സാക്ഷ്യങ്ങളുടെ അടിത്തറ വിശ്വാസമാണ്. അതിന്റെ ലക്ഷ്യവും വിശ്വാസമാണ്. സാക്ഷ്യങ്ങളുടെ ഉള്ളടക്കമെന്താണ്? ദൈവം എങ്ങനെ ഒരാളുടെ കൂടെ നടക്കുന്നു എന്നതാണത്. ആന്തരികമായ ഒരു മാറ്റമുണ്ടായത്, ജീവിതത്തിന് ഒരു അർത്ഥം കണ്ടത്, പുതിയ ഒരു ജീവിതദർശനം ഉണ്ടായത് ഇവയിലൊക്കെ തിരിച്ചറിയപ്പെടുന്ന ദൈവകൃപ, ആ കൃപ എങ്ങനെ ഒരു ജീവിതത്തെ മുന്നോട്ടു നയിക്കുന്നു എന്ന തുടർച്ചയുടെ അവസ്ഥ, ഇന്നും, തകർച്ചയും ബുദ്ധിമുട്ടുകളുമുണ്ടെങ്കിലും എങ്ങനെ ആ കൃപാനുഭവം മുന്നോട്ടു നടക്കാനുള്ള ജീവൻ നൽകുന്നു ... അങ്ങനെ ഒരു സമഗ്രതയിലേ സാക്ഷ്യമുണ്ടാകൂ. മാത്രവുമല്ല സാക്ഷ്യങ്ങളുടെ ആധികാരികത, ഈ ദൈവിക ജീവന്റെ അടയാളം കുടുംബത്തിലും സമൂഹത്തിലുമുള്ള ഒരാളുടെ ജീവിതത്തിൽ എങ്ങനെ ക്രിസ്തുസാക്ഷ്യമായി മാറുന്നു എന്നതു കൂടിയനുസരിച്ചാണ്.
'ദൈവാനുഭവങ്ങൾ' വിശ്വാസത്തിന്റെ പക്വമായ അന്തരീക്ഷത്തിൽ നിരൂപിക്കപ്പെടേണ്ടതാണ്. ആൾക്കൂട്ടത്തിന്റെയും ധനത്തിന്റെയും ലാഭത്തിനു മുമ്പിൽ നിരൂപണത്തിനുള്ള ആത്മാർത്ഥത സഭ നഷ്ടപ്പെടുത്തിക്കളഞ്ഞു. ഒരു അനുഭവത്തിൽ, 'വെളിപാടിൽ' യഥാർത്ഥ ദൈവാനുഭവമുണ്ടോ എന്ന് സ്വയം വിചിന്തനം ചെയ്യുകയോ വിവേചിച്ചറിയാൻ സഹായിക്കുന്ന ഒരാളുടെ അടുത്ത് ചെല്ലുകയോ ചെയ്യുന്ന എത്ര പേരുണ്ടാകും. സാക്ഷ്യപ്പെടുത്തിയില്ലെങ്കിൽ എന്ത് സംഭവിക്കുമെന്നുള്ള ഭയം മൂലം, സാക്ഷ്യപ്പെടുത്താമെന്നുള്ള നേർച്ച മൂലം എല്ലാം സാക്ഷ്യമാവുകയാണ്. സാക്ഷ്യങ്ങളുടെ Thumbnail കളിലെ ഭാഷ നൽകുന്ന ക്രൈസ്തവ സാക്ഷ്യം എന്താണ്? തന്നെയല്ലേ ലോകത്തിനു അനുരൂപരാവരുതെന്നു പഠിപ്പിക്കുന്നത്? പരസ്യകലയിലെ, മാർക്കറ്റിങ് തന്ത്രങ്ങളിലെ 'ലോകത്തെ' ആകർഷണീയമാക്കി പുൽകാൻ തയ്യാറാകുന്ന ജീർണത വിശ്വാസത്തെയും, ആരെ അതിൽ കൊളുത്തിയിടാൻ ശ്രമിക്കുന്നു അവരിലെ സാമൂഹിക-സഭാ ജീവത്തെയും ബാധിക്കും.
