വണക്കം:
ഒരു പൂവോ പക്ഷിയോ ഏതെങ്കിലും മതാനുഷ്ടാനത്തിലൂടെയോ ഭക്തിയിലൂടെയോ അല്ല ദൈവത്തെ മഹത്വപ്പെടുത്തുന്നത്. ഓരോ സൃഷ്ടവസ്തുവും അതിന്റേതായ സ്വഭാവത്തിൽ ഫലം നൽകുകയും അത് വഴി സൃഷ്ടാവിനെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു. കൂദാശകളും ഭക്തികളും മനുഷ്യന് വേണ്ടിയാണ്, അവ പക്ഷികൾക്കും മൃഗങ്ങൾക്കും മത്സ്യങ്ങൾക്കും വേണ്ടിയുള്ളതല്ല. എന്നിരുന്നാലും, മനുഷ്യനുമായി ബന്ധപ്പെട്ട ഭക്തി രീതികളുമായി ചേർത്ത് അവയുടെ 'ദൈവാരാധനയെ' 'എടുത്തു കാണിക്കുവാൻ' നടത്തപ്പെടുന്ന ശ്രമങ്ങൾ നമ്മിലെ ദൈവാരാധനയെ അത്തരത്തിലുള്ള വണക്കങ്ങളിലേക്കു ചുരുക്കാനുള്ള ശ്രമങ്ങളായി കാണാനേ കഴിയൂ. മനുഷ്യന് സ്വാഭാവികമായും, പരിശുദ്ധാത്മാവിന്റെ കൃപാവരത്താലും നൽകപ്പെട്ടിരിക്കുന്ന ഗുണങ്ങളിൽ ആത്മാർത്ഥമായും ഉത്തരവാദിത്തപൂർണ്ണവുമായ ജീവിതം ജീവിക്കുന്നതിലാണ് ദൈവം മഹത്വപ്പെടുന്നത്. മതവും വിശ്വാസവും അനുഷ്ഠാനങ്ങളും ആചാരങ്ങളും ഈ പ്രക്രിയയിൽ സഹായകങ്ങൾ മാത്രമാണ്. എന്നാൽ, തീർത്തും വ്യത്യസ്തമായി, വണക്കങ്ങളിലേക്കും, അനുഷ്ടാനങ്ങളിലേക്കും ചുരുക്കപ്പെടുന്ന ദൈവാരാധന മനുഷ്യന്റെ ഉത്തരവാദിത്തങ്ങൾ മാറ്റി നിർത്തി, ദേവാലയ-മത സംബന്ധിയായ കാര്യങ്ങളെ മാത്രം ദൈവികം എന്ന് വിളിക്കുന്നത് ഒരിക്കലും ശരിയല്ല. മനുഷ്യന്റെ ആന്തരികമായ വിളിയെ മാറ്റി നിർത്തിക്കൊണ്ട് അനുഷ്ടാനബന്ധിയാക്കപ്പെടുന്ന വിശ്വാസം മനുഷ്യനെയും അവരുടെ വിശ്വാസത്തെയും ശൂന്യവും ജീർണ്ണവുമാക്കുന്നതാണ്.
