Gentle Dew Drop

സെപ്റ്റംബർ 06, 2023

ക്രിസ്തുവിനെ എത്രയോ അകറ്റിയിരിക്കുന്നു

ഇന്നത്തെക്കുറിച്ചുള്ള സത്യം, നാളെയെക്കുറിച്ചുള്ള ദർശനം, മുന്നോട്ടു നടക്കാനുള്ള ആന്തരികപ്രചോദനം ഇവ നൽകാൻ ഒരു മതത്തിനു കഴിയുന്നില്ലെങ്കിൽ അത് കാലഹരണപ്പെട്ടു കഴിഞ്ഞു എന്നാണ് അർത്ഥം. പ്രത്യയശാസ്ത്രങ്ങളാക്കപ്പെടുന്ന പാരമ്പര്യങ്ങൾക്കും ആചാരങ്ങൾക്കും അപര്യാപ്തമാകുന്നതും ഈ കഴിവാണ്. സ്വന്തം വ്യക്തിയെ ആദർശങ്ങളോട് താദാത്മ്യപ്പെടുത്തുന്നതിനാൽ ഏതു വിധേനയും പ്രതിരോധിക്കണമെന്ന ഭ്രാന്തമായ ആവേശം സത്യത്തോടുള്ള താല്പര്യവും ക്രിയാത്മക ദർശനവും പാടെ മാറ്റി നിർത്തും.

ഭൂമിയുടെ ഉപ്പും ലോകത്തിനു പ്രകാശവും, മലമുകളിൽ തെളിച്ചു വെച്ച ദീപവും ആകേണ്ട സഭ ഈ കഴിഞ്ഞ ആറേഴു വർഷങ്ങളിൽ എന്ത് ആയിട്ടാണ് കടന്നു പോന്നത് എന്നത് ചിന്താവിഷയമാക്കണം.പ്രസ്താവനകൾ, പ്രഖ്യാപനങ്ങൾ തുടങ്ങിയവ വിശദീകരണങ്ങളും പ്രത്യാരോപണങ്ങളും ചിലപ്പോൾ അധിക്ഷേപങ്ങളും ഭീഷണികളും ശിക്ഷാവിധികളുമായി ചുരുങ്ങിയത് അവ സഭാത്മകമായോ ക്രിസ്തുചൈതന്യത്താലോ ആയിരുന്നില്ലെന്ന് കാണിക്കുന്നു. സഭയെയോ ക്രിസ്തുവിനെയോ കാണിക്കാത്ത സമീപനരീതികളാണ് വക്താക്കളിലും പ്രസ്താവനകളിലും ഉള്ള ഭാഷയുടെയും ഉള്ളടക്കത്തിന്റെയും സ്വഭാവത്തിലുള്ളത്. സാമൂഹ്യമാധ്യമങ്ങളിലെ പോർവിളികളും വിജയഭേരികളും കാണിക്കുന്ന ശൂന്യതയാണ് ഔദ്യോഗിക പ്രസ്താവനകളിൽ ഇന്ന് ലഭ്യമാകുന്നത്. പ്രസ്താവിക്കുന്ന ശരികളിൽ ആവർത്തിച്ചാഘോഷിക്കുന്നത് ഭരണാധികാരത്തിന്റെ അഹന്തയും പിടിവാശികളുമാണ്. നിയമങ്ങളുടെ കാഠിന്യത്തിൽ ക്രിസ്തു ഞെരുക്കപ്പെടുകയാണ്.