ഞാൻ ഇന്നത് ചെയ്തതിന്റെ ഫലമായി ദൈവം, മാതാവ്, വിശുദ്ധർ ഇന്നത് തന്നു എന്ന് പറഞ്ഞവസാനിപ്പിക്കുന്നതിൽ ക്രൈസ്തവസാക്ഷ്യത്തിന്റെ സത്തയില്ല. എത്ര അത്ഭുതങ്ങളാണ് നടക്കുന്നത്! അത്ഭുതങ്ങൾ എല്ലാം സാക്ഷ്യമാവണമെന്നില്ല. അത്ഭുതങ്ങളെത്തന്നെ പരിശോധനാവിധേയമാക്കുകയും വേണം. അത്ഭുതങ്ങളും നേട്ടങ്ങളും ഉപകാരങ്ങളും തേടുന്ന ജീവിതപ്രവണത വിശ്വാസത്തിന്റേതല്ല. അങ്ങനെയല്ല, ദൈവത്തിലും മാനസാന്തരത്തിലും നവീകരണത്തിലും ഊന്നിത്തന്നെയാണ് ശുശ്രൂഷകൾ നടക്കുന്നതെന്ന് പറഞ്ഞു വെക്കാനായേക്കും. എന്നാൽ ഒരു പ്രതിഭാസം വിശ്വാസിസമൂഹത്തിൽ എപ്രകാരമാണ് സ്വാധീനം ചെലുത്തുന്നത് എന്ന് കണ്ടറിയാൻ ശ്രമിക്കണം. അല്ലായെങ്കിൽ പരസ്യങ്ങളാക്കപ്പെടുന്ന സാക്ഷ്യങ്ങളുടെ നേട്ടം കൊയ്യുന്ന ശുശ്രൂഷാകേന്ദ്രങ്ങൾ വളർച്ചയല്ല തകർച്ചയാണ് നൽകിയതെന്ന് മനസിലാക്കാൻ വൈകിയേക്കും.
മനുഷ്യരിൽ ദൈവത്തിന്റെ മഹത്വം ഉണ്ടാകുന്നത് മനുഷ്യർ എന്താണോ അതിന്റെ ലാവണ്യത്തിന്റെ പൂർണ്ണത തെളിഞ്ഞു കാണുമ്പോഴാണ്. ദൈവകൃപ പ്രവർത്തിക്കുന്നത് മനുഷ്യപ്രകൃതിയിലൂടെ തന്നെയാണെന്നാണ് ക്രിസ്തീയ വിശ്വാസം. ആ പ്രകൃതി ബുദ്ധിയും, ചിന്തയും, സങ്കല്പശക്തിയും, ഭാവനയും, സാമൂഹിക-സാംസ്‌കാരിക പാടവവും ഭക്തിയുമെല്ലാം ഉൾപ്പെടും. അവ അവയുടെ ഉദ്ദേശ്യത്തിൽ ഉപയോഗിക്കപ്പെടണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അതൊന്നുമുപയോഗിക്കാതെ ദൈവം എല്ലാം ചെയ്യും എന്ന് പറയുന്നതിൽ അർത്ഥമില്ല. എനിക്ക് ഒരുപാടു സമയമുള്ളതു കൊണ്ടല്ല ഇതൊക്കെ എഴുതുന്നത്. ഒരുപാടു ജോലികളുണ്ട്. ദൈവം നൽകിയ ധ്യാനാത്മക ചിന്താശൈലിയെ ഇങ്ങനെയൊരു കാലഘട്ടത്തിൽ ദൈവത്തിനു മുമ്പിൽ തുറന്നു വെച്ചില്ലെങ്കിൽ അത് ശരിയാകുമെന്ന് തോന്നുന്നില്ല. ദൈവം എല്ലാം തന്റെ സമയത്തു നേരിട്ട് ചെയ്യും എന്നായിരുന്നെങ്കിൽ ബൈബിൾ പോലും എഴുതപ്പെടുമായിരുന്നില്ല.
ജോലിക്കു കൂലി നൽകുന്ന ഒരു ദൈവത്തെയല്ല ക്രിസ്തു വെളിപ്പെടുത്തിയത്. ദൈവത്തോട് മക്കളുടെ സ്വാതന്ത്ര്യമാണ് ഭക്തിയുടെ ആന്തരികത. അതില്ലാതെ നടമാടുന്ന ഭക്തിപ്രഭാവങ്ങൾ ദൈവബന്ധത്തിന്റെതല്ല. ദൈവഭക്തി അതിന്റെ യഥാർത്ഥ തലം കാണുന്നത് സ്നേഹത്തിലാണ്. ദൈവത്തിനെ മഹനീയതയെക്കാണുന്ന ദൈവഭയം എന്നത് ക്രിസ്തീയആത്മീയതയുടെ വെളിച്ചത്തിൽ ദൈവസ്നേഹത്തിലെ ആലിംഗന അനുഭവമാണ്. ആ വലിയ സ്നേഹത്തിന്റെ സ്വീകാര്യതയാണ് ദൈവഭക്തി. അതിലേക്കു നോക്കാനും വളരാനും പ്രസംഗങ്ങൾക്കും ധ്യാനകേന്ദ്രങ്ങൾക്കും കഴിയണം.