി ചമഞ്ഞ എത്രയോ പേര് നമുക്കിടയിലുണ്ട്? അവരുടെ പ്രവൃത്തികൾ മൂലമല്ലേ യഥാർത്ഥത്തിൽ വരദാനങ്ങൾ ലഭിക്കുകയും ആത്മാർത്ഥമായി ദൈവത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്നവർ പോലും അവഗണിക്കപ്പെടുകയോ പരിഹസിക്കപ്പെടുകയോ ചെയ്യുന്നത്?

ദൈവികം എന്നത്, എല്ലാം ദൈവമയമാകുന്നതോ, മതബന്ധിതമാകുന്നതോ, നിഷ്ഠാപൂരിതമാകുന്നതോ, അതിസാധാരണമാകുന്നതോ അല്ല. സാധാരണ നിമിഷങ്ങളിലെ ദൈവസാന്നിദ്ധ്യ അനുഭവമാണ് ദൈവികമായ കൂടുതൽ ആഴം പകരുന്നത്. ദൈവം നമ്മോടു കൂടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