ഉടമ്പടി:
ഉടമ്പടി എന്നത് നിബന്ധനകളുടെ ഒരു കരാറല്ല. അത് ഒരു പ്രത്യേക ജനത്തിനോ, വ്യക്തിക്കോ മാത്രമായുള്ളതല്ല. അതിലും, കല്പനകൾ പാലിച്ചാൽ നിനക്ക് അനുഗ്രഹങ്ങൾ നൽകും എന്നത് ഒരു പ്രതിഫല ദൈവശാസ്ത്രത്തിന്റെ പശ്ചാത്തലം കൂടെ ചേർന്നിട്ടുള്ളതാണ്. ക്രിസ്തുവിന്റെ ഹൃദയത്തിലൂടെ നോക്കുമ്പോൾ, പഴയ നിയമ ഉടമ്പടിക്ക് പോലും സകല ജനത്തിനും നന്മയും സമാധാനവും നൽകുന്ന സ്വഭാവം ഉണ്ടെന്നു മനസ്സിലാക്കണം. അതു കൊണ്ട്, ഉടമ്പടി ചെയ്തു പ്രാർത്ഥിക്കുന്നവർക്ക് മാത്രം അനുഗ്രഹം തുറന്നു നൽകുന്ന ദൈവം സ്വന്തം സ്വഭാവത്തെത്തന്നെ നഷ്ടപ്പെടുത്തുകയാണ്. മുകളിൽ പറഞ്ഞ, ശുഷ്കമായ വണക്ക രീതികളെ ഉടമ്പടിയുടെ സ്വഭാവമാക്കി അവതരിപ്പിക്കുമ്പോൾ ദൈവം ഏതു രീതിയിൽ ആണ് ഒരു ഉടമ്പടിയുടെ നിവൃത്തിയെ ആഗ്രഹിക്കുന്നെന്നു കൂടിയാണ് പറഞ്ഞു വയ്ക്കുന്നത്. കാര്യപ്രാപ്തികൾക്കായി നടത്തപ്പെടുന്ന ഉടമ്പടിയല്ല പഴയനിയമത്തിലോ പുതിയ നിയമത്തിലോ ഉള്ളത്. ഉടമ്പടിയെ അത്‌ഭുതാവഹമായ കാര്യപ്രാപ്തിക്കുള്ള മാർഗ്ഗമായി അവതരിപ്പിക്കുന്നതും പാലിക്കുന്നതും, ദൈവത്തിന്റെ ഉടമ്പടി എന്താണോ അതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഉദ്ദേശ്യമാണ് തേടുന്നത്.
ഭക്തവസ്തുക്കൾ:
മനുഷ്യന് അനുഭവവേദ്യമാകും വിധം ഇന്ദ്രിയാനുഭവങ്ങളിലൂടെയാണ് വിശ്വാസസംബന്ധിയായ കാര്യങ്ങളെ നമ്മൾ അനുഭവിക്കുന്നതും പ്രകടിപ്പിക്കുന്നതും. വസ്തുക്കളുടെ ഉപയോഗത്തിലും ശരീരത്തിന്റെ ഉപയോഗത്തിലും ഭക്തിയുടെ അർത്ഥപൂർണ്ണമായ അനുഭവം സാധ്യമാക്കുന്നു. എന്നാൽ അവയൊക്കെയും മന്ത്രികമായിത്തീരുന്ന വലിയ അപകടം അവിടെയൊക്കെ പതിഞ്ഞിരിപ്പുണ്ട്. അനുഗ്രഹദാതാവായ ദൈവത്തെക്കാൾ, ചൊല്ലുന്ന പ്രാർത്ഥനയുടെ ശക്തിയായും, ചെയ്തിട്ടുള്ള നേർച്ചകളുടെയും ഉടമ്പടിയുടേയുമൊക്കെ ഫലമായും, ധ്യാനകേന്ദ്രത്തിലെ അഭിഷേകത്തിന്റെ ഫലമായും, പത്രത്തിന്റെയോ മാസികയുടെയോ ചാനലിലെ പ്രോഗ്രാമിന്റെ പ്രഭാവമായോ ഒക്കെ അവതരിപ്പിക്കുന്നതിൽ, എല്ലാം ദൈവത്തിന്റെ പേരിലാണെങ്കിലും വിഗ്രഹവത്കരണത്തിലേക്കു ചാഞ്ഞിരിക്കുന്ന അപായം അവയിലൊക്കെയുമുണ്ട്. മാത്രമല്ല, അവയോരോന്നും അളവുകളെയും എണ്ണത്തെയും കുറിച്ച് വ്യഗ്രത നിറച്ചു