ഇന്റർനെറ്റ് യുഗത്തിൽ ആധുനിക സമ്പർക്ക മാധ്യമങ്ങളിൽക്കൂടിയാണ് സഭയും സംസാരിക്കുന്നത്. പക്ഷേ അത് സഭയായും ക്രിസ്തുചൈതന്യത്തോടെയും സംസാരിക്കേണ്ടിയിരിക്കുന്നു എന്ന് പാടെ മറന്ന ഒരു സ്ഥിതിയാണുള്ളത്. സഭാസ്നേഹത്തിന്റെ തീക്ഷ്ണതയിൽ സംസാരിക്കുന്നവയിൽ എന്ത് കൊണ്ട് ക്രിസ്തുസാന്നിധ്യം കാണപ്പെടുന്നില്ല? തങ്ങളുടെ ശരികളാണ് ദൈവഹിതമെന്നു തീരുമാനിച്ചുറപ്പിക്കുന്ന അധികാര ലഹരി ക്രിസ്തുവിനെ എത്രയോ അകറ്റിയിരിക്കുന്നു. സാമൂഹ്യമാധ്യമങ്ങളിൽ ആക്രമിക്കാനും അധിക്ഷേപിക്കാനും അടിച്ചമർത്താനും ശമ്പളം കൊടുത്തു ചെയ്യിക്കുന്ന മാധ്യമപ്രവർത്തനം 'സഭക്ക് വേണ്ടി'യാണ് എങ്കിൽ ഏതു സഭയെ ആരുടെ സഭയെ ആണ് അത് സംരക്ഷിക്കുന്നത്?

സമൂഹത്തിന്റെ ചോദ്യങ്ങളും സന്ദേഹങ്ങളും കേൾക്കാനും മനസ്സിലാക്കാനും തയ്യാറാവാത്ത നേതൃത്വം ആവശ്യപ്പെടുന്ന അനുസരണത്തിൽ ഏതുതരത്തിലുള്ള സഭാശരീരമാണ് കാണപ്പെടുന്നത്. വ്യത്യസ്തതയോ വിയോജിപ്പോ അധികാരക്കസേരകൾക്ക് ഉലച്ചിലുണ്ടാക്കുന്നെന്ന ഭീതി നന്മയിൽ വേരൂന്നേണ്ട ആധികാരികതയുടെ കുറവിൽ നിന്നാണ്. അറിവും വിജ്ഞാനവും ദർശനപാടവവുമുള്ള അനേകർ വേദനയോടെ ഇന്നത്തെ പരിതാപകരമായ അവസ്ഥ നോക്കിക്കാണുകയാണ്. അവർ സംസാരിച്ചാൽ, "പാപത്തിൽ പിറന്ന നീ ഞങ്ങളെ പഠിപ്പിക്കുന്നോ" എന്ന സമീപനരീതിയാണ് അവരെ കാത്തിരിക്കുന്നത്. ദ്രവിക്കുന്ന അധികാരത്തിന്റെ സാന്ദ്രീകൃത ഭാവമാണത്. അതിൽ നിന്ന് നന്മ പുറപ്പെടുവിക്കാനാവില്ല. അപക്വവും അവിവേകപൂർണ്ണവുമായ സമീപനരീതികളിലേക്കു കടക്കാൻ ഒരാളെ പ്രേരിപ്പിക്കുന്നതും ശിഥിലമായതിനെ പുറത്തു കാണിക്കാൻ ആവാതെ ദൃഢപ്പെടുത്തപ്പെടുന്ന കപടകവചങ്ങളാണ്.

2020-2023 കാലയളവിലേക്ക് കെസിബിസി മുന്നോട്ടു വെച്ച ഒരു നവീകരണ പദ്ധതിയുണ്ടായിരുന്നു. അവയിലോരോന്നും എത്രമാത്രം പൂർത്തിയാക്കാൻ നമുക്ക് കഴിഞ്ഞു എന്ന് ചിന്തിക്കുന്നത് ഈ അവസരത്തിൽ നല്ലതാണ്. നമ്മുടെ വിശ്വാസജീവിതവും മതാനുഷ്ഠാനവും കപടതകളുടെ ആഘോഷമായി മാറുന്നതിനെ അതിജീവിക്കാൻ സത്യത്തെ അന്വേഷിക്കുവാനുള്ള ആത്മാർത്ഥമായ പ്രയത്നം കൂടിയേ തീരൂ.

