Gentle Dew Drop

സെപ്റ്റംബർ 24, 2023

പ്രശ്നം മാതാവിന്റേതല്ല

പ്രശ്നം മാതാവിന്റേതല്ല, പ്രശ്നം സഭയുടേതാണ്. കൃപാസനം മാതാവ് ഒരു ബ്രാൻഡ് ഐക്കൺ ആയി മാറിയപ്പോൾ വിശ്വാസത്തിന്റെയും ഭക്തിയുടെയും സ്വഭാവം വിട്ട് കൾട്ട്  തലത്തിലേക്ക് പോകുന്നത് കാണാമായിരുന്നിട്ടും മൗനം ഭുജിച്ച നേതൃത്വമാണ് പ്രശ്നം. പ്രശ്നം കൃപാസനത്തിന്റേതല്ല. വിശ്വാസമില്ലാത്ത ഭക്ത്യാഭാസങ്ങളുടെ ഒരു സംസ്കാരം അനുവദിച്ച നേതൃത്വത്തിന്റേതാണ്. ധ്യാനകേന്ദ്രങ്ങളിൽ കാണിക്കപ്പെടുന്ന ഭക്ത്യാഭാസങ്ങളാണ് കരിസ്മാറ്റിക് ശൈലി എന്നാണ് ബഹുഭൂരിപക്ഷം ആളുകളും ധരിച്ചിരിക്കുന്നത്. കരിസ്മാറ്റിക് മുന്നേറ്റം ആഗ്രഹിച്ചതും ഈ കേന്ദ്രങ്ങൾ നടത്തിക്കൊണ്ടു വരുന്നതും എത്രയോ വ്യത്യസ്തമാണ്. 

ധ്യാനകേന്ദ്രങ്ങളും അതിലെ ഗുരുക്കന്മാരും ബ്രാൻഡ് തലത്തിലേക്ക് കടന്നപ്പോൾ മുതൽ അവയുടെ സ്വഭാവം വേറെയാണ്. ഈ പല ബ്രാൻഡുകൾക്കിടയിൽ മാത്സര്യവും കലഹങ്ങളും വന്നു തുടങ്ങിയിരുന്നു. കൾട്ട് സ്വഭാവമെടുക്കുന്ന ഏതിലും രാഷ്ട്രീയആനുകൂല്യം നേടിയെടുക്കാം എന്നുള്ളത് തീർച്ചയാണ് - അത് പാരമ്പര്യ-യാഥാസ്ഥിതിക ആദർശങ്ങൾ പ്രചരിപ്പിക്കുവാനുള്ള പ്രവണതകൾ തന്നെയായി സഭക്കുള്ളിൽത്തന്നെ നിന്നതോ രാഷ്ട്രീയ പാർട്ടികളോടുള്ള താല്പര്യങ്ങളായി പുറമെയുള്ളതോ ആവട്ടെ. അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഇവിടെയും ഭക്തി ഗ്രൂപ്പുകളിൽ തമ്മിൽത്തല്ല് നടക്കുന്നുണ്ടായിരുന്നു. ആരായിരുന്നു നമ്മളെ ഡെമോക്രറ്റിക്കും റിപ്പബ്ലിക്കൻസുമാക്കിയത്? അതെ രാഷ്ട്രീയം നേരിട്ട് പറയാതെയും അനേകരെ ഫ്രാൻസിസ് മാർപ്പാപ്പയുടെ വിഢിത്തങ്ങളെക്കുറിച്ചും സഭയുടെ ആസന്നമായ തകർച്ചയെക്കുറിച്ചും ആകുലപ്പെടാൻ പ്രേരിപ്പിക്കുന്നു. പുതിയ വേദപാഠം വരെ രഹസ്യമായി രൂപപ്പെടുന്നുണ്ട്.

കൃപാസനത്തിലെ ജോസഫച്ചൻറെ വ്യക്തിപരമായ വെളിപാട്/ ദർശനം എന്തുതന്നെയാണെങ്കിലും, അത് രൂപപ്പെടുത്തിയിരിക്കുന്ന ഭക്തിരൂപം പരിശോധിക്കപ്പെടേണ്ടതാണ്.  'പ്രേഷിതപ്രവർത്തനം' എന്ന പേരിൽ വിതരണം ചെയ്യപ്പെടുന്ന കൃപാസനം പത്രത്തിന്റെ സ്വഭാവം എന്താണ്? a relic, a sacramental, a devotional object, a holy thing? ഉപ്പിനും എണ്ണക്കുമൊപ്പം പാക്കറ്റുകളിലാക്കി ലോകമെങ്ങും വിതരണം ചെയ്യപ്പെടുന്ന പത്രം അച്ചന്റെ അറിവോടെയല്ല എന്ന് പറയുന്നതിൽ ഒരു അടിസ്ഥാനവുമില്ല.  വീടുകളിലും കാറുകളിലും ബാഗിലും മാതാവിന്റെ 'സംരക്ഷണ'ത്തിനായി ഒരു ഭക്തവസ്തുവെന്നപോലെ സൂക്ഷിക്കപ്പെടുന്നതിന്റെ ദൈവശാസ്ത്ര അടിത്തറ എന്താണ്? ബൈബിളിന്റെ പേജുകൾ പോലും അത്തരത്തിൽ സൂക്ഷിക്കപ്പെടുന്നതിൽ ഭക്തിയോ വിശ്വാസമോ ഉള്ളതായി കാണാൻ കഴിയില്ല. തികഞ്ഞ മരിയൻ ദൈവശാസ്ത്രവും സഭാശാസ്ത്രവും കണ്ടെത്തിയ വിദഗ്ദർ അവിടെ നിന്നുള്ള സാക്ഷ്യങ്ങളിലെ വിശ്വാസകാമ്പിനെ വിലയിരുത്തുന്നത് എങ്ങനെയാവും? 

സൂപ്പർതാരങ്ങൾക്ക് (മതത്തിലോ, സമൂഹത്തിലോ, സിനിമാരംഗത്തോ ആവട്ടെ) ജനം നൽകുന്ന അന്ധമായ വിശ്വാസത്തെ  രാഷ്ട്രീയവൽക്കരിക്കാൻ കഴിയും. താരപരിവേഷം ഉത്തരാധുനികതയുടെ വലിയ സ്വാധീന ശക്തിയാണ്. ജനം എന്ത് തേടുന്നോ അതനുസരിച്ചു താരങ്ങളാവുകയാണ് വലിയ സംഖ്യയിൽ അനുയായികളുള്ളവർ. സത്യം പറയണമെന്നു അധികാരികതയുണ്ടാവണമെന്നോ സത്തയുണ്ടാവണമെന്നോ ഇല്ല. ഒരു മതത്തിൽ അത് അനുവദിക്കപ്പെടുകയെന്നത് അതിന്റെ ജീർണ്ണതയാണ്. ഒരു പ്രവണത രൂപപ്പെടുത്തുന്ന ആൾക്കൂട്ടത്തെ കണ്ടുകൊണ്ട് വിശ്വാസവും അതിന്റെ സത്തയും ശുഷ്കമാവുന്നതു കണ്ടുകൊണ്ടു നിൽക്കുന്നവർ ആഗ്രഹിക്കുന്നത് തങ്ങളുടെ കാലത്തെ നിലനില്പും ആൾക്കൂട്ടവും  രാഷ്ട്രീയസാമ്പത്തിക ആനുകൂല്യങ്ങളുമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