Gentle Dew Drop

സെപ്റ്റംബർ 19, 2023

പുറത്തുപോകുന്നവർ

പാരമ്പര്യങ്ങളുടെ മൗലികവാദങ്ങളുടെ ഭാഗമായി ഈ അടുത്ത് അധികം കേൾക്കപ്പെടുന്ന ഒന്ന് വിദേശത്തേക്ക് കുടിയേറുന്ന ക്രിസ്ത്യാനികളെക്കുറിച്ചാണ്. നാട്ടിൽ ആളുകൾ കുറയുന്നു. ദേവാലയങ്ങളിൽ ആളുകൾ കുറയുന്നു. പാരമ്പര്യങ്ങൾ നഷ്ടപ്പെട്ടു പോകുന്നു തുടങ്ങിയ ഒട്ടധികം ആകുലതകൾ മുന്നോട്ടു വയ്ക്കപ്പെടുന്നുണ്ട്.

പോകുന്നിടം സ്വർഗ്ഗതുല്യമല്ലെന്നും വീട്ടിൽ നിന്നുള്ള അകൽച്ച വേദനയും വെല്ലുവിളികളുമുണ്ടാക്കുന്നുണ്ടെന്നും അവർക്കു അറിയാം. എങ്കിലും അവർ പുറത്തു പോകുന്നു. എന്തു കൊണ്ടാവാം?

പുറത്തുപോകുന്നവർക്കായി നാട്ടിൽ നിന്ന് അവിടെ ലഭ്യമാക്കിവരുന്ന  പാരമ്പര്യ സേവനങ്ങൾ സ്വീകരിക്കാൻ അധികം ആളുകളും തയ്യാറാവുന്നില്ല. അങ്ങനെ അവർ പാരമ്പര്യങ്ങളിൽ നിലനില്കുകയോ അവരുടെ കുഞ്ഞുങ്ങൾ പാരമ്പര്യങ്ങൾ പഠിക്കുകയോ ചെയ്യുന്നില്ല. എന്താവും കാരണം?

പോയവരുടെ കുഞ്ഞുങ്ങളിൽ പലരിലും ഇവിടെ പ്രബലമായ അമിത-ഭക്താനുഷ്ഠാന ആത്മീയതയോട് തീർത്തും വിരുദ്ധ മനോഭാവങ്ങൾ സ്വീകരിക്കുന്നു. അവരുടെ പ്രതികരണങ്ങൾ ചിലപ്പോഴെങ്കിലും ദുഃശീലങ്ങളിലൂടെ പ്രകടമാക്കും വിധം വരെ എത്തുകയും ചെയ്യുന്നു. അവയുടെ വേരുകൾ എവിടെയാണ്?

പാരമ്പര്യങ്ങൾ സംരക്ഷിക്കേണ്ടതിന് ആളുകളെ ഉറപ്പാക്കാൻ നിശ്ചിത കാലത്തിനുള്ളിൽ നാട്ടിലേക്കു തിരിച്ചു വരേണ്ട വിധം നിയമനിർമാണം നടത്താൻ സർക്കാരിൽ പ്രേരണ ചെലുത്തും എന്നും കേൾക്കുന്നു. നിലനിർത്താൻ ആഗ്രഹിക്കുന്ന പാരമ്പര്യങ്ങൾക്കു വിധേയപ്പെടാൻ അങ്ങനെ തിരികെ വരേണ്ടി വരുന്നവർ പള്ളികളിലേക്ക് വരുമെന്ന് സങ്കല്പിക്കുന്നവരുടെ യാഥാർത്ഥ്യബോധം അതിശയിപ്പിക്കുന്നതാണ്. ഇവിടെ വന്നവർ എന്ത് ചെയ്യണമെന്നാണ്? പാരമ്പര്യങ്ങൾ സംരക്ഷിക്കുക എന്നത് ജീവിതമാർഗമായവർക്കു അതിന്റെതായ സുരക്ഷാമതിലുകളുണ്ട്. പക്ഷേ മറ്റുള്ളവർ? തിരിച്ചു വരവിനെ സാധൂകരിക്കാൻ മൗലികവാദം നിറച്ച പ്രമുഖർ എഴുതുന്ന പുസ്തകങ്ങൾ ഉദ്ധരിച്ചു കൊണ്ട് അനുസരണം വിശ്വാസ സംരക്ഷണം, വിശ്വസ്തത തുടങ്ങിയവയെക്കുറിച്ചു പുതിയ പ്രസംഗങ്ങളും ഉത്ബോധനങ്ങളും വന്നേക്കാം. ആത്മീയം മാത്രം അറിയാവുന്ന അവർ തികഞ്ഞ യാഥാസ്ഥിതിക രാഷ്ട്രീയക്കാരാണെന്ന്, വിശ്വസിക്കാൻ മാത്രമറിയാവുന്നവർക്കു കഴിയുന്നുമില്ല.