വിചാരങ്ങളെയോ കരുനീക്കങ്ങളെയോ ലോകത്തിനറിയാൻ കഴിയാത്തവിധം മതത്തിന്റെയും വിശ്വാസത്തിന്റെയും ആരാധനാക്രമത്തിന്റേയും പരിശുദ്ധ തിരശീലക്കു പിറകിലാണ് യാഥാർത്ഥ്യം. ആ സത്യത്തെ മുഖാഭിമുഖം കാണാൻ സുതാര്യത കാണിക്കുന്നെങ്കിലേ എന്നെങ്കിലും, നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടൂ.
....................................
കുറച്ചുനാളുകളായി സഭ വ്യഗ്രതപ്പെടുകയും, കുറെയേറെ കുറ്റപ്പെടുത്തലുകൾ നടത്തുകയും ചെയ്യുന്ന ഒരു മേഖലയാണ് അനേകർ വിദേശത്തേക്ക് കുടിയേറിപ്പോകുന്ന അവസ്ഥ. അതിനെ ഒരു പ്രശ്നമായി കാണുന്നതല്ലാതെ അതിൽ ഉൾപ്പെട്ടിട്ടുള്ള പ്രശ്നങ്ങളെ പഠിക്കാനോ വിശകലനം ചെയ്യാനോ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. ജോലിസാധ്യതകൾ, ശമ്പളം, ജീവിതസംഘർഷങ്ങൾ, സാമ്പത്തികഭദ്രത, സാമൂഹികമായ സ്ഥാനം തുടങ്ങി നിരവധിയായ ഘടകങ്ങൾ പശ്ചാത്തലത്തിലുള്ളപ്പോൾ സമുദായത്തിന്റെ അംഗസംഖ്യ കുറയുന്നതും വിശ്വസിക്കാനും ആചരിക്കാനും പള്ളിയിൽ വരാൻ ആളില്ലാതാകുന്നതും ഭാവിയിലെ ഏറ്റവും വലിയ വെല്ലുവിളികളായി കാണുന്നതിൽ 'സത്യ'മില്ല. യഥാർത്ഥ പ്രശ്നങ്ങൾ അപഗ്രഥനമായോ പ്രാർത്ഥനയായോ സമൂഹത്തിനു മുമ്പിൽ വെളിച്ചത്തിലേക്ക് എടുക്കപ്പെടുന്നില്ല. ഈ പ്രശ്നങ്ങൾ സഭക്ക് മാത്രമായി പരിഹരിക്കാവുന്നതുമല്ല. എന്നാൽ, ഈ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക യാഥാർഥ്യങ്ങളെക്കുറിച്ച് ശരിയായ പഠനത്തിന്റെയും പ്രാർത്ഥനയുടെയും വിശ്വാസത്തിന്റെയും വെളിച്ചത്തിൽ സഭയുടെ കാഴ്ചപ്പാട് എന്താണ്? മൂല്യശോഷണങ്ങളും അനീതിയും ഈ അവസ്ഥക്ക് കാരണമാകുന്നെങ്കിൽ, രാഷ്ട്രീയലാഭങ്ങൾ മാറ്റി വെച്ചുകൊണ്ട് നീതിബോധത്തോടെയും സുതാര്യതയോടെയും അവയെക്കുറിച്ച് സംസാരിക്കാൻ കഴിയാതായതു എന്ത് കൊണ്ടാണ്? കുറെ നാളുകളായി വളർത്തിക്കൊണ്ടു വന്ന ഭക്തിസംസ്കാരത്തിൽ നിന്ന് രക്ഷപ്പെടാനായി പുറത്തു പോയവരും ഉണ്ട് എന്നതും മാറ്റി നിർത്താവുന്നതല്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