പരിമാണവത്കരിക്കുന്നതിലൂടെ വരുന്ന വാണിജ്യവത്കരണം കൂടെ ജീർണതക്ക് വഴി വയ്ക്കും. എണ്ണ, തിരി, ഉപ്പ്, മണ്ണ് എന്തുമാവട്ടെ അവയല്ല അനുഗ്രഹത്തിന് കാരണം. ദൈവത്തിന്റെ പേരുള്ളതുകൊണ്ട്, എല്ലാം ആത്മീയമോ ദൈവികമോ ആവണമെന്നില്ല. നമ്മൾ അറിഞ്ഞോ അറിയാതെയോ പാലിച്ചു പോരുന്ന മതാചാര ജീവിതശൈലിയായ ഉപഭോക്‌തൃ സംസ്കാരത്തിന്റെ സൃഷ്ടികളായ ഭക്തരൂപങ്ങളെ തിരിച്ചറിയാതെ പോകുന്നതും ചൂണ്ടിക്കാണിക്കപ്പെടാതെ പോകുന്നതും ഭാവിയിൽ ഭക്തിരാഹിത്യത്തിന് വഴിവയ്ക്കും. അത് മാത്രമല്ല, എന്തുകൊണ്ടാണ് ബ്രാൻഡ് നൽകപ്പെടുന്ന ഒരു പ്രത്യേക ഉണ്ണീശോയോടൊ മാതാവിനോടോ ഉടമ്പടിയോ നേർച്ചയോ നടത്തി നിവർത്തിയാക്കേണ്ടതായി വരുന്നത്? ആ മാതാവും ഈ മാതാവുമൊക്കെയാക്കി, ഓരോരുത്തർക്കും പ്രിയങ്കരമായ അനുഷ്ഠാനവും ഉടമ്പടികളുമൊക്കെയാക്കി ഇഷ്ടദൈവങ്ങളാക്കി മാറ്റപ്പെടുകയാണ് നമ്മുടെ ഭക്തികൾ.
സാക്ഷ്യം:
ഒരു വ്യക്തിയുടെ ജീവിതം ദൈവാനുഭവത്തിന്റെ അടയാളമായിത്തീരുന്നതാണ് വിശ്വാസത്തിന്റെ സാക്ഷ്യമാകുന്നത്. സാക്ഷ്യങ്ങൾ മാസ്മരികതയും നാടകീയതയും നിറഞ്ഞ വിവരണങ്ങളല്ല. ദൈവം ഒരാളുടെ ജീവിതത്തിൽ എപ്രകാരം അനുഭവവേദ്യമായി എന്നും, അത് ഇന്ന് ജീവിതത്തിന്റെ വെല്ലുവിളികളിലൂടെ ദൈവകൃപയുടെ ശക്തിയാൽ എങ്ങനെ മുന്നോട്ടു പോകുന്നു എന്നത് കൂടിയാണ്. പക്ഷേ, എന്ത് കൊണ്ടോ സാക്ഷ്യങ്ങൾ ദൈവത്തെ, തന്നെ പ്രകീർത്തിക്കുന്നവർക്കു വേണ്ടി വികൃതിത്തരങ്ങൾ ചെയ്ത് നേട്ടങ്ങൾ ചെയ്തു കൊടുക്കുന്ന ഒരു വ്യക്തിയായി അവതരിപ്പിക്കുന്ന രീതി തീർത്തും അപഹാസ്യമാണ്. അവ ഒരു 'അനുഭവമായി' ഒരാൾക്ക് ഉണ്ടായേക്കാം. പക്ഷെ അവയെ സാക്ഷ്യമായി നല്കപ്പെടരുത്. അവ ദൈവത്തെ പ്രഘോഷിക്കുന്നില്ല. ദൈവത്തിന്റെ വിരൂപമായ ഒരു ചിത്രമാണ് അതിലൂടെ ധ്യാനകേന്ദ്രമോ, അതിനെ പ്രോത്സാഹിപ്പിക്കുന്ന മതസമൂഹമോ മുന്നോട്ടു വയ്ക്കുന്നത്. ദൈവം പ്രവർത്തിക്കുന്നത് മനുഷ്യപ്രയത്നത്തിലെ ആത്മാർത്ഥത കൂടി കണക്കിലെടുത്താണ്. അത്ഭുതങ്ങൾക്കും, (ഒരു പക്ഷേ നമുക്കറിയാത്ത) ഒരു സ്വാഭാവിക പ്രക്രിയയുണ്ട് എന്ന് കൂടി ഓർക്കണം. ഒന്നും പഠിക്കാതെ പരീക്ഷക്ക് പോകാനും ടിക്കറ്റ് എടുക്കാതെ യാത്രക്ക് പോകാനും പ്രേരിപ്പിക്കുന്നതാവരുത് 'സാക്ഷ്യങ്ങൾ.'