പോകുന്നവരിൽ ചിലർ 'നമ്മുടെ പാരമ്പര്യങ്ങൾക്കു' പുറത്തു വിവാഹിതരാകുന്നത് കൊണ്ട് പാരമ്പര്യങ്ങൾ നഷ്ടപ്പെടുന്നു. പല വിശ്വാസങ്ങളും സംസ്കാരങ്ങളും ആളുകളും പരസ്പരം കണ്ടുമുട്ടുന്ന ഒരുമിച്ചു നടക്കുന്ന ഒരു പശ്ചാത്തലത്തിൽ വളരുന്ന ഒരു തലമുറയെ 'മനസിലാക്കാൻ' എന്ത് ഒരുക്കമാണ് 'സഭ'ക്കുള്ളത്? ബക്കറ്റുകളിൽ വന്നു വീഴുന്ന പാപത്തിന്റെയും കണ്ണുനീരിന്റെയും കണക്കെടുത്തു ശിക്ഷാവിധികൾ പറയാനല്ലാതെ പാപങ്ങളെയും വേദനകളെയും മനസിലാക്കാനുള്ള ജ്ഞാനവും അജപാലനഹൃദയവും യാഥാർത്ഥ്യബോധവും പരിശീലിക്കുവാൻ ഇനിയും ശ്രമിച്ചിട്ടില്ല.

അതുകൊണ്ട് മുന്നോട്ടു വയ്ക്കപ്പെടുന്ന പ്രശ്നങ്ങളിൽ യഥാർത്ഥ പ്രശ്നങ്ങൾ എന്തൊക്കെയാണ്? അവ ആരുടെ പ്രശ്നങ്ങളാണ്? യഥാർത്ഥ പ്രശ്നങ്ങളെ കാണാതെ ഠ വട്ടത്തിന്റെ സുഖത്തെ അസ്വസ്ഥപ്പെടുത്തുന്ന പ്രശ്നങ്ങളെ പ്രശ്നങ്ങളാകുകയാണോ? 

ഉപ്പുമാങ്ങ പോലെ നമുക്ക് പാരമ്പര്യങ്ങളെ സംരക്ഷിക്കാനാവില്ല, പ്രശ്നങ്ങളെ പരിഹരിക്കാനുമാവില്ല. പാരമ്പര്യം വികസിക്കുന്നതും രൂപാന്തരപ്പെടുന്നതും ജീവനും അർത്ഥവും  നൽകുന്നതുമാണ്. പാരമ്പര്യത്തിന് വേണ്ടി ഒരു സമൂഹത്തെ ജീർണ്ണതയിലേക്ക് തള്ളുന്നത് ഈ പാരമ്പര്യവാദങ്ങൾ കൊണ്ട് മാത്രം നിലനിൽപ്പ് കാണുന്ന സ്വാർത്ഥലക്ഷ്യങ്ങളുള്ള സിംഹാസനങ്ങൾ മാത്രമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