-----------
മാതാവ്, തന്റെ മക്കൾ പരിപക്വമായ ആത്മീയതയും ബുദ്ധിയും ജീവിതക്രമവും പാലിക്കണമെന്ന് ആഗ്രഹിക്കുന്നു. യേശുവിന്റെ സമാനതയിലേക്കുള്ള അവരുടെ വളർച്ചയാണ് മാതാവിന്റെ ആഗ്രഹവും സന്തോഷവും. തന്നെ പുകഴ്‌ത്തുന്നവരെ എളുപ്പവഴികളിലൂടെ, ജാലവിദ്യ കാട്ടി സന്തോഷിപ്പിക്കുന്ന ശക്തിശാലിയായ 'ദേവി' അല്ല മാതാവ്. അങ്ങനെ ആരും പറഞ്ഞില്ലെങ്കിൽക്കൂടി, സമീപനങ്ങളിലൂടെ അങ്ങനെ ആക്കിത്തീർത്ത മാതാവ് രൂപങ്ങൾ, ക്രിസ്‌തുവിന്റെ ശരീരത്തിൽ ഒന്നായിരിക്കുന്നതിൽ സ്വാഭാവികമായും ഉണ്ടാകുന്ന സകല വിശുദ്ധരുടെയും കൂട്ടായ്മയും മദ്ധ്യസ്ഥതയും മാറ്റി നിർത്തുന്നു.
വി ഡൊമിനിക്കിന്റെ സുവിശേഷ പ്രഘോഷണത്തിൽ പരി. മാതാവ് നൽകിയ സാന്നിധ്യവും സഹായവും ദർശനങ്ങളും അദ്ദേഹത്തിന്റെ ധ്യാനാത്മക-വിചിന്തന ജീവിതശൈലിയിൽ നിന്ന് മാറ്റിനിർത്തിക്കൊണ്ട് കാണാൻ ശ്രമിക്കുന്നത് ശരിയല്ല. വെളിപാടുകളുടെ ലോകത്തു വ്യാപരിച്ച ആളായിരുന്നില്ല വി ഡൊമിനിക്ക്. തന്റെ സമൂഹത്തിലെ അംഗങ്ങളെ അന്നത്തെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിൽ അയച്ചു പഠിപ്പിച്ചു. പഠനം, ആത്മീയതയിലെ അവിഭാജ്യ ഘടകമാക്കി, പഠനത്തെ മണ്ണിലെ ജോലിക്കു പകരമാകും വിധം കഠിനാധ്വാനവും പ്രായശ്ചിത്തവുമാകുന്ന പ്രതിബദ്ധതയായി സമീപിച്ചു.
അറിവിന്റെയും പ്രവചനത്തിന്റെയും വ്യാഖ്യാനത്തിന്റെയുമൊക്കെ വരം ലഭിച്ചിട്ടുള്ള ആളുകൾ നമുക്കിടയിലുണ്ട്. അത്തരം വരങ്ങൾ നമുക്ക് എല്ലാവർക്കും ആവശ്യവുമാണ്. അവയൊക്കെയും വ്യക്തിയുടെ ക്രിസ്തുരൂപീകരണത്തിനും സഭാനിർമ്മിതിക്കും കാരണമാകും വിധം വിവേകത്തോടും വിവേചനത്തോടും കൂടെ ഉപയോഗിക്കേണ്ടവയാണ്. അവ ഒന്നും, ബൗദ്ധികമോ, വൈകാരികമോ ആയ നമ്മുടെ വളർച്ചയിൽ ആവശ്യമായിരിക്കുന്ന പരിശീലന ഘട്ടങ്ങളെയോ രീതികളെയോ വേണ്ട ഉത്തരവാദിത്തത്തോടെ ഏറ്റെടുത്തു പൂർത്തിയാക്കുന്നതിൽ നിന്ന് മാറ്റി നിർത്തുന്നില്ല. മറിച്ച്, കൃപ പ്രകൃതിയെ പൂർത്തിയാക്കുന്നെന്ന ദൈവിക രീതി അനുസരിച്ചു നമ്മുടെ ആത്മാർത്ഥ പ്രയത്നങ്ങളിൽ നമ്മെ ശക്തരാക്കുകയും കൂടുതൽ തുറവി നൽകുകയും ചെയ്യുന്നു. 'മനുഷ്യപ്രയത്നത്തെ' അവഗണിക്കുന്ന 'ദൈവിക' കാര്യങ്ങൾ ദൈവികമോ ആത്മീയമോ അല്ല. അവ മതപരവും അനുഷ്ടാനപരവുമായ ഒളിത്താവളങ്ങളാണ്. ആകാശത്തിലെ പറവകളെയും വയലിലെ ലില്ലികളെയും നോക്കി ദൈവപരിപാലനയെക്കുറിച്ചു ബോധ്യമുള്ളവരായിരിക്കാൻ പഠിപ്പിച്ച സുവിശേഷം, ഇനിമേൽ വയലിൽ പണിയേണ്ടതില്ലെന്നോ മീൻ പിടിക്കാൻ വഞ്ചി ഇറക്കേണ്ടതില്ലെന്നോ അർത്ഥമാക്കുന്നില്ല.
അധ്വാനം, വിചിന്തനം, വിശുദ്ധജീവിതം, ധ്യാനാത്മകത, ഹൃദയപരമാർത്ഥത എന്നിവ ജീവിതത്തെ സമഗ്രമായ രീതിയിൽ കാണാനും ദൈവഹിതമനുസരിച്ചു ജീവിക്കാനും അനുദിനം നമ്മെ പരിശീലിപ്പിക്കുന്നു. പരിശുദ്ധാത്മാവിന്റെ വരദാനങ്ങളൊക്കെയും ഈ വളർച്ചക്ക് വേണ്ടിയാണ്. അപ്പോഴേ ആത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്ന വ്യക്തികളും സഭയുമാകാം നമുക്കാകൂ. വെളിപാടുകളിൽ രമിക്കുന്ന ഒരു സമൂഹം ഒരു പക്ഷേ യാഥാർത്ഥ്യങ്ങളെ കണ്ടില്ലെന്നു വരാം, പകരം അവരുടേതായ വ്യാഖ്യാനങ്ങളിൽ സ്വയം അടച്ചു കളഞ്ഞേക്കാം. ധ്യാനാത്മക ജീവിതം, പഠനങ്ങളാൽ സഹായിക്കപ്പെടുന്ന നിരൂപണങ്ങളും വിചിന്തനങ്ങളും, ദൈവപരിപാലനയിലുള്ള ആശ്രയം, പ്രത്യാശ ഇവയൊക്കെയാണ് ദൈവമഹത്വം സാധ്യമാക്കും വിധം ജീവിക്കുവാൻ നമ്മെ സഹായിക്കുന്നത്. അത് സ്വയം പരിശീലിക്കുകയും പരിശീലിപ്പിക്കുകയും വേണം.